Thursday, May 17, 2012

പുത്തേഴത്ത്‌ രാമന്‍ മേനോന്‍



മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകള്‍ പരതുക കുറച്ചു നാളായിട്ടുള്ള പതിവാണ്. നിര്‍മല എന്ന ചിത്രത്തില്‍ ചെന്ന് നിന്നപ്പോള്‍ അതാ തിരക്കഥാകൃത്ത് ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ വിവരങ്ങള്‍ ഒന്ന് നെറ്റില്‍ തപ്പാം എന്ന് നോക്കുമ്പോള്‍ യാതൊരു വിവരവും ലഭ്യമല്ല. സഞ്ജയന്‍ പുത്തെഴനെക്കുറിച്ച് എഴുതിയ   ലേഖനം ഓര്‍മ്മവന്നു. അച്ഛന്‍ സുഖമില്ലാതിരുന്നിട്ടും 'പാല്‍പ്പായസത്തില്‍ പഞ്ചസാര പോലെ ചേര്‍ന്ന് കിടക്കുന്ന' പുത്തേഴത്തിലെ എഴിനെക്കുറിച്ചു വാചാലനായി. എങ്കിലും അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിന്റെ ഒരു രേഖപോലും ഇല്ലാത്തത് വിഷമമായി. എന്താ ചെയ്ക എന്ന് ആലോചിച്ചപ്പോള്‍ ആണ് അച്ഛന്‍ സുഹൃത്തായ രാമചന്ദ്രന്‍ മാഷിനെ അടുത്തു ഒരു വിവാഹത്തില്‍ പങ്കെടുക്കവേ കണ്ട കാര്യം ഓര്‍മ്മിച്ചത്. ശെടാ പിന്നെന്താണ് പ്രയാസം? ഖേദം എന്തിനു നമുക്കഹോ! . പുത്തേഴത്ത്‌ രാമന്‍ മേനോന്റെ അനന്തിരവന്‍ ആണ് രാമചന്ദ്രന്‍ മാഷ്‌ എന്ന് ആദരപൂര്‍വ്വം വിളിക്കുന്ന പുത്തേഴത്ത്‌ രാമചന്ദ്രന്‍. പെട്ടന്ന് അദ്ദേഹത്തിനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. ഇത്രയും മഹാനായ എഴുത്തുകാരന്റെ ഒരു ജീവരേഖ പോലും ഇന്റര്‍നെറ്റില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. വിവരങ്ങള്‍ കഴിയുന്നതും വേഗം എത്തിച്ചു തരാം എന്ന് സമ്മതിച്ചു. അതിന്‍ പ്രകാരം ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും മിനിഞ്ഞാന്ന് തപാലില്‍ എത്തി, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തുന്നതായിരിക്കും.
തല്‍കാലം ലഭ്യമായത് ചേര്‍ക്കുന്നു..............രാമചന്ദ്രന്‍ മാഷിനു നന്ദിയോടെ...............

കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു  അമ്മയുടെയും  സീമന്ത പുത്രനായി  തൃശൂര്‍ ജില്ലയിലെ മണലൂരില്‍  1891  ഒക്ടോബര്‍  19  നു ഭരണി നക്ഷത്രത്തില്‍  രാമന്‍ മേനോന്‍ ജനിച്ചു.


അച്ഛന്‍ തീരെ ചെറുപ്പത്തിലെ മരിച്ചുപോയത് കൊണ്ട് പിന്നീട് വളര്‍ത്തിയത് അമ്മാവനായ പുത്തേഴത്ത്‌ കുഞ്ഞുണ്ണി മേനോന്‍ ആണ്.
മൂന്നു അനിയന്മാരും ഒരു അനിയത്തിയും അദ്ദേഹത്തിനു ഉണ്ട്. 
തൃശൂരില്‍ സ്കൂള്‍ പഠനം, എറണാകുളം മഹാരാജാസ് കലാലയത്തില്‍ നിന്നും ഇന്ടര്മീടിയട്ടും, ബി എ ഡിഗ്രിയും. മദിരാശി സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും ആണ് അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം 

മികച്ച ഒരു വക്കീലും കൊച്ചി മഹാരാജാവിന്റെ സര്‍വാധികാര്യക്കാരും ആയിരുന്നു ശ്രീ രാമന്‍ മേനോന്‍. ഹൈക്കോടതി ജഡ്ജി ആയിട്ടാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. 

മൂത്തേടത്ത് ജാനകിയമ്മയാണ്‌ ശ്രീ രാമന്‍ മേനോന്റെ ഭാര്യ. അഞ്ചു ആണ്മക്കളും അഞ്ചു പെണ്മക്കളും ആയി പത്തു മക്കള്‍ അവര്‍ക്കുണ്ട്. 


മലയാള സാഹിത്യ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് പുത്തേഴത്ത്‌ രാമന്‍ മേനോന്‍. വൈവിധ്യമാര്‍ന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ കൈരളിക്കു നിവേദ്യമായി അര്‍പ്പിച്ചു. ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരന്‍, ഹാസ സാഹിത്യ കാരന്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ അനിഷേധ്യനായ ഒരു ചരിത്രകാരനായി. ഹിന്ദുമതവും സംസ്കാരവും, സഹസ്രകിരണനായ ടാഗോര്‍ എന്നീ പഠന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ ഗവേഷണബുദ്ധിയുടെ  പ്രത്യക്ഷോദാഹരണങ്ങള്‍ ആണ്. ചതുരാധ്യായി എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്.  കേരളത്തെ അറിയുക, തൃശ്ശൂര്‍ - ട്രിച്ചൂര്‍  എന്നീ ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര രചനാ രംഗത്തെ മറ്റു നാഴികക്കല്ലുകലാണ്. ബാലസാഹിത്യത്തില്‍ അദ്ദേഹത്തിന്‍റെ രചന 'കുട്ടികളെ നിങ്ങള്‍ ഈ ആളെ അറിയുമോ ?' എന്ന കൃതിയാണ്.

മലയാള സിനിമാ രംഗത്ത് ശ്രീ രാമമേനോന്റെ സ്ഥാനം അദ്വിതീയമാണ്. 1948 ല ഇറങ്ങിയ നിര്‍മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമാണ്. നിര്‍മല മലയാളത്തില്‍ ആദ്യമായി പിന്നണി ഗാനങ്ങള്‍ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിര്‍മ്മിച്ച ചിത്രവുമായിരുന്നു. മലയാളത്തിലെ നാലാമത്തെ ചിത്രമാണ് നിര്‍മല. ആ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉള്ള സ്ഥാനം ഊഹിക്കാവുന്നതേ ഉള്ളു.
നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ 1973  സെപ്തംബര്‍ 22  നു നിര്യാതനായി.

കുറിപ്പ്:
ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോനെക്കുറിച്ച് ഇന്റര്‍ നെറ്റില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ ആണിത്. ഇത്രയും വിലപ്പെട്ട വിവരങ്ങളും ശ്രീ രാമന്‍ മേനോന്റെ ചിത്രവും എനിക്ക് നല്‍കിയത് ശ്രീ പുത്തേഴത്ത്‌ രാമചന്ദ്രന്‍ മാഷ്‌ ആണ്. ബഹുമാന്യനായ രാമചന്ദ്രന്‍ മാഷിനോടുള്ള ആദരവും കൃതജ്ഞതയും ഈ അവസരത്തില്‍ പ്രകാശിപ്പിച്ചുകൊള്ളുന്നു. രാമചന്ദ്രന്‍ മാഷിനെ കൂടാതെ ശ്രീ രാമന്‍ മേനോന്റെ മരുമകളായ സുധാ മേനോന്‍ ആണ് കുടുംബ വിവരങ്ങള്‍ നല്‍കിയത്. സുധ ചേച്ചിയോടും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. 

Monday, April 30, 2012


Monday, January 25, 2010

അഷ്ടമൂര്‍ത്തിയുടെ പുസ്തക പ്രകാശനം



ഇന്നലെ (25-01-10 തിങ്കളാഴ്ച )തൃശ്ശൂരിലെ സാഹിത്യ അക്കാദമി അങ്കണത്തിലെ സായാഹ്നത്തിന് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നിറവും മണവുമായിരുന്നു. നന്മയുടെ എഴുത്തുകാരന്റെ വായനക്കാരെ സ്വീകരിക്കാന്‍ തണല്‍മരങ്ങള്‍ നിഴല്‍പ്പരവതാനി വിരിച്ച്, കാറ്റില്‍ പൂക്കളുടെ സുഗന്ധം നിറച്ച് കാത്തുനിന്നു. വരിയിട്ട ചുവന്ന കസാലകളില്‍ നന്മയും സ്നേഹവും അടുത്തറിഞ്ഞവര്‍ അടുത്തു നിന്നും അകലെ നിന്നും വന്നിരുന്നു. നിറഞ്ഞ ചിരിയുമായി കഥാകാരന്‍ വന്നു, കൂടെ സഹധര്‍മ്മിണിയും. ചിരപരിചിതരെപ്പോലെ കൈപിടിച്ച് സ്വീകരിച്ചു, കുശലമന്വേഷിച്ചു. ആലോച്ചിച്ചു കൂട്ടിവെച്ചിരുന്ന പരിഭ്രമവും ആകാംക്ഷയും നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി. കസേരകള്‍ ഓരോന്നായി ഇരിപ്പിടങ്ങളാകവെ സാറടീച്ചര്‍ വന്നു. ഏതു വിഷമത്തിലും ഒരു ഫോണ്‍കാള്‍ അകലെയുള്ള പ്രിയ കൂട്ടുകാരന്റെ കഥകള്‍ പുന്ര്ജ്ജനിക്കുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ . അല്പനേരത്തിനു ശേഷം മലയാളത്തിന്റെ മഹാനായ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ എത്തി. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ പ്രകാശിതമാക്കുവാന്‍ മറ്റാരാണ് വരിക! കൂടെ വൈശാഖന്‍, അശോകന്‍ ചരിവില്‍ , കെ സി നാരായണന്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവരും എത്തി. ആറാട്ടുപുഴയുടെ മറ്റൊരു സല്പുത്രന്‍ ‍ , കഥാകാരന്റെ പ്രിയകൂട്ടുകാരന്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്റെ സ്വന്തം അഷ്ടമൂര്‍ത്തിയുടെ കഥകള്‍ക്ക് കാതോര്‍ത്ത് മുന്‍ നിരയില്‍ത്തന്നെ ഇരുന്നു. കൂടെ ജയരാജ് വാര്യരും. പിന്നിലേക്ക്കു നോക്കുമ്പോള്‍ റോഡിലേക്ക്കു നിറഞ്ഞു വഴിയുന്ന സുഹൃദ് സംഘങ്ങള്‍ . ഇരിപ്പിടങ്ങള്‍ അവര്‍ക്കാവശ്യമായിരുന്നില്ല. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ ആലോചനാമൃതങ്ങളാക്കി ഓരോരുത്തരും തണല്‍മരങ്ങള്‍ക്ക് താഴെഇരുന്നു, വഴിയരികുകളില്‍ നിന്നു, ഇതെന്റെ സ്വന്തം പുസ്തകപ്രകാശനം എന്നമട്ടില്‍ .


പ്രശസ്ത കഥാകാരന്‍ അഷ്ടമൂര്‍ത്തിയുടെ തിരഞ്ഞെടുത്ത മുപ്പത്തിയേഴു കഥകളുടെ സമാഹാരം ഹരിതം ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച് പ്രകാശിതമാക്കുന്ന ചടങ്ങ് 2010 ജനവരി 25ആം തീയതി തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്നു.എന്‍ രാജന്‍ സ്വാഗതം പറഞ്ഞു, വൈശാഖന്‍ ആദ്ധ്യക്ഷം വഹിച്ചു, എം ടി പ്രകാശിപ്പിച്ച പുസ്തകം സാറാജോസഫ് ഏറ്റു വാങ്ങി. കെ സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. അശോകന്‍ ചരിവില്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഷ്ടമൂര്‍ത്തി നന്ദി പറഞ്ഞു.

ഒരുപിറുപിറുപ്പു പോലെയാണ് തനിക്ക് കഥയെഴുത്ത് എന്ന് കഥാകാരന്‍ പറയുന്നു. മറ്റുള്ളവരോട് പറയാനും പങ്കുവയ്ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുകയാണ്. കഥയെഴുതിക്കഴിഞ്ഞാലുള്ള ആശ്വാസത്തെക്കുറിച്ച് അദ്ദേഃഅം ആമുഖത്തില്‍ പറയുന്നു. എന്തിനാണ് കഥയെഴുതുന്നത്? നന്മയിലേക്കുള്ള ഒരന്വേഷണമാണ്‍ ഓരോ കഥയും എന്ന് കഥാകാരന്‍ കരുതുന്നു. എങ്കിലോ കഥയെഴുതി ആരെയും നന്നാക്കാം എന്ന ഒരുദ്ദേശവും ഇല്ലതാനും. ലളിതമായ ഭാഷയിലാവണം കഥയെഴുത്ത്. കഥയെഴുതിയശേഷം വായനക്കാരന്‍ കഥാകൃത്തിനെ അന്വേഷിച്ച് നടക്കേണ്ട ഗതികേട് വരരുത്. നഗരജീവിതത്തിന്റെ വിഹ്വലതകളും, കുട്ടിക്കാലത്തിന്റെ പിന്തുടരുന്ന ഓര്‍മ്മകള്‍ നല്‍കുന്ന വേവലാതികളും കഥയെഴുതിത്തീരുന്നതോടെ മുക്തമാകുന്നു. ഒരിക്കലും പരിചയപ്പെടാന്‍ സാദ്ധ്യതയില്ലായിരുന്ന ഒരുപാട് കൂട്ടുകാരെ കഥയെഴുത്തിലൂടെ കിട്ടിയതിന്റെ സന്തോഷം കഥാകാരനുണ്ട്. ജീവിതത്തിന് പരിമിതമായ തരത്തിലെങ്കിലും ഒരര്‍ഥവും കഥയെഴുത്ത് അദ്ദേഹത്തിന് നല്‍കുന്നു.

അഷ്ടമൂര്‍ത്തിയുടെ കഥകളിലെ സാരള്യത്തെക്കുറിച്ചാണ് പ്രധാനമായും സാറാജോസഫും എം ടിയും സംസാരിച്ചത്. എഴുത്തുകാരന്‍ തന്റെ കഴിവു പ്രകടിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളായി കഥകള്‍ മാറരുത്. അങ്ങനെയുള്ള് കഥകളില്‍ നിന്ന് കഥാകാരന്മാര്‍ക്ക് മോചനമില്ല. മാര്‍ക്വിസ് നും കാമു വിനും ഒക്കെ ഇത്തരം പ്രതിസന്ധികള്‍ കഥയെഴുത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് എം ടി പറഞ്ഞു. ലാബിറിന്ത് പണികഴിപ്പിച്ച ഡിഡാലസ് നെ (Daedalus)പ്പോലെ കഥാകാരന്‍ കഥയ്ക്കകത്തു ചുറ്റിത്തിരിയുന്നു. വായനക്കാരന് കഥയെക്കാള്‍ കഥാകാരനെ കാണണ്ട അവസ്ഥയായിത്തീരുന്നു. ഇതില്‍ നിന്നും വളരെ വ്യതസ്തമാണ് അഷ്ടമൂര്‍ത്തിയുടെ കഥകള്‍ . അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഖണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട് വരുത്തുന്നേയില്ല. ഇതൊക്കെയാണെങ്കിലും വായിച്ചു ചെല്ലുമ്പോള്‍ അദ്ദേഹം നമുക്കായി ഒരു ഞെട്ടല്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എല്ലാ കഥകളിലും എന്ന് കെ സി നാരായണന്‍. കഥാകാരന്റെ ക്രാഫ്റ്റ് അവിടെയാണ്. സാധാരണ പോലെ പറഞ്ഞുപോകുന്ന കഥയില്‍ നിന്ന് വെള്ളത്തിനടിയില്‍ നിന്ന് ഒരഗ്നിപര്‍വ്വതം പോലെ ആ നടുക്കം വായനക്കാരനെ ഒന്നു പിടിച്ചു കുലുക്കുന്നു. ഇതെന്താണ് സാമാന്യജീവിതത്തില്‍ താന്‍ കാണാഞ്ഞതെന്ന് അയാള്‍ ലജ്ജയോടെ ഓര്‍ക്കുന്നു. അഷ്ടമൂര്‍ത്തിയുടെ കാണലുകളിലെ ‘കാഴ്ചകള്‍ ‘ അങ്ങനെയാണ്.

കുറച്ചു കഥയെഴുതി, ഇടയ്ക്കൊന്നു മൌനമായി വീണ്ടും കാണാക്കാഴ്ചകള്‍ കാണുന്നു കഥാകാരന്‍. വീണ്ടും വന്നൊന്നു നമ്മെ ഉണര്‍ത്തിയിട്ട് പോകുന്നു. ദേ ഇതു നോക്കൂ എന്ന് ഓര്‍മ്മപ്പെടുത്തിയിട്ട് പോകുന്നു. രോഹിണി ഭട്ട് , അമ്മ ഉറങ്ങുന്ന രാത്രി എന്നീ കഥകള്‍ തന്ന ഞെട്ടലോടെയാണ് ഇതെഴുതുന്നത്. അനുധാവനം എന്ന കഥ ഏറെ നാളായി എന്നെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. എലിവേറ്ററിലെ അവസരങ്ങള്‍ വായിക്കുന്നയാള്‍ താനൊരിക്കല്‍ എലിവേറ്ററില്‍ കയറിയപ്പോഴത്തെ കഥയാണോ ഇത് എന്ന് സ്വയം ചിന്തിക്കുന്ന മട്ടില്‍ കഥാകാരന്‍ താദാത്മ്യപ്പെടുത്തുന്നു.

യൂറോപ്പിലെ പ്രശസ്ത ഫുട്ബാള്‍ ടീമുകളെപ്പറ്റിയുള്ള ഒരു കഥ കെ സി നാരായണന്‍ ഉദാഹരിച്ചു. അവനവന്റെ സ്ഥിരം ഗ്രൌണ്ടുകളില്‍ ഗോളടിക്കാന്‍ എളുപ്പമാണ്. പരിചയമില്ലാത്ത പ്ലേ ഗ്രൌണ്ടുകളില്‍ ഗോളടിക്കുന്നവനാണ് യഥാര്‍ഥ കളിക്കാരന്‍. യഥാര്‍ഥ എഴുത്തുകാരനും അങ്ങനെത്തന്നെ. എവിടെയാണ് ആ ഗോള്‍ , കഥയിലെ ആ വഴിത്തിരിവ്, ആ നടുക്കം, ആ ഉറക്കം കെടുത്തുന്ന വാചകം ഒളിപ്പിച്ചു വെച്ച് കഥാകാരന്‍ കളിജയിക്കുന്നത്. വായനക്കാരനെ സുഹൃത്താക്കുന്നത്. അവിടെയാണ് എഴുത്തുകാരന്റെ വിജയം. വളരെ നാളുകളായി ശൂഷ്കമായ സദസ്സുകളുമായി നടന്ന പുസ്തകപ്രകാശനങ്ങളും സാഹിത്യ ചര്‍ച്ചകളും കണ്ട് കോട്ടുവായയിട്ടിരുന്ന കേരള സാഹിത്യ അക്കാദമി അങ്കണം ഒന്നു മൂര്‍നിവര്‍ന്ന് മുഖം കഴുകി ഇന്നലെ വൈകുന്നേരം നെറ്റിയില്‍ ഭസ്മക്കുറിയുമായി നിറഞ്ഞു കവിഞ്ഞ സദസ്സിനെ നോക്കി ആശ്വാസ നിശ്വാസമുതിര്‍ത്തതിനും കാരണം ഇതുതന്നെ. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്‍ .

Thursday, April 12, 2012

ഓലഞ്ഞാലി




ഇന്നലെ ഉണ്ണിക്കുട്ടന് വഴിയില്‍ കിടന്നൊരു ഓലഞ്ഞാലി കുഞ്ഞിനെ കിട്ടി. അത് കൂട്ടില്‍ നിന്നും വീണു പോയതാണെന്ന് തോന്നുന്നു. പറക്ക മുറ്റിയിട്ടില്ല. ആകെ അത് ഒരു കുഞ്ഞിക്കുഞ്ഞി രോമം കൊണ്ട് ഉണ്ടാക്കിയ ഒരു പന്ത് പോലെ ചുരുണ്ടിരിക്കുന്നു. തല മേത്തേക്ക് ചരിച്ചു വച്ചിരിക്കുമ്പോ ഒരു പന്താണ് എന്നെ തോന്നു. ഉണ്ണിക്കുട്ടന്‍ അതിനെ എടുത്തു ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒരു പേപ്പര്‍ ഒക്കെ ഇട്ടു ഇരുത്തി. വെള്ളം കൊടുത്തു. അതിന്റെ കണ്ണ് രണ്ടും വീങ്ങി വലുപ്പം വച്ച് ഇരിക്കുന്നു. ചെറുതായി കരയുന്നും ഉണ്ടായിരുന്നു. രാവിലെ മുതല്‍ ഉണ്ണിക്കുട്ടന്‍ അതിന്റെ പിന്നാലെ തന്നെ ആണ്. സ്കൂള്‍ അടവും ആണല്ലോ. ടെറസില്‍ കൊണ്ട് വച്ച് കുറച്ചു കഴിഞ്ഞപ്പോലുണ്ട് അതിന്റെ അച്ഛന്‍ കിളിയും അമ്മക്കിളിയും ആണെന്ന് തോന്നുന്നു കരഞ്ഞു കൊണ്ട് അടുത്ത തെങ്ങിലും മാവിലുമൊക്കെ വന്നിരിക്കുന്നു. കൂടെ വേറെ ഒന്നുരണ്ടു ഓലഞ്ഞാലികളും ഉണ്ട്. എന്ത് ഉച്ചത്തിലാണ് അച്ഛനും അമ്മയും കരയുന്നത്. അതിനു മറുപടിയായി കുഞ്ഞു കുഞ്ഞി ശബ്ദത്തില്‍ കരയും. അപ്പൊ അച്ഛനും അമ്മയും കൂടുതല്‍ ഉറക്കെ കരയും. ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറക്കും. അവയുടെ നിസ്സഹായതയാണ്. ആ കുഞ്ഞിനെ എടുത്തു കൊണ്ട് പോകാന്‍ അവര്‍ക്ക് പറ്റുന്നില്ലല്ലോ. കുഞ്ഞിനെ പിന്നെ ഞങ്ങള്‍ എടുത്തു teresilekku ചാഞ്ഞു നില്‍ക്കുന്ന പറങ്കി മാവിന്റെ ചില്ലയില്‍ വച്ചു. അപ്പോള്‍ വലിയ കിളികള്‍ പറന്നു പറങ്കിമാവിന്റെ മറ്റു ചില്ലകളില്‍ ഇരുന്നു കരഞ്ഞു. അടുത്തു വരുന്നില്ല. മനുഷ്യന്റെ മണം ഉള്ളിടത്ത് അവ അടുക്കുക വിരളമാണ്.

ഓലഞ്ഞാലികള്‍ അല്ലെങ്കിലും മനുഷ്യനുമായി അത്ര അടുക്കാറില്ലല്ലോ. അവ മരചില്ലകള്‍ക്കിടയിലും മറ്റും ഒളിഞ്ഞിരിപ്പാണ് മിക്കപ്പോഴും. ചിലപ്പോള്‍ ശരം വിട്ടപോലെ ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്കു പറന്നു ഇലകള്‍ക്കിടയില്‍ മറയും. ചിലപ്പോള്‍ വളരെ പെട്ടന്ന് ഒരു തെങ്ങോലയില്‍ ഞാന് ഊര്‍ന്നിറങ്ങി പറന്നു പോകുന്നത് കാണാം. അതാണ്‌ അതിനു ഓലഞ്ഞാലി എന്ന പേര് വരാന്‍ കാരണം. തെങ്ങോലയില്‍ ഇരിക്കുന്ന കൊമ്പന്‍ ചെല്ലിയുടെ പുഴുവിനെയും മറ്റു പൂച്ചികളെയും ഒക്കെ പിടിക്കാനാണ് അത് ഓലയില്‍ വന്നു ഞാലുന്നത്. ആത്തരത്തില്‍ ഓലഞ്ഞാലി തെങ്ങിന്റെ സംരക്ഷകന്‍ കൂടി ആണ്. കാതടപ്പിക്കുന്ന ശബ്ദത്തിലാണ് അതിന്റെ ചിലപ്പ്‌.
ഇളം മഞ്ഞ കലര്‍ന്ന തവിട്ടു നിറമാണ് ഓലഞാലിക്ക് പ്രധാനമായും. തലതൊട്ടു മാറ് വരെ കടുത്ത തവിട്ടു നിറം. ചിറകിലും വാലിലും കറുപ്പും വെള്ളയും ഇടകലര്‍ന്നും കാണും . കാക്കയുടെ വര്‍ഗത്തിലുള്ള പക്ഷി ആണത്രേ ഓലഞ്ഞാലി.
ഓലഞ്ഞാലിക്കുഞ്ഞിനു കണ്ണിനു എന്തോ കുഴപ്പം ഉണ്ട്. രാം നാളെ വന്നിട്ട് അതിനെ വെറ്റിനറി ഡോക്ക്ടരുടെ അടുത്ത് കൊണ്ട് പോകാനിരിക്കയാണ് ഉണ്ണിക്കുട്ടന്‍. അതിനു ഗ്ലൂക്കോസ് കലക്കി കൊടുക്കുന്നു. ചോറ് കൊടുക്കുന്നു എന്ന് വേണ്ട ഇന്ന് ഉണ്ണിക്കുട്ടന്‍ ആകെ തിരക്കിലായിരുന്നു. പ്രകൃതിയെയും പക്ഷി മൃഗാദികളെയും സ്നേഹിക്കാനുള്ളതാണല്ലോ ബാല്യകാലം. അറിവിന്റെ നാളങ്ങള്‍ ഇന്ന് മനസ്സില്‍ പ്രകാശം paratthaarundo എന്നൊരു സംശയം. അറിവെന്നു പറയുന്ന വിദ്യാഭ്യാസം നമ്മെ പ്രകൃതിയില്‍ നിന്നും അകറ്റുന്നു. എട്ടിലെ താളുകളില്‍ ഓലഞ്ഞാലിയും മഞ്ഞക്കിളിയുമെല്ലാം ജീവസ് ഇല്ലാത്ത വര്‍ണ്ണ ചിത്രങ്ങളായി എങ്ങും പറക്കാനില്ലാതെ ആകാശവും മരക്കൊമ്പുകളും നഷ്ടപ്പെട്ട്‌ ഉഴലുന്നു. ചിത്രങ്ങളിലെ കുയിലിനു പാടാനാവില്ല. മയിലിനു ആടാനും. മഴക്കാര് കണ്ടാല്‍ വേഴാമ്പല്‍ കരയില്ല. അങ്ങനെ ദ്വിമാന ചിത്രങ്ങളില്‍ തങ്ങളുടെ ലോകം നിര്‍മ്മിക്കപ്പെട്ടു വികാര വിചാരങ്ങള്‍ പട്ടു പോകുന്ന ബാല്യങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. ബാല്യത്തിന്റെ കുളിര്‍മ കൌമാര യൌവനങ്ങളികെല്ലും പകര്‍ന്നോഴുകട്ടെ.
ഓലഞ്ഞാലികളും മഞ്ഞക്കിളികളും മധുരം പകര്‍ന്നു തരട്ടെ.

Thursday, April 5, 2012

തച്ചോളി അമ്പു

Originally posted on Tuesday, September 07, 2010

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചതിച്ചുകൊന്നവരെ നേരിടാനും,പൊന്നിയത്ത് പരുന്തിന്‍ കോട്ട കീഴടക്കി പ്രതികാരം ചെയ്യാനും, തച്ചോളിത്തറവാടിന് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനും അനന്തരവനായ അമ്പുവിനോട് ( പ്രേം നസീര്‍ ) നേരമ്മാവന്‍ ഒതേനക്കുറുപ്പ് (ശിവാജി ഗണേശന്‍ ) വെളിച്ചപ്പാടില്‍ ആവേശിച്ച് ആവശ്യപ്പെടുന്നു. നേരമ്മാവന്‍ തച്ചോളി ഒതേനന്‍ ചതിയാ‍ല്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ഥ കഥ അമ്പു ചുണ്ടങ്ങാപ്പൊയില്‍ മായിന്‍ കുട്ടിയില്‍ (ബാലന്‍ കെ നായര്‍ ) നിന്നുമാണ് അറിയുന്നത്. മായിന്‍ കുട്ടിയുടെ മകന്‍ ബാപ്പു (ജയന്‍ ) ആണ് ഒതേനനെ ഒറ്റവെടിയുണ്ടകൊണ്ട് കൊന്നത് എന്ന് നാട്ടുപാട്ട്. കതിരൂര്‍ ഗുരുക്കളുമായി നടന്ന പയറ്റില്‍ ഗുരുക്കളെ (ഉമ്മര്‍ ) കൊന്ന ഒതേനന്‍ അച്ഛന്‍ കൊടുത്ത കഠാര മറന്നു വെച്ചത് തിരിച്ചെടുക്കുവാനായി പയറ്റുകഴിഞ്ഞ കളത്തിലേക്ക് നാട്ടുമുറതെറ്റിച്ച് തിരിച്ചുചെല്ലുന്നു. ഈ അവസരത്തിലാണ് നാടുവാഴി (ഗോവിന്ദന്‍ കുട്ടി) ഒതേനനെ ഒളിവെടി വയ്ക്കുകയും ആ കുറ്റം ബാപ്പുവിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നത്. മായിന്‍ കുട്ടിയില്‍ നിന്നും ബാപ്പുവിന്റെ ദുരന്തകഥയറിയുന്ന അമ്പു ബാപ്പുവിന്റെ മകന്‍ ബാപ്പുട്ടിയുമായി (രവികുമാര്‍ ) ചേര്‍ന്ന് പരുന്തിങ്കല്‍ കോട്ടയിലേക്ക് പോകുവാന്‍ പുറപ്പെടുന്നു. എന്നാല്‍ ഒതേനക്കുറുപ്പിന്റെ ഉറ്റമിത്രം പയ്യംവെള്ളി ചന്തു ( ജി കെ പിള്ള ) അവരെ തടയുന്നു. ഒതേനന്റെ മന്ത്രശക്തിയുള്ള ഉറുക്കും നൂലും പരുന്തിങ്കല്‍ കോട്ടയില്‍ ഉള്ളിടത്തോളം കോട്ടയിലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്ന് ചന്തു അമ്പുവിനോട് പറയുന്നു. ഉറുക്കും നൂലും നേടി കോട്ടയിലുള്ളവരെ തോല്‍പ്പിച്ച് പ്രതികാരം ചെയ്യുമെന്ന് അമ്പു ശപഥം ചെയ്യുന്നു.

പൊന്നിയം പടനിലത്തുനടക്കുന്ന മലനാട്ടുമേളയിലേക്ക് അമ്പുവും സഹായികളും വേഷപ്രച്ഛന്നരായി എത്തുകയാണ്. പടനിലത്തെ മേടയില്‍ സുന്ദരിയായ കന്നിയുണ്ട് (ഉണ്ണിമേരി). ഒതേനന്റെയും നാടുവാഴിയുടെ പെങ്ങള്‍ കുഞ്ഞിത്തേയിയുടെയും (കെ ആര്‍ വിജയ ) മകളാണവള്‍ . അവളും മേളകാണാന്‍ എത്തിയതാണ്. ഇട്ടിരി ഇളയപണിക്കരുടെ പടത്തലവനായി സ്ഥാനമേല്‍ക്കുന്ന പരുന്തുങ്കല്‍ കുട്ടിയെക്കണ്ട് മായിന്‍‌കുട്ടി അമ്പരക്കുന്നു. പണ്ട് നഷ്ടപ്പെട്ട മകന്‍ ബാപ്പുവിന്റെ തത്സ്വരൂപം. പുതുപ്പണം നാട്ടില്‍ നിന്ന് മേളനയിക്കാന്‍ ആരുമില്ലേ എന്ന വെല്ലുവിളി കേട്ട് അമ്പുവിന്‍ പ്രച്ഛന്നവേഷം ഉപേക്ഷിച്ച് തന്റെ സ്വത്വം വെളിപ്പെടുത്തേണ്ടി വരുന്നു. കോട്ടയ്ക്കുള്ളില്‍ കടക്കുന്ന അമ്പുവിനെ അമ്മായിയും മുറപ്പെണ്ണും സ്വീകരിയ്ക്കുന്നു.

ഒതേനന്റെ രക്ഷാകവചമായിരുന്ന ഉറുക്കും നൂലും ചതിയിലൂടെ തന്റെ ആങ്ങള നഷ്ടപ്പെടുത്തിയ കഥ അമ്മായി അമ്പുവിനെ വിവരിച്ചു കേള്‍പ്പിക്കുന്നു. അമ്പുവും കന്നിയും അനുരാഗബദ്ധരാവുന്നു. കന്നിയെ മോഹിക്കുന്ന ഇട്ടിരി ഇളയപണിക്കര്‍ കുപിതനാവുന്നു. ഒരുപാടൊരുപാട് പയറ്റുകള്‍ക്കൊടുവില്‍ ഇട്ടിരിയെക്കൊന്ന് അമ്പു കന്നിയെ നേടുന്നു. തച്ചോളിത്തറവാട്ടിലേക്ക് ചേരണ്ട ഉറുക്കും നൂലും അമ്പുവിന് ലഭിക്കുകയും ചെയ്യുന്നു. പരുന്തിങ്കല്‍ കുട്ടി താന്‍ മായിന്‍‌കുട്ടിയുടെ ചെറുമകനാണെന്ന് തിരിച്ചറിയുകയും അമ്പുവിന് ഉറുക്കും നൂലും നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒതേനനെ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ചതിച്ചു കൊന്ന് ആ കുറ്റം തന്റെ മകന്‍ ബാപ്പുവിന്റെ തലയില്‍ കെട്ടിവെച്ച നാടുവാഴിയെ മായിന്‍‌കുട്ടിയും കൊല്ലുന്നു.

മലയാളത്തിന്റെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു സമര്‍പ്പിച്ചിരിക്കുന്നത് മലയാളസിനിമാ കുലപതിയായ കുഞ്ചാക്കോയ്ക്കാണ്. നവോദയാ അപ്പച്ചന്‍ സംവിധാനം ചെയ്ത ഈ ചിത്രം അന്നത്തെ സിനിമാപ്രേക്ഷകര്‍ക്ക് ഒരു അനുഭവം തന്നെയായിരുന്നു. ബൃഹത്തായ സെറ്റും എണ്ണമറ്റ നടീനടന്മാരും, എക്സ്ട്രാകളും,ആനകളും കുതിരകളും എന്നുവേണ്ട കണ്ണിനും മനസ്സിനും ആകെ പുതിയ കാഴ്ചകളുടെയും അനുഭൂതികളുടെയും കേളിതന്നെ.

തച്ചോളി അമ്പുവായി അഭിനയിക്കുന്ന പ്രേംനസീറിന് ഇതില്‍ ‘അഭിനയം’ എന്ന നിലയില്‍ വലുതായൊന്നും ചെയ്യാനില്ല. ടൈറ്റില്‍ റോളുകള്‍ എന്നും തേടിച്ചെന്നിരുന്നു എന്ന ഭാഗ്യം ഇതിലും നസീറിനു ലഭിച്ചു എന്നേ കരുതേണ്ടതുള്ളു. ക്ലോസ് അപ് ഷോട്ടുകളില്‍ പയറ്റു മുറകളും അടവുമുറകളും കാണിക്കുവാന്‍ കൈനീട്ടലും, കണ്ണുരുട്ടലും, ആയം കാണിക്കലും ഒക്കെ ചെയ്ത് അമ്പുവായ നസീര്‍ തന്റെ വേഷം കൈകാര്യം ചെയ്തു മാറുമ്പോള്‍ ലോങ് ഷോട്ടുകളില്‍ ഡ്യൂപ്പുകള്‍ അമ്പുവിനുവേണ്ടി തീയ്ക്കു മുകളില്‍ പടവെട്ടുകയും, ബഹുനിലക്കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് കരണം മറിഞ്ഞ് കയറുകയും, പറന്നിറങ്ങുകയുമൊക്കെ ചെയ്യുന്നു. ‘കാവിലമ്മയാണെ,പരദേവതയാണെ ഞാനിതിന് പകരം ചോദിക്കും’ എന്ന പ്രശസ്തമായ നസീര്‍ ഡയലോഗിന്റെ അനുകരണങ്ങള്‍ ഇതിലും കാണാം. അമ്പുവിന് നേടാനുള്ളതെല്ലാം പാവം സഹനടീനടന്മാരാണ് നേടിക്കൊടുക്കുന്നതെന്ന് നാം ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ കാണാവുന്നതാണ്. അല്ലെങ്കിലും പ്രശസ്തരുടെ സാഹസങ്ങള്‍ക്ക് പിന്നില്‍ നിന്ന് ജീവന്‍ ബലിയര്‍പ്പിക്കുന്നവരെ അധികമാരും ഓര്‍ക്കാറുമില്ലല്ലൊ.

തച്ചോളി അമ്പുവിലെ മറക്കാത്ത രണ്ടു കഥാപാത്രങ്ങള്‍ ബാലന്‍ കെ നായര്‍ അവതരിപ്പിച്ച മായിന്‍‌കുട്ടിയും, ജയന്‍ അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളുമാണ്. പ്രത്യേകിച്ച് പരുന്തിങ്കല്‍ കുട്ടി എന്ന രണ്ടാമത്തെ കഥാപാത്രം. ബാലന്‍ കെ നായര്‍ എന്ന പ്രതിഭ അവശേഷിപ്പിച്ചു പോയ ഇരിപ്പിടം മലയാളസിനിമയില്‍ ഒഴിഞ്ഞുതന്നെ കിടക്കുന്നു എന്ന് കാല്‍ നൂറ്റാണ്ടു ശേഷം തച്ചോളി അമ്പു വീണ്ടും കാണുമ്പോള്‍ നാം ഓര്‍മ്മിക്കും. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പും പിന്‍പുമുള്ള മായിന്‍‌കുട്ടിയെ അവതരിപ്പിക്കുന്ന ബാലന്‍ കെ നായര്‍ ചിത്രത്തിലുടനീളം തന്റെ സഹനടീനടന്മാരെ നിഷ്പ്രഭരാക്കുന്നു. ജയന്‍ അവതരിപ്പിക്കുന്ന അച്ഛനും മകനുമായ ഇരട്ട കഥാപാത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒരു തലമുറയെയാകെ കോരിത്തരിപ്പിച്ച ആ പുരുഷ സൌന്ദര്യത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി പൂക്കളര്‍പ്പിക്കാന്‍ വീണ്ടും കൈകള്‍ നീളുന്നു.

തച്ചോളി ഒതേനനായി തമിഴ് സിനിമാ ഇതിഹാസം ശിവാജി ഗണേശന്‍ തന്റെ വേഷം ഭംഗിയാക്കുന്നു. ഇട്ടിരി ഇളയപണിക്കരായി എം എന്‍ നമ്പ്യാരും. ഉണ്ണിമേരിയുടെ കന്നിപ്പെണ്ണിന് വേഷംകെട്ടി നില്‍ക്കലല്ലാതെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. കെ ആര്‍ വിജയ, രവികുമാര്‍, ഉഷാകുമാരി, ഗോവിന്ദന്‍ കുട്ടി എന്നിവരിലൂടെയൊക്കെ കഥ ഒഴുകിയൊഴുകിപ്പോകുന്നു.

തച്ചോളി അമ്പുവിലെ ഗാനങ്ങളില്‍ ഏറ്റവും ജനപ്രിയത നേടിയത് നാദാപുരം പള്ളിയിലെ എന്ന ഗാനം തന്നെ. വാണിജയറാം പാടിയ ഈ ഗാനം ഇന്നും പുതുമ മങ്ങാതെ നിലനില്‍ക്കുന്നു. അനുരാഗക്കളരിയില്‍ എന്ന മറ്റൊരു ഗാനവും പ്രശസ്തമാണ്. കൂടാതെ വടക്കന്‍ പാട്ടുകഥകളുടെ അവിഭാജ്യഘടകങ്ങളായ സംഘനൃത്തഗാനങ്ങളും യൂസഫലി- രാഘവന്‍ കൂട്ടുകെട്ട് ഒരുക്കിയിരിക്കുന്നു.

ഒരു കെട്ടുറപ്പുള്ള സിനിമയാണ് ഇന്നു നോക്കുമ്പോള്‍ തച്ചോളി അമ്പു. ഗോവിന്ദന്‍ കുട്ടിയുടെ കഥ പഴുതുകളില്ലാത്തതാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു തീര്‍ച്ചയായും ഒരു വടക്കന്‍പാട്ടു പോരാളിയുടെ തലയെടുപ്പും, മെയ്‌വഴക്കവും പ്രദര്‍ശിപ്പിക്കുന്നു. അതിവിശിഷ്ടമെന്നല്ല ഇതിനര്‍ഥം. അന്നത്തെ സാങ്കേതികതയില്‍ മലയാളത്തിന് ലഭിച്ച തികഞ്ഞ ഒരു ചിത്രം എന്ന നിലയിലാണ് തച്ചോളി അമ്പുവിനെ നോക്കിക്കാണേണ്ടത്.

ഉര്‍വ്വശി ശോഭയുടെ ആദ്യകാലം


Originally posted on 28th Sept 2010

സിന്ദൂരച്ചെപ്പ് എന്ന സിനിമയില്‍ ജയഭാരതിയുടെ കുട്ടിക്കാലം ശോഭയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്ത് മണ്ടച്ചാരെ മൊട്ടത്തലയാ എന്ന ഗാനമുള്‍പ്പടെയുള്ള വിവിധ രംഗങ്ങളില്‍ ശോഭയുടെ അഭിനയം മികച്ചതാണ്. സിന്ദൂരച്ചെപ്പില്‍ ഉറുമ്പിനെ പിടിച്ചിട്ട് ആനയെക്കൊല്ലാന്‍ നോക്കുന്ന കുട്ടി ശോഭയുടെ കണ്ണുകളിലെ വികാരങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. ഈ കണ്ണുകള്‍ എവിടെയോ കണ്ട് പരിചിതമാണല്ലോ എന്നു കരുതി ടൈറ്റില്‍ കാര്‍ഡില്‍ പരതിയാണ് കണ്ടുപിടിച്ചുറപ്പിച്ചത്. വളരെ കൌതുകകരമായ ഒരു കാര്യം ശോഭയുടെ അമ്മ പ്രേമതന്നെയാണ് സിനിമയിലും അമ്മയായി അഭിനയിക്കുന്നത്. ഭാവിയിലെ ഉര്‍വശിയെ തീര്‍ച്ചയായും സിന്ദൂരച്ചെപ്പിലെ ബാലതാരത്തില്‍ കാണാം.

ശോഭയുടെ ആദ്യ ചിത്രം ഉദ്യോഗസ്ഥ ആണ്

ചാന്തുപൊട്ട്

Originally posted on 28th Sept 2010

ചാന്തുപൊട്ട്

വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നടന്‍ ദിലീപിന്‍ എന്നും താല്പര്യമാണ്‍. കുഞ്ഞിക്കൂനനിലെ വിമല്‍ക്കുമാറും ( ഇതില്‍ ഇരട്ട വേഷമാണ്), തിളക്കത്തിലെ ഉണ്ണിയും, പച്ചക്കുതിരയിലെ ഇരട്ട വേഷങ്ങളും എല്ലാം ദിലീപിന്റെ വ്യത്യസ്തതയ്ക്കുള്ള തിരച്ചിലില്‍ നമ്മുടെ മുന്നില്‍ വന്നുപെട്ട കഥാപാത്രങ്ങളാണ്. ഒരു മിമിക്രിക്കാരനായി തന്റെ അഭിനയജീവിതം തുടങ്ങിയ ദിലീപിന് ഹാസ്യം, അതിന്റെ ടൈമിങ് എന്നിവ കൃത്യമായി വഴങ്ങും. അഭിനയചക്രവര്‍ത്തി എന്നൊന്നും തലക്കെട്ടുകൊടുക്കാനാവില്ലെങ്കിലും ദിലീപ് ചിത്രങ്ങള്‍ എന്നും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നവ തന്നെ. ലാല്‍ ജോസ് തന്റെ ആദ്യചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ ‘ ല്‍ നായകനാക്കിയത് ദിലീപിനെ ആയിരുന്നു. വീണ്ടും ചാന്തുപൊട്ട് എന്നചിത്രത്തിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരഭിനേതാവെന്ന നിലയില്‍ ദിലീപിന് അഭിമാനിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മിമിക്രി അവതരിപ്പിച്ചിരുന്ന സമയത്തുതന്നെ ദിലീപിന്റെ ‘ചാന്തുപൊട്ടു’ വേഷങ്ങള്‍ ജനപ്രിയങ്ങളായിരുന്നു. ആ അനുഭവസമ്പത്തും കൂടിയാവണം ചാന്തുപൊട്ടിലെ രാധയെ ഇത്ര മെയ്‌വഴക്കത്തോടെ അവതരിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചത്. ചാന്തുപൊട്ട് എന്നൊരു പ്രയോഗം തന്നെ മലയാളഭാഷയില്‍ പ്രചരിക്കാനും ഈ ചിത്രം അവസരമൊരുക്കി.

രാധാകൃഷ്ണന്‍ ശാരീരികമായി ഒരു ആണാണ്. ആണായിട്ടും പെണ്‍‌വേഷം കെട്ടി ചാന്തുപൊട്ടും തൊട്ട് കണ്ണെഴുതിയാണ് അയാള്‍ നടക്കുന്നത്. അതിനുകാരണം മറ്റാരുമല്ല, അവന്റെ മുത്തശ്ശിയമ്മതന്നെ. മത്സ്യബന്ധനതൊഴിലാളിയായ ദിവാകരന്‍ ഉണ്ടാകുന്നത് പെണ്ണായിരിക്കും എന്നുതന്നെയാണ് ദിവാകരന്റെ അമ്മ വിശ്വസിച്ചത്. കുടുംബം വേരറ്റുപോകാതിരിക്കാനായി ദിവാകരനു പെണ്‍കുട്ടിതന്നെ ഉണ്ടാകണേ എന്ന് അവര്‍ കരളുരുകി പ്രാര്‍ഥിച്ചു. പക്ഷേ കടലമ്മയും മറ്റുദൈവങ്ങളും അവരുടെ പ്രാര്‍ഥന കേട്ടില്ല. അവര്‍ കൊടുത്തതൊരാണ്‍കുട്ടിയെ. അവനാണ് രാധാകൃഷ്ണന്‍. മുത്തശ്ശിയമ്മ അവനെ രാധാകൃഷ്ണന്‍ എന്നു പേരിട്ട് രാധ എന്നുവിളിച്ചു. കണ്ണെഴുതി, പൊട്ടുതൊടീച്ച് പെണ്‍കുട്ടികളുടെ നിറമുള്ള ഉടുപ്പുകളിടീച്ചു, നൃത്തം പഠിപ്പിച്ചു. ചുരുക്കത്തില്‍ ഒരു കൊലപാതകക്കേസില്‍പ്പെട്ട് ജീവപര്യന്തം ശിക്ഷകഴിഞ്ഞെത്തുന്ന ദിവാകരന്‍ കാണുന്നത് വള്ളവും വലയുമായി കടലില്‍പ്പോയി മീന്‍പിടിച്ച് കുടുംബം പുലര്‍ത്തുന്ന ആണൊരുത്തനായ മകനെയല്ല. ചാന്തുപൊട്ടും തൊട്ട്, ലിപ്സ്റ്റിക്കും ഇട്ട്, തുറയിലെ പെണ്‍കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന ആണും‌പെണ്ണും കെട്ട രാധയെ ആണ്.

ദിവാകരന്‍ കൊല്ലുന്നത് തന്റെ ഉറ്റസുഹൃത്തിനെത്തന്നെയാണ്. അതിനുകാരണം അയാളുടെ മകന്‍ കുമാരനും രാധയും തമ്മിലുള്ള ഒരു പിള്ളാരുവഴക്കും. രാധയുടെ ഉറ്റകൂട്ടുകാരിയാണ് മാലു. മാലു തുറയിലാശാന്റെ മകളാണ്. കുമാരന് രാധയും മാലുവുമായുള്ള സൌഹൃദം സഹിക്കാനാവുന്നില്ല. ചെറുപ്പത്തിലേഉള്ള അസൂയയും, പകയും, വിദ്വേഷവും വിവാഹപ്രായമായപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നു. രാധയെ തുരത്തി മാലുവിനെ സ്വന്തമാക്കാനുള്ള കുമാരന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുമ്പോള്‍ രാധയ്ക്ക് തുറവിട്ട് പോകേണ്ടിവരുന്നു. ദൂരെ മറ്റൊരു തീരത്ത് രാധകണ്ടുമുട്ടുന്ന സ്നേഹത്തിന്റെ മുഖങ്ങള്‍ അവനെ ആണും പെണ്ണും കെട്ടവന്‍ എന്ന തലക്കെട്ട് മായ്ചുകളയാന്‍ സഹായിക്കുന്നു. അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കൊടുവില്‍ തന്റെ തുറയില്‍ തിരിച്ചെത്തുന്ന് രാധയെ കാത്തിരിക്കുന്നത് മാലുവും, കുഞ്ഞും പിന്നെ ഒത്തിരി സന്തോഷവുമാണ്.

രാധയുടെ മുത്തശ്ശിയമ്മയായി അതിഥിതാരമായി എത്തുന്നത് സുകുമാരിയമ്മയാണ്. രാധയുടെ അച്ഛന്‍ ദിവാകരനെ ലാല്‍ അവതരിപ്പിക്കുന്നു. മാലുവായി ഗോപികയും കുമാരനായി ഇന്ദ്രജിത്തും എത്തുന്നു.

മലയാളസിനിമ കാണാന്‍ തീയറ്ററുകളില്‍ ആളുകള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ രക്ഷകനായെത്തിയ സംവിധായകനാണ് ലാല്‍ജോസ്. ഭരതന്‍ ചിത്രങ്ങള്‍ , പദ്മരാജന്‍ ചിത്രങ്ങള്‍ എന്നിവയ്ക്ക് പിന്നാലെ ലാല്‍ജോസ് ചിത്രങ്ങള്‍ എന്നൊരു ഗണവും കൂടി രൂപപ്പെട്ടുവരുന്നത് മലയാളസിനിമയുടെ തന്നെ പുനര്‍ജ്ജനിയ്ക്ക് കാരണമാവും എന്നുതന്നെയാണ് ചാന്തുപൊട്ടുള്‍പ്പടെയുള്ള ലാല്‍ജോസ് ചിത്രങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്.

അംബ അംബിക അംബാലിക

Originally posted on 28th Sept 2010



സംഭാഷണബഹുലമായ ഒരു പുരാണനാടകം കണ്ട പ്രതീതിയാണ് അംബ അംബിക അംബാലിക കണ്ടശേഷമുണ്ടായത്. വര്‍ണാഭമായ വേഷവിധാനങ്ങളോടെ വലിച്ചുകെട്ടിയ ബാലെ കര്‍ട്ടനുകള്‍ക്കു മുന്നില്‍ നിന്ന് നടീനടന്മാരുടെ സംഭാഷണമുരുവിടലാണ് ആകെ മൊത്തം ഈ സിനിമ. മഹാഭാരതത്തിലെ ഒരേടടര്‍ത്തിയെടുത്ത് മലയാളസിനിമയോട് ചേര്‍ത്തുവയ്ക്കാനുള്ള ശ്രമം എന്ന നിലയില്‍ ഈ ചിത്രം പരിഗണിക്കപ്പെടാവുന്നതാണ്.

ശന്തനു മഹാരാജാവിന് സത്യവതി എന്ന മത്സ്യകന്യകയില്‍ അഭിലാഷം ജനിക്കുന്നതും, അവളെ രാജാവിന് കൊടുക്കുന്നതിന് മുന്‍പ്, അവളുടെ സൂത്രശാലിയായ അച്ഛന്‍ , രാജകുമാരനായ ദേവവ്രതനില്‍ നിന്നും താന്‍ എന്നും നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കുമെന്നും, സത്യവതിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കുമാത്രമായിരിക്കും രാജ്യാവകാശമെന്നും സത്യം മേടിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്. ആ ഭീഷ്മ പ്രതിജ്ഞയോടെ ദേവവ്രതന്‍ ഭീഷ്മര്‍ എന്നറിയപ്പെട്ടു.

സത്യവതിയില്‍ ജനിച്ച അര്‍ഥസഹോദരനായ വിചിത്രവീര്യനുവേണ്ടി ഭീഷ്മര്‍ കാശിരാജപുത്രിമാരായ അംബ അംബിക അംബാലിക എന്നിവരെ അവരുടെ സ്വയംവരപ്പന്തലില്‍ ചെന്നു ബലമായി പിടിച്ചുകൊണ്ടുവരുന്നു. വിചിത്രവീര്യന്റെ ഭാര്യയാകാന്‍ കഴിയില്ലെന്നും സാല്വരാജാവുമായി താന്‍ പ്രണയത്തിലാണെന്നും അദ്ദേഹത്തെയല്ലാതെ മറ്റാരെയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയില്ലെന്നും അംബ ഭീഷ്മരോട് പറയുന്നു. ഭീഷ്മര്‍ അംബയെ സാല്വന്റെ അടുത്തേക്ക് തിരിച്ചയക്കുന്നുവെങ്കിലും സാല്വന്‍ അംബയെ തിരസ്കരിക്കുന്നു. നിരാശയായ അവള്‍ അച്ഛനമ്മമാരുടെയടുത്തേക്ക് ചെല്ലുന്നുവെങ്കിലും അവരും അവളെ സ്വീകരിക്കുന്നില്ല. അംബ തിരിച്ച് ഭീഷ്മരുടെ അടുത്തെത്തി തന്നെ ഭാര്യയാക്കുവാനും, നിരാലംബയായ ഒരു സ്ത്രീയ്ക്ക് ജീവിതം കൊടുക്കുവാനായി തന്റെ പ്രതിജ്ഞയില്‍ നിന്നും വ്യതിചലിക്കുവാനും അപേക്ഷിക്കുന്നു. എന്നാല്‍ ഭീഷ്മന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ അംബ ഇനിയൊരു ജന്മമുണ്ടായാല്‍പ്പോലും ഭീഷ്മനെ പരാജയപ്പെടുത്തുമെന്നും മരണകാരണമാകുമെന്നും പ്രതിജ്ഞയെടുത്ത ശേഷം അഗ്നിയില്‍ ആത്മാഹുതി ചെയ്യുന്നു. അംബയുടെ പുനര്‍ജന്മമാണ് മഹാഭാരതയുദ്ധത്തില്‍ ഭീഷ്മന്റെ പരാജയകാരണമാകുന്ന നപുംസകമായ ശിഖണ്ഡി. സ്ത്രീകളോടും നപുംസകങ്ങാളോടും യുദ്ധം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയുള്ള ഭീഷ്മനെ അങ്ങനെ അര്‍ജ്ജുനന്‍ ശരശയ്യ തീര്‍ത്ത് അതിലാക്കുന്നു.
ഇത്രയുമാണ് സിനിമയ്ക്കുവേണ്ടി പുരാണത്തില്‍ നിന്നും എടുത്തിരിക്കുന്ന കഥാഭാഗം.

അംബ അംബിക അംബാലിക എന്നാണ് സിനിമയ്ക്ക് പേരെങ്കിലും ഇത് യഥാര്‍ഥത്തില്‍ അംബയുടെ മാത്രം കഥയാണ്. അംബികയും അംബാലികയും കഥയുടെ ഒരുഭാഗത്ത് മാത്രമാണ് തങ്ങളുടെ വേഷവുമായെത്തുന്നത്. അംബയായി ശ്രീവിദ്യ സിനിമയിലുടനീളം ജ്വലിക്കുന്ന സൌന്ദര്യവുമായി തിളങ്ങുന്നു. കാലം അകാലത്തില്‍ തല്ലിക്കെടുത്തിയ ആ നിലവിളക്കിന്റെ നിഷ്കളങ്കസൌന്ദര്യമാണ് ഈ സിനിമയ്ക്ക് അല്പമെങ്കിലും ആശ്വാസം. എങ്കിലും സന്യാസിനിയായി വേഷംകെട്ടിച്ച് റോസ് പൌഡറും കനത്തില്‍ പൂശിച്ചു നിര്‍ത്തിയിരിക്കുന്ന ശ്രീവിദ്യയേയും മറ്റു നടീനടന്മാരെയും കാണുമ്പോള്‍ കരയണോ ചിരിക്കണോ എന്നൊരു സംശയം. അംബയും സാല്വനും തമ്മിലുള്ള വികാരനിര്‍ഭരമായ ഒരു രംഗമാണ് ഈ സിനിമയില്‍ ‘അഭിനയം’ എന്ന ഒരു ‘ഓപ്ഷന്‍’ കൂടി ഉണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സാല്വനായി രാഘവന്റെ അഭിനയത്തിന്റെ ഒരു പ്രത്യേക മുഖം നമുക്കു കാണാം.

അംബികയായി അകാലത്തില്‍ വിട്ടുപിരിഞ്ഞ മറ്റൊരു താരമാണ് രംഗത്ത്. (രംഗത്ത് എന്നു പറയുന്നത് മനഃപൂര്‍വം തന്നെ. കാരണം ആദ്യം പറഞ്ഞല്ലോ. ഒരു പുണ്യപുരാണ നൃത്ത സംഗീതനാടകമായി മാത്രമാണ് ഈ സിനിമ അനുഭവപ്പെടുക). ഈ സിനിമ റിലീസ് ആയ വര്‍ഷം തന്നെ അവരെ നമുക്കു നഷ്ടപ്പെട്ടു എന്നത് തികച്ചും യാദൃച്ഛികം തന്നെയാവണം. മിസ് കേരളയായും, സ്വപ്നാടനത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും വാങ്ങിയ പ്രസിദ്ധനര്‍ത്തകി കൂടിയായിരുന്ന റാണിചന്ദ്രയാണവര്‍. കഥാഗതിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത അംബികയായി വേഷപ്പകിട്ടോടെ ചിലരംഗങ്ങളിലഭിനയിച്ച് അവര്‍ അരങ്ങൊഴിയുന്നു.

അംബാലികയായി എത്തുന്നത് ഉണ്ണിമേരിയാണ്. ഉണ്ണിമേരി എന്ന ‘നടി‘യുടെ ജനനവും ജീവിതവും വിടപറയലും മലയാളസിനിമയ്ക്ക് എന്താണ് നല്‍കിയത്? അതോ എന്തെങ്കിലും നല്‍കിയോ? കരിയിലക്കാറ്റുപോലെ എന്നൊരൊറ്റ ചിത്രമല്ലാതെ ഒരു നടിയെന്ന നിലയില്‍ ഒരളവുവരെയെങ്കിലും അവര്‍ കയ്യൊപ്പു പതിപ്പിച്ച ഏതെങ്കിലും ചിത്രമുണ്ടോ? മാദകവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട്, മധുരോദാരമായ സ്വപ്നരംഗങ്ങളിലൂടെ പ്രേക്ഷകനെ ഭ്രമിപ്പിച്ച് അവര്‍ കടന്നു പോയി. കഥാഗതിയില്‍ പ്രാമുഖ്യമുള്ള ഒരൊറ്റ കഥാപാത്രമെങ്കിലും കരിയിലക്കാറ്റുപോലെ എന്നചിത്രത്തിലൊഴികെ അവര്‍ അവര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവശേഷിപ്പിച്ചിട്ടുണ്ടോ?

ദേവവ്രതനായി ആദ്യ ഭാഗത്ത് ഹരിയും പിന്നീട് ഭീഷ്മരായി ജോസ് പ്രകാശുമാണ് വേഷമിടുന്നത്. സംഭാഷണമുരുവിടലല്ലാതെ ജോസ് പ്രകാശിന്റെ ഭീഷ്മര്‍ക്ക് കാര്യങ്ങളൊന്നുമില്ല. നെടുങ്കന്‍ ഡയലോഗുകളിലൂടെ കയറിയിറങ്ങിപ്പോകുന്ന ഭീഷ്മര്‍ പ്രത്യേകിച്ച് ഒരു വികാരവും പകരുന്നുമില്ല, പങ്കുവയ്ക്കുന്നുമില്ല.

ശങ്കരാടി, ഉഷാകുമാരി, പങ്കജവല്ലി എന്നിവര്‍ ആദ്യഭാഗത്തും, കവിയൂര്‍ പൊന്നമ്മ,സുധീര്‍, പപ്പു, പറവൂര്‍ ഭരതന്‍ തുടങ്ങി നിരവധി നടീ നടന്മാര്‍ രണ്ടാം ഭാഗത്തും പ്രത്യക്ഷപ്പെടുന്നു.

റേഡിയോ നാടകങ്ങള്‍ എഴുതി കൃതഹസ്തനായ നാഗവള്ളി ആര്‍ എസ് കുറുപ്പാണ് ഇതിന് സംഭാഷണങ്ങളും, തിരക്കഥയുമെഴുതിയിരിക്കുന്നത്. സിനിമയുടെ കാഴ്ചപ്പാടുകള്‍ റേഡിയോയുടെ കേള്‍വിക്കപ്പുറവുമുണ്ട് എന്ന കാര്യം ഇവിടെ നാഗവള്ളി മറന്നതുപോലെയുണ്ട്. അതോ ഒരു പുരാണകഥയില്‍ കൈവയ്ക്കുമ്പോളുള്ള പരിധികളാണോ അദ്ദേഹത്തിന്റെ തൂലികയ്ക്ക് ഭാവനയുടെ ചിറകുകള്‍ അല്‍പ്പം പോലും നല്‍കാഞ്ഞത്? റേഡിയോവില്‍ ശബ്ദരേഖ കേള്‍ക്കാന്‍ പറ്റിയ ഒരു തിരക്കഥാ സംഭാഷണ രീതിയാണ് അദ്ദേഹം പിന്‍ തുടര്‍ന്നിരിക്കുന്നത്.

തിരക്കഥ അതുപോലെ കാമറയില്‍ പകര്‍ത്തുകയാണ് നിര്‍മ്മാതാവുകൂടിയായ സംവിധായകന്‍ സുബ്രഹ്മണ്യം. നീലായുടെ അനേകം പുണ്യ പുരാണ സിനിമകളുടെ ശ്രേണിയില്‍ ഒന്നുകൂടി എന്നതില്‍ക്കവിഞ്ഞ് മറ്റൊരു തലക്കെട്ടും നല്‍കേണ്ടാത്ത ഒരു സിനിമയാണ് അംബ അംബിക അംബാലിക.

ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ പതിവും ലക്ഷ്യം കണ്ടിട്ടില്ല. ചന്ദ്രകിരണതരംഗിണിയൊഴുകി എന്ന ഗാനം ഇടയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരി എന്ന പ്രണയ യുഗ്മഗാനം പതിവുപോലെ ശുദ്ധധന്യാസിയില്‍ ചിട്ടപ്പെടുത്തി പ്രണയവികാരങ്ങളുടെ തരംഗിണിയൊഴുക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ശ്രമിച്ചിരിക്കുന്നെങ്കിലും, മാധുരിയുടെ ശ്രുതിരഹിതമായ ആലാപനം യേശുദാസിന്റെ കാമുക ശബ്ദത്തെയും ഈ ഗാനത്തെയും കാറ്റില്‍ പറത്തുന്നു. മറ്റു ഗാനങ്ങള്‍ക്കൊന്നും സിനിമയിലെ ഇടമല്ലാതെ ആസ്വാദനത്തിലൊരിടത്തും ഇടം നല്‍കാന്‍ സാദ്ധ്യമല്ല എന്നതും സങ്കടകരമായ വസ്തുത തന്നെ.

ഉത്സവപ്പറമ്പിലെ സ്റ്റേജുകളിലെ വലിച്ചു കെട്ടിയ തിരശ്ശീലകള്‍ മറവിയിലാണ്ട ഒരു ഭൂതകാലസംസ്കാരത്തിന്റെ ചിഹ്നങ്ങളായിരുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഉള്ളില്‍ കുറച്ചു ഗൃഹാതുരത്വമുള്ളവര്‍ക്ക് തീര്‍ച്ചയായും അംബ അംബിക അംബാലിക കാണാം. സിനിമയോ കഥയോ കാണാനല്ല. വെറുതെ ചില ഭൂതകാലസ്മൃതികളുടെ ചിഹ്നങ്ങളെ പൊടിതുടച്ചെടുക്കാന്‍. ഇനി വരാതെ നമുക്കിടയില്‍ നിന്നും പിരിഞ്ഞുപോയ ചില മുഖങ്ങളെ ഒരുവട്ടം കൂടി കാണാനും.

സിന്ദൂരച്ചെപ്പ്

Originally posted on 28th Sept 2010


സിന്ദൂരച്ചെപ്പ്

അഞ്ജന ഫിലിംസിന്റെ സിന്ദൂരച്ചെപ്പ്. റിലീസ് തീയതിമുതല്‍ മലയാളി നെഞ്ചിലേറ്റി ഓമനിക്കുന്ന മധുരഗാനങ്ങളാണ് സിന്ദൂരച്ചെപ്പ് എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലോടിയെത്തുക. ഓമലാളെക്കണ്ടുഞാന്‍ പൂങ്കിനാവില്‍ , പൊന്നില്‍ക്കുളിച്ച രാത്രി എന്നീ അനശ്വര ഗാനങ്ങള്‍ മലയാളത്തിനു തന്നത് സിന്ദൂരച്ചെപ്പാണ്. ഗാനങ്ങളുടെ എണ്ണം അതില്‍ തീരുന്നില്ല മാധുരിയുടെ എക്കാലത്തെയും ജനപ്രീതിനേടിയ ഗാനങ്ങളിലൊന്നായ തമ്പ്രാന്‍ തൊടുത്തത് മലരമ്പ് സിന്ദൂരച്ചെപ്പിലാണ്. മണ്ടച്ചാരെ മൊട്ടത്തലയാ എന്ന കുട്ടികള്‍ക്കിടയില്‍ പ്രസിദ്ധമായ ഗാനവും ഇതില്‍ത്തന്നെ. കണ്ണീരില്‍ വിരിയും താമരപ്പൂ എന്ന യേശുദാസ് പാടിയ ദുഃഖഗാനമാണ് സിന്ദൂരച്ചെപ്പിലെ ഗാനങ്ങളുടെ ലിസ്റ്റില്‍ ഓര്‍ത്തിരിക്കാന്‍ കുറച്ചെങ്കിലും പ്രയാസമായത്. യൂസഫലി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഈ മധുരഗാനനിര്‍ഝരികള്‍ കേട്ടുമയങ്ങാത്ത മലയാളിയില്ല. ദേവരാജന്റെ സഹായിയായി പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായി നമുക്ക് ഒട്ടനേകം ഹിറ്റുകള്‍ നല്‍കിയ ആര്‍ കെ ശേഖര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

കറുപ്പിനഴക്... വെളുപ്പിനഴക് എന്ന് പുതുതലമുറപാടാന്‍ തുടങ്ങിയിരിക്കുന്നത് സിന്ദൂരച്ചെപ്പ് പോലുള്ള ചിത്രങ്ങളുടെ ചിത്രീകരണപാടവം കണ്ടിട്ടാണോ എന്ന് സംശയിക്കാം. സിനിമാറ്റോഗ്രഫി എന്ന കല അതിന്റെ എല്ലാമനോഹാരിതയോടും കൂടി സിന്ദൂരച്ചെപ്പില്‍ കാണാം. ലോങ് ഷോട്ട് ദൃശ്യങ്ങള്‍ എത്ര മനോഹരമായി കറുപ്പിലും വെളുപ്പിലും അനുഭവേദ്യമാകുന്നു! ഛായാഗ്രഹണസംവിധാനം യു രാജഗോപാലിനാണ്. ഓരോ ഫ്രേമും അളവെടുത്ത് ചെയ്തപോലെ സുന്ദരം. ബഞ്ചമിന്‍, മാര്‍ട്ടിന്‍ അലോഷ്യസ്, വസന്ത് ബി എന്‍ എന്നിവരാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. പഴയ പാലക്കാടന്‍ ഗ്രാമഭംഗിയും, ഗ്രാമീണജീവിതവും, ഭാരതപ്പുഴയുടെ സൌന്ദര്യവുമെല്ലാം ഇവരുടെ കാമറക്കണ്ണിലൂടെ നാല്‍പ്പതുവര്‍ഷം പിന്നിലേക്ക് നടത്തിക്കാണിക്കുന്നു. നിഴലും വെളിച്ചവും കൈപ്പിടിയിലൊതുക്കി കാഴ്ചയുടെ പുതിയ അനുഭവം നല്‍കുന്ന സിന്ദൂരച്ചെപ്പ് ഛായാഗ്രഹണ വിദ്യാര്‍ഥികള്‍ക്കും, കുതുകികള്‍ക്കും തീര്‍ച്ചയായും ഒരു പാഠം തന്നെയാണ്. സിനിമയുടെ ആദ്യഭാഗത്തില്‍ ആനക്കാരന്റെ വീട്ടിലെ ഒരു രാത്രി രംഗം ചിത്രീകരിച്ചിരിക്കുന്ന ഒരൊറ്റ സീന്‍ മാത്രം മതി ഇതിലെ ഛായാഗ്രഹണപാടവത്തിന് തെളിവ് നല്‍കാന്‍. വെളിച്ചത്തിന്റെ അപൂര്‍വസുന്ദരമായ പ്രയോഗക്കാഴ്ച ഈ രംഗം നമുക്കു സമ്മാനിക്കുന്നു.ചിത്രസംയോജകന്‍ ജി വെങ്കിട്ടരാമന്റെ കത്രിക ചലിക്കുന്നത് കിറുകൃത്യമായാണ്. സിനിമയുടെ സാങ്കേതിക മികവിന് ചിത്രസംയോജകന്റെ സംഭാവന എത്രയേറെയാണെന്ന് സിന്ദൂരച്ചെപ്പ് കാട്ടിത്തരുന്നു. പബ്ലിസിറ്റി ടൈറ്റിലില്‍ ക്രെഡിറ്റ് നല്‍കിയിരിക്കുന്ന ഭരതന്‍ എങ്കക്കാട് എന്ന പേരും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ നോവുനല്‍കുന്നു. സിനിമ സംവിധായകന്റെ കലയാണെന്ന് നിസ്സംശയം നമുക്കു കാട്ടിത്തന്ന സംവിധായകന്‍ ഭരതനാണ് ഭരതന്‍ എങ്കക്കാടെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

എന്താണ് സിന്ദൂരച്ചെപ്പ്? സിനിമ തുടങ്ങി ഏറെക്കഴിഞ്ഞ് നാമൊരു സിന്ദൂരച്ചെപ്പ് കാണുമെങ്കിലും, അവസാനമാണ് സിന്ദൂരച്ചെപ്പ് എന്ന തലക്കെട്ട് കഥാകാരന്‍ എന്തിനാണ് നല്‍കിയതെന്ന് നാം മനസ്സിലാക്കുന്നത്. കഥ യൂസഫലിയുടേതാണ്. അതിമാനുഷരുടെയും, അമാനുഷിക ശക്തികളുടേയും കഥകള്‍ കാണുന്ന പുതുതലമുറയ്ക്ക് ഈ കഥ അത്ര രസിച്ചേക്കില്ല. ഗ്രാമത്തിലെ ഇല്ലത്ത് എത്തിച്ചേരുന്ന ഒരാനക്കുട്ടി, അത് പിന്നീട് ഗോപി എന്ന കൊമ്പനാനയായിത്തീരുന്നതും അവനെച്ചുറ്റിപ്പറ്റി ഗ്രാമവും ഗ്രാമത്തിലെ ആളുകളും നേരിടുന്ന നിരവധി അനുഭവമുഹൂര്‍ത്തങ്ങളുമാണ് സിന്ദൂരച്ചെപ്പില്‍ നാം കാണുന്നത്. ഗോപി എന്ന ആന മൂന്നുപേരെക്കൊല്ലും എന്ന പ്രവചനമാണ് നായിക അമ്മാളുവിനെക്കൊണ്ട് അവനെ കൊല്ലാന്‍ രണ്ടുതവണ സിന്ദൂരച്ചെപ്പിലിട്ട കട്ടുറുമ്പുകളെ എടുപ്പിക്കുന്നത്. രണ്ടാം തവണ അറം പറ്റിയപോലെ ആനയുടെ കാലടികളില്‍പ്പെട്ട് അമ്മാളുതന്നെ ജീവിതത്തോട് തോല്‍ക്കുകയാണ്. പൊട്ടിത്തകര്‍ന്ന സിന്ദൂരച്ചെപ്പും അവളുടെയടുത്തുതന്നെയുണ്ട്. അമ്മാളുവിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പില്‍ക്കാലത്ത് ഉര്‍വശിപ്പട്ടം നേടി പ്രേക്ഷകമനസ്സു കീഴടക്കിയ ശോഭയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്ത് ശോഭ നടത്തുന്ന അഭിനയപ്രകടനം തികച്ചും അല്‍ഭുതാവഹമാണ്. ഭാവിയിലെ ഉര്‍വശിപ്പട്ടം തനിക്ക് തികച്ചും അര്‍ഹമാണെന്നുതന്നെ ശോഭ ഇതിലൂടെ സംശയലേശമെന്യേ വ്യക്തമാക്കുന്നു. യുവതിയായ അമ്മാളുവായി ജയഭാരതിയുടെ മികച്ച പ്രകടനവും ഇതില്‍ കാണാവുന്നതാണ്. അമ്മാളുവിന്റെ കൂട്ടുകാരി നീലിയെ രാധാമണി അനശ്വരയാക്കുന്നു. തമ്പ്രാന്‍ തൊടുത്തത് മലരമ്പ് എന്ന ഒരൊറ്റഗാനത്തിലൂടെ തന്റെ ആദ്യചിത്രത്തിലെ അഭിനയം എന്നെന്നും ഓര്‍മ്മിക്കത്തക്കതാക്കി രാധാമണി.

ഒരു നായികയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു നായകനും അവര്‍ക്കൊരു പ്രണയവും സിനിമയുടെ അവിഭാജ്യ ഘടകമാണല്ലോ. ആ ചേരുവ പൂര്‍ത്തീകരിക്കുവാനാണ് അമ്മാളുവിന്റെയും നീലിയുടേയും ഗോപിയുടേയും ഗ്രാമത്തിലേക്കും ജീവിതത്തിലേക്കും കേശവന്‍ എന്ന പാപ്പാനായും, സിനിമയിലെ നായകനായും, സിനിമയുടെ സംവിധായകനായും മധു എത്തുന്നത്. മധു എന്ന നടന്റെ കഴിവുകള്‍ അതിശയോക്തിയും, അരോചകത്വവും കലര്‍ത്തി എത്ര ക്രൂരമായാണ് മിമിക്രിക്കാര്‍ ഇന്നത്തെ തലമുറയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് ഒട്ടൊരു ദുഃഖത്തോടെമാത്രമേ ഈ ചിത്രമൊക്കെ കണ്ടുകഴിഞ്ഞാല്‍ ഓര്‍ത്തുപോവുകയുള്ളു. സംവിധായകന്‍ എന്ന നിലയിലും ഒട്ടും മടുപ്പില്ലാതെ കാണുവാനൊരു സിനിമയാണ് മധു യൂസഫലിയുടെ കഥയിലൂടെ നമുക്ക് നല്‍കുന്നത്. പ്രണയം ദുരന്തത്തില്‍ കലാശിക്കുന്നത് ഒരുകാലത്തെ സിനിമകളുടെ മട്ടുതന്നെയായിരുന്നു. സിന്ദൂരച്ചെപ്പിലും കാണുന്നത് മറിച്ചല്ല. നിറമുള്ള സ്വപ്നങ്ങള്‍ കാണുന്ന കമിതാക്കളെ അനിവാര്യമായ വിധി വേര്‍പിരിക്കുകയാണ്.

ആദ്യകാല സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് രാത്രി ഉറങ്ങാതിരുന്നു പാടുന്ന ഗായകനും, സ്വപ്നാടകയായി ആ പാട്ടുകേട്ട് ഇറങ്ങി നടന്നു ചെല്ലുന്ന നായികയും. പൊന്നില്‍ക്കുളിച്ച രാത്രി എന്ന ഗാനം ഈ പ്രത്യേകതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമായി എടുത്തുകാട്ടാവുന്നതാണ്. ചെമ്മീനിലെ മാനസമൈനയും, ഒരു പെണ്ണിന്റെ കഥയിലെ അരയിലൊറ്റമുണ്ടുടുത്തപെണ്ണും ഒക്കെ ഈ ഗണത്തില്‍ പെടുത്താവുന്ന ഗാനങ്ങളാണ്.

ഫ്ലാറ്റുകളിലും, ആഡംബരക്കാറുകളിലും, ആധുനിക വസ്ത്രധാരണരീതികളിലും ഭ്രമമുള്ള പുതുമടിശ്ശീലക്കാരന്‍ മലയാളിക്ക് ഈ സിനിമ കാണുന്നത് തെല്ലു കുറച്ചിലായിരിക്കും. കാരണം ഈ സിനിമയില്‍ അവന്റെ അത്ര പൊങ്ങച്ചം കാണിക്കാന്‍ പറ്റാത്ത ഒരു ഭൂതകാലത്തിന്റെ നേര്‍ച്ചിത്രമുണ്ട്. ഓലമേഞ്ഞ്, കുനിഞ്ഞുമാത്രം അകത്തുകടക്കാന്‍ പറ്റുന്ന വീടുകള്‍, വശത്തേക്ക് മുടി ചരിച്ചുകെട്ടി കുടുമവെച്ച ഗൃഹനാഥന്മാര്‍ , കൊച്ചുമുണ്ടുടുത്തു നടക്കുന്ന നാടന്‍ പെണ്‍കിടാങ്ങള്‍,. അങ്ങനെ ഇക്കാലത്ത് അതിവിചിത്രമെന്നുമാത്രം ആലോച്ചിക്കാന്‍ പറ്റുന്ന ഒരു ജീവിതരീതിയാണ് മലയാളിക്കുണ്ടായിരുന്നതെന്ന് സിന്ദൂരച്ചെപ്പ് നമുക്ക് കാട്ടിത്തരുന്നു.

ആനക്കാരനായി ശങ്കരാടിയും അയാളുടെ ഭാര്യയായി പ്രേമയും ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. മുഹമ്മദായി ബഹദൂറും, നമ്പൂരിയായി പ്രേംജിയും, കൈമളായി മുത്തയ്യയും കഥയുടെ കൂടെത്തന്നെയുണ്ട്. ബഹദൂറിന്റെ ഉമ്മയായി അനുഗ്രഹീതനടി ഫിലോമിന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമാനമായി ഒരു കഥാപാത്രം (കഥാഗതിയില്‍ ഒരു പ്രാമുഖ്യവും ഈ കഥാപാത്രത്തിനില്ല) മലയാളസിനിമയില്‍ പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ആന ഒരു അഭിനേതാവാകുന്നതും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതും സിന്ദൂരച്ചെപ്പിനെ വ്യത്യസ്തമാക്കുന്നു.

ഇതിഹാസ് ഫിലിംസ് വിതരണം ചെയ്ത സിന്ദൂരച്ചെപ്പ് 1971 ലാണ് മലയാളസിനിമയിലെത്തിയത്.

Monday, March 26, 2012

തുമ്പി

തുമ്പി
അത് പെട്ടന്നാണ് കാഴ്ച്ചയുടെ ചക്രത്തിനകത്ത് കടക്കുന്നത്‌
മരണം പോലെ
ശൂന്യതയില്‍ നിന്നും അത് ചിറകുവിരിച്ചു പറന്നു വരും
മരണം പോലെ
അദൃശ്യതയില്‍ അത് എവിടെയോ ഉണ്ട്
മരണം പോലെ
ചിറകുകള്‍ കാണില്ല, ചിറകടി കേള്‍ക്കില്ല
മരണം പോലെ
വിഭ്രാന്തിയുടെ നിമിഷങ്ങളില്‍ മരണമേ
നീയൊരു തുമ്പിയായ് പറന്നെത്തുക
അനന്തതയ്ക്കും അപ്പുറം നിന്ന്
ശൂന്യതയ്ക്കും അപ്പുറം നിന്ന്

Wednesday, March 21, 2012

വണ്ണാത്തിക്കിളി





മനായെ തപണഗാ ശ്രീ രീ.....ഹാ !!!

എന്താണിതെന്ന് വല്ല പിടിയും ഉണ്ടോ? എന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിന്നും ഇന്നലെ പെട്ടന്നാണ് ഇത് പൊട്ടിവിരിഞ്ഞു മുന്നില്‍ വീണത്‌. .. തിരക്കില്‍ നിന്നും തിരക്കിലേക്ക് ഓടുമ്പോഴും ഭൂതകാലം എന്നെ പലപ്പോഴും പിന്നില്‍ നിന്നും പിടിച്ചു വലിച്ചു, എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിക്കാറുണ്ട്. ഇന്ന് മനസ്സില്‍ ഉടക്കിയത് ഇതാണ്.

എന്റെ വീട് നില്‍ക്കുന്ന പറമ്പ് മുഴുവനും വൃക്ഷങ്ങളാണ്. ഗ്രാമങ്ങളില്‍ ഇന്നും അങ്ങനെ തന്നെ ആയതുകൊണ്ട് അതൊരു അല്ഭുതമാവില്ല. എങ്കിലും, പ്രകൃതി മരിക്കുന്നു എന്നൊരു നിരാശ പിടി കൂടാത്തത് എനിക്ക് എന്റെ പറമ്പ് കാണുമ്പോള്‍ ആണ്. അച്ഛന് കൃഷി ഉണ്ടെങ്കിലും കഴിയുന്നതും മരങ്ങള്‍ ഒന്നും മുറിക്കാതെ, അവയെ ശല്യപ്പെടുത്താതെയാണ് പരിപാടികളെല്ലാം. മരങ്ങളിലെല്ലാം കിളികളാണ്. നാട്ടില്‍ അധികം കാണാത്ത പല കിളികളെയും എന്റെ പറമ്പില്‍ കാണാം. തെങ്ങിന്റെ പൊത്തില്‍ മൈനകള്‍ ഉണ്ട്. മാവില്‍ മറഞ്ഞിരുന്നു കൂവുന്ന കുയിലുകള്‍ ഉണ്ട്. പറങ്കിമാവിന്റെ ചില്ലകള്‍ക്കിടയില്‍ തത്തിക്കളിക്കുന്ന മഞ്ഞക്കിളി ഉണ്ട്. മറ്റെവിടെയും അധികം ഞാന്‍ കാണാത്ത തവിട്ടു നിരക്കാരന്‍ ഓലഞ്ഞാലി ഉണ്ട്. പടിഞ്ഞാറേ വശത്തെ ശീമാക്കൊന്നയിലാണ് കാക്കത്തമ്പുരാട്ടി ധ്യാനിച്ചിരിക്കുക. ധ്യാനത്തില്‍ നിന്നുണര്‍ന്നു പെട്ടന്നൊരു കൊതുകിനെയോ മറ്റോ പിടിച്ചു ഊളിയിട്ടപോലെ പറന്നങ്ങു പോകും കാക്കത്തമ്പുരാട്ടി. അങ്ങനെ ധാരാളം കിളികള്‍. . രാത്രി പുള്ളുകള്‍ കരയുന്നതും മൂങ്ങ മൂളുന്നതും കേള്‍ക്കാം. പിന്നെ പേരറിയാത്ത ഒത്തിരി കിളികളുടെ സംഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. നാട്ടിലെ കുട്ടികള്‍ കിളി മുട്ട തിരഞ്ഞു വന്നു കയറാത്തത് നമ്മുടെ പറമ്പില്‍ മാത്രമാണ്. അച്ഛന്‍ ഓടിക്കും. (കുറച്ചു നാള്‍ മുന്‍പ് വരെ കുട്ടികള്‍ കിളി മുട്ട തിരഞ്ഞു മരത്തിലെല്ലാം പൊത്തിപ്പിടിച്ചു കയറുമായിരുന്നു. ഇന്നത്തെ കുട്ടികള്‍ അത് ചെയ്യുമോ, അതിനെങ്കിലും നേരം അവര്‍ക്കുണ്ടോ എന്നൊന്നും അറിയില്ല. )

ഇവരിലെല്ലാം മിടുക്കനും വീട്ടിലെ കൂട്ടുകാരനുമാണ് നമ്മുടെ വണ്ണാത്തിക്കിളി. ശെരിക്കും വായാടി തന്നെ. നിര്‍ത്താത്ത പാട്ടും സംസാരവുമാണ്. മറ്റുള്ളവരൊന്നും പറമ്പ് വിട്ടു വീട്ടിലേക്കു അതിക്രമിച്ചു കടക്കാറില്ല. എന്നാല്‍ നമ്മുടെ വണ്ണാത്തിയ്ക്ക് ഒരു പേടിയുമില്ല. ജനാല വഴി അകത്തേക്കിങ്ങു കടക്കും. നല്ല കറുപ്പും വെള്ളയും കുപ്പായം. മിനുമിനാന്നിരിക്കും. പണ്ട് തുണി അലക്കിത്തന്നിരുന്ന വണ്ണാത്തികളോടുള്ള ആദരവായിരിക്കണം ഈ കറുപ്പ് വെള്ള കുപ്പായക്കാരന് ഈ പേര് നല്‍കാന്‍ കാരണം. കൂര്‍ത്ത ചുണ്ടുകള്‍ . കൊടിമരം പോലെ നെടിയ വാല്‍ . സര്‍ക്കാസ്സിലെ പോയ്ക്കാല്‍ പോലെ തോന്നും നീളമുള്ള കാലുകള്‍ . നീളമുള്ള എന്ന് ഉദ്ദേശിച്ചത് വണ്ണാത്തിയുടെ ശരീരം അനുസരിച്ചുള്ള നീളമാണ് കേട്ടോ. അടിവച്ച് അടിവച്ച് കക്ഷി നടക്കുന്നത് കാണാന്‍ എന്ത് രസമാണ്! ഊണ് മേശയാണ് ലക്‌ഷ്യം. അമ്മ മേശയുടെ ഒരു മൂലയ്ക്ക് ചോറ് വിതറി ഇട്ടെക്കും. അത് കൊത്തിപ്പെറുക്കി തിന്നും. പേടിയൊന്നുമില്ല. ഇനി അഥവാ അമ്മ ചോറ് ഇടാന്‍ മറന്നു പോയാല്‍ മേശപ്പുറത്തു ഒരു നിരീക്ഷണം നടത്തിയിട്ട് നേരെ അടുക്കളയിലെക്കൊരു പറക്കലാണ്. ചോറ് കാലം ആണ് നോട്ടം. അതിന്റെ അടപ്പ് പതുക്കെ കൊത്തി വലിക്കും. അപ്പൊ അമ്മ ഇപ്പൊ തരാം ബഹളം വേണ്ട എന്ന് പറഞ്ഞു ചോറ് എടുത്തു കൊടുക്കും. അമ്മ ചോറ് എടുക്കുമ്പോള്‍ അക്ഷമനായി ഒരു നോട്ടം കാണേണ്ടത് തന്നെയാണ്. അതിഥികള്‍ ഉള്ള ദിവസം അമ്മ മനപൂര്‍വം ചോറ് മേശപ്പുറത്തു ഇടുകില്ല. കാരണം വരുന്നവര്‍ക്ക് വണ്ണാത്തിയെ കാണിച്ചു കൊടുക്കല്‍ അമ്മയ്കൊരു സന്തോഷമാണ്. അമ്മ ആള്‍ക്കാരോട് മിണ്ടാതെ നോക്കിയിരുന്നുകൊള്ളാന്‍ പറയും. വണ്ണാത്തി ജാനാല വഴി ശരം പോലെ മേശപ്പുറത്തു വന്നു ചാടും. വീക്ഷിക്കും. ചോറില്ല. വാല്‍ കുത്തനെ ഉയരും. കൂര്‍ത്ത നോട്ടം പുതിയ ആള്‍ക്കാരെ നോക്കും. പേടിയൊന്നുമില്ല. ഇവനാരെടാ എന്നാ മട്ടു മാത്രം. എന്നിട്ട് ഒറ്റ വിടല്‍ അടുക്കളയിലേക്കു. അതിഥികള്‍ പതുങ്ങി പിന്നാലെ ചെന്ന് ഒളിഞ്ഞു നോക്കും. അമ്മ ചോറെടുത്ത് കൊടുക്കും. ചിലപ്പോള്‍ അടുക്കളയില്‍ വച്ചിരിക്കുന്ന ഒരു കിണ്ണത്തില്‍ ആവും വിളമ്പല്‍ . ചോറെല്ലാം കൊത്തിപ്പെറുക്കി തിന്ന ശേഷം ശരം പോലെ തന്നെ പുറത്തേക്ക്‌ . പിന്‍ വശത്ത് പേര മരം ഉണ്ട്. അതിന്റെ കൊമ്പില്‍ വിശ്രമം. സെപ്ടിക് ടാങ്കിന്റെ കുഴല്‍ അതിനടുത്താണ്. അതില്‍ നിന്നും പറന്നു വരുന്ന കൊതുകുകളെ എല്ലാം സാപ്പിടും.

പിന്നെയാണ് സംഗീത സാഗരം. കാത്തു തുളഞ്ഞു കയറുന്ന സംഗീതം. ഇപ്പോഴത്തെ റിയാലിറ്റി ഷോ സ്റ്റൈലില്‍ പറഞ്ഞാല്‍ ഷാര്‍പ്പായി. ഉച്ചസ്ഥായി സംഗീതക്കാരനാണ് വണ്ണാത്തി. വണ്ണാത്തിയുടെ സംഗീതം പകല്‍ മുഴുവനും കേള്‍ക്കാം. പാട്ടുകാരന്‍ വണ്ണാത്തി പാടുന്ന ഈണം അക്ഷരങ്ങള്‍ ചേര്‍ത്താല്‍ എങ്ങനെയിരിക്കും എന്ന് അമ്മൂമ്മ പറഞ്ഞു തന്നതാണ് ഈ എഴുത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഹരി ശ്രീ ഗണപതയേ നമ എന്നത് തിരിച്ചിട്ട് ഈണത്തില്‍ മനായെ തപണഗാ ശ്രീ രീ..... ഹാ.... എന്ന് പാടി നോക്കൂ. അത് നമ്മുടെ വണ്ണാത്തിയുടെ പാട്ടിന്റെ ഈണവുമായി ചേര്‍ന്ന് നില്‍ക്കും. അമ്മൂമ്മ ഇത് പറഞ്ഞു തരുമ്പോള്‍ എനിക്ക് പ്രായം നാലോ അഞ്ചോ വയസ്സേ ഉള്ളു. അന്ന് മുതല്‍ അത് പാടി പധിച്ചു പടിഞ്ഞാറ് വശത്തെ പേരമരത്തിലെ കറുപ്പ് വെള്ള ചട്ടൈക്കാരനെ അനുകരിക്കാന്‍ നോക്കും. എന്റെ ശബ്ദം എവിടെ നമ്മുടെ കഥാ നായകന്‍റെ ശാരീരം എവിടെ? നല്ല ഒന്നാംതരം സാധകം ചെയ്തു മൂര്‍ച്ച വരുത്തിയ ശബ്ദം അല്ലെ? ഇപ്പോഴും കുട്ടിത്തം വിടാതെ എന്റെ മനസ്സിന്റെ കൌതുകങ്ങളില്‍ ഈ വണ്ണാത്തിയും അമ്മോമ്മയുടെ വരികളും നിറഞ്ഞു നില്‍ക്കുന്നു. എവിടെ വണ്ണാത്തിയുടെ ശബ്ദം കേട്ടാലും ഞാന്‍ മനസ്സില്‍ അറിയാതെ മനായെ തപ ണ ഗാ ശ്രീ രീ ഹാ എന്ന് ആവര്‍ത്തിക്കും.
അമ്മൂമ്മയ്ക്ക് ഇത് ആര് പറഞ്ഞു കൊടുത്തതാവും? അമ്മൂമ്മയുടെ അമ്മൂമ്മ ആവും. അല്ലെ? ഓര്‍ക്കാന്‍ എന്തൊരു രസം! പ്രകൃതിയുടെ ഈണങ്ങള്‍ക്ക് മനുഷ്യന്‍ വരികള്‍ ചേര്‍ക്കുക! ഇതുപോലെയല്ലേ നമ്മള്‍ ചക്കയ്ക്കുപ്പുണ്ടോ എന്നും ചോദിച്ചു ശീലിച്ചത്? അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് എന്ന് പാടി ശീലിച്ചത്? യഥാര്‍ഥത്തില്‍ കിളികള്‍ക്ക് മനുഷ്യന്റെ ഭാഷ അറിയുമോ? മനുഷ്യന് കിളികളുടെ ഭാഷ അറിയുമോ? തത്തകളെ കൊണ്ടും മൈനകളെ കൊണ്ടും നമ്മള്‍ സംസാരിപ്പിക്കുന്നു. അവയ്ക്കറിയുമോ നാം എന്താണ് ഉദ്ദേശിക്കുന്നതെന്ന്? ചിലപ്പോള്‍ നിരന്തരമായ ഇണക്കം കൊണ്ട് അറിയുമായിരിക്കും അല്ലെ? കള്ളന്‍ വന്നാല്‍ വിളിച്ചു പറയുന്ന മൈനകളെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതായാലും വണ്ണാത്തിയുടെ പാട്ടിന്റെ വരികളില്‍ പിടിച്ചു പോയാല്‍ അനന്തമായി ഇത് നീണ്ടു പോകും. അതുകൊണ്ട് അധികം ദീര്‍ഘിപ്പിക്കുന്നില്ല.

അമ്മയുടെ വണ്ണാത്തി ജനാലപ്പടിയില്‍ സ്ഥാനം പിടിച്ചു കാണും. പോയി നോക്കട്ടെ.

രാധാജയലക്ഷ്മി

Original post written on 26th December 2010




രാധ ജയലക്ഷ്മിയെ അറിയുക

മലയാളസിനിമാ ഗാനങ്ങളിലും രാധാജയലക്ഷ്മി എന്ന പേര്‍ സുപരിചിതമാണ്. 40-50 കളിലെ അനവധി ഗാനങ്ങളില്‍ ഈ പേര്‍ നമുക്ക് കാണാം. എന്നാല്‍ ഗാനം കേള്‍ക്കുമ്പോള്‍ ഒരാളേ പാടുന്നുള്ളു താനും.എന്താണിങ്ങനെ ? അതു തിരഞ്ഞു പോയ വഴി ദാ ഇതെല്ലാം കിട്ടി.

1940 കളിലും 50 കളിലും തമിഴ്, മലയാളം, തെലുഗു, കന്നട സിനിമാഗാനങ്ങളിലൂടെ പ്രശസ്തരും കര്‍ണ്ണാടകസംഗീതജ്ഞകളുമാണ് രാധാജയലക്ഷ്മി എന്ന ഒറ്റപ്പേരില്‍ അറിയപ്പെട്ടിരുന്ന രാധയും ജയലക്ഷ്മിയും. കസിന്‍സ് ആയ ഇരുവരെയും ജനങ്ങള്‍ സഹോദരിമാരായിത്തന്നെയാണ് കരുതുന്നത്. അന്‍പതുകളില്‍ ശൂലമംഗലം സഹോദരിമാര്‍ പേരെടുത്തതിനു ശേഷം ഇരുവര്‍ ചേര്‍ന്ന് കച്ചേരിനടത്തുന്ന രീതി പിന്തുടര്‍ന്നു വന്നവരില്‍ പ്രമുഖരാണ് രാധാജയലക്ഷ്മിമാര്‍ ‍. കര്‍ണ്ണാടക സംഗീത പ്രതിഭകളിലെ അഗ്ര്ഗണ്യനായ ജി എന്‍ ബാലസുബ്രഹ്മണ്യത്തിന്റെ ശിഷ്യമാരായിരുന്നു ഇരുവരും.

സിനിമാഗാനങ്ങളിലും രാധാജയലക്ഷ്മി എന്ന പേര്‍ നല്‍കിയിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ സിനിമാഗാനങ്ങളില്‍ പാടിയിരുന്നത് ജയലക്ഷ്മി മാത്രമായിരുന്നു. മലയാളഗാനങ്ങളിലും രാധാ ജയലക്ഷ്മി എന്ന പേര്‍ കാണാമെങ്കിലും ഗാനം കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും യഥാര്‍ഥത്തില്‍ ഒരു ഗായിക മാത്രമാണ് പാടിയിരിക്കുന്നതെന്ന്. അത് ജയലക്ഷ്മിയാണ്. കെ വി മഹാദേവന്‍ , എസ് എം സുബ്ബയ്യാ നായിഡു ,ടി ജി ലിംഗപ്പാ, ഗി രാമനാഥന്‍ ‍, എസ് ബാലചന്ദര്‍ തുടങ്ങിയവരുടെയെല്ലാം സംഗീതത്തിലുള്ള മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ജയലക്ഷ്മി പാടിയിട്ടുണ്ട്. അറുപതുകളിലെ അപൂര്‍വം ഗാനങ്ങളോടെ രാധാജയലക്ഷ്മി എന്ന ജയലക്ഷ്മി സിനിമാഗാനങ്ങളില്‍ നിന്ന് അപ്രത്യക്ഷയായി. എങ്കിലും കര്‍ണ്ണാടക സംഗീതത്തിലെ അപൂര്‍വ്വ നക്ഷത്രങ്ങളായി 1981 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പടെ ഒട്ടനേകം പുരസ്കാര ജേതാക്കളായി, പുതു തലമുറയിലെ പ്രിയ സിസ്റ്റേഴ്സ് ഉള്‍പ്പടെയുള്ള ശിഷ്യഗണങ്ങള്‍ക്ക് ഗുരുക്കന്മാരായി രാധാജയലക്ഷ്മിമാര്‍ .

രാധയും ജയലക്ഷ്മിയും ചേര്‍ന്ന് പാടിയിട്ടുള്ള ഒരൊറ്റ സിനിമാഗാനം മാത്രമേ ഉള്ളു. അത് ദൈവം എന്ന തമിഴ് പടത്തില്‍ കുന്നക്കുടി വൈദ്യനാഥന്‍ സംഗീതം നല്‍കിയ തിരുച്ചെന്തൂരില്‍ പോര്‍ പുരിന്തു എന്ന ഗാനമാണ്. ഈ ഗാനം തിരുത്തണി മുരുകന്‍ കോവിലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാധാജയലക്ഷ്മിമാര്‍ ഗാനമാലപിക്കുന്നതും നമുക്ക് കാണാം.
ദൈവം എന്ന ചിത്രത്തിലെ മരുതമലൈ മാമണിയേ മുരുഗയ്യാ എന്ന ലോകപ്രശസ്തഗാനവും ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാവുന്നതാണ്.

മലയാളത്തില്‍ ജയലക്ഷ്മി പാടിയ രണ്ട് പ്രശസ്ത ഗാനങ്ങളാണ് തസ്കരവീരനിലെ വന്നല്ലോ വസന്ത കാലം എന്ന പ്രണയഗാനവും, കുമാരസംഭവത്തിലെ പി ലീലയോടൊപ്പം പാടിയ മായാനടനവിഹാരിണിയും. വന്നല്ലോ വസന്തകാലത്തില്‍ പ്രണയഗാനത്തിന്റെ മനോഹാരിത നുകരാമെങ്കില്‍ ‍, മായാനടനവിഹാരിണിയില്‍ അര്‍ഥശാസ്ത്രീയഗാനത്തിന്റെ ആലാപനമികവില്‍ നാം അല്‍ഭുതസ്തബ്ധരാകുന്നു.
ആരും അടുത്തു വരരുത്
എന്നെ ശല്യപ്പെടുത്തരുത്
ഞാന്‍ എന്റെ മനസ്സ് നഷ്ടപ്പെട്ട നിമിഷങ്ങളെ
വിശകലനം ചെയ്യുകയാണ്
കടല്‍ പോലെ വിശാലമായ ഹൃദയം
ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയതെന്നാണ്?
കാറ്റ് പോലെ സ്വതന്ത്രമായ ചിന്ത
ഒരു moodha സ്വപ്നത്തിലേക്ക് ഒതുങ്ങിയതെന്നാണ്?
ചത്വരത്തില്‍ നിന്ന് തിരഞ്ഞെടുത്ത വഴി
തമോ ഗര്തത്തിലേക്കവസാനിച്ചു പോയി
അനന്തമായ ആകര്‍ഷണ വലയത്തില്‍
മനസ്സും ഹൃദയവും ശരീരവും ഉരുകിയൊന്നായി
ധൂളി പടലമായി ചക്രവാളത്തിലലിഞ്ഞു
ധൃവദീപ്തിയില്‍ അത് പ്രകാശമായി
സൂര്യനില്‍ അത് താപമായി
ചന്ദ്രനില്‍ കുളിരായി
കാറ്റില്‍ തലോടലായി
മനസ്സ് നഷ്ടപ്പെട്ടെന്കിലെന്തു!
ഞാനിന്നും പ്രണയമായ് ജീവിക്കുന്നു
മരണമേ നീ വരികിലും പോകിലും ഞാന്‍
പ്രണയമായ് തന്നെ അവശേഷിക്കും

Saturday, March 17, 2012

കാലില്‍ വീണ മഴത്തുള്ളികള്‍

SATURDAY, MAY 23, 2009

കാലില്‍ വീണ മഴത്തുള്ളികള്‍

ഇവിടെ മഴ തന്നെ. ആകെ നനഞ്ഞു നില്‍ക്കുന്നു, ഞാനും നനഞ്ഞപോലെ തന്നെ. ചുറ്റും വെളിച്ചം കുറവാണ്. മേഘങ്ങള്‍ കയ്യെത്താവുന്ന പോലെ താഴെ വന്നു നില്‍ക്കുന്നുണ്ട്. പകല്‍ ഇടിമുഴക്കം കേള്‍ക്കാം. ഓര്‍മ്മകളില്‍ നിന്നോ
ഓര്‍മ്മക്കേടില്‍ നിന്നോ ഉണര്‍ത്തുന്നത് ഇടിമുഴക്കങ്ങള്‍ ആണ്. മക്കള്‍ രാവിലെ പോയാല്‍ മുതല്‍ നിശ്ശബ്തത ചുറ്റിപ്പറ്റി നില്‍ക്കും.

മഴ നനയാന്‍ വല്ലാത്ത മോഹം തോന്നുന്നു. ഇന്നു മഴ കണ്ട് കൊതിപൂണ്ട് ഞാന്‍ കടയില്‍ പോകുവാന്‍ തീരുമാനിച്ചു. പകല്‍ മഴയത്ത് ഇറങ്ങി നനഞ്ഞ് നമ്മുടെ തലക്കു സ്ഥിരമില്ലായ്മ ആള്‍ക്കാരെ കാണിക്കണ്ടല്ലോ. സ്പെന്‍സേര്‍സില്‍ നിന്നും
സൌജന്യമായി കിട്ടിയ ഓറഞ്ചും വെള്ളയും നിറമുള്ള കുടയും ചൂടി ഞാന്‍ സ്പെന്‍സേര്‍സിലേക്കു തന്നെ പോയി. മഴത്തുള്ളികള്‍ കാലില്‍ വീണു കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. (അങ്ങനെയാണ് എനിക്കു തോന്നിയത്) വേറെയും വ്യാഖ്യാനിക്കാം. കാലെങ്കിലും തണുപ്പിച്ച്തരുവാ‍ന്‍ അവ കരുണകാണിക്കുകയായിരുന്നിരിക്കയും ആവാം അല്ലെ? വഴിയില്‍ വെള്ളം ചാലുകളായി
ഒഴുകി ഓടയിലേക്കു ചെന്നു ചേരുന്നു. മൂന്നു നാലുദിവസമായി സൂര്യന്‍ പിണങ്ങിയിരിക്കുന്ന കൊണ്ട് ആകെ ഒരു മടുപ്പിയ്ക്കുന്ന മണം ചുറ്റും ഉണ്ട്. വഴിയരികിലെ മാലിന്യങ്ങളുടേയും ആകെത്തന്നെ നനഞ്ഞ തുണികളുടേയും ഒക്കെ ഒരു ഗന്ധം. എന്നാലും കുടപ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഞാന്‍ നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കു
തന്നെ. മഴവെള്ളം തെറിപ്പിച്ച് പാഞ്ഞു പോകുന്നു.

കടയില്‍ സാബിര്‍ എന്ന ഒരു കുട്ടിയെ കണ്ടു. പ്രത്യേകം പറയാന്‍ കാരണം ഒറ്റനോട്ടത്തില്‍ അവന്റെ പൊണ്ണത്തടി കാരണം ആരും ഒന്നുകൂടി നോക്കും. പ്രത്യേകിച്ചും വയറു ഭാഗം. കയ്യില്ലാത്ത ഒരു സ്പോര്‍ട്സ് ബനിയന്‍ ആണ് അവന്‍ ഇട്ടിരുന്നത്. വെട്ടിയെടുക്കാവുന്ന പോലെ മാംസപാളികള്‍ കയ്യില്‍ തൂങ്ങിക്കിടക്കുന്നു. വലിയ വയര്‍ ആ ബനിയനകത്ത് ചുരുണ്ടുകിടക്കുന്ന ഒരു
മലമ്പാമ്പിനെപ്പോലെ. ഇടയ്ക്ക് തുള്ളിക്കളിച്ച് പുറത്തുചാടാന്‍ വെമ്പുന്നപോലെ.എവിടെനിന്നോ വെട്ടിയെടുത്ത് ഒട്ടിച്ചു വെച്ചപോലെ ഒരു കുഞ്ഞി മൂക്ക്.

തലമുടി പറ്റെ വെട്ടിയിരിക്കുന്നു.ഒരുപക്ഷേ നാലുദിവസം മുന്‍പുവരെ ചൂടുംകൊണ്ടുനടന്നിരുന്ന വേനലിനെ തോല്‍പ്പിക്കാന്‍ ആയിരിക്കാം. പെയ്മെന്റ് കൌണ്ടറില്‍ വച്ച് അവന്‍ പിന്നെയും അല്‍ഭുതപ്പെടുത്തി, വാങ്ങിച്ച ഓരോ സാധനത്തിന്റെയും വില അവന്‍ ഒന്നു നോക്കിയിട്ടാണ് കടയിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കുന്നത്. ഒന്നു രണ്ടു സാധനംകഴിഞ്ഞപ്പോള്‍ അവന്‍ എടുത്ത
ഒരു ‘കോമ്പ്ലാന്‍’ പാക്കറ്റ് ആണ് അടുത്തത്. അവന്‍ വില ഒന്നു നോക്കി. 92 രൂപ (250ഗ്രാം ആണെന്നു തോന്നുന്നു) അവനൊറ്റ ഞെട്ടല്‍. ‘അയ്യൊ ഇതു വലിയ വില ആണല്ലൊ, ഇതു വേണ്ടാ‘ എന്നു ഒരു പറച്ചില്‍, എന്നിട്ട് ആ പാക്കറ്റ്
എടുത്തിറ്റത്തു തന്നെ കൊണ്ടുവച്ചിട്ടു വന്നു. എനിക്കു വളരെ കൌതുകം തോന്നി. എത്രയിലാ പഠിക്കുന്നേ എന്നു ഞാന്‍ ചോദിച്ചു. ‘ഇനി 8ലേക്ക്‘ എന്നവന്‍ പറഞ്ഞു, എവിടെയാ എന്ന ചോദ്യത്തിന് സ്കൂളിന്റെ പേരും പറഞ്ഞു. എന്നോടു
സംസാരിക്കുമ്പോളും അവന്റെ കണ്ണുകള്‍ കടയിലെ പെണ്‍കുട്ടി ബില്ലടിക്കുന്നതിലായിരുന്നു. എനിക്കു സ്വയം കുറച്ചു ലജ്ജയും തോന്നി.
കാരണം കടയില്‍ പോയി സാധനം വാങ്ങുക എന്നല്ലാതെ ഒരു കിലോ പഞ്ചസാരക്കു പോലും എന്താണ് വില എന്നു ഞാന്‍ നോക്കാറില്ല. ആവശ്യമുള്ള സാധനം വാങ്ങുന്നു, കയ്യില്‍ കാശുള്ളകൊണ്ട് ബില്ലു കൊടുത്ത് പോരുന്നു. ലജ്ജാവഹം. അവസാനം പാല്‍പ്പാക്കറ്റ് എടുത്ത് സാഹില്‍ അതു ലീക് ഉണ്ടോ എന്നുകൂടി നോക്കിയിട്ടാണ് സഞ്ചിയില്‍ വയ്ക്കുന്നത്. ഇത്രയും ഉത്തരവാദിത്വമുള്ള കുട്ടികളെ കാണാന്‍ കിട്ടില്ല എന്നുതന്നെ പറയാം. അവന്റെ അമ്മയ്ക് അഭിമാനിക്കാം. അവന്റെ പൊണ്ണത്തടി കുറപ്പിക്കാന്‍ കൂടി അവരൊന്നു പരിശ്രമിച്ചെങ്കില്‍! (സാഹില്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യമായി ബില്ലടിക്കുന്നതിലേക്കു നോക്കി, നല്ല കാര്യങ്ങള്‍ തീര്‍ച്ചയായും മാതൃകയാക്കാമല്ലോ)

കടയില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെ കാത്തുനിന്നപോലെ വീണ്ടും മഴ പെയ്തു. അകലെ മഴനൂലുകള്‍ക്കിടയിലൂടെ കുടയും ചൂടി നടന്നടുക്കുന്ന രൂപത്തിന് ജന്മങ്ങള്‍ക്കപ്പുറത്തു നിന്ന് മോഹിച്ച ഒരു സ്നേഹരൂപമുണ്ടോ?

മഴ വിശേഷങ്ങള്‍

WEDNESDAY, MAY 27, 2009

മഴ വിശേഷങ്ങള്‍

മഴ വിശേഷങ്ങള്‍ തന്നെ ആദ്യം പറയാം. രാത്രി കനത്ത മഴയാണ്. പണ്ട് കുട്ടിക്കാലത്താണെന്നു തോന്നുന്നു ഇതുപോലെ ‘നിന്നുപെയ്യുന്ന’ മഴ കണ്ടത്. ഉറങ്ങാനേ തോന്നുന്നില്ല. മഴ അത്രക്കും ലഹരി പിടിപ്പിക്കുന്നു.
ഇക്കണക്കിനാണെങ്കില്‍ ഒരു രാത്രി ഞാന്‍ ഇറങ്ങി മഴ നനയും. തീര്‍ച്ച. ഞങ്ങളുടെ നാട്ടിനെക്കുറിച്ചു ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ? എന്റെ വീട് പണ്ട് പാടങ്ങളുടെ നടുക്കായിരുന്നു. തെക്കുകിഴക്കു മാത്രം രണ്ടു പുരയിടങ്ങള്‍ ഒഴിച്ചാല്‍ വടക്ക് പുഴ എത്തുന്ന വരേയും മറ്റെല്ലാ വശങ്ങളിലും പാടങ്ങള്‍ തന്നെ. മൂന്നുകിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ നിന്നും പുഴക്കര വരെ പോകുന്ന റോഡ്, കടവിനു കുറച്ചു മുന്‍പായി വലത്തേക്ക് തിരിയും.വലത്തേക്കു തിരിയുന്നത് ഒരുനാട്ടുവഴിയായിരുന്നു, ഇന്ന് ഉയര്‍ന്നുവീതികൂടിയ പഞ്ചായത്ത് റോഡ്. നാട്ടുവഴി തുടങ്ങുന്നത് ഉമ്മാമാര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ആകെ രണ്ട് മുസ്ലീം കുടുംബങ്ങളില്‍ ഒരു വീടിന്റെ വശത്തുകൂടിയാണ്. ഇരുവശത്തും ഉയര്‍ന്ന
പുരയിടവും വഴി താഴ്ച്ചയിലുമായിരുന്നു. സ്വാഭാവികമായും മഴയത്ത് അത് വെള്ളം കുത്തിയൊലിക്കുന്ന ഒരു തോടാകും. റോഡില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് കിഴക്കോട്ടൊഴുകി ഞങ്ങളുടെ പാടത്താണ് ചെന്നു ചേരുക. നാട്ടുവഴി പിന്നെ
പാടവരമ്പത്തു കൂടി കിഴക്കോട്ട് ചെന്ന് തെക്കോട്ട് തിരിയുമ്പോള്‍ എന്റെ വീടായി. ചെറിയ വരമ്പായിരുന്നു പണ്ട്. ഒരു മഴ എവിടെയെങ്കിലും പെയ്താല്‍ വെള്ളം കേറുന്ന നാട്. നാട്ടിലുള്ള വെള്ളമെല്ലാം പുഴയില്‍ച്ചെന്നു വീഴുന്നതിനു മുന്നേ കടന്നു പോകുന്നത് നമ്മുടെ കണ്ടം വഴിയാണ്. ചീരക്കണ്ടം എന്നായിരുന്നു അതിനു പേര്. കുപ്പച്ചീര എന്നു പറയുന്ന ചെടി ധാരാളം അതില്‍ വളരുമായിരുന്നു. അതാണ് ചീരക്കണ്ടം എന്നു പേര്‍ വന്നത്. ചീരക്കണ്ടത്തില്‍ നിന്നാണ് ആറ്റിലേക്കുള്ള തോടിന്റെ ചെറിയ കൈവഴി
തുടങ്ങുന്നത്. ഞങ്ങളുടെ ഒരുപാട് കൃഷി നശിച്ചതും ഈ ഒരു കാര്യം മൂലമായിരുന്നു. ആള്‍ക്കാര്‍ വെള്ളം മൊത്തം വാച്ചാല്‍ വഴി നമ്മുടെ കണ്ടത്തിലേക്ക് ചക്രം വെച്ച് ചവിട്ടി വിടും. ആറ്റില്‍ വെള്ളം കൂടുതലാണെങ്കില്‍ വെള്ളം തിരിച്ചു കേറും. അങ്ങനെ രണ്ടു വകയിലും ചീരക്കണ്ടത്തിന് സമാധാനമില്ല.

മഴ കൊണ്ടുവരുന്ന വിശേഷത്തിന് കണക്കില്ല. അപ്പൂപ്പന്‍ ഉള്ളപ്പോള്‍ സഹായിയായ കുട്ടിപ്പുലയനാണ് മഴ പ്രവചിക്കുക. ‘എന്താ കുട്ടിപ്പെലേനെ മഴ പെയ്യുമോ ന്ന് അപ്പൂപ്പന്‍ ചോദിക്കും. (കുട്ടിപ്പുലയന് ആകെ മൊത്തം മൂന്നരയടിപ്പൊക്കം. ഉടുത്തിരിക്കുന്ന തോര്‍ത്തുമുണ്ടിലാണോ കണ്ടത്തിലാണൊ കൂടുതല്‍ ചെളി എന്നു ഒരു ഭ്രമം കാണുന്നവര്‍ക്ക് തോന്നും. ചുരുളന്‍ മുടി, ഉച്ചിക്കു പിന്നില്‍ ഒരു ചിന്ന കുടുമ , കാതില്‍ ചുവന്ന കല്ലുവെച്ച കടുക്കന്‍, ഒരു മുട്ടന്‍ വടി ഉണ്ടാകും കൂട്ടിന്, കുത്തിനടക്കാനല്ല, പട്ടിയെ ഓടിക്കാനും, നെല്ലിനു വന്നിരിക്കുന്ന കാക്കക്ക് വീശാനും, അങ്ങനെ ഒരു മള്‍ട്ടിപര്‍പസ് വടി. അതാണ് കുട്ടിപ്പുലയന്‍) കുട്ടി കണ്ണിനു മേലെ കൈവെച്ച് ഒരു ആകാശനിരീക്ഷണം നടത്തും. ഏതു ദിക്കില്‍ കോളു കൊണ്ടാല്‍ എങ്ങനെത്തെ മഴ പെയ്യും എന്നറിയാവുന്ന കുട്ടിപ്പുലയനെ ഞാനൊരു മാന്ത്രികനെപ്പൊലെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ‘തെക്കുകോളുകൊണ്ടാല്‍ പെയ്യില്ല ‘ എന്നൊരു മന്ത്രം ഞാന്‍ അടിച്ചെടുത്തിട്ടും ഉണ്ട്. ചിലപ്പോള്‍ വിവരസാങ്കേതികവിദ്യാ പ്രകടനങ്ങളില്‍ എടുത്തു വീശിയിട്ടും ഉണ്ട്. അങ്ങനെ മാന്ത്രികപ്രവചനത്താല്‍ പെയ്യുന്ന മഴ കാണാനിരിപ്പാണ് പിന്നെ.

അടുക്കളയുടെ വടക്കുവശത്തെ അരത്തിണ്ണയില്‍ കാത്തിരിക്കും ഞാന്‍. വിളിപ്പാടകലെ പുഴ മഴയില്‍ കുളിക്കാന്‍ കാത്ത് കിടക്കും. മഴ ആറ്റിനക്കരെ കണ്ണന്‍കുളങ്ങരെ അമ്പലത്തിന്റെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന യക്ഷിപ്പനകള്‍ക്കിടയിലൂടെ എന്നെ ഒളിഞ്ഞു നോക്കുന്നത് എനിക്കു കാണാം. പനയോലകള്‍ക്കിടയില്‍ അവള്‍ക്ക് എത്ര മറഞ്ഞുനില്‍ക്കാനാകും! അവളുടെ യൌവ്വനം അതിനെയെല്ലാം പിന്നിലാക്കി പൊട്ടിത്തെറിച്ച് ഇങ്ങ് വരിയകയല്ലേ! ആദ്യമവള്‍ ആറ്റിന്റെ വടക്കേക്കരയിലെ നെയ്പുല്ലുകളിലേക്കു
പടര്‍ന്നിറങ്ങുന്നു, പിന്നെയവള്‍ ആറ്റിലേക്കും പെയ്തിറങ്ങുന്നു. ആറുകടന്ന് അരളാക്കണ്ടം കടന്ന് കാത്തിരിക്കുന്ന എന്റെ മുഖത്തേക്കൊരു ചാറ്റലും വീശിയടിച്ച് ആ സ്തൈലുകാരി ഒരൊറ്റപോക്കാണ്. തെക്ക് കണ്ണങ്കര പാടത്തിനു നടുക്ക് തപസ്സിരിക്കുന്ന ഇലഞ്ഞിമരത്തിന്റെ ഇലച്ചിലുകള്‍ മറപിടിച്ച് അവള്‍ കടന്നുകളയും.

വെള്ളപ്പൊക്കവും മഴയും ജീവിതഗതിതന്നെ മറ്റിക്കളഞ്ഞിരുന്ന ഒരു നാടായിരുന്നു ഞങ്ങളുടേത്. തോട്ടപ്പള്ളി അഴിമുഖത്തോട് വളരെ അടുത്ത്. അതുകൊണ്ടുതന്നെ നാട്ടില്‍ മഴപെയ്താലും കിഴക്കന്‍ വെള്ളം വന്നാലും ബുദ്ധിമുട്ടായിരുന്നു. കാരണം കിഴക്കുനിന്ന് അലച്ചൊഴുകിയെത്തുന്ന വെള്ളം അഴിമുഖത്ത് ചെന്ന് കടലില്‍ ചേരുന്നതിനു മുന്‍പേ ഞങ്ങളുടെ നാടുമൊത്തമൊന്നു സന്ദര്‍ശിച്ചിട്ടേ പോകൂ. കൃഷിനാശം പ്രധാനമായും സംഭവിക്കുന്നത് ഈ കിഴക്കന്‍ വെള്ളത്തിന്റെ സന്ദര്‍ശനവേളയിലാണ്. വെള്ളം ഏറ്റമാണോ ഇറക്കമാണോ എന്നറിയാന്‍ അപ്പൂപ്പന്‍ കടേക്കല്‍ ഒരു കോലു കുത്തും. അതില്‍ തെര്‍മോമീറ്ററിലെ വരകള്‍ പോലെ കുമ്മായം കൊണ്ടു വരകള്‍ ഇട്ടിട്ടുണ്ടാകും. കുട്ടിക്കാലത്തെ കൌതുകങ്ങളിലൊന്നാണ് ഈ അളവുകോല്‍. വെള്ളം ഓരോ ദിവസവും
രാവിലെയും വൈകിട്ടും ആ കോലിലെ ഏതു വരയിലാണ് തൊട്ടു നില്‍ക്കുന്നതെന്ന് നോക്കും. വെള്ളം താഴോട്ടാണെങ്കില്‍ അപ്പൂപ്പന്റെ മുഖം തെളിയും. കൃഷി രക്ഷപെടുമല്ലോ. എന്റെയും അനിയത്തിമാരുടെയും മുഖം വാടും. പൂട്ടിയിട്ട സ്കൂള്‍ തുറക്കുമല്ലോ.

സ്കൂള്‍ തുറന്നാല്‍ പിന്നെ ചിറയുടെ അരികിലെ പുല്‍പ്പടര്‍പ്പുകളില്‍ വിരുന്നു വരുന്ന വരാലിനേയും കുടുംബത്തേയും എങ്ങനെ കാണും? കറുകറുത്തു മുറ്റിയ തള്ളവരാലും തീക്കട്ടനിറമുള്ള ഒരുപറ്റം കുഞ്ഞുങ്ങളും. വരാലും പാര്‍പ്പും എന്നാണ് വരാല്‍ക്കുടുംബത്തെ വിളിക്കുക. വരാല്‍ക്കുഞ്ഞുങ്ങള്‍ വലുതായാല്‍ ആ തീക്കട്ടനിറം എവിടെപ്പോകുന്നോ എന്തോ! പിന്നെ
വാഴപ്പിണ്ടികെട്ടിനീന്തലും ചൂണ്ടലിട്ടു മീന്‍പിടിക്കലും ഒക്കെ ഗോപിയാകും. വെള്ളമിറങ്ങല്ലേ സ്കൂള്‍ തുറക്കല്ലേ ന്നു പ്രാര്‍ത്ഥിച്ച് നടക്കും.

മഴകാണല്‍ പോലെ ഹരമായിരുന്നു മഴ കേള്‍ക്കല്‍. ഒരുപാടു പഴയ വീടായതുകൊണ്ട് പഴയമട്ടിലെ തടിയഴികളുള്ള ഒത്തിരി ജാനലകള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ജനാല മഴയിലേക്ക് തുറന്നിട്ട് ഒരുകസേരവലിച്ചിട്ട്, ഒരു ബാലരമയും കയ്യിലെടുത്ത് വായിക്കുന്ന മട്ടില്‍ ഞാന്‍ മഴയെ കേള്‍ക്കും. അവള്‍ ഇതുവരെക്കേള്‍ക്കാത്ത രാഗങ്ങള്‍ പാടും. ചെവിയില്‍ ചൂണ്ടൂവിരലിട്ടും
എടൂത്തും ഞാന്‍ മഴകൊണ്ട് എന്റെ ഗീതങ്ങളും രചിക്കുമായിരുന്നു. എനിക്ക് മാത്രം കേള്‍ക്കാന്‍. മഴ ഓടിന്റെ ഒടിവുകളിലൂടെ യൂണിഫോമിട്ട സ്കൂള്‍ക്കുട്ടികള്‍ പിറുപിറുക്കുന്ന പോലെ ഒരേ രൂപത്തില്‍, താളത്തില്‍, ഭാവത്തില്‍പെയ്തിറങ്ങും. പിന്നെ മുറ്റത്ത് സ്വന്തം ശവക്കുഴികള്‍ പോലെ ചെറുകുഴികള്‍ തീര്‍ത്ത് മണ്മറഞ്ഞു പോകും മഴ. അക്കരെ അമ്പലത്തിലെ യക്ഷിപ്പനകള്‍ക്കപ്പുറത്ത് പുനര്‍ജ്ജനിക്കാമെന്ന വാക്കില്‍.

എന്റെ മഴ പുരാണം അവസാനിക്കുന്നില്ല. തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇനിയും ഒരുപാടു മുഹൂര്‍ത്തങ്ങളില്‍ മഴ പുനര്‍ജ്ജനിക്കും. ജനിയുടെ ആഹ്ലാദം നല്‍കുന്നമഴ. മരണത്തിന്റെ വേര്‍പിരിയലിന്റെ കണ്ണീരുപ്പുള്ള മഴ. എന്റെ
കണ്ണില്‍ കിനിയാത്ത കണ്ണുനീരാണോ ഞാന്‍ പുറത്തുകാണുന്ന മഴ?

മറവി........

FRIDAY, MAY 29, 2009

മറവി........

മറക്കുവാന്‍ പറയാനെന്തെളുപ്പം എന്നു പറയാന്‍ എന്തെളുപ്പമാണല്ലെ? എന്നാല്‍ അതത്ര എളുപ്പമാണോ? എഴുതാന്‍ തുടങ്ങിയപ്പോളേക്കും എന്തെഴുതാനാണീ മെയില്‍ബോക്സ് തുറന്നേന്നും മറന്നു പോയി. അങ്ങനെ മറവിതന്‍ മാറിടത്തില്‍ മയങ്ങിയേക്കാം എന്നുവിചാരിച്ചു. അപ്പോഴേയ്ക്കും ദേ ഓര്‍മകളോടിയെത്തി ഉണര്‍ത്തിടുന്നു. ഇതുവല്യ കാര്യമുള്ള ഓര്‍മയൊന്നുമല്ല, ഒരു മറവിയേപ്പറ്റിയുള്ള ഓര്‍മ്മയാണ്.

എന്തൊരു മറവിയാണ് ഈയിടെ. അടുക്കളയിലാണ് മറവികള്‍ കൂടുതല്‍. വെള്ളം തിളപ്പിക്കാന്‍ വച്ച പുറത്തിറങ്ങിയാല്‍ പിന്നെ പലപ്പോഴും ഒരുകലം വെള്ളം തിളച്ചു പാതിയായാലെ ഓര്‍ക്കൂ. ഗ്യാസ് കിട്ടാന്‍ ബുദ്ധിമുട്ടുള്ള
ഈക്കാലത്തും എന്റെ ഈ ഒരു മറവിയാണ് ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്നത്. പിന്നെ പാഴായിപ്പോയ ഗ്യാസിനെ ഓര്‍ത്ത് ഒരുപ്രയോജനവുമില്ലാതെ ‘ച്ഛേ ഓര്‍ത്തില്ലല്ലോ ഓര്‍ത്തില്ലല്ലോ’ എന്നു തലക്കടിച്ചും കൊണ്ടു നടക്കും. പിന്നെ മോട്ടോര്‍ ഓഫ് ചെയ്യാതെ പുറത്തു പോവുക, വണ്ടി ലോക്ക് ചെയ്യാതെ രാത്രി പാര്‍ക് ചെയ്യുക മുതലായ കലാപരിപാടികളും ഓര്‍മ്മക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നന്നായി നടക്കാറുണ്ട്.

അങ്ങനെയങ്ങനെ മേയ് ഒന്നാംതീയതി വന്നു. രാവിലെ പത്രം വന്നു. വായിച്ചു. ലോകതൊഴിലാളികള്‍ക്കെല്ലാം മനസ്സുകൊണ്ടൊരു അഭിവാദ്യമര്‍പ്പിച്ചു. അവരുടെയെല്ലാം കൊണ്ടുനടക്കുന്നതും കൊണ്ടുപോയ്ക്കൊല്ലിക്കുന്നതുമായ എല്ലാ നേതാക്കള്‍ക്കും ഒരു സലാമടിച്ചു. പത്രത്തിന്റെ ഒരു കോണില്‍ നാളെ പത്രം ഉണ്ടായിരിക്കുന്നതല്ലാ എന്ന കുഞ്ഞിപ്പെട്ടിയിലെ അറിയിപ്പും കണ്ടു. അങ്ങനെ മേയ്ദിനം പോയി. മേയ് രണ്ടാം തീയതി വന്നു. പതിവുപോലെ രാവിലെ ആദ്യം ഓര്‍ത്തത് പത്രത്തെയാണ്. പത്രം വായിച്ചില്ലെങ്കില്‍ മയക്കുമരുന്നു കിട്ടാത്ത രോഗിയെപ്പോലെ അസ്വസ്ഥതയാണാകെ. ദിവസം എങ്ങനെ തുടങ്ങണമെന്നറിയാത്ത ഒരു വമ്പന്‍ പ്രതിസന്ധിയാണത്. വാതില്‍ തുറന്നു പുറത്തിറങ്ങി. പത്രം നഹി നഹി. ശെടാ ഇതെവിടെപ്പോയി എന്നായി. ചിലപ്പോള്‍ പിള്ളാര്‍സ് ഇംഗ്ലീഷ് പത്രത്തിന്റെ കൂടെ എടുത്ത് അവന്മാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍
കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍ കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ
അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ പോയിനോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ശെടാ രാമകൃഷ്ണന്‍ ചേട്ടന്‍ പത്രം താമസിപ്പിക്കാറില്ല. പിന്നെന്തു പറ്റി? വല്ലതും വയ്യാതായോ?
പകരക്കാര്‍ പിള്ളാരാണേല്‍ കാര്‍പാര്‍ക്കിലോട്ട് ഒരേറാണ്. കാറിന്റെ അടീലോ ചിലപ്പോ മോളിലോ ഒക്കെ പോയിക്കിടക്കും. വണ്ടീടെ അടീലും മോളിലും ഒക്കെ ചാഞ്ഞും ചരിഞ്ഞും നോക്കീട്ടും പത്രമില്ല, അതു കൊള്ളാമല്ലോ. രാമകൃഷ്ണന്‍ ചേട്ടനെവിളിച്ച് രാവിലെതന്നെ രണ്ട് പറയാം എന്നുറച്ചു. മയക്കുമരുന്നിന്റെ
അളവ് രക്തത്തില്‍ കുറഞ്ഞുവരുന്നപോലെ അസ്വസ്ഥത കൂടിവരുന്നു. ഞാന്‍ വണ്ടിപരിശോധിക്കുകയാണെന്നു കരുതി അടുത്ത ഫ്ലാറ്റിലെ ബാലു ഇറങ്ങിവന്നു. എന്താ ചേച്ചി ലോങ്ങ് ഡ്രൈവ് വല്ലതും ഉണ്ടോ? ന്നു ചോദിച്ചു. ടയറിലൊക്കെ കാറ്റുണ്ടല്ലോ ന്നും പറഞ്ഞു. ഞാന്‍പറഞ്ഞു, അല്ല ബാലു ഇതുവരെ പത്രം വന്നില്ല പുതിയപിള്ളാരാണേല്‍ വലിച്ചെറിഞ്ഞിട്ടു പോകും, അതു നോക്കിയതാ‍ണെന്ന്. ബാലു ചിരിക്കാന്‍ തുടങ്ങി. എന്റെ ചേച്ചി ഇന്നു മേയ് രണ്ടല്ലേ ഇന്നു പത്രമുണ്ടാകുമോ? എനിക്കപ്പോഴും കത്തുന്നില്ല. മേയ് രണ്ടിന് എന്തോന്ന് അവധി? (മരുന്ന് ഇപ്പോള്‍ രക്തത്തില്‍ തീരെ ഇല്ല.) ബാലു പറഞ്ഞു ചേച്ചി മേയ് രണ്ടിനല്ലല്ലോ അവധി, മേയ് ഒന്നിനല്ലേ അവധി അപ്പോ പിറ്റേദിവസം പത്രം കാണുമോ? (ബാലു ഒരു പാവമാണെന്നും ഒരിക്കലും ‘യെവള്‍ ഏതു
കോത്താഴത്തുകാരിയാണെടാ’ എന്നു എന്നെപ്പറ്റി വിചാരിക്കില്ലാ എന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും!) ഞാന്‍ ‘യാ യാ’ എന്നു ഏതോ സിനിമയില്‍ ഉര്‍വ്വശി ചമ്മി നില്‍ക്കുന്നപോലെ ഒരുനിമിഷം നിന്നിട്ട് ഒറ്റ നട വെച്ചുകൊടുത്തു. സര്‍വ്വരാജ്യത്തൊഴിലാളികള്‍ക്കും അവരുടെ മൂരാച്ചി നേതാക്കന്മാര്‍ക്കും കൊടുത്ത എല്ലാ സലാമും ഞാന്‍ തിരിച്ചെടുത്തു ചവറ്റുകുട്ടയിലിട്ടു. അത്രക്കായോ? അങ്ങനൊരു മറവി! (പ്രായമൊക്കെ ആയി എന്നല്ലേ ഇപ്പോ വിചാരിക്കുന്നെ? ചിരിക്കല്ലേ ചിരിക്കല്ലേ!)


പത്രം വായന അക്ഷരം പഠിച്ച നാള്‍ മുതല്‍ കൂടെ ഉണ്ടെന്നു തോന്നുന്നു. ആദ്യമായി പത്രം വായിച്ച ദിവസമൊന്നും ഓര്‍മയില്ല. പത്രം വായിക്കാത്ത ദിനങ്ങളും (പത്രമില്ലാത്ത ദിവസമൊഴിച്ച്) ഓര്‍മ്മയില്ല. രാവിലെ ആരാണ്
ആദ്യം പത്രം വായിക്കുക എന്നൊരു മത്സരത്തിലാണ് ദിവസം തുടങ്ങുക. ആകെ മൊത്തം ടോട്ടല്‍ ഒരേ ഒരു മാതൃഭൂമി പത്രമാണ്. ആതിന്റെ പേജുകള്‍ നാലായികീറിയാലും ഒരു പങ്കു കിട്ടാത്തപോലെ ആള്‍ക്കാര്‍ വീട്ടിലുമുണ്ട്. അപ്പൂപ്പന്‍,അച്ഛന്‍, (പാവം അമ്മ ജോലികഴിഞ്ഞുവേണമല്ലോ എന്തെങ്കിലും വായിക്കാന്‍, അതുകൊണ്ട് അമ്മ ഈ ലിസ്റ്റില്‍ ഇല്ല), ചിറ്റപ്പന്മാര്‍ രണ്ടെണ്ണം, ഞാന്‍. അനിയത്തിമാര്‍ ബലപരീക്ഷണത്തിനു മുതിരുന്നകാലമായിട്ടില്ല. അപ്പൂപ്പന്‍ വായിച്ചു കഴിഞ്ഞേ ഏതായാലും ആര്‍ക്കും പത്രം കിട്ടു. പത്രക്കാരന്‍ ഡാനിയല്‍ എല്ലാവീട്ടിലും ‘വേണേല്‍
എടുത്തോ‘ എന്ന മട്ടില്‍ പത്രം കൊണ്ടിട്ടിട്ടു പോകും. അപ്പൂപ്പനു മാത്രം കയ്യില്‍ കൊണ്ടുക്കൊടുത്ത് രണ്ടുനാട്ടുവിശേഷങ്ങളും കൂടി (അതു പത്രത്തില്‍ കാണില്ലല്ലോ) പറഞ്ഞിട്ടേ പൊകൂ ഡാനിയല്‍. അപ്പൂപ്പന്‍ പത്രം
വായിച്ചുകഴിഞ്ഞാല്‍ അതെടുത്തു ചിറ്റപ്പന്റെ കയ്യില്‍ കൊടുക്കണം. പുള്ളിക്കു ‘ലണ്ടനില്‍’ പോകണമെങ്കില്‍ പത്രം ഇല്ലാതെ പറ്റില്ല. ഞാന്‍ കുറച്ചവിടെ നില്‍ക്കൂ ന്നുള്ള മട്ടില്‍ അപ്പൂപ്പന്റെ അടുത്തു തന്നെയിരുന്ന വിശദമായൊന്നു വായിച്ചിട്ടേ അവിടെനിന്നനങ്ങൂ. ഇല്ലേല്‍ പിന്നെ സ്കൂളില്‍ പോകുന്നതിനുമുന്നേ പത്രം കാണാനേ പറ്റില്ല.
വടക്കേപ്പുരയുടെ വാതിലിന്റടുത്തുനിന്നും ചുമയും മുരടനക്കലുകളും, പതിഞ്ഞ ശബ്ദത്തില്‍ ‘ഡീ പത്രമിങ്ങോട്ട് കൊണ്ടുവരാന്‍’ എന്നൊക്കെ കേള്‍ക്കാം. ഞാന്‍ നോ മൈന്‍ഡിങ്ങ്. അപ്പൂപ്പന്റെ മുന്നിലേക്ക് വന്ന് ചിറ്റപ്പന്‍
ബഹളമുണ്ടാക്കില്ലാ എന്നു എനിക്ക് നല്ല നിശ്ചയമാണേ. അതുകൊണ്ട് സകല വാര്‍ത്തകളും വായിച്ച് ഞാന്‍ ഒരു പാവത്തിനെപ്പോലെ ചിറ്റപ്പന്റെ കയ്യില്‍ പത്രം കൊടുക്കലും പുള്ളി ലണ്ടനിലേക്ക് ഓടലും ഒരുമിച്ചാണ്. ആ തക്കത്തിന് ഞാന്‍ പുസ്തകവൂം ചോറുമെടുത്ത് സ്കൂളിലേക്കും ഓടും. ഇല്ലെങ്കില്‍ ചെവി പൊന്നാ‍യതുതന്നെ.

കഴിഞ്ഞവര്‍ഷം വിഷുസമയത്ത് ഡാനിയലിനെക്കണ്ടു. സ്കൂളിനടുത്ത് വച്ച്. വളരെ വയസ്സനായിരിക്കുന്നു. എണ്‍പതിലധികം എന്തായാലും വരും. എന്നെ കണ്ടു മനസ്സിലായില്ല എന്ന് വിചാരിച്ച് ഞാന്‍ ഡാനിയലേ എന്നെ മനസ്സിലായോ എന്നു ചോദിച്ചു, ഡാനിയല്‍ കുറച്ച് നേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, എന്നിട്ടു ’യ്യോ കുഞ്ഞെന്നു വന്നു’ എന്നു ചോദിച്ച് കൈപിടിച്ചു. കണ്ണുനിറഞ്ഞു. ഡാനിയലിന്റെ കയ്യില്‍ എല്ലും തൊലിയും എഴുന്നുനില്‍ക്കുന്ന കറുത്തു തടിച്ച ഞരമ്പുകളും മാത്രേ ഉള്ളു. നഖങ്ങള്‍ വളര്‍ന്നു നിറയെ
അഴുക്കും മെഴുക്കും. വളര്‍ന്ന താ‍ടിയും തളര്‍ന്ന കണ്ണുകളും. എനിക്കെത്ര ബാലരമകളും ബാലയുഗങ്ങളും (ബാലയുഗം- ജനയുഗത്തിന്റെ ബാലമാസിക. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല) പൂമ്പാറ്റകളും അമ്പിളി അമ്മാവനും (മറ്റൊരു ബാലമാസിക) കൊണ്ടുത്തന്ന കൈകളാണ്! ഞാനാദ്യം കണ്ടറിഞ്ഞ ‘പത്രപ്രവര്‍ത്തകന്‍ ‘‍! എന്റെ
വായനയുടെ അസ്ഥിവാരത്തില്‍ ഡാനിയെലിന്റെ വിയര്‍പ്പും തീര്‍ച്ചയായും ഉണ്ട്.
അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഡാനിയെലിനെ അന്വേഷിക്കണം. ആ ആദ്യകാല ‘പത്രപ്രവര്‍ത്തകന്‍‘ ഇപ്പോഴും ഉണ്ടാകണം.

ശ്ശോ ഒരു മറവിയില്‍ നിന്ന് ഇത്രേം വലിയൊരു രാമായണമോ. അപ്പോ എനിക്കു ഓര്‍മ്മകളൊക്കെ ഉണ്ടല്ലേ? എന്റെ ഒരു

ഭാസ്കരന്‍

WEDNESDAY, JUNE 3, 2009

ഭാസ്കരന്‍

പുഴയൊഴുകുന്ന ഗ്രാമവും പൂക്കള്‍പറിക്കാന്‍ നടന്നകാലവുമൊക്കെ എത്ര പറഞ്ഞാല്‍ തീരും? ഒരു ചെപ്പിലും പെട്ടിയിലും ഒതുക്കാനാവാത്ത ഓര്‍മ്മകളും ഗൃഹാതുരത്വവും പേറിയാണ് എപ്പോഴും എന്റെ നടപ്പ്. ഇന്നെന്റെ ഓര്‍മ്മകള്‍ ചെന്നുനില്‍ക്കുന്നത് ഭാസ്കരനിലാണ്. ഇന്നു എന്നു പറഞ്ഞുകൂടാ, കുറച്ചു ദിവസങ്ങളായി ഭാസ്കരന്‍ എന്റെ ഓര്‍മ്മയില്‍ അങ്ങുമിങ്ങും വന്നു മായുന്നു.

നാട്ടില്‍ എത്തിയാല്‍ എന്റെ ഒരു പ്രധാന ജോലി വൈകുന്നേരം കുറച്ചു നേരം ഗേറ്റിനടുത്തു ചെന്നു നില്‍ക്കലാണ്. ടാറിട്ട റോഡ് തെക്ക് കുറ്റീമുക്കു കടന്ന് കണ്ണാത്തമ്പലവും കടന്ന് തലക്കുമീതേകൂടി കടന്നുപോകുന്ന 220കെവി ലൈനിനടിയില്‍ക്കൂടി നൂണിറങ്ങി എന്റെ വീട്ടുപടിയും കടന്ന് വടക്കോട്ട് ഒരൊന്നര ഫര്‍ലോങ് വീണ്ടും ഇഴഞ്ഞ് ആറ്റിറമ്പിലേക്ക് ചെന്നു ചേരും. (ഇതില്‍ എന്റെ വീട് എന്നുദ്ദേശിക്കുന്നത് ചേട്ടന്റെ വീടാണ്. കേട്ടോ) അപ്പൊ വൈകുന്നേരം ഗേറ്റിനടുത്തു ചെന്നുനില്‍ക്കുന്ന എനിക്ക് തെക്കുനിന്നും
വടക്കുനിന്നും വരുന്ന ആള്‍ക്കാരെയെല്ലാം വളരെ ദൂരെനിന്നേ കാണാം.

വളരെക്കാലമായുള്ള വിദേശവാസം നല്‍കിയ നഷ്ടങ്ങള്‍ അനവധിയാണ്. അതിലൊന്നാണ് എണ്ണം കുറഞ്ഞു വരുന്ന പരിചിതമുഖങ്ങള്‍ . പണ്ടൊക്കെ നാട്ടിലുള്ള എല്ലാ മുഖങ്ങളും പേരും വീട്ടുപേരുമുള്‍പ്പടെ കാണാപ്പാഠമായിരുന്നു. ഇന്നാരെടെ
ഇന്നാരല്ലേ എന്നു ചോദിക്കാനും, എവിടെപ്പോകുവാ , എപ്പൊ തിരിച്ചുവരും എന്നുമൊക്കെയുള്ള വിശദവിവരങ്ങള്‍ വഴിയില്‍ കാണുന്ന ഓരോരുത്തരോടും പറയാതെ ഒരടിപോലും നടക്കാനും പറ്റിയിരുന്നില്ല. ഇന്നു റോഡരികില്‍ നില്‍ക്കുന്ന
എനിക്ക് നഷ്ടബോധത്തിന്റെ കീറിയ ലോട്ടറി റ്റിക്കെറ്റും നല്‍കിയാണ് ഓരോരുത്തരും കടന്നു പോകുന്നത്. കൂടുതലും സ്കൂള്‍കുട്ടികള്‍. ഞാന്‍ നാടുവിട്ടതിനു ശേഷം മാത്രം ജനിച്ചവര്‍. അവര്‍ വഴിയരികില്‍ നില്‍ക്കുന്ന എന്നെ ഒരു കൌതുകത്തിനു വേണ്ടിപ്പോലും നോക്കാറില്ല, ശ്രദ്ധിക്കാറില്ല. പുതുതലമുറയുടെ വക്താക്കളായി ഞങ്ങളുടെ ഗ്രാമത്തിലും അവര്‍ വളരുന്നു.
തിരക്കുകളില്‍ ജീവിക്കുന്നു. മിക്കവരും സൈക്കിള്‍ധാരികളാണ്. ആണ്‍പെണ്‍ വ്യത്യാസമില്ല. പാവാടയും ബ്ലൌസുമിട്ട പെണ്‍കുട്ടികളെ കാണാനേ ഇല്ല. എല്ലാം ചുരിദാര്‍മയം. അവര്‍ എന്റെ അടുത്തു വരുമ്പോള്‍ ഞാന്‍ ഇരുപതുവര്‍ഷത്തിനു മുന്‍പുകണ്ടുമറന്ന ഏതെങ്കിലും മുഖഛായ തെളിയുന്നോ എന്നു സൂക്ഷിച്ചു നോക്കും. പലപ്പോഴും ഫലം നിരാശയും കുട്ടികളുടെ തറച്ച നോട്ടവും മാത്രം.

അങ്ങനെ പതിവുപോലെ നിരാശബാക്കിയായി ഞാന്‍ മതിലരികില്‍ നില്‍ക്കുന്ന നന്ദ്യാര്‍വട്ടപ്പൂക്കളെ ശ്രദ്ധിക്കാം എന്നു വിചാരിച്ച് വെറുതേ ഒരു നോട്ടം റോഡിന്റെ വടക്കുവശത്തേക്ക് പായിച്ച് തിരിഞ്ഞു. പെട്ടന്നാണ് ഒരു വിളിപ്പാടകലെനിന്നും ഒരു പരിചിതരൂപം പതുക്കെ നടന്നു നീങ്ങിവരുന്നത് കാണുന്നത്. അതു ഭാസ്കരനായിരുന്നു. ഭാസ്കരനെ കണ്ട സന്തോഷം പെട്ടന്നൊരു
ഞെട്ടലിലേക്കും ദുഖത്തിലേക്കും വഴിമാ‍റി. ഞാന്‍ വളരെക്കാലമായി കാണാതിരുന്നു കണ്ട ഭാസ്കരന്‍ പഴയപോലെ ആറടിപ്പൊക്കത്തില്‍ ഇരുനിറത്തിലുള്ള കരുത്തനായിരുന്നില്ല. കാ‍ലം കയ്യിലൊരു വടി കൊടുത്തിരിക്കുന്നു. ഏഴു
പതിറ്റാണ്ട് ഭാരംതൂക്കിനടന്ന നട്ടെല്ലിന് വടികൂടിയേ ഇനി കഴിയൂ എന്നപോലെ. കാലുകളില്‍ ഏന്തലുണ്ട്. നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെ പിച്ചപിച്ചനടന്ന് ഭാസ്കരന്‍ എന്റെ മുന്നിലേക്ക് വരികയാണ്. ഞാന്‍ പെട്ടന്ന് റോഡിലേക്കിറങ്ങി, ഭാസ്കരാ എന്നു വിളിച്ചു. ടാറിട്ട റോഡില്‍ ശബ്ദം കേള്‍പ്പിച്ചു നടന്ന വടിഊന്നി നിന്ന് ഭാസ്കരന്‍ എന്നെ നോക്കി. ‘എന്നു വന്നു’ എന്നു വളരെപതുക്കെ ചോദിച്ചു. ‘രണ്ടുദിവസമായി’ എന്ന എന്റെ മറുപടി കേള്‍ക്കാനോ മറ്റെന്തെങ്കിലും പറയാനോ താല്പര്യമില്ലാത്തപോലെ. വടി ഭാസ്കരനെ മുന്നോട്ടു നയിച്ചു. എന്റെ സ്മരണകളിലെ ഭാസുരമായ ചിലചിത്രങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാകാത്ത ആ രൂപം പതിയെ നടന്ന് കണ്ണാത്തമ്പലത്തിന്റെ വളവുതിരിഞ്ഞ് കുറ്റീമുക്കും കടന്ന് മറഞ്ഞു.

റോഡില്‍ നിന്നുകയറുമ്പോള്‍ ഞാന്‍ നന്ദ്യാര്‍വട്ടത്തെ മറന്നിരുന്നു. ഓര്‍മ്മകളില്‍ വലിയ കെട്ടുവള്ളം നീളന്‍ കഴുക്കോലിട്ട് ഊന്നിനീക്കുന്ന ഒരു രൂപം. എന്റെ കുട്ടിക്കാലത്ത് ഏറ്റവും ആ‍രാധനയോടെ നോക്കിനിന്നിരുന്ന ഒരു രൂപം. അതു ഭാസ്കരനായിരുന്നു. എന്റെ അഛന്‍ എല്ലാക്കൊല്ലവും സ്ഥിരമായി ശബരിമലയ്ക്കു പോകുമായിരുന്നു. ശബരിമലയ്ക്കു പോകുന്നതിനു തലേ ദിവസം
ഞങ്ങളെല്ലാവരുംകൂടി കുടുംബമായി തകഴി അമ്പലത്തില്‍ തൊഴാന്‍ പോകും. അച്ഛനെ അടിമകിടത്തിയ അമ്പലമാണ് തകഴി അമ്പലം. (അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒരുപാടു നാള്‍ കാത്തിരുന്നു വഴിപാടൊക്കെ ചെയ്തുണ്ടായ മകനാണ് എന്റെ
അച്ഛന്‍. കുട്ടി ഉണ്ടായിക്കഴിഞ്ഞാല്‍ ചോറൂണിനു മുന്‍പ് അമ്പലത്തിന്റെ ശ്രീകോവിലിനകത്ത് കൊണ്ടുപോയി മൂര്‍ത്തിയുടെ മുന്നില്‍ കിടത്തും. അതാണ് അടിമ. ആ വഴിപാട് കഴിഞ്ഞാല്‍ ആ ആള്‍ മരണം വരെ ആ മൂര്‍ത്തിയുടെ അടിമയാണെന്നാണ് വിശ്വാസം.) അങ്ങനെ ശബരിമല ശാസ്താവിനെ കാണാന്‍ പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും തകഴി ശാസ്താവിനെ കണ്ടിട്ടേ അച്ഛന്‍ മലക്കു പോകൂ.

തകഴി അമ്പലത്തില്‍ പോകുന്നത് ദീപ്തമായ് ഒരോര്‍മ്മയാണ്. കാരണം പോകുന്ന രീതി തന്നെ. ബസ്സിലും കാറിലുമൊന്നുമല്ല പോകുക. കെട്ടുവള്ളത്തിലാണ്. അമ്മയും അമ്മൂമ്മയും 3-3.30 മണിക്കേ എണീറ്റ് ഇഡ്ഡലി സാമ്പാര്‍ ചമ്മന്തി എന്നിവ പ്രഭാത ഭക്ഷണത്തിനും, തൈരൊഴിച്ച് ചമ്മന്തി അച്ചാര്‍ മെഴുക്കുപുരട്ടിവകകളുമായി പൊതിഞ്ഞ ഇലച്ചോറും തയ്യാറാക്കും. കുടിക്കാനുള്ള
വെള്ളം കുപ്പികളില്‍, പിന്നെ ഇടയ്ക്കു തിന്നാന്‍ മിക്സ്ചര്‍, മുറുക്കു മുതലായവയുമായാണ് തകഴിഅമ്പലത്തില്‍ തൊഴലും, കുട്ടനാടന്‍ കായലുകളിലൂടെ ഒരു സഞ്ചാരവും കഴിഞ്ഞ് വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന യാത്രയ്ക്കായി രാവിലെ
ആറുമണിയോടെ ഞങ്ങള്‍ വള്ളത്തില്‍ കയറുന്നത്.

വള്ളത്തിന്റെ പടിയില്‍ തയ്യാറായി ഭാസ്കരനുണ്ടാവും. നീളന്‍ കഴുക്കോലുകളുടെ ബലം നോക്കി തയ്യാറാക്കി വെച്ചേക്കും.തകഴിക്കും തിരിച്ചുമുള്ള ദൂരം മുഴുവനും ഭാസ്കരനാണ് വള്ളമൂന്നുക. ചിലയിടങ്ങളില്‍ മെലിഞ്ഞു കൃശഗാത്രിയായും ചിലയിടങ്ങളില്‍ ഭീതിദമായ ഇരുകരകളും കാണാത്ത വിരിഞ്ഞമാറിടമുള്ള രാക്ഷസിയേപ്പോലെ പുഴ മയങ്ങും. പുറത്തുവരാന്‍ മടിച്ചുനില്‍ക്കുന്ന ഒരു മന്ദഹാസത്തിന്റെ നിഴല്‍ ചുണ്ടിലൊതുക്കി ഭാസ്കരന്‍ പുഴയെ തന്റെ കഴുക്കോലുകൊണ്ട് നേരിടും. ഭാസ്കരനൊരു മിതഭാഷിയാണ്.
ചോദിക്കുന്നതിനു മാത്രം പതുക്കെ ഉത്തരം പറയും. കരുത്തുറ്റ കൈകള്‍ ഞങ്ങളെ ശ്രദ്ധയോടെ എടുത്ത് വള്ളത്തില് കയറ്റുകയും ഇറക്കുകയും ചെയ്യും. കഴുക്കോല്‍ ഊന്നാന്‍ പറ്റാത്ത ആഴമുള്ള സ്ഥലങ്ങളില്‍ ഭാസ്കരന്‍ വള്ളം ഏകദേശംകരയോടടുപ്പിച്ച് കരയില്‍ ചാടിയിറങ്ങി, കഴുക്കോല് വള്ളത്തിന്റെ ഒരറ്റത്ത് ബലമായി അമര്ത്തിപ്പിടിച്ച് ആറ്റിറമ്പിലൂടെ നടക്കും. വെള്ളത്തിലേക്കു ചാഞ്ഞുനില്ക്കുന്ന മാവുകള്‍ വഴിയില്‍ ധാരാളമുണ്ട്. വള്ളം അവയോടടുപ്പിച്ച് മാങ്ങ പൊട്ടിച്ചു തരും. കൊണ്ടുവന്ന
പലഹാരങ്ങളേക്കാള്‍ സ്വാദോടെ ഞങ്ങളാ മാങ്ങ തിന്നുകൊണ്ടിരിക്കും.

അങ്ങനെ അടുത്ത കൊല്ലം തകഴിയാത്രയ്ക്കുള്ള ഒരുക്കങ്ങളെക്കുറിച്ചു സ്വപ്നവും കണ്ട് ഈ യാത്രയുടെ മധുരസ്മരണകള്‍ വീണ്ടും നുണഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തും.

(എന്റെ പേടിസ്വപ്നമായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ചിറ്റപ്പന്‍ ചിലപ്പോള്‍ പൊട്ടിവീണപോലെ തകഴിയാത്രയ്കെത്തും. ഭാസ്കരന്റെ കയ്യില്‍ നിന്നുംകഴുക്കോല് വാങ്ങി തോന്നിയപോലെ വള്ളമൂന്നുക, വള്ളം
കുലുക്കുക എന്നീ കലാപരിപാടികളാണ് ചിറ്റപ്പന്. കരഞ്ഞു വശംകെട്ടായിരിക്കും ആ തവണ ഞങ്ങള്‍ കുട്ടികള്‍തിരിച്ചെത്തുക) .

അതുകഴിഞ്ഞാല്‍ ഭാസ്കരനെ കാണുക പറമ്പിലും പാടത്തുമാണ്. ഒരു ചുട്ടിത്തോര്‍ത്തുമുടുത്ത് തെങ്ങിനു തടമെടുക്കുന്ന വലിയ തൂമ്പയും തോളില്‍ വെച്ച് ഭാസ്കരന്‍ വരും. വലിയ തൂമ്പയില്‍ മണ്ണ് കോരി നിമിഷങ്ങള്‍ക്കകം തെങ്ങുകള്‍ക്കെല്ലാം തടമെടുത്ത് ശീമക്കൊന്നപ്പത്തലും വെട്ടിയിട്ടാല്‍ പിന്നെ വിറകുകീറലാണ്. പ്ലാവും മാവും പറങ്കിമാവുമൊക്കെ ഭാസ്കരന്റെ
കോടാലിത്തലപ്പിന്നടിയില്‍ ഞെരിയും. അടുത്തെങ്ങാനും ചെന്നു നിന്നാല്‍ ‘മക്കളങ്ങു മാറിനിന്നോ വിറകിന്‍ ചീളുവന്നു കണ്ണില്‍ കൊള്ളും‘ എന്നു പറഞ്ഞ് ദൂരെ മാറ്റിനിര്‍ത്തും. പാടത്തെ വിത്തിടീലിന് കലപ്പപിടിക്കാനും , കുളം തേകാനുമൊക്കെ ഭാസ്കരനില്ലാതെ ഒരു തവണപോലും കടന്നുപോയിട്ടില്ല. ഞാന്‍ വിവാഹിതയായി പോന്നസമയത്തോടെ പ്രായം ഭാസ്കരനെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കണം. ശാരീരികാധ്വാനം ഏറെയുള്ള പണികള്‍ നിര്‍ത്തി കടവില്‍ കടത്തുവള്ളം തുഴയുന്ന പണിയിലായിരുന്നു പിന്നീട് എന്നു അമ്മ പറഞ്ഞു. മൂത്തമകന്‍ ഒരപകടത്തില്‍പ്പെട്ട് ഗള്‍ഫില്‍ വെച്ചു മരിച്ചതും കുടുംബത്തിലെ മറ്റുചില ദുരന്തങ്ങളും ആ മനുഷ്യനെ ഇനി തിരിച്ചുകേറാനാകാത്ത വ്യഥയുടെ കയത്തിലാക്കിയിരിക്കണം.അല്ലെങ്കില്‍ എന്നോടൊരു മറുപടിപറയാതെ ഭാസ്കരന്‍ ഒരിക്കലും നടന്നു മറയുകയില്ല.

മമ്മൂട്ടിക്ക് വയസ്സാകില്ല!

മമ്മൂട്ടിക്ക് വയസ്സാകില്ല !

ഇന്നുച്ചക്കു മഴയത്തൊരു നഗരപ്രദക്ഷിണം വച്ചുവന്ന് ഒന്നും ചെയ്യാനില്ലാതെ ഇരിക്കയായിരുന്നു. എന്നല്‍ റ്റീവിയില്‍ വല്ലതും കാണാന്‍
കൊള്ളാവുന്നതുണ്ടോന്നു നോക്കാം എന്നു കരുതി ചാനലുകള്‍ മാറ്റി മാറ്റി നോക്കി. ന്യൂസ് ചാനലുകളില്‍ ആകെ 20-20 മാത്രം. ശനിയാഴ്ചയാണല്ലൊ പടം എന്തേലുമുണ്ടോ എന്നു നോക്കിച്ചെന്നപ്പോ നമ്മുടെ സൂര്യഭഗവാന്റെ ചാനലില്‍ ആണെന്നു തോന്നുന്നു നമ്മുടെ മെഗാസ്റ്റാര്‍ ഒരു കാക്കിവേഷവും കോളറിലൊരു കൈലേസും തിരുകിവെച്ച വേഷത്തില്‍ ഒരു സീനില്‍ അദ്ദേഹത്തിന്റെ അമ്മയായി
അഭിനയിക്കുന്ന നടിയോട് സംസാരിക്കുകയാണ്. അമ്മ പപ്പടം കാച്ചുകയാണ്. മുഖം കാണാന്‍ വയ്യ. തലയില്‍ തട്ടമൊക്കെ ഇട്ട് മുസ്ലിം വേഷമാണ്.

മെഗാസ്റ്റാറിന്റെ ഡയലോഗ് കേട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖത്തേക്ക് കാമറചെല്ലുന്നു. ദൈവമേ! ഞാന്‍ ഞെട്ടിപ്പോയി! ഇതു നമ്മുടെ ബിന്ദുപണിക്കരല്ലേ? ബിന്ദുപണിക്കര്‍ മെഗാസ്റ്റാറിന്റെ അമ്മയായോ? (കുറച്ചു കഴിഞ്ഞ് പരസ്യത്തിന്റെ ഇടവേളയില്‍ മനസ്സിലായി മമ്മൂട്ടിയുടെ ബസ് കണ്ടക്റ്റര്‍ എന്ന പടമാണതെന്ന്.)

ഓര്‍മ്മകള്‍ പലവര്‍ഷങ്ങള്‍ പിന്നിലേക്കു മറക്കുമ്പോള്‍ കണ്ടു മടുക്കാത്ത ഒരു പടം നമുക്കോര്‍മ്മവരുന്നില്ലേ? അതേ നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ ‘വാത്സല്യം’തന്നെ. മ്മടെ മേലേടത്ത് രാഘവന്‍ നായരേം കുടുംബത്തിനേം മറക്കാനൊക്കുമോ? എത്ര വര്‍ഷങ്ങളായി മേലേടത്ത് രാഘവന്‍ നായര്‍ മാതൃകാ കുടുംബസ്ഥനായി നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു. രാഘവന്‍ നായരുടെ
കുട്ടമ്മാമടെ കതിരുപോലിരുന്ന മകളേം ഓര്‍മ്മയില്ലേ? അതേ നമ്മടെ ബിന്ദു പണിക്കര്‍ അനശ്വരയാക്കിയ ആ കുട്ടി തന്നെ. മമ്മൂട്ടിയുടെ രാഘവന്‍ നായര്‍ സ്വന്തം പെങ്ങള്‍ക്കുവേണ്ടി പറഞ്ഞുവെച്ചിരുന്ന ചെറുക്കന് കല്യാണം കഴിച്ച് കൊടുത്തയച്ച ആ കുട്ടി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ (വാത്സല്യം ഇറങ്ങിയത് 1993 ല്‍, ബസ് കണ്ടക്ടര്‍ 2005) മെഗാസ്റ്റാറിന്റെ അമ്മയാകാനുള്ള കോലമായി!
കഷ്ടം. ഞങ്ങളുടെ തൊഴില്‍ അഭിനയമാണ്, കഥാപാത്രത്തെയാണ് നോക്കുന്നത് എന്നൊക്കെ നടീനടന്മാര്‍ക്കു പറയാമെങ്കിലും ഓരോ കഥാപാത്രത്തേയും നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകന്റെ മനസ്സിനെയും വികാരങ്ങളേയും കൂടി ഒന്നാലോചിക്കണേ!
അല്ല മമ്മൂക്കാ അഭിനയം നിര്‍ത്തുന്നതിനു(!) മുന്‍പേ കുടുംബസ്ഥനായ ഒരു കഥാപാത്രത്തെയെങ്കിലും ഉടനേയെങ്ങാനും കാണാന്‍ പറ്റുമോ? അതോ ഇനിയും കല്യാണാലോചനാ സീനുകളും പ്രണയ രംഗങ്ങളും കാണേണ്ടിവരുമോ? ഈശ്വരോ രക്ഷതു!
ആള്‍ക്കൂട്ടത്തില്‍ തനിയെ യും, അനുബന്ധവും വടക്കന്‍ വീരഗാഥയും അഴകിയ രാവണനുമൊക്കെ ഇപ്പോളും ഒറ്റയിരുപ്പിനു കാണുന്ന ഒരുവളാണിതു പറയുന്നെ. എന്നുകൂടി പറയാന്‍ ആഗ്രഹിക്കുന്നു.

തീയറ്ററുകളില്‍ പോയി സിനിമകാണാനുള്ള ധൈര്യം ഇല്ലാ‍ത്ത കൊണ്ട് പലസിനിമകളും കാണാറില്ല. 2005 ലെ ബസ് കണ്ടക്റ്റരെ ഇപ്പോള്‍ കാണാനിടയായതും അക്കാരണത്താല്‍ തന്നെ. ചാനലുകാരുടെ ഔദാര്യത്തില്‍ വല്ലതും കാണുമ്പോളാണ് ഈ
വിധക്കാഴ്ച്ചകളും! കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാതിരിക്കാനുള്ള തീരുമാനം നല്ലതു തന്നെ, എന്ന് പല ചാനല്‍ സിനിമകളും കാണുമ്പോള്‍ തോന്നുന്നു.

മഴയില്‍ ..

മഴയില്‍ ..

വ്യാഴാഴ്ച രാത്രി മഴപെയ്യാന്‍ ഭാവമുണ്ടെന്നു തോന്നിയെങ്കിലും ഞാന്‍ ഉറങ്ങുന്നതു വരെ മഴ ഇല്ലായിരുന്നു. തകഴിയുടെ ഏണിപ്പടികളില്‍ കെട്ടു പിണഞ്ഞു കിടക്കുകയാണ് കുറച്ചു ദിവസമായി. വായിച്ചിട്ടു നീങ്ങുന്നേ ഇല്ല.
കുറേ രാജഭരണക്കാലത്തെ രാഷ്ട്രീയ സംഭവങ്ങള്‍ വിസ്തരിച്ചെഴുതിയിട്ടുണ്ട് അതില്‍, എങ്കിലും ഒരു പേജും വിടാതെ തന്നെ വായിക്കുന്നു. പറഞ്ഞുവന്നതു വ്യാഴാഴ്ച രാത്രിയെപ്പറ്റിയാണ്, ഞാന്‍ വായിച്ച് മയങ്ങിപ്പോയി. ഒന്നരമണിആയിക്കാണുമെന്നു തോന്നുന്നു, പെട്ടന്നു ഒരു ഇടിവെട്ടു കേട്ടാണ് ഉണര്‍ന്നത്. സാധാരണ എനിക്കു പേടിയൊന്നും
ഉണ്ടാകാത്തതാണ്. അന്നെന്താണെന്നറിയില്ല, വല്ലാത്തൊരു പേടി വന്നങ്ങു പൊതിഞ്ഞു. ഒറ്റക്കാണെന്നൊരു തിരിച്ചറിവോ എന്താണെന്നറിയില്ല, വീണ്ടും ഭയങ്കര മിന്നലും ഇടിവെട്ടും കനത്തമഴയും. മിന്നലെന്നു പറഞ്ഞാല്‍ തീപോലത്തെ
മിന്നല്‍ മുറിക്കുള്ളിലേക്ക് കടന്നു വന്ന് നാക്കു നീട്ടി പേടിപ്പിക്കുന്നു. എണീറ്റ് മക്കളെ വിളിക്കാമെന്നു കരുതി അവരുടെ
മുറിയില്‍ ചെന്നപ്പോള്‍ രണ്ടും നല്ല പൂണ്ട ഉറക്കം. തീപിടിച്ചാലും രണ്ടും അറിയില്ല. ഒരു തരത്തില്‍ ഒരാളെ എണീപ്പിച്ചു. അവനോടുപറഞ്ഞു ഇടിവെട്ടുന്നു അമ്മേടെ മുറിയില്‍ വന്നു കിടക്കണൊ എന്ന്. അവന്‍ പറഞ്ഞു amma we hv grown up, we r not afraid of lightning and thunder anymore, u dont worry go and sleep ' എന്ന്. ശരിക്കും എനിക്കാണു പേടി എന്നും ഒറ്റക്കിരിക്കാന്‍ വയ്യ എന്നും അവനോട് എങ്ങനെ പറയാനാണ്! അന്നു രാത്രി
പിന്നെ ഞാന്‍ ഉറങ്ങിയില്ല. പേടിച്ചിട്ടല്ല, ആരും ഇല്ലാത്ത ഒരവസ്ഥയാണെന്ന തിരിച്ചറിവില്‍. നേരം വെളുക്കുന്നതുവരെ കനത്ത മഴയായിരുന്നു. ആ ശബ്ദവും കേട്ടുകൊണ്ട് കര്‍ട്ടന്‍ മാറ്റിയിട്ട് കിടന്നു. മഴ എന്നെ ഉറക്കാന്‍ നോക്കുന്നപോലെ കുറെ പാടി. ഞാന്‍ വാശിക്കാരിയായ കുഞ്ഞിനെപ്പോലെ കണ്ണടക്കാതെ മഴയെത്തന്നെ നോക്കിക്കിടന്നു. നേരം വെളുത്തപ്പോള്‍ മഴപോയി.
തണുപ്പ് കുറച്ചുനേരം കൂടി പുതപ്പിനുവെളിയിലും മുറിയുടെ മൂലകളിലും തങ്ങിനിന്ന ശേഷം മഴയെത്തിരക്കിപ്പോയി.