Friday, November 11, 2011

മലയാളഗാനങ്ങളുടെ സ്വപ്നലോകം

മലയാളഗാനങ്ങളുടെ സ്വപ്നലോകം

മലയാളഗാനങ്ങളുടെ സ്വപ്നലോകം
ആരതി മേനോന്‍ ,കൊച്ചി


സ്വപ്നം എന്നും മനുഷ്യന്റെ ഒരു ചാപല്യമാണല്ലോ? സ്വപ്നം കാണാന്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? അതുപോലെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളുടെ ഉള്‍പ്പൊരുളുകള്‍ അറിയാന്‍ വെറും ഒരു കൗതുകത്തിനപ്പുറമുള്ള ഒരു ആകാംക്ഷയും വെമ്പലും ഇല്ലാത്തവരുണ്ടാവുമോ? സ്വപ്നം ജീവിതത്തെക്കുറിച്ച്‌ നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും പറഞ്ഞു തരുന്നു. ഒരു പക്ഷെ നല്ല സംഗീതവും സ്വപ്നവുമായുള്ള ബന്ധവും ഇതാവാം. പ്രതീക്ഷകള്‍ നശിച്ചവര്‍ക്കു പുതിയ പ്രതീക്ഷകളും, ബാക്കി കയ്യില്‍ കുറച്ചു പ്രതീക്ഷകളുള്ളവര്‍ക്കു ആ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കുവാനും സ്വപ്നം പഠിപ്പിക്കുന്നു. ഫ്രോയിട്‌ പറഞ്ഞപോലെ സ്വപ്നങ്ങള്‍ വെറും മനസ്സിന്റെ ഭാവനകളുടെ സാക്ഷാല്‍ക്കാരമാണെന്നു മലയാളത്തിലെ കവികളും ആലോചിച്ചിരിക്കാം. ഒരു വിധം എല്ലാ നല്ല സംഗീതസ്നേഹികളും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ സ്വപ്നജീവികളായിരിക്കും. ഏതായാലും ഈ ലേഖനത്തിന്റെ ഉദ്ദേശം ഫ്രോയിടോ നിങ്ങളുടെ സ്വപ്നങ്ങള്‍ വിശകലനം ചെയ്യുകയോ അല്ല. മലയാള സിനിമാ ഗാനങ്ങളില്‍ സ്വപ്നത്തെപ്പറ്റിയുള്ള പ്രതിപാദനത്തിലേക്കു ഒരു തിരിഞ്ഞുനോട്ടമാണു ഇവിടെ ശ്രമിക്കുന്നത്‌.മറ്റാരേക്കാളും സ്വപ്നങ്ങളെ കുറിച്ചു നമ്മോട്‌ പറഞ്ഞതു സാക്ഷാല്‍ സ്വപ്നജീവിയായിരുന്ന വയലാര്‍ തന്നെയാവണം. "സ്വപ്നസഞ്ചാരിണി, നിന്റെ മനോരധം സ്വര്‍ഗത്തില്‍ ഭൂമിയിലൊ" (ചിത്രം:കൂട്ടുകുടുംബം, 1969) എന്നു ചോദിച്ചു അതിനുള്ള ഉത്തരവും - "സ്വര്‍ഗ്ഗത്തിലല്ല, ഭൂമിയിലല്ല, സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകത്തിലാണു" - നല്‍കുന്ന കവി, ഭാവനയുടെ പുതിയ ഒരു ലോകത്തിലേക്കു കഥാപാത്രത്തെ എന്ന പോലെ കേള്‍വിക്കാരേയും കൊണ്ടുപോകുന്നു. ഈ വിവരണങ്ങളിലൂടെ വയലാര്‍ സ്വര്‍ഗ്ഗവും സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകവുമായുള്ള വിവേചനം മാത്രമല്ല നമ്മോട്‌ പറയുന്നതു. ഈ സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകത്തെ കാംഷിക്കുന്ന ആ സ്വപ്നസുന്ദരി സ്വപ്നത്തില്‍ എത്തിചേരാന്‍ കൊതിക്കുന്ന ആ ഇടത്തിലേക്കു കേള്‍വിക്കാര്‍ക്കും പോകാന്‍ എങ്ങനെ ആഗ്രഹം ജനിക്കാതിരിക്കും. വയലാര്‍ തന്നെ പറഞ്ഞ "സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തുന്ന സുല്‍ത്താനേ പൊന്നു സുല്‍ത്താനേ" (ചിത്രം:കാത്തിരുന്ന നിക്കാഹ്‌,1965) എന്ന വരികളുടെ ഭംഗിയും ഒന്നു വേറെതന്നെയാണു. വയസ്സിലും മനസ്സിലും കൗമാരപ്രായക്കാരായ എല്ലാവരുടേയും ഒരു സ്വപ്നമാവും "ഖല്‍ബില്‍ നിന്നും ഖല്‍ബിലേക്കു കണ്‍പുരികപ്പീലി കൊണ്ടു കമ്പിയില്ലാക്കമ്പി തരുന്നതും" മറ്റും. ജീവിതത്തിനു പ്രചോദനമാവുന്ന പലതും കൊണ്ട്‌ ജഗച്ചേതനയെ വളര്‍ത്തുവാനാണു ഇവിടെ കവി ശ്രമിക്കുന്നതു. അഭിലാഷങ്ങള്‍ പലതും സാഹചര്യങ്ങളാല്‍ സഫലീകരിക്കാന്‍ പറ്റാതെ പോകുന്നതു ജീവിതസത്യം മാത്രമെങ്കില്‍ സ്വപ്നങ്ങളള്‍ക്കു ചിറകുവയ്പ്പിക്കേണ്ടതു തന്റേപോലുള്ള കവികളുടെ കടമായാണെന്നു വയലാര്‍ കരുതിക്കാണണം.

വയലാറിനെ പോലെത്തനെയോ അല്ലെങ്കില്‍ ഒരു പക്ഷെ അതിനേക്കാളേറെയും സ്വപ്നങ്ങളെ തന്റെ ഘടികാരത്തിലെ പെന്റുലമാകിയ കവി തമ്പിയായിരിക്കാം. അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗന്ധര്‍വ്വ സംഗീതത്തില്‍ വാണി ജയറാം പാടിയ (ചിത്രം: ഓമനക്കുഞ്ഞ്‌) "സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങി നിദ്രതന്‍ വേദിക ഇളകി.." എന്ന ഗാനത്തില്‍ തമ്പി എല്ലാ ഭാവനകളുടേയും അതിര്‍വരമ്പുകള്‍ തേടുകയാണു. സ്വപ്നത്തിലൂടെയുള്ള ഈ കഥാപാത്രത്തിന്റെ എല്ലാ സാംഗത്യങ്ങളും ഇവിടെ തമ്പി സമഗ്രഹിക്കുന്നു. മാനസവീണ എന്ന ചിത്രത്തില്‍ ശ്രീകാന്തിന്റെ സംഗീതത്തില്‍ തമ്പി നമ്മോടു സുശീലയുടെ മധുരശബ്ദത്തില്‍ പറയുന്നതു നൊക്കൂ -സ്വപ്നം തരുന്നതും നീ,
ദുഖം തരുന്നതും നീ,
നിന്‍ ദാന പുഷപങ്ങള്‍ കയ്യേറ്റു വാങ്ങും
പൊന്‍പൂത്തളികകള്‍ ഹൃദയങ്ങള്‍

അതീവപ്രണയത്തിന്റെ ചിത്രീകരണമാണു ഇവിടെ രണ്ട്‌ സുരതമായ അന്വയങ്ങള്‍ കൊണ്ടു കവി നമുക്കു കാഴ്ച്ചവയ്ക്കുന്നത്‌. ഈ ഗാനങ്ങള്‍ എല്ലം എഴുതുന്നതിനു വര്‍ഷങ്ങള്‍ മുന്‍പെതന്നെ തമ്പിയുടെ തൂലികയില്‍ നിന്നു ഉരുത്തിരിഞ്ഞ ഒരു അനശ്വരഗാനമാണു എം.ബി.ശ്രീനിവാസന്റെ "സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയൊ.." എന്ന ഗാനം (ചിത്രം: പ്രതികാരം). ഈ ഒരൊറ്റ ഗാനം കൊണ്ട്‌ മലയാളികള്‍ക്കു സ്വപ്നമാണു എന്തു കൊണ്ടും ഭൂമിയിലുള്ള സ്വര്‍ഗ്ഗം എന്നു തമ്പി കാണിച്ചു തരുന്നു. യഥാതഥമായ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നു തമ്പിയുടെ ഈ സ്വപ്നഗാനം എന്നതു ഗാനത്തിന്റെ ഭംഗി പതിന്മടങ്ങു കൂട്ടുന്നു. ഇതിനോടു താരതമ്യം ചെയ്തു നോക്കെണ്ട വേറൊരു മറക്കാന്‍ കഴിയാത്ത ഗാനം മാധുരിയമ്മയുടെ ശബ്ദത്തിലുള്ള "സ്വപ്നത്തില്‍ വന്നവള്‍ ഞാന്‍ സ്വരധാര പെയ്തവള്‍ ഞാന്‍.." എന്നതാണു (ചിത്രം: ടാക്സി കാര്‍, സംഗീതം:ആര്‍.കെ.ശേഖര്‍). ഈ ഗാനത്തിലെ സാഹിത്യം തികച്ചും അവിശ്വസനീയമായ ഉപരിതലത്തിലുള്ളതായ്‌ കരുതാം. വിചിത്രകല്‍പനയുടെ ലോകത്തില്‍ "അഴകിന്റെ വനങ്ങളില്‍ തപസ്സിരുന്നു ആനന്ദ സ്വര്‍ഗ്ഗങ്ങള്‍ കീഴടക്കുന്ന" ഒരു അപ്സരകന്യകയാണു ഇവിടത്തെ കഥാപാത്രം.


സ്വപ്നങ്ങളെക്കുറിച്ചെന്നല്ല എവിടെ മലയാളഗാനങ്ങളെക്കുറിച്ചു പറഞ്ഞാലും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരേയൊരാള്‍ ഭാസ്കരന്‍ മാസ്റ്റര്‍ ആണെന്നെടുത്തു പറയേണ്ടതില്ലല്ലോ? അദ്ദേഹത്തിന്റെയും ചില മറക്കാനാവാത്ത സ്വപ്നബിന്ദുക്കള്‍ ചലച്ചിത്രഗാനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട്‌. "സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം, ദുഖഭാരങ്ങളൂം പങ്കു വക്കാം.." (ചിത്രം:കാണാന്‍ കൊതിച്ച്‌,1987, സംഗീതം:വിദ്യാധരന്‍ മാസ്റ്റര്‍), എന്ന ഒറ്റ ഗാനം മതി ഭാസ്കരന്‍ മാസ്റ്ററുടെ കവിഭാവനയുടെ ഇന്ദ്രജാലം അറിയാന്‍. ലാളിത്യത്തിന്റെ മുഖപടമണിഞ്ഞു മാസ്റ്റര്‍ മലയാളികളോട്‌ പറയുന്ന ഈ ദാര്‍ശനികതയുടെ മാസ്മരശക്തി ഒരിക്കലും ഏതു കവിയാലും തോല്‍പ്പിക്കാന്‍ കഴിയാത്തതാണു. ഇതു തത്വചിന്തയായിരുന്നെങ്കില്‍, മാസ്റ്ററുടെ മറ്റൊരു സ്വപ്നഗാനം ഗൃഹാതുരത്വത്തിന്റെ അതീവമായ മോഹമാണു - "സ്വപ്നമന്ദാകിനി തീരത്തു പണ്ടൊരു സ്വര്‍ഗ്ഗവാതില്‍ പക്ഷി കൂടുവച്ചു.." (ചിത്രം: ഓര്‍ക്കുക വല്ലപ്പോഴും) എന്ന ഗാനം. ഭാസ്കരന്‍ സ്വപ്നമന്ദാകിനിയെ കുറിച്ചു പറഞ്ഞതുപോലെ തന്നെ "സ്വപ്നമാലിനി തീരത്തുള്ളൊരു കൊച്ചു കല്യാണ മണ്ടപത്തെ.." കുറിച്ചും ദേവദാസ്‌ (സംഗീതം:രാഘവന്‍ മാസ്റ്റര്‍) എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു ഒരു ഔന്മുഖ്യമുണ്ടാക്കി തന്നു. മറ്റൊരു മറക്കാന്‍ കഴിയാത്ത ഭാസ്കരന്റെ സ്വപ്നബിന്ദു പി.ലീല പാടിയ "സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ കല്‍പിത കഥയിലെ രാജകുമാരാ.." എന്ന ചിദംബരനാഥ്‌ ഗാനമാണു (ചിത്രം: ചെകുത്താന്റെ കോട്ട). സ്വപ്നലോകത്തിന്റെയും ഭൗതികലോകത്തിന്റേയും സംഗമമാണു ഈ ഗാനത്തിന്റെ പ്രമേയം. "പൂമര ചോട്ടിലെ പുള്ളിമാന്‍ ഉണര്‍ന്നപ്പോള്‍ കാമുകന്‍ വന്നതറിഞ്ഞു ഞാന്‍.." എന്നു കവി പാടുമ്പോള്‍, സ്വപ്നലോകത്തില്‍ നിന്നു ജീവിതസത്യങ്ങളുടെ ഇടയിലേക്കിറങ്ങിയെത്തുന്ന നായികയെയാണു നമ്മള്‍ മനസ്സില്‍ കാണുന്നതു.


മേല്‍പറഞ്ഞ കവികളുടേയും മറ്റു പലരുടേയും ഒരുപാടു സ്വപ്നഗാനങ്ങളിനിയുമുണ്ട്‌. എടുത്തു പറയേണ്ടവ "സ്വപ്നങ്ങള്‍ താഴികക്കുടം.." (കായംകുളം കൊച്ചുണ്ണിയുടെ മകന്‍, പാപ്പനംകോട്‌), "സ്വപ്നത്തിന്‍ പുഷ്പരഥം.."(കുടുംബിനി, അഭയദേവ്‌), "സ്വപ്നങ്ങളേ വീണുറങ്ങൂ.." (തകിലുകൊട്ടാമ്പുറം, ബാലു കിരിയത്ത്‌), "സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ .." (ഓര്‍മകളേ വിട തരൂ, ഡോ:പവിത്രന്‍) എന്നിവയാണു.

കവികള്‍ മാത്രമല്ല സ്വപ്നങ്ങളേയും സംഗീതത്തേയും കോര്‍ത്തിണക്കുന്നത്‌. സംഗീത സംവിധായകരും ഇതില്‍ ഒട്ടും പുറകിലല്ല. സ്വപ്നങ്ങളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തുന്ന ശാസ്ത്രജ്നന്മാര്‍ പലരും സംഗീതവും സ്വപ്നവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചു പഠിക്കാറുണ്ട്‌. ഇതു പോലൊരു ഗവേഷണം നടത്തിയത്‌ ഫ്ലോറെന്‍സ്‌ സര്‍വകലാശാലയിലെ വാലേരി ഉഗ എന്ന ശാസ്ത്രജ്നയാണു. ആ ഗവേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌ സംഗീതജ്നരുടെ സ്വപ്നങ്ങളില്‍ ഒരുപാടു പുതിയ സംഗീതം ഉല്‍ഭവിക്കുന്നുണ്ട്‌ എന്നാണു. ഇതിനുള്ള സുനിശ്ചിതമായ തെളിവാണു ഒരുപക്ഷേ എം.ബി.ശ്രീനിവാസന്റെ സംഗീതശൈലി.

നടന്നും നടന്നേറെ തളര്‍ന്നും
തളര്‍ന്നു തെല്ലിരിന്നും ..

എന്ന വിരുത്തത്തില്‍ തുടങ്ങുന്ന ഓ എന്‍ വി കുറൂപ്പിന്റെ മനോഹരമായ കവിത "മനസ്സിന്റെ തീര്‍ത്ഥയാത്ര" എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയപ്പോള്‍ തീര്‍ച്ചയായും എം.ബി.എസ്സിനു ദൈവീകമായ, അമാനുഷികമായ ഒരു സിദ്ധി കൈവന്നിരിക്കണം. വിരുത്തത്തിലെ വാക്കുകള്‍ തമ്മിലുള്ള ഏകീകരണങ്ങള്‍ കേട്ടാല്‍, കവി തന്നെ പറഞ്ഞ പോലെ, "ഇരുന്നിളവേല്‍ക്കവേ ഒരു സ്വപ്നം നുണഞ്ഞും .." ആയിരുന്നിരിക്കണം ഈ സംഗീത സംവിധായകന്‍ മേല്‍പ്പറഞ്ഞ ഗാനം തിട്ടപ്പെടുത്തിയതു എന്നെനിക്കുറപ്പുണ്ട്‌.ഓ എന്‍ വി സൂചിപ്പിച്ചിരിക്കുന്ന പോലെ "ഒരു കിളിയൊച്ചക്കേട്ടുണര്‍ന്നതു.." ഒരു സ്വപ്നത്തില്‍ നിന്നായിരിക്കുമൊ ഇവിടെ? "വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞും.." എന്ന അല്‍ഭുതമുണര്‍ത്തുന്ന ഭാവനയും അമാനുഷിക സംഗീതവും ഒത്തിണങ്ങിയ ഈ ഗാനമാണു സ്വപ്നഗാനങ്ങളുടെ ചക്രവര്‍ത്തിനി എന്നു വേണം കരുതാന്‍. ഈ ഗാനം ശ്രോതാക്കളെ ഒരു സ്വപ്നലോകത്തേക്കു കൊണ്ടുപോകുന്നു. പ്രത്യേകിച്ചും:

"എന്റെ വിഷാദ വിഭാതങ്ങളെ നീ എന്തിനു പാടിയുണര്‍ത്തി,
എന്റെ അനാഥദിനാന്തങ്ങളെ നീ എന്തിനു പാടിയുറക്കി.."


എന്ന വരികളുടെ ഭംഗിയും തീക്ഷ്ണതയും അലാപനവും അനുഭവിച്ചു മാത്രം അറിയേണ്ട ഒന്നാണു. ജീവിതത്തിലെ എല്ലാ അര്‍ത്ഥങ്ങളും അര്‍ത്ഥശൂന്യതയും ഇവിടെ ഒന്നാവുന്നു. എല്ലാ സ്വപ്നങ്ങളും ഇവിടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നു. എല്ല മിഥ്യകളും തഥ്യത നേടുന്നു. സംഗീതം സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞു സര്‍വ്വ ജീവജാലങ്ങളും മുക്തി തേടുന്നു. ഭൂമിയും, സ്വര്‍ഗ്ഗവും, സ്വപ്നവും എല്ലാം ഒന്നായി അനന്തതയിലലിയുന്നു.

No comments:

Post a Comment