Wednesday, November 5, 2014

ഉത്രാളിക്കാവ്


26/10/2014

ഐതിഹ്യപ്പെരുമകൾ വായിച്ചു കൂട്ടിയ കാലം മുതൽക്കു തന്നെ ഉത്രാളിക്കാവ് ഭഗവതിയെ കാണാനുള്ള മോഹം മുളച്ചതാണ്. വർഷാവർഷം വരുന്ന പൂരവിശേഷങ്ങളിലൂടെ ആ മോഹം വളർന്നു. ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ തൂക്കിയ കുളിരമ്പിളി വളയങ്ങൾ സ്വപ്നങ്ങളിൽ തോരണമായി. അകമലച്ചരിവ് കടന്നെത്തുന്ന പൂങ്കാറ്റിൽ അവ പറന്നുല്ലസിച്ചു. ജീവിതമവസാനിക്കും മുൻപ് പോയിരിക്കേണ്ട ലക്ഷ്യങ്ങളിൽ ഒന്നായി പച്ചവിരിച്ച പാടങ്ങൾക്കു നടുവിലെ കൊച്ചമ്പലം. മനസ്സിന്റെ കലണ്ടറിൽ 'ഒരിക്കൽ ഞാൻ പോവും' എന്ന പ്രതിജ്ഞ ഓർമ്മ പുതുക്കി നിന്നു.
അതിരുകളില്ലാത്ത സാങ്കേതികതയിൽ ഒണ്‍ലൈൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞൊഴുകി പാലക്കാടൻ പച്ചപ്പും റോഡരികിലെ ആലും ക്ഷേത്രത്തിലേക്കുള്ള വഴിയും അങ്ങ് ദൂരെ ക്ഷേത്രവും വീണ്ടും കയ്യെത്താത്ത ദൂരത്തെ കൊതിയൂറും കനിപോലെ. മുഖപുസ്തകത്തിൽ സുധാകരൻ വടക്കാഞ്ചേരിയോടും രാജീവ് വടക്കാഞ്ചേരിയോടും ഒക്കെ ഉത്രാളിക്കാവിന്റെ സ്വന്തക്കാരായതു കൊണ്ടു തോന്നുന്ന പ്രത്യേക സ്നേഹം, ഉള്ളിലൊരു കോണിൽ മേല്ലെയുയര്ന്നു പൊട്ടി അണയുന്ന അസൂയയുടെ ചെറുതീപ്പൊരികളും ഇല്ലാതില്ല.


എന്ന് പോകും? എന്നെങ്കിലും പോകും. എന്നാൽ ഇന്നങ്ങു പോയ്ക്കൂടെ? ഇതാ ഞാൻ പോയി. കണ്ടു. വണങ്ങി. മനം നിറയെ. ഹൃദയം നിറയെ. റോഡരികിൽ ഉയർന്നു പൊങ്ങി 'ദേ ദേവി ഇവിടെ!' എന്ന് വഴികാട്ടി നില്ക്കുന്ന ആല്. പാടത്തിനു നടുവിലൂടെയുള്ള റോഡ്‌ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നുവോ? അമ്പലത്തിൽ ഒരു കല്യാണത്തിരക്ക്. ഉള്ള സ്ഥലത്തും വഴിയിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. അണിഞ്ഞൊരുങ്ങിയ നവവധു നിറചിരിയുമായി കാമറകൾക്ക് മുഖം നല്കുന്നു. സുന്ദരനായ നവവരൻ മുതിർന്നവരെ വണങ്ങുന്നു.

ഇടതുവശത്തെ വാതിലിൽ കൂടി അകത്തു കടന്നു. ചെറിയ ശ്രീകോവിലിനകത്ത് രുധിരമഹാകാളി പ്രോജ്വലയായി പരിലസിക്കുന്നു. എന്ത് പ്രാർഥിക്കാൻ? ഇവിടെ എത്തിക്കണേ എന്നുള്ള പ്രാർത്ഥന കേട്ടിരിക്കുന്നു. ഇനിയൊന്നുമില്ല. മിഴിപൂട്ടി കൈകൂപ്പി മഹാകാളിയെ മനസ്സിലാവാഹിച്ചു കാണിക്കയിട്ടു. പ്രദക്ഷിണം വച്ചു വന്നപ്പോൾ വൃദ്ധനായ ശാന്തിക്കാരൻ തീർത്ഥം നല്കി. പ്രസാദത്തിനായി കാത്തു നിൽക്കുമ്പോൾ മറ്റൊരു ശാന്തിക്കാരൻ പുഷ്പാഞ്ജലി പ്രസാദം കൊണ്ട് വന്നു 'ആരാ പുഷ്പാഞ്ജലി പ്രസാദം ?' എന്ന് വിളിച്ചു ചോദിച്ചു. ആരും ഇല്ല. ഞാൻ സംശയിച്ചു നിന്നു. ഇവിടെത്തെ രീതികൾ എന്താണോ എന്തോ! വഴുപാടുകൾ എന്താണെന്നു നോക്കിയുമില്ല. ആഹ്ലാദത്തിമിർപ്പിൽ നില്ക്കുന്ന മനസ്സിന് പ്രത്യേകിച്ച് വഴുപാടൊന്നും തോന്നിക്കുന്നുമില്ല. രണ്ടു തവണ വിളിച്ചു ചോദിച്ചശേഷം ശാന്തിക്കാരൻ ദാ പ്രസാദം, വരൂ എന്ന് എന്നെ വിളിച്ചു. മകൻ പറഞ്ഞു അമ്മേ അത് നമ്മുടെ പ്രസാദമല്ല. ആരുടെയോ വഴിപാടാണ്. ഞാൻ മനസ്സിൽ പറഞ്ഞു ഈ പ്രസാദം എനിക്കുള്ളത് തന്നെ അല്ലെങ്കിൽ പിന്നെ ഇതിന്റെ ഉടമസ്ഥനോ ഉടമസ്ഥയോ എവിടെ പോയിരിക്കുന്നു? ഇലച്ചീന്തിൽ രുധിരനിറമാർന്ന കുങ്കുമവും മഞ്ഞളും കരിന്തെച്ചിപ്പൂവും. മകൻ വീണ്ടും പറഞ്ഞു, അമ്മാ ഇതിന്റെ ഉടമസ്ഥൻ വന്നാലോ? ഞാൻ പറഞ്ഞു ദേവി നമുക്ക് തന്നതാണ്. ബാക്കി ദേവി നോക്കിക്കൊള്ളും. പ്രസാദമണിയുമ്പോൾ ആത്മനിർവൃതി.

പുറത്തിറങ്ങിയപ്പോൾ വണ്ടി നമ്പർ കണ്ടു വന്ന ക്ഷേത്ര ഭാരവാഹികൾ. ഇത്ര ദൂരെ നിന്നും ഇവിടെക്കായിട്ടു വന്നുവോ? അതെ. പക്ഷെ തിരുനാവായ കൂടി പോകണം എന്നുണ്ട്. നാവാമുകുന്ദനിലെക്കുള്ള വഴി പറഞ്ഞുതന്നു. കുംഭമാസത്തിലെ പൂരത്തിനൊരു ചെറിയ സംഭാവന പിള്ളേച്ചന്റെ കണക്ക്. ഒരു കൈ അനുഗ്രഹം അങ്ങോട്ടും നീളട്ടെ.

തിരിച്ചു റോഡിലെത്തി രണ്ടു ചിത്രങ്ങൾ ക്ലിക്ക് ചെയ്തു. മനസ്സില് ആലേഖനം ചെയ്ത മായാത്ത ചിത്രത്തിൻറെ ഒരു ഡ്യൂപ്ലിക്കേറ്റ് കാമറയിലും കിടക്കട്ടെ. തിരിച്ചു വരും തീർച്ചയായും എന്ന് മനസ്സ് പറഞ്ഞപ്പോൾ , വരണം, മറക്കരുത് എന്നോർമ്മിപ്പിക്കാനാവും കാമറയുടെ ഫ്രെയിമിലേക്ക് ഒരു പൂത്തുമ്പി പറന്നു വന്നു.

1 comment:

  1. പോയിട്ടില്ല എഴുത്ത് വായിച്ചപ്പോൾ ഒരാഗ്രഹം <3

    ReplyDelete