Wednesday, April 2, 2014

Om Shanthi Osana ഓം ശാന്തി ഓശാന

ഓം ശാന്തി ഓശാന കണ്ടു! ചുമ്മാ ഒരു റിവ്യൂ എഴുതി നോക്കട്ട്.


1. എന്താ കഥ!
ഒരു പന്ത്രണ്ടാം ക്ലാസുകാരിയുടെ പ്രണയം. അത് നമ്മൾ കരുതുന്നത് പോലെ ചുമ്മാ ടീനേജ് ലവ് അല്ല. അതിമനോഹരവും ഹൃദയസ്പര്ശിയുമായ പ്രണയം.
ഗിരി (നിവിൻ പൊളി ) നൽകിയ ഒരു തൊപ്പിക്കുടയും നെഞ്ചോടടുക്കി പൂജ (നസ്രിയ) അഞ്ചാറു കൊല്ലം അവൻ തന്നെ സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും കാത്തിരിക്കുന്നു. ക്രിസ്ത്യാനിയായ പൂജ ഹിന്ദുവായ ഗിരിയെ വരിക്കുന്നതോടെ 'ഓം ശാന്തി ഓശാന' അന്വർത്ഥമാകുന്നു.

2. കൊള്ളാമോ ?
പിന്നെന്താ കൊള്ളാതിരിക്കാൻ? ആകെമൊത്തം ഒരു ഫീൽ ഗുഡ് മൂവി. എല്ലാ കഥാപാത്രങ്ങളും 'നല്ലവർ' ആണെന്ന് ഉള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഒരു ഇന്ത്യൻ പ്രണയകഥയിലും എല്ലാ കഥാപാത്രങ്ങളും നല്ലവരാണ്. നല്ല കഥാപാത്രങ്ങൾഉള്ള, ഒരു നല്ല ത്രെഡ് ഉള്ള ഒരു നല്ല സിനിമ. ഇത് ജീവിതത്തിൽ സംഭവിക്കാൻ സാധ്യത ഉള്ള ഒരു കഥ തന്നെ. അതിഭാവുകത്വം ഒന്നുമില്ല. ചിലയിടങ്ങളിൽ 'അങ്ങനെണ്ടാവ്വോ!' എന്ന് ചിലപ്പോൾ നമ്മൾ ആലോചിച്ചേക്കാം. പക്ഷെ അത് നമ്മൾ അങ്ങ് വിട്ടുകളയും. ജീവിതവും സിനിമയും 'കട്ടയ്ക്ക്' നിന്നാൽ ഒരു സുഖമുണ്ടാവില്ലല്ലോ. ചില വ്യത്യാസങ്ങൾ ഒക്കെ തികച്ചും ആവശ്യം.

3. നായകനും നായികയും?
നമ്മുടെ മക്കൾ തന്നെ. അതുപോരേ? അതാണ്‌ നമുക്ക് കൂടുതൽ ഇഷ്ടമാവുന്നത്. നസ്രിയയെപ്പോലെ ഒരു മകൾ! നിവിൻ പോളിയെ പോലൊരു മകൻ. ഇവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പോലെ ഒരു ഇഷ്ടം.

നസ്രിയയെ ചില റിയാലിറ്റി ഷോ ഹോസ്റ്റ് ആയിട്ട് കണ്ടിട്ടുണ്ട്. ആദ്യമായാണ്‌ സിനിമയിൽ കാണുന്നത്. നല്ല കഴിവുണ്ട് കുട്ടിക്ക്. എന്തൊരു ഓമനത്തം! എന്തോരം ചുരിദാറും സാരിയുമാണ് മാറിമാറി ഇടുന്നത്! ഇനിയിപ്പോ ഫഹദ് കെട്ടിക്കൊണ്ടു പോയി ഒരു ഗുണ്ടുമണി ആയിപ്പോകുമോ എന്നാണ് ഒരു വിഷമം! ഓ! അതൊക്കെ ഓരോ കാലത്തിനനുസരിച്ച് അങ്ങ് നടക്കും അല്ലെ? ഒരു നസ്രിയ പോയാൽ വേറൊരു നസ്രിയ വരും.

'ചാപ്റെഴ്സ്' കണ്ടിട്ട് ഞാൻ നിവിൻ പോളിയെ ചീത്ത പറഞ്ഞും കൊണ്ട് ഒരു പോസ്റ്റ്‌ പണ്ട് ഇട്ടിരുന്നു. അത് പിൻവലിക്കുന്നില്ല. പക്ഷെ ഒരു നടൻ എന്ന നിലയിൽ ഗംഭീര വിജയമാണ് നിവിൻ ഇതിൽ. നിവിൻ വരുന്ന ഓരോ സീനിലും കയ്യടിയും വിസിലടിയും ആയിരുന്നു തീയറ്ററിൽ. എനിക്ക് വിസിലടിക്കണം എന്ന് അതിമോഹം ഉണ്ടായിരുന്നുവെങ്കിലും അറിയാൻ പാടില്ലാത്തത് കൊണ്ട് ഞാൻ കയ്യടിച്ചു തൃപ്തിപ്പെട്ടു. പ്രണയം നിറഞ്ഞ ചിരി എനിക്കിഷ്ടപ്പെട്ടു നിവിൻ. കൊള്ളാം. അങ്ങനങ്ങ് മുന്നോട്ട് പൊക്കോട്ടെ. ആ ചൈനീസിൽ ചെം ചും ചോം എന്നോ മറ്റോ പറഞ്ഞില്ലേ? അത് കലക്കി !

4. മറ്റു കഥാപാത്രങ്ങൾ ?

രണ്‍ജി പണിക്കർ

മലയാള സിനിമയിലെ തന്നെ ബെസ്റ്റ് കാസ്റ്റിങ്ങ് ആണ് ഇതിൽ രണ്‍ജി പണിക്കർ അവതരിപ്പിക്കുന്ന മത്തായി ഡോക്ടർ. ഇതുവരെ രണ്‍ജി പണിക്കരിലെ നടനെ കണ്ടെത്താഞ്ഞതിൽ മലയാള സിനിമയിലെ കൊടികെട്ടിയ സംവിധായകർ നാണിച്ചേ പറ്റൂ. അതിൽ നൂറിൽ നൂറു മാർക്കാണ് ഈ സിനിമയുടെ അണിയറക്കാർക്ക്. നസ്രിയയുടെ അച്ഛൻ ആണ് ഇതിൽ രണ്‍ജി പണിക്കർ. ആദ്യാവസാനം അദ്ദേഹം നമ്മളെക്കൊണ്ട് അദ്ദേഹത്തെ സ്നേഹിപ്പിക്കുകയാണ്. സിനിമ തീർന്നു എഴുന്നേൽക്കുമ്പോഴും ഒരു നോക്ക് കൂടി സ്ക്രീനിൽ അദ്ദേഹം ഉണ്ടോ എന്ന് നോക്കിപ്പോകുന്നത്ര ഇഷ്ടം.

അജു വർഗീസ്‌

എനിക്കീ ന്യൂ ജനറേഷൻ എല്ലാവരെയും വല്യ പരിചയമില്ല. എങ്കിലോ ഇവൻ ഈ കാഞ്ഞാണി ഇവൻ നമുക്കൊരു പണി തന്നേക്കും. വേറൊന്നുമല്ല നമ്മൾ ജഗതിയുടെ സിനിമകൾ ഒന്നും മിസ്സാക്കാത്തത് പോലെ ഇവന്റെ സിനിമകളും മിസ്സാക്കാതെ കാണണ്ട പണി. കൊള്ളാം മോനെ, നല്ല സ്ക്രീൻ പ്രസൻസ്. മുന്നോട്ട് പൊക്കോളൂ. ലക്ഷം ലക്ഷം പിന്നാലെ ഉണ്ടാവും.

വിനീത് ശ്രീനിവാസൻ

വിനീത് അവതരിപ്പിക്കുന്ന ഡോക്ടർ പ്രസാദ് വർക്കി നിവിൻ പോളിയുടെ ഗിരി പ്രഭാവത്തിന് മുന്നിൽ നിഷ്പ്രഭനായിപ്പോയി. നമ്മൾ ഗിരി ഇപ്പൊ പൂജയെ പ്രേമിച്ചു തുടങ്ങും എന്ന് ഇങ്ങനെ ആകാംക്ഷ പൂണ്ടിരിക്കുമ്പോൾ ആണ് ഡോക്ടർ അവതരിക്കുന്നത്. അപ്പോൾ നമുക്കുണ്ടാവുന്ന നിരാശയാണോ ആ കഥാപാത്രത്തെ മനസ്സിൽ കൊണ്ട് നടക്കാൻ തോന്നിപ്പിക്കാത്തത്? അവസാനം വരെ സസ്പെന്സ് നില്ക്കുന്നത് കൊണ്ട് എങ്ങനെയെങ്കിലും ഈ ഡോക്ടർ ഒന്ന് സ്ഥലം മാറിപ്പോകുകയെങ്കിലും ചെയ്യണേ എന്നൊരു പ്രാർത്ഥന മനസ്സിലുണ്ടായിരുന്നു. സത്യത്തിൽ വിനീത് കഥാപാത്രത്തിന് മാച് ആയില്ല. എന്തോ!

പിന്നെ മഞ്ജു സതീഷ്‌ ഉണ്ട്, വിനയ പ്രസാദ് ഉണ്ട്, ശോഭ മോഹൻ ഉണ്ട്. പിന്നെ എനിക്ക് പേരൊന്നും അറിയാത്ത കുറെ പിള്ളേർ പല പല കഥാപാത്രങ്ങളായി വന്നു പോകുന്നു. എല്ലാവരും വളരെക്കാലം കൊണ്ട് സിനിമയിൽ അഭിനയിക്കുന്നവർ എന്നൊരു തോന്നൽ തോന്നിപ്പിച്ചു. ആരും ബോറടിപ്പിച്ചില്ല. വിജയരാഘവൻ അതിഥി താരമായും ഉണ്ട്.
ലാൽ ജോസിലെ അഭിനേതാവിനെ അഴകിയ രാവണന് ശേഷം കണ്ടു. വെരി നാച്ചുറൽ.


5. കുറ്റം / കുറവ് / കുഴപ്പങ്ങൾ ?
ഞാൻ ദാദാ സാഹബ് ഫാൽകെ യുടെ വകയിൽ ഒരു അനന്തിരവൾ ആയതു കൊണ്ട് കൊറച്ച് അഭിപ്രായം പറയാം. ശ്രദ്ധിച്ച് കേട്ടുകൊള്ളണം.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ കുറച്ചുകൂടി ടൈറ്റ് ആകാൻ ഉള്ളത് പോലെ തോന്നി. അവിടവിടെ, പ്രത്യേകിച്ചും ആദ്യ ഭാഗത്ത് ഒരു വലിവ് അല്ലെങ്കിൽ ഒരു അയവ് തോന്നി. ജൂഡ് ആന്റണി ജോസഫ് ന്റെ സംവിധാനം ആദ്യ സംരംഭം ആയതു കൊണ്ട് കുഴപ്പമില്ല. ഇതിൽ കിട്ടിയ നല്ല പേര് കളഞ്ഞു കുളിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ജൂഡിന് ഇനിയങ്ങോട്ട് ഉണ്ടാവും.

സീനുകൾ അത്രയ്ക്കങ്ങോട്ട് 'ഡിഫൈൻഡ്' അല്ല. ഫോർ എക്സാമ്പിൾ നസ്രിയ നിവിനെ പോലെ കുങ്ങ് ഫൂ കാണിച്ച് വീഴാൻ പോകുന്നത്. അതൊന്നും അങ്ങോട്ട്‌ ക്ലിയർ ആകുന്നില്ല. കാമറ പൊസിഷൻ ആണോ , എഡിറ്റരുടെ കത്രിക ആണോ പോരാത്തത് എന്ന് ശരിക്കും പറയാനും പറ്റുന്നില്ല. ആദ്യ പകുതിയിൽ ശരിക്കും ലാഗ് ഉണ്ട്. എഡിറ്റർ ലിജോ പോൾ കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് തോന്നി. എന്റെ മാത്രം അഭിപ്രായമാണേ. നരേഷൻ മോഡ് ചിലപ്പോൾ മടുപ്പിച്ചു. നസ്രിയ കുറച്ചു കൂടി എനെർജെറ്റിക് ആയി പറഞ്ഞിരുന്നെകിൽ കൂടുതൽ നന്നായേനെ.

മിക്ക സിനിമകളിലും സംഭവിക്കുന്നത്‌ പോലെ കഥാപാത്രങ്ങളുടെ ഭാഷയ്ക്ക് ചേർച്ചയില്ല. ഇത് ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള കാര്യമാണ്. മെയിൻ ലൊക്കേഷൻ തൃശൂരും പരിസരവും ആണെന്ന് പ്രിൻസിപ്പലിന്റെ സംഭാഷണത്തിൽ നിന്നും തോന്നും. പക്ഷെ പിന്നെ മെക്കാനിക് ഒഴികെയുള്ളവർ ആരും തന്നെ തൃശൂർ ഭാഷ ഉപയോഗിക്കുന്നില്ല. പൂജയുടെ വീട്ടിൽ നല്ല കോട്ടയം ഭാഷയും. ഇതൊന്നും വല്യ കാര്യമല്ല, ചുമ്മാ ശ്രദ്ധിക്കുന്നത് കൊണ്ട് എഴുതി എന്നേയുള്ളൂ.

6. സംഗീതം
ഷാൻ റഹ്മാന്റെ സംഗീതം. എനിക്ക് പൊതുവേ ന്യൂ ജനറേഷൻ പാട്ടുകളോട് താല്പര്യം കുറവാണ്. എങ്കിലും മന്ദാരമേ എന്ന പാട്ട് വീണ്ടും കേൾക്കാൻ തോന്നിക്കുന്നത് തന്നെ. ഡ്രൈവ് ചെയ്യുമ്പോൾ വളരെ ഉത്സാഹം നല്കും ഈ പാട്ട്.
ലിറിക്സ് ക്വാളിറ്റി ഇതുവരെ നോക്കിയില്ല. ഒറ്റക്കേൾവിയിൽ ന്യൂ ജനറേഷന് വേണ്ടതെല്ലാം ചേർത്തിട്ടുണ്ട്.

പശ്ചാത്തല സംഗീതം അവിടവിടെ അൽപ്പം ഓവർ അല്ലേ എന്നൊരു തോന്നൽ ഉണ്ടായി.

7.. ലൊക്കേഷൻ
നിവിന്റെ വീട് - പാടത്ത് നിന്നുള്ള ഷോട്ട് അതിമനോഹരം. മലമുകളിലെ അമ്പലം - മഴ - മനോഹരം. റേച്ചൽ ആന്റിയുടെ വീട് - മലയാള സിനിമയിൽ ഇതാദ്യമാണോ ഇത്തരം ഒരു വീട് കാണിക്കുന്നത് ? ഓർമ്മയിൽ എങ്ങും പരതിയിട്ട് കിട്ടുന്നില്ല. നന്നായിരുന്നു.

8.. ഈ സിനിമ കണ്ടില്ലെങ്കിൽ ?

ലോകം അവസാനിക്കുകയില്ല. പക്ഷെ ഈ സിനിമ കണ്ടാൽ നിങ്ങൾ അന്ന് രാത്രി മുഴുവനും ഒരു ഊഷ്മള വികാരം മനസ്സിൽ നിറച്ച് തലയിണ മടിയിൽ വച്ച് തെരുപ്പിടിച്ച്, ഓരോ സീനും വീണ്ടും മനക്കണ്ണിൽ കണ്ട് , നന്നായിരുന്നു, നന്നായിരുന്നു എന്ന് വീണ്ടും വീണ്ടും സ്വയം പറഞ്ഞ് പുഞ്ചിരിക്കും. ഞാൻ ഒരു മഴപെയ്യുന്ന അപരാഹ്നത്തിൽ, ഏതോ മലമുകളിലെ ഏകാന്തമണ്ഡപത്തിൽ, എനിക്ക് വേണ്ടി ഇനിയൊരിക്കലും പിറക്കാൻ ഇടയില്ലാത്ത കാമുകനായി കാത്തിരുന്നു.

3 comments:

  1. Great review Devi! Really happy to see the comments and shares on FB... Great going ...Keep writing..

    ReplyDelete
  2. VaLare nannayittund chechee.....

    ReplyDelete