Saturday, March 17, 2012

പാത്തൂട്ടി ഉമ്മ

MONDAY, APRIL 12, 2010

പാത്തൂട്ടി ഉമ്മ

ഇന്നലെ ആരോഗ്യപരമായ കാരണങ്ങളാല്‍നാട്ടിലെത്തിയതാണ്. വണ്ടിയോടിക്കല്‍നിരോധിച്ചിരിക്കുന്നതുകൊണ്ട് പുറത്തിറങ്ങണമെങ്കില്‍ആട്ടോറിക്ഷ വിളിക്കാതെ രക്ഷയില്ല. മോനെപ്പറഞ്ഞുവിട്ട് ആട്ടോ വിളിപ്പിച്ചപ്പോള്‍വന്നത് കുറച്ചു നാള്‍മുന്‍പ് കണ്ടുമറന്ന ഒരു മുഖം. എങ്കിലും വേഗം ആളെപ്പിടികിട്ടി. കബീര്‍. മെലിഞ്ഞുനീണ്ട് ഒരല്പം മുന്നോട്ടു വളഞ്ഞ് നടക്കുന്ന കബീര്‍. മുഖത്ത് ഒന്നാംതരം ഇസ്ലാം താടി. നെറ്റിയില്‍നിസ്കാരത്തഴമ്പ്. എന്റെ അയല്‍ക്കാരനാണ്.കുറെനാള്‍ ഗള്‍ഫിലായിരുന്നു. അവിടെ നിന്ന് നാട്ടില്‍ തിരിച്ചു വന്ന് ഇപ്പോള്‍ ആട്ടോ ഓടിക്കുന്നു. കബീറിന് ഒരു സഹോദരനുണ്ട് നയിസ്. മെലിഞ്ഞ് ഒരല്പം അകത്തോട്ട് വളഞ്ഞുള്ള ശരീരപ്രകൃതിതന്നെയാണ് നയിസിനും.തപാല്‍ വകുപ്പിലെന്തോ ചെറിയ ജോലിയാണ്. നയിസിനെക്കണ്ടിട്ടും നളേറെയായിരിക്കുന്നു.

ആട്ടോയിലിരുന്നപ്പോള്‍ കുറച്ച് നാട്ടുവിശേഷം ചോദിക്കാമെന്നു വച്ചു, ഉമ്മ എന്തു പറയുന്നു എന്ന് എന്റെ ചോദ്യത്തിന് കബീര്‍ ഒരു നിമിഷം മൌനമാചരിച്ചു. എന്നിട്ട് പറഞ്ഞു. ‘ഉമ്മ മരിച്ചു.’
ഞാനൊന്നു ഞെട്ടി. എന്റെ ഞെട്ടലിനുത്തരമായി കബീര്‍ വീണ്ടും പറഞ്ഞു. മൂന്നു മാസമായി. പെട്ടന്നായിരുന്നു. ഒരു ദിവസം അത്താഴമുണ്ടുകൊണ്ടിരുന്നപ്പോള്‍ തൊണ്ടയില്കുടുങ്ങിയപോലെ ഒരസ്വസ്ഥത.പെട്ടന്ന് അടുത്തുള്ള ആശുപത്രിയില്കൊണ്ടുപോയി. പിന്നെ തിരിച്ച് മയ്യത്തുകട്ടിലിലാണ് കൊണ്ടുവന്നത്.’ എനിക്കാകെ നാണക്കേട് തോന്നി. എന്റെ അയല്പക്കക്കാരി മരിച്ചത് ഞാനറിഞ്ഞിട്ടില്ല, വിളിക്കുമ്പോളൊന്നും അമ്മയും അച്ഛനും പറഞ്ഞുമില്ല. മക്കളുടെ പരീക്ഷയും ജോലിത്തിരക്കും കാരണം കഴിഞ്ഞ അഞ്ചാറുമാസങ്ങള്‍ക്കിടയ്ക്ക് ഒറ്റത്തവണയേ നാട്ടില്‍ വന്നുള്ളല്ലോ എന്നും ഓര്‍ത്തു. അമ്മൂമ്മ മരിച്ചപ്പോഴായിരുന്നു അത്. അന്ന് തിരക്കിനിടയില്മറ്റൊന്നും സംസാരിച്ചുമില്ല. വീണ്ടും നഗരത്തിരക്കില്‍ മുങ്ങി നടക്കാന്‍ തിരിച്ചെത്തുകയും ചെയ്തു.

കബീര്‍ നിശ്ശബ്ദനായി ആട്ടോ ഓടിച്ചുകൊണ്ടിരുന്നു. സ്കൂള്‍ ജംഗ്ഷനിലെ സ്പീഡ് ബ്രേക്കറും റെയില്‍‌വേ ക്രോസ്സും കടന്ന് ആട്ടോ പൊയ്ക്കൊണ്ടേയിരിക്കുകയായിരുന്നു.

ഞാന്‍ വീണ്ടും ആലോചിച്ചു, പാത്തൂട്ടി ഉമ്മ മരിച്ചു. എന്റെ അയല്‍ക്കാരി. കബീറിന്റെയും നയിസിന്റെയും ഉമ്മ. ഓര്‍മ്മവച്ച നാള്‍ മുതല്‍ പാത്തൂട്ടി ഉമ്മ ദിനചര്യയുടെ ഭാഗം പോലെ ജീവിതത്തില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി പാടവരമ്പ് കടന്ന് റോഡിലേക്ക് കയറുന്ന നാട്ടുവഴിയുടെ തൊട്ടിടതുഭാഗത്താണ് പാത്തൂട്ടി ഉമ്മയുടെ വീട്. സ്കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ വരമ്പ് കടന്ന് വഴിയിലേക്ക് കടക്കുന്നതു വരെ അമ്മയുടെ കണ്ണ് പിന്നാലെ കാണും. കൈതചാഞ്ഞുനില്‍ക്കുന്ന നാട്ടുവഴി പിന്നെയും ഒരു മുപ്പതടി നടക്കണം റോഡില്‍ കയറാന്‍. പാടം കടന്നാല്‍ ഇടതുവശത്ത് പാത്തൂട്ടിഉമ്മയുടെ വീട്ടിലെ കുളം, വലതുവശത്ത് പുറമ്പോക്ക് കുളം. ഞാന്‍ കുളങ്ങള്‍ കടക്കുന്നതു വരെ ശ്വാസം പിടിച്ചു നില്‍ക്കുന്ന അമ്മയുടെ കണ്ണുകളിലെ മറയുന്ന കാഴ്ചയില്നിന്ന് പാത്തൂട്ടിഉമ്മ എന്നെ ഏറ്റെടുക്കും. റോഡില്‍ കയറുന്നതുവരെ അവ കൈപിടിച്ചുനടത്തുന്നതുപോലെ മുന്നേ നടക്കും.

എന്റെ ബാല്യകാലസ്മരണകളാണിവ. കടും പച്ച കള്ളികളുള്ള മുണ്ട് നീളന്‍ മടിയിട്ടുടുത്ത്, കടും പച്ചയില്‍ ചുവന്ന അരികുകള്‍ വച്ചുതയ്ച്ച ഉമ്മച്ചിക്കുപ്പായം. കൈനീളമുള്ള ആ കുപ്പായത്തിന്റെ കയ്യരികുകളിലെ ചുവന്ന നിറം കറിമസാലയും മഞ്ഞളും വീണ് പച്ചയാണോ മഞ്ഞയാണോ നീലയാണോ എന്നറിയാത്ത ഒരുനിറം പകര്‍ന്നുനില്‍ക്കും.ചുവപ്പ് അരികുകള്‍ മസാലക്കൂട്ടില്‍ മയങ്ങിക്കിടക്കും. തലയില്‍ മടക്കി ഞൊറിയിട്ട വെള്ളത്തട്ടം. തൊട്ടാല് ‘സില്‍ക്കുപോലെ’ തോന്നുന്ന ആ തുണി ബാല്യകാല കൌതുകങ്ങളിലെ മായാത്ത ബിംബങ്ങളിലൊന്നാണ്.

വെളുവെളുത്തു മെലിഞ്ഞ ഉമ്മയുടെ ചുണ്ടുകള്‍ക്ക് ചോരച്ചോപ്പാണ്. അതിന്റെ കാരണക്കാര്‍ നീളന്മടിയിലൊളിച്ചിരിക്കുന്ന മുറുക്കാന്‍പൊതിയിലുള്ള ചില രഹസ്യക്കാരാണ്. സാമാന്യം വലുപ്പമുള്ള പൊതിയിലെ ഉമ്മയുടെ കൂട്ടുകാര്‍ വാസനപ്പുകയില, വാസനച്ചുണ്ണാമ്പ്, സുഗന്ധപാക്ക് എന്നിവരാണ്. ഇവരെല്ലാം തന്നെ എന്റെ അമ്മൂമ്മയുടേയും കൂട്ടുകാരാണ്. ഊണുകഴിഞ്ഞ് എല്ലാരും ഉച്ചമയക്കത്തിന് കയറുന്ന വേളകളില്‍ ഉമ്മ വീട്ടില്‍ വരും. അമ്മൂമ്മയും ഉമ്മയും പടിഞ്ഞാറുവശത്തുള്ള ഇല്ലിക്കാടിനടുത്ത് പുല്പായ വിരിച്ചിരുന്ന് സുഗന്ധ മുറുക്കാന്‍ മുറുക്കും. പുകയിലയും ചുണ്ണാമ്പും പാക്കും ചേര്‍ന്ന സുഗന്ധമിശ്രണം ഉമ്മയുടെ സംഭാവനയാണെങ്കില്‍ മേമ്പൊടി ചേര്‍ക്കാന്‍ ഒന്നാംതരം തുളസിവെറ്റില നുള്ളിയെടുത്തത് അമ്മൂമ്മയുടെ വകയാണ്. വടക്കുവശത്തെ തേന്‍വരിക്കപ്ലാവില്‍ പടര്‍ത്തിയ തുളസിവെറ്റിലകള്‍ അങ്ങനെ അമ്മൂമ്മയുടേയും ഉമ്മയുടേയും വിശ്രമവേളകള്‍ ആനന്ദദായകങ്ങളാക്കും.

മുറുക്കാന്‍ പൊതിയോട് ചേര്‍ന്ന് കൊച്ചുനാണയങ്ങള്‍ കിലുങ്ങുന്ന ഒരു മുഷിഞ്ഞസഞ്ചിയുമുണ്ടാവും. ഒരു കുഞ്ഞി വട്ടം പോലെ ഒരു പൈസാത്തുട്ട്, പൂവിന്റെ ആകൃതിയില് രണ്ടുപൈസ, പഞ്ചകോണാകൃതിയില്‍ മൂന്നുപൈസ, അരികുകള്‍ മിനുക്കിമടക്കിയ അഞ്ചുപൈസാത്തുട്ടുകള്എല്ലാം ചേര്‍ന്ന് അങ്ങനെ ഉമ്മയുടെ മടിയിലൊരു കൊച്ചു കോലാഹലക്കൂട്ടം. കൂടെക്കിലുങ്ങാന്‍ കുറച്ചു പഴയ ഇരുമ്പുതാക്കോലുകളും.ചിലപ്പോ നാലണ (ഇരുപത്തഞ്ചു പൈസ) ത്തുട്ടുകള്‍ കാണും. അത് ഉമ്മ സൂക്ഷിച്ചു വയ്ക്കുന്നത് അക്കരെ അമ്പലത്തില്‍ കാണിക്ക ഇടാന്‍ തരാനാണ്. ഞങ്ങള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കുളത്തിനരികെ വേലിക്കല്‍ വന്നു നില്‍ക്കും. ഇതും കൂടെ കാണിക്കയിട്ടേരെ എന്നു പറഞ്ഞ് നാലണത്തുട്ടുകള്‍ നീട്ടും.

ഉമ്മയുടെ കാതിലെ സ്വര്‍ണ്ണച്ചിറ്റുകള്‍ മറ്റൊരല്‍ഭുതമായിരുന്നു. അമ്മോ!! ചെവിക്കുട നിറച്ചും തുളകള്. അതില്‍ തിങ്ങിത്തിങ്ങി ചെറിയ സ്വര്‍ണ്ണവളയങ്ങള്. കാതില്‍ മിന്നുന്ന ചുവന്നകല്ലുവെച്ച വലിയ കമ്മല്‍. ചിലപ്പോ അതിന് താഴോട്ട് തൂങ്ങുന്ന ഒരു ജിംക്കയും കാണും. അമ്മൂമ്മ കൂടി എന്താ ചിറ്റുകള്‍ ഇടാത്തത് എന്നൊരിക്കല്‍ ഞാനൊരു മണ്ടന്‍ ചോദ്യമുയര്‍ത്തുകയും, വായനിറയെ മുറുക്കാനുമായി അമ്മൂമ്മയും ഉമ്മയും കൂടി കുലുങ്ങിച്ചിരിച്ച് എന്നെ വിഡ്ഢിയാക്കിയതും ഒരോര്‍മ്മ. ഉമ്മ പ്രായമായേപ്പിന്നെ ജിംക്കയും പോയി. ചിറ്റുകളോരോന്നും അപ്രത്യക്ഷമായി. കാതിലെ തുളകള്‍ നിറമാര്‍ന്ന ഒരു ഭൂതകാലത്തിന്റെ സാക്ഷ്യങ്ങളായി ഉമ്മയെ നോക്കിനില്‍ക്കുന്നുണ്ടാവണം. മക്കള്‍ രണ്ടുപേരും സാമ്പത്തികമായി വലിയ ഉയര്‍ച്ചയിലെത്താഞ്ഞതും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും കാതിലെ ചിറ്റുകളെ കാശാക്കിമാറ്റിക്കാണണം.

ഈ വിഷുക്കാലത്ത് പാത്തൂട്ടി ഉമ്മയെ ഓര്‍ക്കാന്‍ ഇപ്പറഞ്ഞവയൊന്നുമല്ല കാരണം. വിഷുവിന് വീട്ടില്‍ കണിവയ്ക്കാന്‍ കൊന്നപ്പൂ തന്നിരുന്നത് ഉമ്മയായിരുന്നു. ഉമ്മയുടെ വീട്ടിലുണ്ട് ഒരു നെടുനീളന്‍ കൊന്നമരം. കുളത്തിന്റെ കരയിലാണത്. കുളത്തിലെ വെള്ളത്തില്‍ പൂക്കളം തീര്‍ത്ത് നിറയെ കൊന്നപ്പൂക്കള്‍ തിങ്ങിക്കിടക്കും. മരം ഇലയില്ലാക്കൊമ്പില്‍ പൂക്കൂടകെട്ടി വിഷുവിന് പൂതേടിവരുന്ന കുട്ടികളെക്കാത്തു നില്‍ക്കും. വിഷുവിന്റെ തലേദിവസം നാട്ടിലെ ചെക്കന്മാരെല്ലാം തോട്ടിയും കെട്ടി മരത്തിനു ചോട്ടില്‍ കാണും. അതില്‍ ആദ്യം വരുന്ന ആള്‍ പറിക്കുന്ന ആദ്യത്തെ കുലകള്‍ ഉമ്മ കസ്റ്റഡിയില്‍ വയ്ക്കും. ഏറ്റവും നല്ല പൂങ്കുലകളാവും അവ. കുലതിങ്ങി പൊന്മണികള്‍ തൂങ്ങുന്ന അവ എന്റെ വീട്ടിലേക്കാണ്. (കൊന്നമരം നട്ടുപിടിപ്പിക്കാന്‍ പാടില്ലാ എന്നൊരു തത്വമോ മറ്റോ ഉണ്ടായിരുന്നതുകൊണ്ട് ഒരു മരക്കാടുതന്നെയുണ്ടായിരുന്ന എന്റെ വീട്ടില്‍ അന്ന് കൊന്നമരമില്ലായിരുന്നു) വിവാഹം കഴിഞ്ഞ് നാടുവിടുന്നതുവരെ ഒരു വിഷുവിനുപോലും പൂക്കള്തിരഞ്ഞ് നാടുനീളെ നടക്കേണ്ടിവന്നിട്ടില്ല.

കാലം വരുത്തിയ മാറ്റങ്ങളില്‍ കാല്‍നട തീര്‍ത്തും ഇല്ലാതായി. നാട്ടുവഴിക്കു വീതികൂടി പഞ്ചായത്ത് റോഡായി. കൈതക്കാട് നാടുനീങ്ങി. കോണ്‍ക്രീറ്റ് മതിലുകള്‍ വീടുകളെയും നാട്ടുസൌഹൃദങ്ങളേയും മറച്ചുപിടിച്ചുനിന്നു. വാഹനമോടിക്കാനുള്ള ലൈസന്‍സ് ലഭിച്ചതോടെ എന്തോ ഒരു നിയോഗം പോലെ സ്റ്റിയറിംഗ് വീലിനു പിന്നിലായി സ്ഥിരം ഇരിപ്പിടം. അതോടെ അയല്പക്കക്കാരൊക്കെ മറഞ്ഞു, വേലിപ്പടര്‍പ്പിനപ്പുറവും ഇപ്പുറവും നിന്നുള്ള നിഷ്കളങ്കമായ കുശലാന്വേഷണങ്ങള്‍ ഓര്‍മ്മകളില്‍ ഇടയ്ക്ക് വന്ന് മുഖം കാണിച്ചുപോയി. മനഃപൂര്‍വമല്ല. ജീവിതം ഒരു സൂപര്‍ഫാസ്റ്റ് ഹൈവേ ആയിത്തീര്‍ന്ന കാലഘട്ടത്തില് ‘പ്രയോറിട്ടീസ് ’ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന വ്യാജമായ തിരക്കുകള്.. എന്താണീ പ്രയോറിട്ടീസ്? അറിയില്ല. പ്രയോറിട്ടീസിനു വികാരങ്ങളില്ല. പിന്തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണുനിറയ്ക്കുന്നതോ ഹൃദയം തുടിപ്പിക്കുന്നതോ ആയ ഒരോര്‍മ്മയും അവ നല്‍കുന്നില്ല. കണക്കുകളും നിയമങ്ങളും മാത്രമാണവിടെ. നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍.... ടാര്‍ഗറ്റുകള്‍... ലാസ്റ്റ് ഡേറ്റുകള്‍... അങ്ങനെയങ്ങനെ ജീവിതം പ്രോഗ്രാം ചെയ്തുവച്ച ഒരു കമ്പ്യൂട്ടറായി. കൊന്നപ്പൂക്കള്‍ ഇപ്പോള്‍ പ്ലാസ്റ്റിക് കവറുകളില്‍ ലഭിക്കുന്നുണ്ട്. പിന്നെയെന്തിനാണ് പാത്തൂട്ടിയുമ്മയേയും അവരുടെ കൊന്നമരത്തേയുമോര്‍ത്ത് സമയം കളയുന്നത്? ബീ പ്രാക്ടിക്കല്‍ മാന്‍!!

ഉമ്മയെ അവസാനമായിക്കണ്ടത് ഒരുവര്‍ഷത്തിനപ്പുറമാണെന്നു തോന്നുന്നു. റോഡില്‍ നിന്ന് പഞ്ചായത്ത് വഴിയിലേക്ക് വാഹനം തിരിക്കുമ്പോള്‍ വേലിക്കല്‍ നില്‍ക്കുന്നു. മുഷിഞ്ഞ കൈലിയും കുപ്പായവും. കൈലിയില്‍ നിറയെ കരിപിടിച്ച വിരലുകള്തുടച്ച പുതിയ ചിത്രപ്പണികള്‍. ഒഴിഞ്ഞ മടിക്കുത്തും, ഞൊറിയില്ലാത്ത പഴയ ഏതോ തുണിക്കഷണം കൊണ്ട് നരച്ച മുടിയിഴകള്‍ മൂടാന്‍ പാടുപെടുന്ന തട്ടവും. വണ്ടിയൊന്നു നിര്‍ത്തിക്കേ ഒന്നു കാണട്ടെ എന്ന പറച്ചില്‍ എന്നില്‍ ലജ്ജയുണര്‍ത്തിയോ? തീര്‍ച്ചയായും. ഞാന്‍ വണ്ടി നിര്‍ത്തിയിറങ്ങി. ഉമ്മ എന്നെ ആകെയൊന്നു നോക്കി. സന്തുഷ്ടയായി ഒന്നു ചിരിച്ചു.വിളറിയ ചുണ്ടുകളില്‍ ഹൃദയം ഇറങ്ങിവന്നു നിന്നിരുന്നു. കൈപിടിച്ചു. പരുപരുത്ത കൈവിരലുകള്‍ എന്റെ കയ്യില്‍ പരതിനടക്കുന്നു. പണ്ട് വെള്ളപ്പൊക്കത്തില്‍ കൈപിടിച്ചു വരമ്പുകടത്തിവിട്ട കൊച്ചുപെണ്ണിന്റെ കൈകള്‍. ഇനിയെന്നു പോകും? രണ്ടുദിവസത്തിനകം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉമ്മാക്ക് വല്ലോം തന്നേച്ച് പോ. പഴ്സില്‍ കയ്യിട്ടപ്പോള്‍ ഒരു നൂറിന്റെ നോട്ട് കിട്ടി. കയ്യില്‍ വച്ചുകൊടുത്തു. ഒന്നും പറയാനില്ലാതെ ഞാനൊരു നിമിഷം നിന്നു. എനിക്കൊന്നും പറയാനില്ല. ഒരു ബാല്യകാലം മുഴുവനും ഓര്‍ക്കാനുള്ള ഖനിയെന്റെ മനസ്സില്‍ നിര്‍മ്മിച്ചുതന്ന ആ ഉമ്മയെ ഞാന്‍ മറന്നിരിക്കുന്നു. നൈമിഷികമായ ഖനികള്‍ക്കുടമയായി, ധനികയായി വേഷം കെട്ടി നടക്കുന്നു. അവര്‍ സ്വയം ഓര്‍മ്മിപ്പിച്ച് എന്റെ മുന്നില്‍ കൈനീട്ടി നില്‍ക്കാന്‍ ദൈവം തീരുമാനിച്ചത് അവരുടെ കഷ്ടപ്പാടല്ല, ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് ദൈവം എന്നെപ്പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ്.

അതിന്റെ അനുബന്ധമാണോ സ്റ്റിയറിങ് വീലിനു പിന്നിലെ ഇരുപ്പും മതിയാക്കിച്ച് ദൈവം വീണ്ടും എന്നെ കബീറിന്റെ ആട്ടോയില്‍ കയറ്റിയത്?

അധികം വിഷമിക്കേണ്ട എന്ന് ചില നാട്ടുകാഴ്ചകള്‍ എന്നെ ആശ്വസിപ്പിക്കുന്നു. മറന്നതും മാറിയതും ഞാന്‍ മാത്രമല്ല. ഉമ്മയുടെ കൊന്നമരം പട്ടുപോയിരിക്കുന്നു. കുളം വെള്ളം വറ്റി ചെളിനിറഞ്ഞ് കറുത്തിരുണ്ട് കിടക്കുന്നു. കൊന്നപ്പൂക്കള്പൂക്കളമിട്ടിരുന്ന വെള്ളത്തില്‍ നിറയെ പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും വലിച്ചെറിഞ്ഞ് നിറച്ചിരിക്കുന്നു. സുഗന്ധപൂരിതമായ ഓര്‍മ്മകള്‍ക്കു നടുവിലൊരു കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് അസഹ്യമായ ഒരു ഗന്ധം തങ്ങിനില്‍ക്കുന്നു. വലതുവശത്തെ പുറമ്പോക്ക് കുളം ഇന്നില്ല. ആരോ അത് മേടിച്ചു നികത്തി വാഴവെച്ചിരിക്കുന്നു. പാടത്ത് കൃഷി നിന്നിട്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.

എങ്കിലും………………
നിറയെപൂത്തുലഞ്ഞ് നില്ക്കുന്ന ഒരു സുന്ദരിക്കൊന്ന എന്റെ വീടിന് തെക്കുവശത്തുണ്ട് ഇന്ന്. താനേ കിളിര്‍ത്ത് ഇക്കൊല്ലം കന്നിപൂത്ത് കണികാണിക്കാന്‍ നില്‍ക്കുന്ന ഒരു സുന്ദരിക്കൊന്ന, ജന്നത്തിലിരുന്ന് പാത്തൂട്ടിയുമ്മ ആ കൊന്നപ്പൂക്കള്കാണുന്നുണ്ടോ?

ഞാന്‍ പുഞ്ചിരിക്കാന്‍ മറന്നിട്ടില്ല. വിഷുവാണ്.

No comments:

Post a Comment