Friday, November 11, 2011

ഭാവയാമി രഘുരാമം

ഭാവയാമിരഘുരാമം എന്ന ഗാനത്തിന് (ചിത്രം:രംഗം) പരമ്പരാഗതം എന്നു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ഈ കുറിപ്പിന്ന് ആധാരം.

ഭാവയാമി രഘുരാമം വെറും ഒരുപരമ്പരാഗത കൃതി അല്ല. മറിച്ച് മഹാരാജാ സ്വാതിതിരുനാള്‍ രചിച്ച അതിവിശിഷ്ടമായ ഒരു കീര്‍ത്തനമാണ്. രാമന്റെ ബാല്യകാലം മുതല്‍ വനവാസവും രാവണവധവും തിരിച്ച് അയോദ്ധ്യയിലെത്തി പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ് ഇതിലുള്ളത്. ഇന്ന് ഏഴുരാഗങ്ങളും അവയുടെ ചിട്ടസ്വരങ്ങളും ഉള്‍പ്പടെ ഒരു ബൃഹത്തായ ഒരു കൃതിയാണ് ഭാവയാമി. ഇതിന്റെ മൂലകൃതി സ്വാതിതിരുനാള്‍ രചിച്ചത് സാവേരി രാഗത്തില്‍ രൂപകതാളത്തിലാണ്. ഇന്നത്തെ രൂപത്തിലെ രാഗമാലികയായി അതു മാറ്റിയെടുത്തത് സംഗീതകുലപതി ശ്രീ ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ ആണ്. സാവേരി രാഗത്തിലെ പല്ലവിയും അനുപല്ലവിയും കൂടാതെ നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി,പൂര്‍വികല്യാണി, അവസാനം മംഗളമായി മധ്യമാവതിയിലുമായി ആറ് ചരണങ്ങളും ഭാവയാമിക്കുണ്ട്. ഈ ആറു രാഗങ്ങളും വാല്‍മീകിരാമായണത്തിലെ ആറ് കാണ്ഡങ്ങള്‍ക്ക് പകരം നിന്ന് കഥപറഞ്ഞുപോകുന്ന മട്ടിലാണ് ഇതിന്റെ രചന. മുന്‍പേ പറഞ്ഞ ആറ് ചരണങ്ങള്‍ ക്രമത്തില്‍ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയെ പ്രതിനിധീകരിക്കുന്നു. 24000 ശ്ലോകങ്ങളുള്ള വാല്‍മീകിരാമായണമാണ് കാച്ചിക്കുറുക്കി ഏഴുരാഗങ്ങളില്‍ ഒതുക്കിയിരിക്കുന്നത്. സംസ്കൃതത്തില്‍ ജ്ഞാനം ഇല്ലെങ്കിലും പരിചിതമായ വാക്കുകളില്‍ നിന്നും ഒരു സാധാരണക്കാരന് തീര്‍ച്ചയായും ഇപ്പോള്‍ താന്‍ കേള്‍ക്കുന്നത് കഥയുടെ ഏതു ഭാഗമാണെന്ന് മനസ്സിലാകും.

ഇന്നത്തെ രാഗമാലികാ രൂപത്തിലുള്ള ഭാവയാമി ഏറെ പ്രശസ്തവും ജനപ്രിയവും ആക്കിത്തീര്‍ത്തത് മഹാ സംഗീതജ്ഞയായ ശ്രീമതി എം എസ് സുബ്ബലക്ഷ്മി ആണ്. ലോകോത്തരമായ വെങ്കടേശ്വരസുപ്രഭാതത്തിന്റെ റെക്കോഡോടൊപ്പം ഭാവയാമി നമുക്കു കേള്‍ക്കാം.

രംഗം എന്ന സിനിമയില്‍ സിനിമയ്ക്കുവേണ്ടി മുറിച്ചെടുത്ത് മസാല ചേര്‍ത്ത ഭാവയാമി ആണ് കേള്‍ക്കുന്നത്. സാവേരിയും, നാട്ടക്കുറിഞ്ഞിയും കഴിഞ്ഞ് നേരെ മധ്യമാവതിയിലേക്കു ചാടി പാടിത്തീര്‍ത്തിരിക്കുന്നു.

(ഭാവയാമി രഘുരാമം കൂടാതെ യോജയ പദനളിനേന എന്ന കല്യാണിരാഗത്തില്‍ മിശ്രചാപ് താളത്തിലുള്ള കൃതിയിലൂടെയും സ്വാതിതിരുനാള്‍ മഹാരാജാവ് രാമായണകഥ രചിച്ചിട്ടുണ്ട്)

എന്റെ പിസി എന്നോടു പിണങ്ങിയിരിക്കുന്നകൊണ്ട് എനിക്ക് ഭാവയാമി ഫയത്സ് എടുത്തു തരുവാന്‍ നിര്‍വാഹമില്ല. തല്‍ക്കാലം ഒരു ഓണ്‍ലൈന്‍ ലിങ്ക് കണ്ടുപിടിച്ചത് തരുന്നു. ആലാപനം ഏം എല്‍ വസന്തകുമാരി.

http://www.esnips.com/doc/649b1d4a-16d8-4894-8889-ccdbc6caa9c5/Bhavayami-Raghuramam,Ragamalika,Adi,-Swathy-Tirunal-Maharaja,M.L.Vasanthakumari

പൂനിലാവലക്കിയ പുടവ

സിനിമാപ്പാട്ടുകളുടെ വരികള്‍ക്കിടയിലെ സ്വപ്നസഞ്ചാരം കവിഭാവനയുടെ ലോകത്തെ വര്‍ണ്ണപുഷ്പങ്ങളും, സ്വപ്നവാനിലെ വാര്‍മഴവില്ലുകളും കണ്ടെത്തിത്തരുന്നു.ഒറ്റനോട്ടത്തില്‍ നിറമില്ലായ്മയുടെ ഊഷരത അനുഭവപ്പെട്ടേക്കാം. കറുത്ത അക്ഷരങ്ങള്‍ മിഴിച്ചു നോക്കുന്ന വെളുത്ത കടലാസുകള്‍! ഒരുവായനയില്‍ പലപ്പോഴും വാക്കുകളുടെ ആത്മാവിലേക്കു കടന്നു ചെല്ലാന്‍ കഴിഞ്ഞേക്കില്ല. വീണ്ടും വീണ്ടുമുള്ള വായനയും കേഴ്വിയും അക്ഷരങ്ങള്‍ക്ക് ഭാവവും നിറവും പകരുകയാണ്. വരണ്ടഭൂമിയിലേക്ക് ഊറിയിറങ്ങി വരുന്ന തണുത്ത നീരുറവപോലെ!
ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.

ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാ‍രങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.

ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിിലൂടെ ഒരു കൊച്ചു കൊതുമ്പുവള്ളം തുഴഞ്ഞ് പോയി നോക്കാം.

ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.

പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.

നിഗൂഢതകളുടെ ഗാനമെന്ന് ഈ ഗാനത്തെ വിളിക്കാമെന്ന് തോന്നുന്നു. ഒരു ഹമ്മിങില്‍ തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിനേക്കാള്‍ ജനമനസ്സിലുള്ളത് ബി ജി എം ഇല്‍ തുടങ്ങുന്ന റെക്കോര്‍ഡുകളിലെ പൂന്തേനരുവിയാണ്. തുടക്കം മുതല്‍ വരികളിലും ഈണത്തിലും ആലാപനത്തിലും ഒരു നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്നു. വരികളിലെ പ്രത്യക്ഷാര്‍ഥമല്ല ശ്രോതാവിനു ലഭിക്കുന്നത്. സംഗീതവും അതുപോലെതന്നെ. പറയാത്തതു പറഞ്ഞും കേള്‍ക്കാത്തത് കേള്‍പ്പിച്ചുമാണ് പൂന്തേനരുവി ആദ്യ മാത്രമുതല്‍ ഒഴുകുന്നത്. വയലാറിലെ രചയിതാവും ദേവരാജനിലെ സംഗീതകാരനും മത്സരിച്ച് ആരാണ് കേമന്‍ എന്നമട്ടിലാണ് ഗാനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവരുടെ ആത്മാവുകളുമായി ജന്മാന്തരപരിചയമുള്ളപോലെ സുശീലാമ്മ പാടി അനശ്വരവുമാക്കിയിരിക്കുന്നു.

വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള ‍അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.

‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!
അവള്‍ ഒഴുകട്ടെ മലയാളവും മലയാളിയുമുള്ളിടത്തോ

പൂനിലാവലക്കിയ പുടവ

സിനിമാപ്പാട്ടുകളുടെ വരികള്‍ക്കിടയിലെ സ്വപ്നസഞ്ചാരം കവിഭാവനയുടെ ലോകത്തെ വര്‍ണ്ണപുഷ്പങ്ങളും, സ്വപ്നവാനിലെ വാര്‍മഴവില്ലുകളും കണ്ടെത്തിത്തരുന്നു.ഒറ്റനോട്ടത്തില്‍ നിറമില്ലായ്മയുടെ ഊഷരത അനുഭവപ്പെട്ടേക്കാം. കറുത്ത അക്ഷരങ്ങള്‍ മിഴിച്ചു നോക്കുന്ന വെളുത്ത കടലാസുകള്‍! ഒരുവായനയില്‍ പലപ്പോഴും വാക്കുകളുടെ ആത്മാവിലേക്കു കടന്നു ചെല്ലാന്‍ കഴിഞ്ഞേക്കില്ല. വീണ്ടും വീണ്ടുമുള്ള വായനയും കേഴ്വിയും അക്ഷരങ്ങള്‍ക്ക് ഭാവവും നിറവും പകരുകയാണ്. വരണ്ടഭൂമിയിലേക്ക് ഊറിയിറങ്ങി വരുന്ന തണുത്ത നീരുറവപോലെ!
ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.

ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാ‍രങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.

ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിിലൂടെ ഒരു കൊച്ചു കൊതുമ്പുവള്ളം തുഴഞ്ഞ് പോയി നോക്കാം.

ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.

പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.

വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള ‍അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.
ദേവരാജസംഗീതത്തില്‍ ഈ ഗാനം പി സുശീല പാടുകയാണ്. ‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!
അറിയാത്തവര്‍ക്ക് അറിയാം.......... മറന്നവര്‍ക്ക് ഓര്‍മ്മിക്കാം........

എന്തു വായിച്ചാലും പാട്ടുകളുമായി ബന്ധപ്പെടുത്തിയ ഓര്‍മ്മകള്‍ ഓടിക്കേറി വരും. അതുടനെ എല്ലാരുമായും പങ്കുവയ്ക്കാനും തോന്നും. ഇപ്പോള്‍ കുമാരസംഭവം തര്‍ജ്ജമ വായിക്കാനൊരു ശ്രമം നടത്തുകയാണ്. പണ്ട് സംസ്കൃതം ഐച്ഛികമായി എടുത്തകാലത്ത് പഠിച്ചതാണ്. യാതൊരു പ്രയോജനവുമില്ലാതായിപ്പോയി. ഉത്തര്‍ഖണ്ഡിലൂടെ എന്ന പുസ്തകവായനക്കു ശേഷം കാളിദാസവര്‍ണ്ണനകള്‍ ഒന്നുകൂടി മനസ്സിലാക്കാനൊരു മോഹം കലശലായിരുന്നു. ഇപ്പോളാണ് തരപ്പെട്ടതും കുമാരസംഭവം കയ്യിലെടുത്തതും. അപ്പോഴാണ് വൈഡൂര്യവും ചാമരവും കണ്ണില്‍പ്പെട്ടത്. എന്നാല്‍ ഇങ്ങോട്ടെത്തിച്ചേക്കാമെന്നു വച്ചു.

ഹിമാലയത്തിലെ ‘വിദൂര’ പര്‍വ്വതത്തില്‍ ഇടിവെട്ടേല്‍ക്കുമ്പോഴാണത്രെ ‘വൈദൂ(ഡൂ)ര്യ രത്നങ്ങള്‍ ഉണ്ടാകുന്നത്. വിദൂരം എന്ന പദത്തില്‍ നിന്നാണ് വൈദൂ(ഡൂ)ര്യം എന്ന വാക്കുണ്ടായത്. അവ അവിടെനിന്നും നദികളിലൂടെ ഒഴുകി താഴ്വരകളിലെത്തിച്ചേരുമ്പോഴാണ് മനുഷ്യന് ഖനനം ചെയ്തെടുക്കാന്‍ പാകത്തില്‍ നദീതടങ്ങളില്‍ കാണുന്നത്.

എം എസ് ഐയില്‍ വൈഡൂര്യങ്ങള്‍ക്ക് പഞ്ഞമില്ല.
  • വൈഡൂര്യ രത്നമാല ചാര്‍ത്തിയ വാസന്ത ദേവത ‘പുള്ളിമാനി‘ലുണ്ട്
  • വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടിപ്പാവുടുക്കണ പൊന്മാന്‍ ‘ഈ പുഴയും കടന്ന്’' ല്‍ ഉണ്ട്.
അതുപോലെ ചാമരം. എന്താണ് ചാമരം?

സ്വര്‍ണ്ണചാമരം വീശിയെത്തുന്ന സ്വപ്നങ്ങളും, ചാഞ്ചാടിനടക്കുന്ന ചാമരമേഘങ്ങളും, ചക്രവാളം ചാമരം വീശുന്ന ചക്രവര്‍ത്തിനി രാത്രിയുമൊക്കെ നമ്മുടെ കൂടെയുണ്ടല്ലൊ.
കാണുന്ന നേരത്ത് ചാമരം വീശി മിണ്ടാന്‍ മറന്ന മോഹങ്ങളുമായി സറീനയേയും ഓര്‍ക്കാം.

ഹിമാലയപര്‍വ്വതത്തില്‍ കാണുന്ന് ചമരിമാനുകളുടെ വാലിലെ വെളുത്തുമിനുങ്ങുന്ന നീണ്ട രോമങ്ങളാലാണത്രെ പ്രണയ വിരഹത്താലും മറ്റും ഉഷ്ണിച്ചുവശാകുന്ന ഗന്ധര്‍വ കിന്നരകന്യകള്‍ക്ക് വീശിത്തണുപ്പിക്കാനുള്ള ചാമരവിശറികള്‍ ഉണ്ടാക്കിയിരുന്നത്! അവ പിന്നീട് നമ്മുടെ കവികള്‍ എടുത്തു മിനുക്കി സ്വര്‍ണ്ണചാമരവും മറ്റും ആക്കിയെടുത്തതാണ്.

വീണ്ടും തിരിച്ചെത്താം.

(ഇതിനെക്കാളൊക്കെ വിശദീകരണങ്ങളും അര്‍ത്ഥതലങ്ങളും ഒരുപാടുണ്ടാവാം. പാട്ടുകളുമായി ബന്ധപ്പെടുത്തി പെട്ടന്നു മനസ്സിലാക്കാനും ഓര്‍ത്തിരിക്കാനും പറ്റുന്ന ചിലകാര്യങ്ങള്‍ പറയാനുള്ള ഒരു ശ്രമം മാത്രമാണിവിടെ)
ഭിന്നാഭിപ്രായങ്ങളില്‍ ഒന്നു മാത്രമാണ് പ്രമോദിന്റെ ഈ ലേഖനം.

ഹൈപേഷ്യയെപ്പറ്റി പറയുമ്പോള്‍ വികിപീഡിയ തപ്പാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നതു തന്നെ - അതു ശരിയോ തെറ്റോ- ഗ്രന്ഥകര്‍ത്താവിന്റെ വിജയമാണെന്ന് ഞാന്‍ കരുതുന്നു. വിജയത്തിന്റെ ശതമാനം നുള്ളിക്കീറിനോക്കി ഫസ്റ്റ് ക്ലാസാണോ വെറും പാസ്സാണോ എന്ന് നോക്കണോ? വിമര്‍ശകര്‍ എടുത്തുവച്ചിരിക്കുന്ന അന്താരാഷ്ട്ര ഉരകല്ലില്‍ ക്വാളിറ്റി ചെക്കിങ് ക്ലിയര്‍ ചെയ്യാത്തതൊന്നും സാഹിത്യമല്ലേ? മലയാളത്തിലെ ഒരു നല്ല രചന തന്നെയാണ് ഇട്ടിക്കോര. പുതിയ സാഹചര്യങ്ങളില്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് എഴുതുന്നതിനെ കണ്ണുമടച്ച് വിമര്‍ശിക്കാമോ? വിക്കിപ്പീഡിയ യില്‍ നിന്നാണ് ‘പീഡനം’ എടുത്തതെന്നൊക്കെ പറയുന്നത് വല്ലാത്തൊരു വിമര്‍ശന പീഢനം തന്നെയായിപ്പോയി.

വിദേശ പേരുകള്‍ മലയാളി അതിന്റെ ശരിയായ ഉച്ചാരണത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ഒരു സാഹിത്യ കൃതിയുടെ ഗുണത്തെ ബാധിക്കുമോ? തിരിച്ച് മാര്‍ക്വേസോ മറ്റാരുമോ (മലയാളിയല്ലാത്ത ഒരാള്‍ എന്നേ ഉദ്ദേശമുള്ളു) ഒരു കഥയില്‍ മലയാളിപ്പേരുകള്‍ തെറ്റിച്ചുച്ചരിച്ചാല്‍ നാം എന്തു പറയും. നോവല്‍ വായിക്കുമോ അതോ പേരിന്റെ പിന്നാലെ പോകുമോ? (എന്റെ വിവരക്കേട് ക്ഷമിക്കുക. ഒരു സാധാരണക്കാരിക്ക് തോന്നുന്നതാണ് എഴുതുന്നത്.)

കാല്പനീകതയും, ചരിത്രവും, യാഥാര്‍ഥ്യവും ഇഴപിരിച്ചെഴുതുമ്പോള്‍ എവിടെയും വന്നുപോകാവുന്ന കടുംകെട്ടുകളോ, കുരുക്കുകളോ ഒക്കെയേ ഈ നോവലിലുള്ളു എന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു കേസ് കൊടുക്കേണ്ട ഒരുകാര്യവും ഇല്ല. അതേസമയം ജീവിച്ചിരിക്കുന്നവരെക്കൂടിച്ചേ
ര്‍ത്ത് ഇങ്ങനെയൊരു കഥപറയാന്‍ ശ്രമിച്ച എഴുത്തുകാരന്റെ ആര്‍ജ്ജവം അഭിനന്ദിക്കപ്പെടേണ്ടതാണെന്നുകൂടി ഞാന്‍ കരുതുന്നു. ചരിത്ര പഥങ്ങള്‍ തീര്‍ച്ചയായും ബോറഡിപ്പിക്കുന്നുണ്ട്, ആവര്‍ത്തന വിരസതയുമുണ്ട്. പക്ഷേ അതൊന്നും ഈ നോവലിന്റെ മൊത്തമായുള്ള വായനാക്ഷമതയെ നശിപ്പിക്കുന്നില്ല. അടച്ചാക്ഷേപങ്ങള്‍ വിമര്‍ശനമല്ല. ആശാമേനോന്റെ ആമുഖം വെറും വിരസമാണെന്നു കൂടി പറയാനാഗ്രഹിക്കുന്നു. തന്റെ വിജ്ഞാനം വിളമ്പാനും, പ്രഥാന കഥാതന്തു വിട്ട് കണക്കിലെ കളികള്‍ എന്നുള്ള രീതിയിലാണ് നോവലെന്നും പറഞ്ഞുവച്ചിരിക്കുന്നു ആമുഖത്തില്‍.

എങ്കിലും വിമര്‍ശകന്റെ ഒരു ഗ്ലോസറി നല്‍കാനും അനുബന്ധങ്ങള്‍ ചേര്‍ക്കാനുമുള്ള നിര്‍ദ്ദേശം തികച്ചും കൈക്കോള്ളേണ്ടതുതന്നെയാണ്.

കലാപരമായി ഈ നോവല്‍ ഒരു പരാജയമാണെന്നൊക്കെ ഒറ്റയടിക്കു പറഞ്ഞ് വായനക്കാരെ പേടിപ്പിക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്. ആ തോന്നല്‍ ഒരാള്‍ക്കുണ്ടായെന്നു വച്ച് ഇതിനകം നല്ല ഒരു റീഡര്‍ഷിപ് കിട്ടിയ ഈ നോവല്‍ വായിച്ചവരും കൊള്ളാമെന്നെങ്കിലും പറഞ്ഞവരും മുഴുവനും വിഡ്ഢികളാണോ?

‘വികിപീഡിയയും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുത്ത ഒരു കഥ മാത്രമാണിത്.............‘ കഥ കഥയാണെന്നും അതില്‍ സത്യമുണ്ടാവണമെന്നും എവിടെയാണെഴുതിയിരിക്കുന്നതെന്നറിയില്ല.
സി വി രാമന്‍പിള്ള എഴുതിയ പോലെ രാമകൃഷ്ണന്‍ എഴുതണമോ? എങ്കില്‍ പിന്നെ സിവി തന്നെ എഴുതിയതു മാത്രം വായിച്ചാലും മതിയല്ലോ.

വിമര്‍ശകന് കെമിസ്ട്രി ഇഷ്ടമായതുകൊണ്ട് റേഡിയോ ആക്റ്റീവ് സ്റ്റ്രോണ്‍ഷ്യം എന്ന വാക്കു മാ‍ത്രേ ഇഷ്ടമായുള്ളോ? ഗിവ് മീ എ ബ്രേക് എന്നോ മറ്റോ ആംഗലേയത്തില്‍ പറയുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലല്ലേ?

വൃത്തികെട്ട വ്യക്ത്യാധിഷ്ഠിത പരിഹാസമാണ് ഈ ലേഖനത്തിലുടനീളം കാണുന്നത്. അത് വിമര്‍ശനമാണെന്ന് എഴുതിയ ആളിനു മാത്രമേ തോന്നുകയുള്ളെന്ന് മാത്രം.
മറ്റൊന്ന് വികിപീഡിയയുടെ ‘കപട ആധികാരികത‘ എടുത്തുപൊക്കിക്കാണിക്കലാണ്. ഒരു ക്വിക് റഫറന്‍സ് എന്നല്ലാതെ വികിപീഡിയ ആധികാരികമാണ് എന്ന് വികിപീഡീയക്കാര്‍ പോലും പറയില്ല. അങ്ങനെയെങ്കില്‍ അവര്‍ ‘ഇത് ശരിയല്ലെങ്കില്‍ മാറ്റിയെഴുതൂ‘ എന്ന് അതില്‍ എഴുതിവയ്ക്കില്ലല്ലോ. അല്ലേ. ആംഗലേയ ഭാഷാജ്ഞാനം കമ്മിയാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക.

ഇനി കുട്ട്യേട്ടനൊക്കെ ഇട്ടിക്കോര വായിച്ചാല്‍ ഈ ലേഖനം മുന്‍ നിര്‍ത്തിയേ വായിക്കൂ എന്ന ഒരൊറ്റ ദുരന്തം മാത്രമേ ഈ പോസ്റ്റ് കൊണ്ടുണ്ടായുള്ളു. കഷ്ടം!

A Thousand Splendid Suns

A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിരിക്കുന്നു. The Kite Runner എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ ഖാലിദ് ഹുസ്സൈനി യുടെ രണ്ടാമത്തെ നോവലാണിത്. മനസ്സിന്റെ വിങ്ങല്‍ നില്‍ക്കുന്നില്ല. ഒരായിരം ഉജ്വല സൂര്യന്മാരുദിച്ചിരുന്ന സൂഫി കവികളും എണ്ണമറ്റ ഗായകരും പാടിപ്പുകഴ്ത്തിയിരുന്ന കാബൂള്‍ നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. സോവിയറ്റ് അധിനിവേശ പൂര്‍വ്വകാലം മുതല്‍ താലിബാനും അല്‍ ഖ്വൈദയും അടക്കിഭരിക്കുന്ന വര്‍ത്തമാനകാലം വരെ യുള്ള മൂന്നു പതിറ്റാണ്ട് നീളുന്ന ചരിത്ര പഥത്തിലൂടെ ഈ നോവല്‍ നടക്കുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും , കാബൂളിന്റെ സാംസ്കാരികപൈതൃകങ്ങളായ ഗ്രന്ഥശാലകളും ചിത്രശാലകളും കത്തിയെരിക്കപ്പെടുന്നതും, നമുക്കിതില്‍ കാണാം. ഒന്നിനു പിറകേ ഒന്നായിവന്ന ഭരണാധികാരികളെല്ലാം ഓരോ പ്രതികാരത്തിനിരയായി വധിക്കപ്പെടുന്നതും പഴയപത്രത്താളുകളില്‍ നിന്നിറങ്ങി വന്നപോലെ, ഒരു പഴയ വീഡിയോ ഫിലിം വീണ്ടും കാണുന്നതു പോലെ കണ്മുന്നിലൂടെ വീണ്ടും കടന്നു പോകുന്നു.

ചരിത്രത്തിന്റെ ഈ രാജവീഥികളുടെ ഓരത്തെ സാധാരണ അഫ്ഗാന്‍ ജീവിതചിത്രമാണ് ഈ നോവലിന്റെ വികാരപരത. മറിയം, ലൈല എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയിലൂടെ ഒരു മനുഷ്യജീവനുള്ള വിലയും വിലകേടും, ഗതികേടും വായനക്കാരന്‍ നെഞ്ചിലൊരു ഭാരവും തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗദവുമായി മാത്രമേ വായിക്കുകയുള്ളു. ഒരിക്കലും കൂട്ടിമുട്ടേണ്ടതായിരുന്നില്ല മറിയത്തിന്റെയും ലൈലയുടേയും ജീവിതങ്ങള്‍. വിധിവിഹിതം ബ്രഹ്മനും തടുക്കൊലാ എന്ന വാക്യം അന്വര്‍ഥമാക്കപ്പെടുന്നതു പോലെ ഒരേകൂരയ്ക്കു കീഴില്‍, ഒരേ പുരുഷന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഇരുവരും എത്തിപ്പെടുന്നു. പുറത്ത് ബോംബുകളും മോര്‍ട്ടാറുകളും രാജ്യത്തെ ചിതറിക്കുമ്പോള്‍ ,രക്തം ചിന്തുമ്പോള്‍ ,അകത്ത് മറിയവും ലൈലയും അനുഭവിക്കുന്നതും മറ്റൊന്നല്ല. ഇത്രയും ക്രൂരത അനുഭവിക്കാന്‍ മാത്രം ശക്തി ഒരു സ്ത്രീ ശരീരത്തിനുണ്ടോ എന്നു ലൈലയെപ്പോലെ വായനക്കാരനും ചിന്തിക്കുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങള്‍ അവരെ എത്തിക്കുന്നത് കൊടിയപീഢനങ്ങളുടെ കൊടുമുടികളിലാണ്.

അവസാനം ഒരു നിയോഗം പോലെ മറിയം തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ തീരുമാനത്തില്‍ സ്വയം ബലികൊടുത്ത് ലൈലയെ രക്ഷപ്പെടുത്തുന്നു. മറിയം റഷീദിനെ കൊലപ്പെടുത്തുന്ന രംഗം കണ്മുന്നില്‍ നിന്നും മറയാന്‍ ഇനിയും ദിവസങ്ങളെടുക്കും.

ലൈലയും താരിഖും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേരുമ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണ രേഖകള്‍ ചക്രവാളത്തില്‍ കാണുമ്പോഴും മറിയം എന്ന അഫ്ഗാന്‍ സ്ത്രീ തീരാവേദനയായി മനസ്സില്‍ അവശേഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യജീവിതത്തിന്റെ ഒരു ബഹുവര്‍ണ്ണ ചിത്രം ഈ നോവലില്‍ നിന്നും നമുക്കു ലഭിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ ജന്മസ്ഥലം എന്നു മാത്രം കരുതിപ്പോരുന്ന, ഒരു കാലത്ത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടിരുന്ന ചരിത്രമുള്ള ഈ രാജ്യത്തിന്റെ ഇന്നത്തെ ദയനീയക്കാഴ്ചകളിലേക്ക് ഗ്രന്ഥകാരന്‍ നമ്മെ നടത്തിക്കുന്നത് നൂറുശതമാനം ആത്മാര്‍ഥതയോടെയാണ്. ഇതാണെന്റെ രാജ്യം, പുറത്തറിയുന്ന കലഷ്നിക്കോവുകള്‍ ഏന്തിയ താലിബാനുകളെ മാത്രമേ സാമാന്യ ജനത്തിന് കാണാണാകുന്നുള്ളു, അകത്തെരിയുന്ന കനലുകളും, ഉരുകുന്ന മനസ്സുകളും, പൊഴിയുന്ന പല്ലുകളും, വിശക്കുന്ന വയറുകളും കാണാന്‍ എന്റെ കൂടെ വരൂ എന്നു തന്നെയാണ് രചയിതാവ് വായനക്കാരനോടാവശ്യപ്പെടുന്നത്. കൊടിയ ഭീകരതയുടെയും രക്തച്ചൊരിച്ചിലിന്റെയും നടുവിലും സാമാന്യ ജീവിതം നയിക്കാന്‍ കൊതിക്കുന്ന, ശ്രമിക്കുന്ന അഫ്ഗാനികളുടെ ചിത്രം അതിജീവനത്തിന്റെയും കൂടി ചിത്രമാണ്. അകലങ്ങളില്‍ വെടിയൊച്ചകേള്‍ക്കുമ്പോഴും, ബോംബ് പൊട്ടുമ്പോഴും അവര്‍ തങ്ങളുടെ ജീവിതത്തിലെ ചെറുസന്തോഷങ്ങളില്‍ മനസ്സു പൂഴ്ത്തി താല്‍ക്കാലിക രക്ഷ നേടുന്നു. വൈകുന്നേരങ്ങളില്‍ മറിയവും ലൈലയും പുറത്തിരുന്നു ചായ കുടിക്കുന്ന രംഗം ഇതിലൊന്നാണ്. പുറത്തെ ബോംബുകളാണോ അകത്തെ കൊടിയ മര്‍ദ്ദനവും ഭര്‍സനവുമാണോ ഏതാണ് അവരെ ഏറെ ഭയപ്പെടുത്തുന്നത് എന്ന് ഒരു നിമിഷം ആലോചിച്ച് പോകും.

വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്. ഭാഷയുടെ ഉപയോഗം അതിമനോഹരമാണ്. ഓരോ സംഭവവും അതിസൂക്ഷമതയോടെ, വിവിധവര്‍ണ്ണങ്ങളുള്ള പരവതാനി നെയ്യുന്ന പ്രാഗല്‍ഭ്യത്തോടെ, വാക്കുകളുടെ കൃത്യതയോടെ ഗ്രന്ഥകാരന്‍ നെയ്തെടുത്തിരിക്കുന്നു. അലങ്കാര(adjectives)ങ്ങളുടെ ഉപയോഗം അതിന്റെ വൈവിധ്യം എന്നിവ അല്‍ഭുതപ്പെടുത്തും. വായനയുടെ വേഗതയില്‍ അവിടവിടെ സംഭവിക്കുന്ന വേഗവ്യതിയാനങ്ങള്‍ ഓരോ വായനക്കാരന്റെയും ആസ്വാദനനിലവാരം അനുസരിച്ചിരിക്കും എന്നതിനാല്‍ ഒരു കാടടച്ചുള്ള വിമര്‍ശനത്തിന് മുതിരുന്നില്ല.

ഇത് ഒരായിരം ഉജ്വലസൂര്യന്മാര്‍ (A thousand Splendid Suns)എന്ന നോവല്‍ വായിക്കാത്തവര്‍ക്കുവേണ്ടി. വിവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് തന്നെ വായിക്കാന്‍ ശ്രമിക്കുക.

മരം

മരം

അടുത്തിട പഴയ ചില ചിത്രങ്ങളുടെ സിഡികള്‍ ലഭിച്ചു. അങ്ങനെയാണ് മരം എന്ന ചിത്രം കണ്ടത്. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം. നാലു ഹിറ്റ് പാട്ടുകള്‍ ഒരിക്കലും ഒളിമങ്ങാ‍തെ നില്‍ക്കുന്ന ചിത്രം. കല്ലായിപ്പുഴയും മരക്കമ്പനിയും പശ്ചാത്തലമാക്കിയാണ് മരം വളരുന്നത്. തുടക്കത്തില്‍ തന്നെ ഒരു മരപ്പാണ്ടികശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ കാമറ കടന്നു പോകുന്നു. ക്രമേണ അത് മരങ്ങളല്ലാത്ത മനുഷ്യരുടെ മനസ്സുകളിലൂടെ കടന്നു കയറി നിറഭേദങ്ങള്‍ വെളിച്ചപ്പെടുത്തുന്നു.
കഥ ഇങ്ങനെ.....
ഖാദറും, ഇബ്രായീനും ആമുട്ടിയും കളിക്കൂട്ടുകാരായിരുന്നു. ആമിന കൂട്ടുകാരിയും. മൂന്നുപേരും ആമിനയുടെ ഖല്‍ബ് കൊതിച്ചെങ്കിലും അവള്‍ അത് ഇബ്രായീന് കൊടുക്കുന്നു. പട്ടാളക്കാരനായ ഇബ്രായീന്‍ കല്യാണം കഴിഞ്ഞ് പുതുപ്പെണ്ണായ ആമിനയെ തനിയെ വിട്ട് യുദ്ധത്തിനു പോകുന്നു. ഇബ്രായീന്‍ പോയി ആറേഴുവര്‍ഷമായിട്ടും ഒരു വിവരവുമില്ലാതെ ആമിന കാത്തിരിക്കുന്നിടത്താണ് കഥയുടെ തുടക്കം. നാട്ടുകാരുടെയും ബന്ധുക്കാരുടേയും നൂറുകണ്ണുകള്‍ ആമിനക്ക് ചുറ്റും പരന്നു നടപ്പാണ്. എങ്കിലും അവള്‍ വ്രതശുദ്ധയായി ഇബ്രായീനെത്തന്നെ കാത്തിരിക്കുന്നു.
ഇസ്ലാം മതാചാരപ്രകാരം ഭര്‍ത്താവിനെപ്പറ്റി ഏഴുവര്‍ഷത്തിലധികം വിവരമൊന്നുമില്ലെങ്കില്‍ പുനര്‍ വിവാഹം ചെയ്യാം. ഈ ‘മസാല’ കൂട്ടുപിടിച്ച് ആമിനയുടെ ഉമ്മയും മറ്റും ചേര്‍ന്ന് അവളെ സ്വന്തം ഇഷ്ടത്തിനെതിരായി ഖാദറിന് വിവാഹം ചെയ്തു കൊടുക്കുന്നു.ഖാദര്‍ മരക്കച്ചവടക്കാരനായ പുത്തന്‍ പണക്കാരനാണ്. ആമുട്ടി ഖാദറിന്റെ സഹായിയായി ജീവിക്കുന്നു. ആമിനയെ ജീവനുതുല്യം സ്നേഹിക്കുന്ന ആമുട്ടി ഹൃദയം തകര്‍ന്നെങ്കിലും അവളെ പെങ്ങളായി കാണുവാന്‍ തുടങ്ങുന്നു. ഇബ്രായീനെ തന്നെ മനസ്സില്‍ ധ്യാനിച്ച് ഖാദറിന്ന്‍ വഴങ്ങാതെ ജീവിക്കുകയാണ് ആമിന. യുദ്ധമുന്നണിയില്‍ നിന്ന് ഇബ്രായീന്‍ തിരിച്ചു വരുന്നത് തനിക്കുവേണ്ടി കാത്തിരിക്കാതെ മറ്റൊരാളെ വരിച്ച ആമിനയുടെ കഥയും കേട്ടാണ്. ആമുട്ടിയില്‍ നിന്ന് സത്യമെല്ലാമറിഞ്ഞ ഇബ്രായീന്‍ അവന്റെ സഹായത്തോടെ ആമിനയേയും കൂട്ടി രക്ഷപ്പെടുന്നു. ആമുട്ടി ഇതിനിടയില്‍ ആളറിയാതെ കൊല്ലപ്പെടുന്നു. ഇതാണ് മരത്തിന്റെ കഥ. ആമിനയുടെ കൂട്ടുകാരി ജാനുവും ഈ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ്.എന്താണ് മരം കാഴ്ചക്കാരന് നല്‍കുന്നത്? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ക്ലീന്‍ സിനിമ. പഴയ സിനിമകളില്‍ അധികവും കാണുന്ന മെലോഡ്രാമയോ, അതിഭാവുകത്വമോ മരത്തില്‍ കാണാന്‍ കഴിയില്ല. ഒരുപഴയ സിനിമയാണ്, അതിന്റേതായ പരിമിതികള്‍ സാങ്കേതികത്വത്തില്‍ ഉണ്ടെന്നു കൂടിക്കരുതി കണ്ടാല്‍ ഈ സിനിമ ബോറടിപ്പിക്കില്ല.

മരം ആരുടെ സിനിമയാണ്? സംവിധായകന്റെ പേരിലാണെങ്കില്‍ യൂസഫലിയുടെ സിനിമ. എന്നാല്‍ അതിനുമപ്പുറത്ത് മരം എന്ന സിനിമ മനസ്സില്‍ ഒരു നൊമ്പരമായി വിങ്ങലായി വിരല്‍പ്പാട് പതിപ്പിച്ചു പോകുന്നത് ആരുടെയാണ്? സിഡി കവറില്‍ ആ പേരില്ല. അതുകൊണ്ടുതന്നെ പഴയ നോട്ടീസുകളിലോ മറ്റോ ഉണ്ടൊ എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാണികളും മലയാള സിനിമതന്നെയും മറന്ന ഒരനുഗ്രഹീത നടനായിരുന്ന നെല്ലിക്കോട് ഭാസ്കരനാണത്. മരം നെല്ലിക്കോട് ഭാസ്കരന്റെ സിനിമയാണ്. പേരുകൊണ്ട് പ്രേം നസീറും ഉമ്മറും മുന്‍ നിരക്കാരാണെങ്കിലും മരം എന്ന സിനിമയില്‍ നെല്ലിക്കോട് ഭാസ്കരന്റെ നിഴലായിപ്പോലും ഇവരില്ല. ഉമ്മറിന്റെ ഖാദറും ,നസീറിന്റെ ഇബ്രായീനും നെല്ലിക്കോടിന്റെ ആമുട്ടിയുടെ മുന്നില്‍ വിളറിവെളുത്ത് വ്യര്‍ഥരായി നില്‍ക്കുന്നു. നെല്ലിക്കോട് അവതരിപ്പിക്കുന്ന മുഴുനീളകഥാപാത്രമാണ് ആമുട്ടി. നായകന്‍(?) നസീറിന് പതിനാലാം രാവുദിച്ചത് പാടാനുള്ള സമയമേ ഇതില്‍ ഉള്ളു. മൊഞ്ചത്തിപ്പെണ്ണേ പാടി ഉമ്മറും നേരം കളയുന്നു.

സംഭാഷണ മികവിലാണ് നെല്ലിക്കോടിന്റെ കഥാപാത്രം അവിസ്മരണീയമാകുന്നത്. ‘നീയെന്റെ ശരീരത്തില്‍ കനിഞ്ഞര്‍പ്പിച്ച പ്രാണന്‍, നീതന്നെ തിരിച്ചെടുത്തുകൊള്ളുന്നതിനു മുന്‍പെ ജീവിതത്തിന്റെ മഹത്വംഎന്തെന്നാസ്വദിക്കുവാന്‍ എനിക്കൊരവസരം നല്‍കിയപ്രപഞ്ചപരിപാലകാ, നിനക്കു സ്തോത്രം‘ എന്ന പറഞ്ഞുനിര്‍ത്തി ഈ ലോകം വിട്ടുപോകുന്ന ആമുട്ടിയെ വിട്ട് നിറകണ്ണുകളോടെ ആയിരുന്നിരിക്കണം പ്രേക്ഷകന്‍ സിനിമാക്കൊട്ടക വിട്ടിറങ്ങിയിരുന്നത്. ചായം തേച്ച് വെളുത്തുചുവന്നു തുടുത്ത നായകന്മാര്‍ വിസ്മൃതിയിലാഴുന്ന സമയമാണത്.

ആമിനയെന്ന മുസ്ലീം പെണ്‍കുട്ടിയായി വരുന്ന ജയഭാരതിക്ക് കുറച്ച് കണ്ണുനീര്‍ കളയലല്ലാതെ മറ്റൊന്നും കാര്യമായി ചെയ്യാനില്ല. ‘ജാനൂ ഏതാണെന്റെ വലതുകാല്?’ എന്നു ചോദിക്കുന്ന രംഗം മനസ്സില്‍ തട്ടും. ‘ഞാനൊരു പെണ്ണാണ് മരമല്ല’ എന്നു ഖാദറിനോട് പ്രഖ്യാപിക്കാനും അവള്‍ക്കുകഴിയുന്നുണ്ട്.

നായകന്മാരെ നിഷ്പ്രഭരാക്കിയ നെല്ലിക്കോടിനെപ്പോലെ, നായികയേയും കടത്തിവെട്ടി മുന്നില്‍ തെളിഞ്ഞുകത്തുന്നത് ജാനുവിനെ അവതരിപ്പിക്കുന്ന കെ പി എ സി ലളിതയാണ്. ആമുട്ടിയെ നിശബ്ദമായി സ്നേഹിക്കുന്ന കരുവാത്തിപ്പെണ്‍കുട്ടി ജാനു. ‘ഇനി എനിക്കൊമൊരു പെണ്ണുകെട്ടണം’ എന്നു പറയുന്ന ആമുട്ടിയോട് ‘ആരെയെങ്കിലും കണ്ടിരിക്കണാ?’ എന്നവള്‍ മനസ്സില്‍ നിറഞ്ഞു കവിയുന്ന ആശയോടെ ചോദിക്കുന്നു. ‘പെണ്ണുങ്ങളുടെ മുഖം മാത്രേ ആണുങ്ങള് കാണുന്നുള്ളു, മനസ്സുകാണുന്നില്ല’ എന്ന് പരിഭവം പറയുന്നു. ജാനുവിനെതോല്‍പ്പിച്ച് ജീവിതപരീക്ഷയില്‍ ജയിച്ച ആമുട്ടി കടന്നു പോകുമ്പോള്‍ ഒരു നിശബ്ദപ്രണയത്തിന്റെ മഹത് സാക്ഷാത്കാരം കൂടിയാണ് അനുഭവേദ്യമാകുന്നത്.

ഫിലോമിനയുടെ ആയിശുമ്മ, അടൂര്‍ഭാസിയുടെ കരുവാന്‍, ബഹദൂറിന്റെ മുസലിയാര്‍ എന്നിവരും കഥാഗതിക്കനുയോജ്യമായ നിലയില്‍ വന്നു മറയുന്നു.

പാത്രസൃഷ്ടിയിലുള്ള മിതത്വം ഈ സിനിമയുടെ ഒരു മികച്ച ഘടകമാണ്. മിതമായ സംഭാഷണങ്ങളും. പാട്ടെഴുത്തിലെ പോലെത്തന്നെ കയ്യടക്കം സംവിധായകന്‍ ഇക്കാര്യങ്ങളില്‍ കാണിച്ചിരിക്കുന്നു. തമാശക്കു വേണ്ടി തമാശകാണിക്കുന്ന സിനിമകളുടെ കാലത്തെ ഈ സിനിമ ആക്കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. ബഹദൂറിന്റെ മുസലിയാര്‍ എന്ന കഥാപാത്രമാണ് തികഞ്ഞ വൈകാരിക വിക്ഷോഭങ്ങളുടെ ഇടയില്‍ കോമിക് റിലീഫിനായി ‘മസാല’ കള്‍ കൊണ്ടു വരുന്നത്.
യൂസഫലി ദേവരാജന്‍ ടീമിന്റെ ഗാനങ്ങളെല്ലാം ഹിറ്റുകളായതാണല്ലോ. അതു കൂടാതെ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ കെസ്സുപാട്ടുകള്‍ ഇടക്കിടക്കു സുറുമക്കണ്ണിളക്കിക്കാട്ടി കടന്നു പോകുന്നുണ്ട് ഇതില്‍. മാധുരിയമ്മയെക്കൊണ്ട് കെസ്സുപാട്ട് പാടിച്ചതിന്റെ സാംഗത്യം എന്തുതന്നെയായാലും വ്യക്തിപരമായി അതുള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെഴുതുന്നയാള്‍ക്കുള്ളത്. കെസ്സുപാട്ടിന്റെ മൊഞ്ച് അതുള്‍ക്കൊണ്ട് പാടാന്‍ കഴിയുന്നവരാരെങ്കിലുമായിരുന്നെങ്കില്‍........

കല്ലായിപ്പുഴ ഈ കഥയ്ക്ക് നി:ശ്ശബ്ദസാക്ഷിയായി നില്‍ക്കുന്നു. മനുഷ്യന്റെ മനസ്സിലെ തീരാദു:ഖങ്ങള്‍ പോലെ അവളുടെ മാറില്‍ തെരപ്പങ്ങളുണ്ട്. കിലുകിലെച്ചിരിക്കുന്ന പെണ്ണാണ് എന്ന് വര്‍ണ്ണിക്കുന്ന പുഴ ഇവിടെ മൂകയാണ്. ആമുട്ടിയുടെ ആത്മാര്‍പ്പണവും, ജാനുവിന്റെ തേങ്ങലും ഏറ്റുവാങ്ങി അവള്‍ പടിഞ്ഞാറേക്കൊഴുകുന്നു. കടലിന്റെ മാറില്‍ തലവെച്ച് അവള്‍ ചിലപ്പോള്‍ പൊട്ടിക്കരയുന്നുണ്ടാകും.

നെല്ലിക്കോട് ഭാസ്കരന്‍ എന്ന അതുല്യ നടന് ഒരു തുള്ളി ബാഷ്പോദകത്തോടുകൂടി...................