Friday, November 11, 2011

ചവിട്ടുനാടകം

ചവിട്ടുനാടകം





എന്താണിപ്പോള്‍ ചവിട്ടു നാടകം ഒരു പരാമര്‍ശവിഷയമാകുന്നത്? ചമയം എന്ന സിനിമയാണ് സമകാലീക സമൂഹത്തിലേക്ക് ചവിട്ടുനാടകത്തെ ഒരു പുതിയഭാവത്തോടെ പകര്‍ത്തിയത്. ചവിട്ടുനാടകക്കാരന്റെ കഥ പറഞ്ഞ് ഒരു നിശ്ചിത ആസ്വാദകഗണത്തില്‍ നിന്ന് വലിയൊരാസ്വാദകവൃന്ദത്തിലേക്ക് ചമയം ഇറങ്ങിവന്നു. അതിലെ അന്തിക്കടപ്പുറത്ത് എന്ന ഗാനവും രണ്ടുപതിറ്റാണ്ടോളമെത്താറായിട്ടും ഇന്നും പുതുമമങ്ങാതെ നില്‍ക്കുന്നു. മനോജ് കെ ജയനിലൂടെയും മുരളിയിലൂടെയും ഒരു തലമുറ അവര്‍ക്ക് ഒരളവുവരെ അന്യമായിരുന്ന ചവിട്ടുനാടകക്കാരെ കണ്ടു
കുട്ടിസ്രാങ്ക് എന്ന ചിത്രം ചവിട്ടുനാടകത്തെ നമുക്ക് കൂടുതല്‍ പരിചിതമാക്കുന്നു. ചമയത്തില്‍ ചവിട്ടുനാടകത്തിലെ തനതു ഗാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കുട്ടിസ്രാങ്ക് അവയാല്‍ സുരഭിലമാണ്.
ഇതുകൂടാതെ ഒരു വര്‍ഷം ഒരുമാസം എന്ന ചിത്രത്തിലും ചവിട്ടുനാടകത്തെ സൂചിപ്പിക്കുന്ന ഒരു ഗാനമുണ്ട്..ഭൂലോകത്തില്‍ പലപലനാട് എന്നാരംഭിക്കുന്ന ആ ഗാനം യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്.
അരവിന്ദന്റെ എസ്തപ്പാന്‍ എന്ന ചിത്രത്തില്‍ പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചവിട്ടുനാടകം അവതരിപ്പിക്കപ്പെടുന്നുണ്ട്.
മാനവസംസ്കാരത്തിന് ബഹുമുഖങ്ങളും ബഹുതലങ്ങളും ഉണ്ട്. കലയും സംഗീതവും സംസ്കാരത്തിന്റെ മുഖക്കണ്ണാടികളാണ്. ഓരോജനതയുടെയും സംസ്കാരത്തിന്റെ പ്രതിഫലനമാണ് താന്താങ്ങളുടെ നാട്ടിലെ കലാരൂപങ്ങള്‍ . ഒരു പ്രദേശത്തു ജനിച്ചുവെന്നു കരുതി ഒരു കലയും ആ പ്രദേശത്തിന്റെയോ ജനതയുടെയോ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്‍ക്കണമെന്നില്ല. എവിടെയെങ്കിലുമൊരിടത്ത് രൂപം കൊണ്ട ഒരു കലാരൂപം കടലും നാടും കടന്ന് മറ്റൊരിടത്തെത്തി അന്നാട്ടിലെ ജനതയുടെ സ്വത്വം പകര്‍ന്ന് പുതിയൊരു കലാരൂപമാകുന്നു. ഇതിന് ഒരു നല്ല ഉദാഹരണമാണ് കേരളത്തിന്റെ ചവിട്ടു നാടകം.
ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലില്‍ എന്‍ എസ് മാധവന്‍ അന്യാപദേശേന ചവിട്ടു നാടകത്തിന്റെ ചരിത്രവും അതില്‍ ചരിത്രപരമായിത്തന്നെയുള്ള തെറ്റുകളും സൂചിപ്പിക്കുന്നുണ്ട്. ഫ്രാന്‍സിലെ ഷാര്‍ലിമെയ്‌ന്‍ ചക്രവര്‍ത്തിയുടെ കഥയാണ്‍ കാറല്‍മാന്‍ ചരിതം എന്ന പേരില്‍ പ്രശസ്തമായ ചവിട്ടുനാടകത്തിലെ പ്രഥാന കഥ. ഇതുകൂടാതെ ബൈബിള്‍ കഥകളും ചവിട്ടുനാടകങ്ങളില്‍ പ്രചാരത്തിലുണ്ട്. കുരിശുയുദ്ധക്കാലത്ത് കാറല്‍മാന്‍ യുദ്ധം ചെയ്ത് മുസ്ലിങ്ങളില്‍ നിന്ന് യരുശലേം പിടിച്ചെടുത്തുവെന്നാണ്‍ കാറല്‍മാന്‍ ചരിതം പറയുന്നത്. യഥാര്‍ഥത്തില്‍ ഷാര്‍ലിമെയ്‌ന്‍ ചക്രവര്‍ത്തിയുടെ കാലവും കുരിശുയുദ്ധങ്ങളുടെ കാലവും തമ്മില്‍ നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഷാര്‍ലിമെ‌യ്‌ന്‍ ചക്രവര്‍ത്തി എഡി 814 ല്‍ അന്തരിച്ചു. എന്നാല്‍ കുരിശുയുദ്ധങ്ങളുടെ കാലം 1095മുതല്‍ 1291 വരെ എന്ന് ചരിത്രം പറയുന്നു. ഇതാണ് ചരിത്രപരമായ തെറ്റായി കണക്കാക്കപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയിലെ ഒരു മഹാകവി ലുദോ വീകോ ആരിയോസ്റ്റ എഴുതിയ കഥയാണ്‍ കാറല്‍മാന്‍ ചരിതത്തിന്റെ മൂലരൂപം എന്ന് വിശ്വസിക്കപ്പെടുന്നു. അത് അന്ന് മതപ്രചാരണത്തിനായെത്തിയെ ഏതെങ്കിലുമൊരു കര്‍മലീത്താ പാതിരി വഴി കേരളത്തിലെത്തിയതാവാമെന്നും മാധവന്‍ തന്റെ നോവലില്‍ പറയുന്നു.അതുകൊണ്ടുതന്നെ യൂറോപ്പില്‍ പ്രചാരത്തിലുള്ള 'ഓപ്പെറ' എന്ന സംഗീതനാടകത്തിണ്റ്റെ കലര്‍പ്പുകള്‍ ചവിട്ടു നാടകത്തില്‍ കാണാം. കഥകളിയിലെ ചില പ്രത്യേകതകളും ചവിട്ടുനാടകത്തിനുണ്ട്‌.കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരേയുള്ള ക്രൈസ്തവര്‍ക്കിടയില്‍ ഒരു കാലത്ത്‌ പ്രചാരത്തിലിരുന്ന കലാരൂപമാണിത്‌. വീരരസപ്രധാനമാണ്‌ ചവിട്ടുനാടകത്തിലെ കഥകള്‍.
കളരികെട്ടിയാണ്‌ ചവിട്ടുനാടക പരിശീലനം.ഗുരുവിനെ 'അണ്ണാവി' എന്നു വിളിക്കുന്നു.
കഥയേക്കാള്‍ മുമ്പേ പഠിപ്പിക്കുന്നത്‌ ആയുധാഭ്യാസങ്ങളാണ്‌। ചവിട്ടുനാടകത്തില്‍ പാട്ടുകളാണ്‌ കൂടുതല്‍ । പാട്ടുപാടി ചുവടുവച്ച്‌ അഭ്യസിക്കുന്നതിന്‌ ചൊല്ലിയാട്ടം എന്നാണ്‌ പറയുക. സംഗീതം,അഭിനയം,നൃത്തം,സംഭാഷണം,താളമേളങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ്‌ ചവിട്ടു നാടകംചെണ്ട,കൈമണി എന്നീ വാദ്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു।പാട്ടു പാടാന്‍ പിന്നണി ഗായകന്‍മാരുണ്ടാകും।
സ്റ്റേജിനായി കെട്ടിയിരിക്കുന്ന തട്ടില്‍ ആഞ്ഞു ചവിട്ടിയാണ് ചവിട്ടുനാടക്കാര്‍ അഭിനയിക്കുന്നത്. ചൊല്ലുകള്‍ക്കൊത്ത് തട്ടില്‍ ആഞ്ഞ് ചവിട്ടിയും ചാടിക്കുതിച്ചുമൊക്കെ അഭിനയം കൊഴുപ്പിക്കുന്നു. അതിനാലാവാം ഇതിന് ‘ചവിട്ട് നാടകം’ എന്ന പേരുതന്നെ വന്നത്. കഥയുടെ ക്ലൈമാക്സില്‍ അഭിനേതാക്കളുറ്റെ ചവിട്ടു കൊണ്ട് തട്ട് തന്നെ തകര്‍ന്നു വീഴാറുണ്ട് . ഇങ്ങനെ പൊളിഞ്ഞുവീഴുന്നതട്ടുകള്‍ നാടകത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. ‘തട്ടുപൊളിപ്പന്‍ ‘ എന്ന പദം തന്നെ വിജയം എന്ന പദത്തിന്‍ പര്യായമായി ഉപയോഗിച്ചു തുടങ്ങിയതും ഇങ്ങനെയാവണം.



നിറക്കൊഴുപ്പുള്ള വേഷഭൂഷാദികളാണ് മറ്റൊരു ആകര്‍ഷണം. മദ്ധ്യകാല കഥകളായതുകൊണ്ടുതന്നെ കിരീടങ്ങളും കിന്നരിത്തലപ്പാവുകളും ആഭരണങ്ങളും തിളക്കമുള്ള വസ്ത്രങ്ങളുമെല്ലാം കഥാപാത്രങ്ങള്‍ക്ക് അത്യന്താപേക്ഷിതം തന്നെ.

യൂറോപ്യന്‍ ഓപെറകള്‍ കണ്ട് ശീലിച്ചവര്‍ക്ക് ചവിട്ട്നാടകം വളരെ ക്രൂഡ് ആയിത്തോന്നാം. കലാപരമായ സമ്പൂര്‍ണ്ണത അവകാശപ്പെടാവുന്നതാണ്‍ ഓപെറകള്‍ . അവയുമായി താരതമ്യം ചെയ്യുമ്പോള്‍ ചവിട്ടുനാടകങ്ങളിലെ സംഗീതവും നൃത്തച്ചുവടുകളും നിലവാരക്കുറവുണ്ടെന്നൊരഭിപ്രായവും നിലവിലുണ്ട്.

മുന്‍പേ സൂചിപ്പിച്ചതുപോലെ വേരുകളും ചില ഛായകളും യൂറോപ്പിലേക്ക് നീളുന്നുണ്ടെങ്കിലും ചവിട്ട് നാടകത്തിന്‍ നമ്മുടെ ഒരു മൌലിക കലാരൂപമായിത്തന്നെ സ്ഥാനം ലഭിക്കുന്നു.

ചവിട്ടുനാടകത്തിന്റെ പ്രധാനഭാഗങ്ങള്‍ പാട്ടുകളാണ്. തമിഴ് ചുവ കലര്‍ന്ന മലയാളവും അത്ര പരിചിതമല്ലാത്ത ലത്തീന്‍ പദാവലികളും ഈ പാട്ടുകളില്‍ കാണാം. നേരത്തെ ഒരു ചര്‍ച്ചയില്‍ സൂചിപ്പിച്ച മാപ്പിളപ്പാട്ടുകളുടെ ഭാഷയുമായി ഇവയ്ക്ക് സാമ്യം പലയിടങ്ങളിലും കാണാം. പണിന്തേനെ ഇണയ്ന്തേനേ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഈ രണ്ടു ഗാനശാഖകളിലും കാണുന്നു. പോര്‍ച്ചുഗീസുകാരാണ് ഈ കലാരൂപം ഇവിടെ കൊണ്ടുവന്നതെന്നൊരു അഭിപ്രായമുണ്ടെങ്കിലും അതിന് ഉപോല്‍ബലകമായ തെളിവുകള് ഇനിയും ലഭിച്ചിട്ടില്ല. തമിഴ് കലര്‍ന്ന മലയാളപ്പാട്ടുകളാണ്‍ ഇതില്‍ പ്രധാനമെന്നുമിരിക്കെ ഇത് നമ്മുടെ നാടിന്റെ തനതുകലാസൃഷ്ടിതന്നെയെന്നും ഒരു അഭിപ്രായം ശക്തമാണ്.
മാഗ ചന്ദിരാ രൂപാമണിയേ
മാഗ ചന്ദിരാ രൂപാമണിയേ
എനതു മങ്കൈ തങ്കമേ
മരതഗ മനമേ
എനതു മങ്കൈ തങ്കമേ
മരതഗ മനമേ
ഈ വരികളിലെ തമിഴ് പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക.

കുറിപ്പ്: ഷാര്‍ലിമെയ്‌ന്‍ ചക്രവര്‍ത്തി.
ഏ.ഡി 800കളുടെ ആദ്യം പശ്ചിമജർമ്മനിയുൾപ്പെടുന്ന യൂറോപ്പിന്റെ ഭാഗം ഭരിച്ചിരുന്ന ഷാർലിമെയ്ൻ ചക്രവർത്തി. കാറൽ ദെർ ഗ്രോസ (Karl der Grosse) എന്ന് ജർമ്മനിൽ. ഇദ്ദേഹത്തിന്റെ പന്ത്രണ്ടു പാരികളിൽ (Peers) ഒരാളായ റോളാൻഡിനെ (നാടകത്തിൽ റോൾദാൻ) ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണു കാറൽമാൻ ചരിതം ചവിട്ടുനാടകത്തിലേത്. റോളാൻഡിന്റെ ഗാനം (La Chanson de Roland) എന്നറിയപ്പെടുന്ന 12-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് കഥയിൽ റോളാൻഡ് മുസൽമാന്മാരാൽ കൊല്ലപ്പെടുകയും ആ മരണത്തിനു ഷാർലിമെയ്ൻ ചക്രവർത്തി നേരിട്ടെത്തി പകരം ചോദിക്കുകയും സരഗോസ നഗരം നശിപ്പിച്ച് മുസ്ലീമുകളെയും ജൂതന്മാരെയും ക്രൈസ്തവരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. കാറൽമാന്റെ കാലത്തിനും വളരെ പിന്നീടു നടന്ന കുരിശുയുദ്ധങ്ങളുമായി അദ്ദേഹത്തിനു ചരിത്രപരമായി ബന്ധമില്ലെങ്കിലും കുരിശുയുദ്ധകാലത്ത് റോളാൻഡിന്റെ ഗാനം ഒരു ക്രൈസ്തവ ഉത്തേജകം എന്ന രീതിയിൽ പ്രശസ്തിയാർജ്ജിച്ചു. ഇസ്ലാം-കത്തോലിക്ക വിശ്വാസസംഘർഷവും യുദ്ധവുമാണ് കെട്ടുകഥയെ ഉപജീവിക്കുന്ന കാറൽമാൻ ചരിതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
വിക്കിപ്പീഡിയ, ഇന്റര്‍ നെറ്റിലെ വിവിധ ബ്ലോഗുകള്‍ , ഗൂഗിള്‍ എന്നിവയ്ക്ക് ചവിട്ടുനാടകത്തെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്.

No comments:

Post a Comment