Saturday, March 17, 2012

ഭാസ്കരന്‍

WEDNESDAY, JUNE 3, 2009

ഭാസ്കരന്‍

പുഴയൊഴുകുന്ന ഗ്രാമവും പൂക്കള്‍പറിക്കാന്‍ നടന്നകാലവുമൊക്കെ എത്ര പറഞ്ഞാല്‍ തീരും? ഒരു ചെപ്പിലും പെട്ടിയിലും ഒതുക്കാനാവാത്ത ഓര്‍മ്മകളും ഗൃഹാതുരത്വവും പേറിയാണ് എപ്പോഴും എന്റെ നടപ്പ്. ഇന്നെന്റെ ഓര്‍മ്മകള്‍ ചെന്നുനില്‍ക്കുന്നത് ഭാസ്കരനിലാണ്. ഇന്നു എന്നു പറഞ്ഞുകൂടാ, കുറച്ചു ദിവസങ്ങളായി ഭാസ്കരന്‍ എന്റെ ഓര്‍മ്മയില്‍ അങ്ങുമിങ്ങും വന്നു മായുന്നു.

നാട്ടില്‍ എത്തിയാല്‍ എന്റെ ഒരു പ്രധാന ജോലി വൈകുന്നേരം കുറച്ചു നേരം ഗേറ്റിനടുത്തു ചെന്നു നില്‍ക്കലാണ്. ടാറിട്ട റോഡ് തെക്ക് കുറ്റീമുക്കു കടന്ന് കണ്ണാത്തമ്പലവും കടന്ന് തലക്കുമീതേകൂടി കടന്നുപോകുന്ന 220കെവി ലൈനിനടിയില്‍ക്കൂടി നൂണിറങ്ങി എന്റെ വീട്ടുപടിയും കടന്ന് വടക്കോട്ട് ഒരൊന്നര ഫര്‍ലോങ് വീണ്ടും ഇഴഞ്ഞ് ആറ്റിറമ്പിലേക്ക് ചെന്നു ചേരും. (ഇതില്‍ എന്റെ വീട് എന്നുദ്ദേശിക്കുന്നത് ചേട്ടന്റെ വീടാണ്. കേട്ടോ) അപ്പൊ വൈകുന്നേരം ഗേറ്റിനടുത്തു ചെന്നുനില്‍ക്കുന്ന എനിക്ക് തെക്കുനിന്നും
വടക്കുനിന്നും വരുന്ന ആള്‍ക്കാരെയെല്ലാം വളരെ ദൂരെനിന്നേ കാണാം.

വളരെക്കാലമായുള്ള വിദേശവാസം നല്‍കിയ നഷ്ടങ്ങള്‍ അനവധിയാണ്. അതിലൊന്നാണ് എണ്ണം കുറഞ്ഞു വരുന്ന പരിചിതമുഖങ്ങള്‍ . പണ്ടൊക്കെ നാട്ടിലുള്ള എല്ലാ മുഖങ്ങളും പേരും വീട്ടുപേരുമുള്‍പ്പടെ കാണാപ്പാഠമായിരുന്നു. ഇന്നാരെടെ
ഇന്നാരല്ലേ എന്നു ചോദിക്കാനും, എവിടെപ്പോകുവാ , എപ്പൊ തിരിച്ചുവരും എന്നുമൊക്കെയുള്ള വിശദവിവരങ്ങള്‍ വഴിയില്‍ കാണുന്ന ഓരോരുത്തരോടും പറയാതെ ഒരടിപോലും നടക്കാനും പറ്റിയിരുന്നില്ല. ഇന്നു റോഡരികില്‍ നില്‍ക്കുന്ന
എനിക്ക് നഷ്ടബോധത്തിന്റെ കീറിയ ലോട്ടറി റ്റിക്കെറ്റും നല്‍കിയാണ് ഓരോരുത്തരും കടന്നു പോകുന്നത്. കൂടുതലും സ്കൂള്‍കുട്ടികള്‍. ഞാന്‍ നാടുവിട്ടതിനു ശേഷം മാത്രം ജനിച്ചവര്‍. അവര്‍ വഴിയരികില്‍ നില്‍ക്കുന്ന എന്നെ ഒരു കൌതുകത്തിനു വേണ്ടിപ്പോലും നോക്കാറില്ല, ശ്രദ്ധിക്കാറില്ല. പുതുതലമുറയുടെ വക്താക്കളായി ഞങ്ങളുടെ ഗ്രാമത്തിലും അവര്‍ വളരുന്നു.
തിരക്കുകളില്‍ ജീവിക്കുന്നു. മിക്കവരും സൈക്കിള്‍ധാരികളാണ്. ആണ്‍പെണ്‍ വ്യത്യാസമില്ല. പാവാടയും ബ്ലൌസുമിട്ട പെണ്‍കുട്ടികളെ കാണാനേ ഇല്ല. എല്ലാം ചുരിദാര്‍മയം. അവര്‍ എന്റെ അടുത്തു വരുമ്പോള്‍ ഞാന്‍ ഇരുപതുവര്‍ഷത്തിനു മുന്‍പുകണ്ടുമറന്ന ഏതെങ്കിലും മുഖഛായ തെളിയുന്നോ എന്നു സൂക്ഷിച്ചു നോക്കും. പലപ്പോഴും ഫലം നിരാശയും കുട്ടികളുടെ തറച്ച നോട്ടവും മാത്രം.

അങ്ങനെ പതിവുപോലെ നിരാശബാക്കിയായി ഞാന്‍ മതിലരികില്‍ നില്‍ക്കുന്ന നന്ദ്യാര്‍വട്ടപ്പൂക്കളെ ശ്രദ്ധിക്കാം എന്നു വിചാരിച്ച് വെറുതേ ഒരു നോട്ടം റോഡിന്റെ വടക്കുവശത്തേക്ക് പായിച്ച് തിരിഞ്ഞു. പെട്ടന്നാണ് ഒരു വിളിപ്പാടകലെനിന്നും ഒരു പരിചിതരൂപം പതുക്കെ നടന്നു നീങ്ങിവരുന്നത് കാണുന്നത്. അതു ഭാസ്കരനായിരുന്നു. ഭാസ്കരനെ കണ്ട സന്തോഷം പെട്ടന്നൊരു
ഞെട്ടലിലേക്കും ദുഖത്തിലേക്കും വഴിമാ‍റി. ഞാന്‍ വളരെക്കാലമായി കാണാതിരുന്നു കണ്ട ഭാസ്കരന്‍ പഴയപോലെ ആറടിപ്പൊക്കത്തില്‍ ഇരുനിറത്തിലുള്ള കരുത്തനായിരുന്നില്ല. കാ‍ലം കയ്യിലൊരു വടി കൊടുത്തിരിക്കുന്നു. ഏഴു
പതിറ്റാണ്ട് ഭാരംതൂക്കിനടന്ന നട്ടെല്ലിന് വടികൂടിയേ ഇനി കഴിയൂ എന്നപോലെ. കാലുകളില്‍ ഏന്തലുണ്ട്. നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെ പിച്ചപിച്ചനടന്ന് ഭാസ്കരന്‍ എന്റെ മുന്നിലേക്ക് വരികയാണ്. ഞാന്‍ പെട്ടന്ന് റോഡിലേക്കിറങ്ങി, ഭാസ്കരാ എന്നു വിളിച്ചു. ടാറിട്ട റോഡില്‍ ശബ്ദം കേള്‍പ്പിച്ചു നടന്ന വടിഊന്നി നിന്ന് ഭാസ്കരന്‍ എന്നെ നോക്കി. ‘എന്നു വന്നു’ എന്നു വളരെപതുക്കെ ചോദിച്ചു. ‘രണ്ടുദിവസമായി’ എന്ന എന്റെ മറുപടി കേള്‍ക്കാനോ മറ്റെന്തെങ്കിലും പറയാനോ താല്പര്യമില്ലാത്തപോലെ. വടി ഭാസ്കരനെ മുന്നോട്ടു നയിച്ചു. എന്റെ സ്മരണകളിലെ ഭാസുരമായ ചിലചിത്രങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാകാത്ത ആ രൂപം പതിയെ നടന്ന് കണ്ണാത്തമ്പലത്തിന്റെ വളവുതിരിഞ്ഞ് കുറ്റീമുക്കും കടന്ന് മറഞ്ഞു.

റോഡില്‍ നിന്നുകയറുമ്പോള്‍ ഞാന്‍ നന്ദ്യാര്‍വട്ടത്തെ മറന്നിരുന്നു. ഓര്‍മ്മകളില്‍ വലിയ കെട്ടുവള്ളം നീളന്‍ കഴുക്കോലിട്ട് ഊന്നിനീക്കുന്ന ഒരു രൂപം. എന്റെ കുട്ടിക്കാലത്ത് ഏറ്റവും ആ‍രാധനയോടെ നോക്കിനിന്നിരുന്ന ഒരു രൂപം. അതു ഭാസ്കരനായിരുന്നു. എന്റെ അഛന്‍ എല്ലാക്കൊല്ലവും സ്ഥിരമായി ശബരിമലയ്ക്കു പോകുമായിരുന്നു. ശബരിമലയ്ക്കു പോകുന്നതിനു തലേ ദിവസം
ഞങ്ങളെല്ലാവരുംകൂടി കുടുംബമായി തകഴി അമ്പലത്തില്‍ തൊഴാന്‍ പോകും. അച്ഛനെ അടിമകിടത്തിയ അമ്പലമാണ് തകഴി അമ്പലം. (അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒരുപാടു നാള്‍ കാത്തിരുന്നു വഴിപാടൊക്കെ ചെയ്തുണ്ടായ മകനാണ് എന്റെ
അച്ഛന്‍. കുട്ടി ഉണ്ടായിക്കഴിഞ്ഞാല്‍ ചോറൂണിനു മുന്‍പ് അമ്പലത്തിന്റെ ശ്രീകോവിലിനകത്ത് കൊണ്ടുപോയി മൂര്‍ത്തിയുടെ മുന്നില്‍ കിടത്തും. അതാണ് അടിമ. ആ വഴിപാട് കഴിഞ്ഞാല്‍ ആ ആള്‍ മരണം വരെ ആ മൂര്‍ത്തിയുടെ അടിമയാണെന്നാണ് വിശ്വാസം.) അങ്ങനെ ശബരിമല ശാസ്താവിനെ കാണാന്‍ പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും തകഴി ശാസ്താവിനെ കണ്ടിട്ടേ അച്ഛന്‍ മലക്കു പോകൂ.

തകഴി അമ്പലത്തില്‍ പോകുന്നത് ദീപ്തമായ് ഒരോര്‍മ്മയാണ്. കാരണം പോകുന്ന രീതി തന്നെ. ബസ്സിലും കാറിലുമൊന്നുമല്ല പോകുക. കെട്ടുവള്ളത്തിലാണ്. അമ്മയും അമ്മൂമ്മയും 3-3.30 മണിക്കേ എണീറ്റ് ഇഡ്ഡലി സാമ്പാര്‍ ചമ്മന്തി എന്നിവ പ്രഭാത ഭക്ഷണത്തിനും, തൈരൊഴിച്ച് ചമ്മന്തി അച്ചാര്‍ മെഴുക്കുപുരട്ടിവകകളുമായി പൊതിഞ്ഞ ഇലച്ചോറും തയ്യാറാക്കും. കുടിക്കാനുള്ള
വെള്ളം കുപ്പികളില്‍, പിന്നെ ഇടയ്ക്കു തിന്നാന്‍ മിക്സ്ചര്‍, മുറുക്കു മുതലായവയുമായാണ് തകഴിഅമ്പലത്തില്‍ തൊഴലും, കുട്ടനാടന്‍ കായലുകളിലൂടെ ഒരു സഞ്ചാരവും കഴിഞ്ഞ് വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന യാത്രയ്ക്കായി രാവിലെ
ആറുമണിയോടെ ഞങ്ങള്‍ വള്ളത്തില്‍ കയറുന്നത്.

വള്ളത്തിന്റെ പടിയില്‍ തയ്യാറായി ഭാസ്കരനുണ്ടാവും. നീളന്‍ കഴുക്കോലുകളുടെ ബലം നോക്കി തയ്യാറാക്കി വെച്ചേക്കും.തകഴിക്കും തിരിച്ചുമുള്ള ദൂരം മുഴുവനും ഭാസ്കരനാണ് വള്ളമൂന്നുക. ചിലയിടങ്ങളില്‍ മെലിഞ്ഞു കൃശഗാത്രിയായും ചിലയിടങ്ങളില്‍ ഭീതിദമായ ഇരുകരകളും കാണാത്ത വിരിഞ്ഞമാറിടമുള്ള രാക്ഷസിയേപ്പോലെ പുഴ മയങ്ങും. പുറത്തുവരാന്‍ മടിച്ചുനില്‍ക്കുന്ന ഒരു മന്ദഹാസത്തിന്റെ നിഴല്‍ ചുണ്ടിലൊതുക്കി ഭാസ്കരന്‍ പുഴയെ തന്റെ കഴുക്കോലുകൊണ്ട് നേരിടും. ഭാസ്കരനൊരു മിതഭാഷിയാണ്.
ചോദിക്കുന്നതിനു മാത്രം പതുക്കെ ഉത്തരം പറയും. കരുത്തുറ്റ കൈകള്‍ ഞങ്ങളെ ശ്രദ്ധയോടെ എടുത്ത് വള്ളത്തില് കയറ്റുകയും ഇറക്കുകയും ചെയ്യും. കഴുക്കോല്‍ ഊന്നാന്‍ പറ്റാത്ത ആഴമുള്ള സ്ഥലങ്ങളില്‍ ഭാസ്കരന്‍ വള്ളം ഏകദേശംകരയോടടുപ്പിച്ച് കരയില്‍ ചാടിയിറങ്ങി, കഴുക്കോല് വള്ളത്തിന്റെ ഒരറ്റത്ത് ബലമായി അമര്ത്തിപ്പിടിച്ച് ആറ്റിറമ്പിലൂടെ നടക്കും. വെള്ളത്തിലേക്കു ചാഞ്ഞുനില്ക്കുന്ന മാവുകള്‍ വഴിയില്‍ ധാരാളമുണ്ട്. വള്ളം അവയോടടുപ്പിച്ച് മാങ്ങ പൊട്ടിച്ചു തരും. കൊണ്ടുവന്ന
പലഹാരങ്ങളേക്കാള്‍ സ്വാദോടെ ഞങ്ങളാ മാങ്ങ തിന്നുകൊണ്ടിരിക്കും.

അങ്ങനെ അടുത്ത കൊല്ലം തകഴിയാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചു സ്വപ്നവും കണ്ട് ഈ യാത്രയുടെ മധുരസ്മരണകള്‍ വീണ്ടും നുണഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തും.

(എന്റെ പേടിസ്വപ്നമായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ചിറ്റപ്പന്‍ ചിലപ്പോള്‍ പൊട്ടിവീണപോലെ തകഴിയാത്രയ്കെത്തും. ഭാസ്കരന്റെ കയ്യില്‍ നിന്നുംകഴുക്കോല് വാങ്ങി തോന്നിയപോലെ വള്ളമൂന്നുക, വള്ളം
കുലുക്കുക എന്നീ കലാപരിപാടികളാണ് ചിറ്റപ്പന്. കരഞ്ഞു വശംകെട്ടായിരിക്കും ആ തവണ ഞങ്ങള്‍ കുട്ടികള്‍തിരിച്ചെത്തുക) .

അതുകഴിഞ്ഞാല്‍ ഭാസ്കരനെ കാണുക പറമ്പിലും പാടത്തുമാണ്. ഒരു ചുട്ടിത്തോര്‍ത്തുമുടുത്ത് തെങ്ങിനു തടമെടുക്കുന്ന വലിയ തൂമ്പയും തോളില്‍ വെച്ച് ഭാസ്കരന്‍ വരും. വലിയ തൂമ്പയില്‍ മണ്ണ് കോരി നിമിഷങ്ങള്‍ക്കകം തെങ്ങുകള്‍ക്കെല്ലാം തടമെടുത്ത് ശീമക്കൊന്നപ്പത്തലും വെട്ടിയിട്ടാല്‍ പിന്നെ വിറകുകീറലാണ്. പ്ലാവും മാവും പറങ്കിമാവുമൊക്കെ ഭാസ്കരന്റെ
കോടാലിത്തലപ്പിന്നടിയില്‍ ഞെരിയും. അടുത്തെങ്ങാനും ചെന്നു നിന്നാല്‍ ‘മക്കളങ്ങു മാറിനിന്നോ വിറകിന്‍ ചീളുവന്നു കണ്ണില്‍ കൊള്ളും‘ എന്നു പറഞ്ഞ് ദൂരെ മാറ്റിനിര്‍ത്തും. പാടത്തെ വിത്തിടീലിന് കലപ്പപിടിക്കാനും , കുളം തേകാനുമൊക്കെ ഭാസ്കരനില്ലാതെ ഒരു തവണപോലും കടന്നുപോയിട്ടില്ല. ഞാന്‍ വിവാഹിതയായി പോന്നസമയത്തോടെ പ്രായം ഭാസ്കരനെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കണം. ശാരീരികാധ്വാനം ഏറെയുള്ള പണികള്‍ നിര്‍ത്തി കടവില്‍ കടത്തുവള്ളം തുഴയുന്ന പണിയിലായിരുന്നു പിന്നീട് എന്നു അമ്മ പറഞ്ഞു. മൂത്തമകന്‍ ഒരപകടത്തില്‍പ്പെട്ട് ഗള്‍ഫില്‍ വെച്ചു മരിച്ചതും കുടുംബത്തിലെ മറ്റുചില ദുരന്തങ്ങളും ആ മനുഷ്യനെ ഇനി തിരിച്ചുകേറാനാകാത്ത വ്യഥയുടെ കയത്തിലാക്കിയിരിക്കണം.അല്ലെങ്കില്‍ എന്നോടൊരു മറുപടിപറയാതെ ഭാസ്കരന്‍ ഒരിക്കലും നടന്നു മറയുകയില്ല.

No comments:

Post a Comment