Friday, November 11, 2011

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു....

ക്രിസ്തുമസ്സിനോടനുബന്ധിച്ച്‌ ജീവജ്യോതി മാസികയ്ക്ക്‌ വേണ്ടി ആരതി മേനോന്‍ തയ്യാറാക്കിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു....

ആരതി മേനോന്‍ , കൊച്ചി


പുതിയ ജീവിതക്രമങ്ങളില്‍ പുത്തന്‍ മാധ്യമങ്ങള്‍ നല്‍കിയ സാധ്യതകളില്‍ മലയാള സിനിമാ രംഗവും അതിലെ ഗാനശാഖയും എങ്ങനെയാണ് ഭക്തിഗാനങ്ങള്‍ക്ക് ഒരു സമുന്നത സ്ഥാനം നല്‍കിയത്? കാലാകാലങ്ങളായി അനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യത്തിലും, ആചാരങ്ങളുടെ കടുത്ത നിയന്ത്രണത്തിലും ചൊല്ലപ്പെട്ടു പോന്നിരുന്ന നാമജപങ്ങള്‍ എവിടം മുതലാണ് ജനകീയകല എന്നു പില്‍ക്കാലത്തു വിശേഷിപ്പിക്കപ്പെട്ട സിനിമയില്‍ ഇടം കണ്ടെത്തിയത്?

ലേഖിക പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലെ പ്രമുഖ പ്രാര്‍ഥനാ ഗാനമായിരുന്നു "എങ്ങുമെങ്ങും നിറയും വെളിച്ചമേ" (രചന:ശ്രീകുമാരന്‍ തമ്പി,ചിത്രം:മധുരസ്വപ്നം,1977) . അതു പോലെതന്നെ "ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം" എന്ന ഗാനം (രചന: പന്തളം കേരളവര്‍മ്മ, ചിത്രത്തില്‍ ഉപയോഗിച്ചത്‌: അമ്മയെ കാണാന്‍ , 1963). സിനിമയെക്കുറിച്ചു വലിയ അറിവൊന്നും അന്നു ഇല്ലാതിരുന്ന കൊണ്ട് പ്രാര്‍ഥനാ ഗാ‍നം ഒരുക്കലും ഒരു സിനിമാഗാനം അയിരുന്നു എന്നു തോന്നിയില്ല. പില്‍ക്കാലത്ത് അവ രണ്ടു സിനിമാഗാനങ്ങള്‍ ആയിരുന്നു എന്നറിഞ്ഞപ്പോല്‍ വളരെ അല്‍ഭുതം തോന്നി. ഭക്തിഗാനങ്ങളെ ജനകീയമാക്കിയതില്‍ സിനിമയ്ക്കുള്ള പങ്കിനെ ക്കുറിച്ചുള്ള ചിന്തകള്‍ അവിടം മുതലാണ് ഉരുത്തിരിഞ്ഞത്.

പുതിയ സിനിമകളെ അപേക്ഷിച്ച് പഴയകാല സിനിമകളില്‍ ഭക്തിഗാനങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നു നമുക്കു കാണുവാന്‍ കഴിയും. സാധാരണ നാട്ടിന്‍പുറങ്ങള്‍ പാശ്ചാത്തലമാക്കി, അതിലും സാധാരണക്കാരായ ആള്‍ക്കരുടെ ജീവിതകഥകള്‍ കറുപ്പിലും വെള്ളയിലും നമുക്കു കാണിച്ചു തന്ന അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ സിനിമകളില്‍ നിന്ന് എത്രയെത്ര ഭക്തിഗാനങ്ങളാണ് നമുക്കു നിത്യ പ്രാര്‍ഥനകളില്‍ പോലും ഉള്‍പ്പെടുത്തത്തക്ക വിധത്തില്‍ ലഭിച്ചത്! രചനാ ശ്രേഷ്ഠതകൊണ്ടും അലൌകികമായ സംഗീത മികവുകൊണ്ടും ഇന്നും ശ്രോതാവിനെ ഭക്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിക്കുന്ന ഏതാനും കൃസ്തീയ ഭക്തിഗാനങ്ങളെയാണ് എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈയവസരത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്.

ഒരു പിടി കുളിരും ഒരായിരം മനസ്സുകളില്‍ ഭക്തിയുടെ നിറവുമായി വീണ്ടും ക്രിസ്തുമസ് അണയുകയാണ്. രണ്ടായിരത്തോളമാണ്ടുകള്‍ക്കു മുന്നേ നിന്ദിതരുടേയും പീഡിതരുടേയും കണ്ണുനീരൊപ്പാന്‍ ബെത് ലെഹേമില്‍ പിറന്ന പൊന്നുണ്ണി. എണ്ണമില്ലാത്ത മനസ്സുകള്‍ക്കുവെളിച്ചമായി വഴികാട്ടിയായി മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റ് കുരിശിലേറിയ മനുഷ്യപുത്രന്‍. കടലും കരയും കടന്ന് ആ പ്രഭാവത്തിന്റെ അലയടികള്‍ ഭാരതത്തിലും ഈ ഭൂമി മലയാളത്തിലും എത്തിച്ചേര്‍ന്നു. വേദപുസ്തകത്തിന്റെ ഏടുകളിലെ ദൈവസ്നേഹം മഥിതമനസ്സുകളുടെ ഇരുണ്ട ഗഹ്വരങ്ങളില്‍ വെളിച്ചമായി.മുള്ളും മുരടൂം കല്ലും കരടും മുറിവേല്‍പ്പിക്കാതെ മനുഷ്യന്‍ ആ വെളിച്ചത്തില്‍ ജീവിതവീഥിയിലൂടെ നടന്നു. തെളിഞ്ഞ മനസിന്റെ തിരിച്ചറിവുകളില്‍ അവന്‍ ആ സ്നേഹം ഏറ്റുപാടി. തനിക്കറിയാവുന്ന ഭാഷകളില്‍, ശൈലികളില്‍ ഒക്കെയും ദൈവപുത്രന്റെ അപദാനങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ അവന്‍ പരിശ്രമിച്ചു . അതിന്റെ മാറ്റൊലികളാണ് ഒരു ജനകീയമാധ്യമമായി വളര്‍ന്നു വന്ന സിനിമയിലും നാം കാണുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു.

ഒരു മാധ്യമമെന്ന നിലയില്‍ അതിന്റെ ബൌദ്ധികമായ തലങ്ങള്‍ക്കപ്പുറത്ത് സ്വന്തം ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായി സാമാന്യജനങ്ങള്‍ സിനിമയെ കണ്ടു. നായകനിലും നായികയിലും മറ്റു കഥാപാത്രങ്ങളിലും അവര്‍ സ്വന്തം വ്യക്തിത്വങ്ങളുടെ പ്രതിബിംബങ്ങള്‍ ദര്‍ശിച്ചു. വെള്ളിത്തിരയിലെ കഥാപാത്രങ്ങളുടെ കണ്ണുനീരും ചിരിയും ഭക്തിയുമെല്ലാം അവര്‍ തങ്ങളുടെ തന്നെ ജീവിതമുഹൂര്‍ത്തങ്ങളുടെ പുനരാവിഷ്കാരമാക്കി മനസ്സില്‍ കൊണ്ടുനടന്നു. ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കുടുംബചിത്രങ്ങളില്‍ പ്രണയത്തോടും മറ്റുവികാരങ്ങളോടൂമൊപ്പം ഭക്തിയും സ്ഥാനം പിടിച്ചു, മെഴുകുവിളക്കു കൊളുത്തി മുട്ടുകുത്തി നിറകണ്ണുകളോടെ തിരുസ്വരൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന നായകനേയും നായികയേയും, രാത്രിപ്രാര്‍ത്ഥനക്കു ഒരുമിച്ചു കൂടുന്ന കുടുംബങ്ങളേയും അഭ്രപാളികളില്‍ കാണുമ്പോള്‍ പ്രേക്ഷകനും അറിയാതെ കുരിശുവരയ്ക്കുന്നു. ഒരു ദീര്‍ഘശ്വാസത്തോടെ ദൈവനാമം വീണ്ടും പാടുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറ്റവും മുന്‍ നിരയില്‍ നിര്‍ത്താവുന്ന ഗാനമാണ് 'നിത്യവിശുദ്ധയാം കന്യാമറിയമേ' (നദി-1969) എന്ന ഗാനം. വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്ററ് ഈണമിട്ട ഗാനം ചര്‍ച്ച് ഓര്‍ഗന്റെ അത്ഭുതകരമായ സ്വരവിന്യാസങ്ങളുടെ അകമ്പടിയോടെ കന്യാമറിയത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. പാശ്ചാത്യ സംഗീതത്തോടു കിടപിടിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം ദേവരാജന്മാസ്റ്ററുടെ പ്രതിഭ ഒരിക്കല്‍ കൂടി മാറ്റുരച്ചു കാണിക്കുന്നു. യേശുമാതാവിനെ പ്രകീര്‍ത്തിക്കുന്ന അനേകം ഗാനങ്ങളില്‍ യേശുമാതാവേ (നാത്തൂന്‍ -1974), കന്യാമറിയമേ തായേ(ജ്ഞാനസുന്ദരി-1961), കന്യാമറിയമേ പുണ്യ പ്രകാശമെ (അള്‍ത്താര-1964) എന്നിവ മികച്ചവയാണ്. രക്തമുറയുന്ന കൊടും തണുപ്പില്‍ ലോകരക്ഷകന്നു ജന്മം നല്‍കിയ പുണ്യമാതാവിന്റെ സ്മരണ കൃസ്തീയ വിശ്വാസികളല്ലാത്തവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ഈ ഗാനങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു, ലോകമാതാവായ കന്യകാമറിയത്തിന്റെ മഹല്‍ത്യാഗം വാഴ്ത്തുന്ന 'നന്മനേരും അമ്മ....' എന്ന ഗാനം 1977 ലെ അപരാധി എന്ന ചിത്രത്തില്‍ നമുക്കു കേള്‍ക്കാം.

യേശുദേവനെ അമ്മയുടെ മടിയില്‍ മയങ്ങുന്ന, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ പൊന്നും മൂരും കുന്തിരിക്കവും വെച്ചു വണങ്ങുന്ന ഉണ്ണിയീശോയായും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ സന്തുഷ്ടനാക്കിയ അമാനുഷികനായും, കാല്‍ വരിയില്‍ വിടര്‍ന്ന രക്തപുഷ്പമായും വിവിധ ചിത്രങ്ങളില്‍ നാം കാണുന്നു. 'യേശുനായകാ.....(തങ്കക്കുടം-1965) , സത്യനായകാ മുക്തിദായകാ(ജീവിതം ഒരു ഗാനം-1979) എന്നിവ വിശ്വാസിയുടെ മനസ്സില്‍ പുതിയ വെളിച്ചമായി കടന്നു ചെല്ലുന്ന ഗാനങ്ങളാണ്. വെള്ളിനക്ഷത്രങ്ങളും തൂക്കുവിളക്കുകളും പ്രഭ ചൊരിയുന്ന കൃസ്തുമസ് രാവുകളില്‍ ദൈവപുത്രനു വീഥിയൊരുക്കി വരവേല്‍ക്കാന്‍ നമുക്കേറെ ഗാനങ്ങളുണ്ട്. കൃസ്തുമസ്സിന്റെ ആഹ്ലാദാരവം മുഴുവനും മനസ്സില്‍ പകര്‍ന്നു നല്‍കുന്നവയാണ് 'ശാന്തരാത്രി തിരുരാത്രി' (തുറമുഖം1979), 'ആരാധനാ നിശാ സംഗീത മേള..(നോക്കെത്താദൂരത്ത് കണ്ണുംനട്ട്-1985) എന്നിവ.

രാജാവിന്‍ രാജാവെഴുന്നള്ളുമ്പോള്‍ ഇസ്രായേലിലെ വീഥികള്‍ പോലെ തന്നെ വീഥികള്‍ അലങ്കരിച്ച്, അല്ലിയൊലീവിലകളുമായിറങ്ങുന്ന വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം. ബെത് ലെഹേമിന്റെ തിരുമടിത്തട്ടിലെ(സ്നാപകയോഹന്നാന്‍ -1963) എന്ന ഗാനമുണര്‍ത്തുന്ന ആശ്വാസം , ദൈവപുത്രന്‍ വീണ്ടുമെത്തുമ്പോള്‍, പിലാത്തോസില്ലാത്ത, കാല്‍ വരിയിലെ മരക്കുരിശില്ലാത്ത, പീഡനങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന 'യരുശലേമിലെ സ്വര്‍ഗ്ഗദൂതാ....(ചുക്ക്-1973) എന്ന ഗാനം ഇവയെല്ലാം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് ഭക്തിയും നന്മയും പകര്‍ന്നു നല്‍കുന്നു. സാമാന്യ മനസ്സുകള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത തത്വസംഹിതകളേക്കാള്‍ സരളലളിത പദാവലികളാല്‍ തീര്‍ത്ത ഈ ഭക്തിമാലകള്‍ പ്രിയങ്കരമാവുന്നു. അവന്‍ ദൈവത്തെ അറിയുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളെക്കിറിച്ചു പരാമര്‍ശിക്കുമ്പോല്‍ ഒരിക്കലും വിട്ടുപോകാനോ മറന്നു പോകാനോ മനസ്സനുവദിക്കാത്ത ഗാനമാണ് 'സമയമാം രഥത്തില്‍' (അരനാഴികനേരം-1970). ഇതിന്റെ രചയിതാവായ ഫാദര്‍ നഗേല്‍(Valbright Nagel) നെക്കുറിച്ചു ഓര്‍ക്കുന്നതും ഇത്തരുണത്തില്‍ എറ്റവും അഭികാമ്യമാണ്. ഒരു മലയാളിയുടെ പ്രാഗല്‍ഭ്യത്തോടെ എത്ര അയത്നലളിതമായാണ് ജര്‍മ്മനിയില്‍ ജനിച്ച്, ഭാരതത്തില്‍ വന്ന്, കേരളം പ്രവര്‍ത്തനമണ്ഡലമാക്കിത്തീര്‍ത്ത ഫാദര്‍ നഗേല്‍ ഈ ഗാനം രചിചിരിക്കുന്നത്! ഇതു യഥാര്‍ഥത്തില്‍ സിനിമയ്ക്കുവേണ്ടി എഴുതിയതല്ലെങ്കിലും 17 ഭാഷകളിലേക്കു മൊഴിമാറ്റംചെയ്യപ്പെട്ട ഈ ഗാനം അരനാഴികനേരം എന്ന സിനിമയിലൂടെ നമ്മളിലെത്തിയില്ലെങ്കില്‍ ഇത്ര ജനപ്രിയമായിത്തീരുമായിരുന്നോ എന്നു ഈ ലേഖികക്കു സംശയമുണ്ട്. കൃസ്തീയ വിശ്വാസികള്‍ക്കുമാത്രമല്ല, മറ്റെല്ലാ മതവിശ്വാസികള്‍ക്കും ജീവിതസാരം പഠിപ്പിച്ചുകൊടുക്കുവാന്‍ ഈ ഗാനം ഉതകുന്നു. 'ആകെയല്പ നെരം മാത്രം എന്റെയാത്ര തീരുവാന്‍ ...ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍ .....എന്ന രണ്ടുവരികളില്‍ എത്രയോ തത്വശാസ്ത്രഗ്രന്ഥങ്ങളിലെ മുഴുവന്‍ സത്തും കലര്‍ന്നു കിടക്കുന്നു.

ഈ പഠനത്തില്‍ കണ്ടെത്തിയ വളരെ കൌതുകകരമായ ഒരു കാര്യം 'സമയമാം രഥത്തില്‍' എന്ന ഗാനമൊഴികെ മറ്റെല്ലാം രചിച്ചത് ഇതര മതക്കാരായ രചയിതാക്കളാണെന്നാണ്. ഭാരതത്തിന്റെ മാത്രം പ്രത്യേകതയായിക്കാണാവുന്നതാണിത്. ഈശ്വരനെ അറിയാന്‍ മതങ്ങളുടെ ആവശ്യമില്ലെങ്കിലും മതങ്ങളുടേയും വിശ്വാസങ്ങളുടേയും ഭാഷയിലൂടെയാണ്‌ മനുഷ്യമനസ്സുകളുടെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് ഭക്തിയുടെ ഭാവത്തില്‍ ലയിക്കാനാവുന്നതും അതിലൂടെ ഒരു സമൂഹത്തിന്റെ നന്മക്കായുള്ള സ്വാധീനം ചെലുത്താനും ആവുന്നത്‌. ഭാരതം പോലെ ഒരു മതേതരത്വ രാജ്യത്തില്‍ മതങ്ങളുടെ സീമകള്‍ കടന്നു ഇതുണ്ടായില്ലെങ്കിലേ നാം അല്‍ഭുതപ്പെടാനുള്ളൂ. മതങ്ങളുടെ പേരില്‍ ചില സാമൂഹ്യവിരോധികള്‍ ലോകമെമ്പാടും പോരിനും പടവെട്ടിനും തുനിയുമ്പോള്‍ ഈ കൃസ്തുമസ്‌ വേളയില്‍ മതേതരത്വത്തിന്റെ പ്രതിഷ്ഠാനത്തില്‍ ഈ ശാന്തിഗീതങ്ങളിലെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഒരു നല്ല നാളേക്ക്‌ നാമെല്ലാം ഒത്തൊരുമിച്ച്‌ പ്രയത്നിക്കുകയും കാത്തിരിക്കേണ്ടതുമാണ്‌.

No comments:

Post a Comment