Friday, November 11, 2011

മരം

മരം



അടുത്തിട പഴയ ചില ചിത്രങ്ങളുടെ സിഡികള്‍ ലഭിച്ചു. അങ്ങനെയാണ് മരം എന്ന ചിത്രം കണ്ടത്. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം. നാലു ഹിറ്റ് പാട്ടുകള്‍ ഒരിക്കലും ഒളിമങ്ങാ‍തെ നില്‍ക്കുന്ന ചിത്രം. കല്ലായിപ്പുഴയും മരക്കമ്പനിയും പശ്ചാത്തലമാക്കിയാണ് മരം വളരുന്നത്. തുടക്കത്തില്‍ തന്നെ ഒരു മരപ്പാണ്ടികശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ കാമറ കടന്നു പോകുന്നു. ക്രമേണ അത് മരങ്ങളല്ലാത്ത മനുഷ്യരുടെ മനസ്സുകളിലൂടെ കടന്നു കയറി നിറഭേദങ്ങള്‍ വെളിച്ചപ്പെടുത്തുന്നു.
കഥ ഇങ്ങനെ.....
ഖാദറും, ഇബ്രായീനും ആമുട്ടിയും കളിക്കൂട്ടുകാരായിരുന്നു. ആമിന കൂട്ടുകാരിയും. മൂന്നുപേരും ആമിനയുടെ ഖല്‍ബ് കൊതിച്ചെങ്കിലും അവള്‍ അത് ഇബ്രായീന് കൊടുക്കുന്നു. പട്ടാളക്കാരനായ ഇബ്രായീന്‍ കല്യാണം കഴിഞ്ഞ് പുതുപ്പെണ്ണായ ആമിനയെ തനിയെ വിട്ട് യുദ്ധത്തിനു പോകുന്നു. ഇബ്രായീന്‍ പോയി ആറേഴുവര്‍ഷമായിട്ടും ഒരു വിവരവുമില്ലാതെ ആമിന കാത്തിരിക്കുന്നിടത്താണ് കഥയുടെ തുടക്കം. നാട്ടുകാരുടെയും ബന്ധുക്കാരുടേയും നൂറുകണ്ണുകള്‍ ആമിനക്ക് ചുറ്റും പരന്നു നടപ്പാണ്. എങ്കിലും അവള്‍ വ്രതശുദ്ധയായി ഇബ്രായീനെത്തന്നെ കാത്തിരിക്കുന്നു.
ഇസ്ലാം മതാചാരപ്രകാരം ഭര്‍ത്താവിനെപ്പറ്റി ഏഴുവര്‍ഷത്തിലധികം വിവരമൊന്നുമില്ലെങ്കില്‍ പുനര്‍ വിവാഹം ചെയ്യാം. ഈ ‘മസാല’ കൂട്ടുപിടിച്ച് ആമിനയുടെ ഉമ്മയും മറ്റും ചേര്‍ന്ന് അവളെ സ്വന്തം ഇഷ്ടത്തിനെതിരായി ഖാദറിന് വിവാഹം ചെയ്തു കൊടുക്കുന്നു.ഖാദര്‍ മരക്കച്ചവടക്കാരനായ പുത്തന്‍ പണക്കാരനാണ്. ആമുട്ടി ഖാദറിന്റെ സഹായിയായി ജീവിക്കുന്നു. ആമിനയെ ജീവനുതുല്യം സ്നേഹിക്കുന്ന ആമുട്ടി ഹൃദയം തകര്‍ന്നെങ്കിലും അവളെ പെങ്ങളായി കാണുവാന്‍ തുടങ്ങുന്നു. ഇബ്രായീനെ തന്നെ മനസ്സില്‍ ധ്യാനിച്ച് ഖാദറിന്ന്‍ വഴങ്ങാതെ ജീവിക്കുകയാണ് ആമിന. യുദ്ധമുന്നണിയില്‍ നിന്ന് ഇബ്രായീന്‍ തിരിച്ചു വരുന്നത് തനിക്കുവേണ്ടി കാത്തിരിക്കാതെ മറ്റൊരാളെ വരിച്ച ആമിനയുടെ കഥയും കേട്ടാണ്. ആമുട്ടിയില്‍ നിന്ന് സത്യമെല്ലാമറിഞ്ഞ ഇബ്രായീന്‍ അവന്റെ സഹായത്തോടെ ആമിനയേയും കൂട്ടി രക്ഷപ്പെടുന്നു. ആമുട്ടി ഇതിനിടയില്‍ ആളറിയാതെ കൊല്ലപ്പെടുന്നു. ഇതാണ് മരത്തിന്റെ കഥ. ആമിനയുടെ കൂട്ടുകാരി ജാനുവും ഈ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ്.എന്താണ് മരം കാഴ്ചക്കാരന് നല്‍കുന്നത്? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ക്ലീന്‍ സിനിമ. പഴയ സിനിമകളില്‍ അധികവും കാണുന്ന മെലോഡ്രാമയോ, അതിഭാവുകത്വമോ മരത്തില്‍ കാണാന്‍ കഴിയില്ല. ഒരുപഴയ സിനിമയാണ്, അതിന്റേതായ പരിമിതികള്‍ സാങ്കേതികത്വത്തില്‍ ഉണ്ടെന്നു കൂടിക്കരുതി കണ്ടാല്‍ ഈ സിനിമ ബോറടിപ്പിക്കില്ല.



മരം ആരുടെ സിനിമയാണ്? സംവിധായകന്റെ പേരിലാണെങ്കില്‍ യൂസഫലിയുടെ സിനിമ. എന്നാല്‍ അതിനുമപ്പുറത്ത് മരം എന്ന സിനിമ മനസ്സില്‍ ഒരു നൊമ്പരമായി വിങ്ങലായി വിരല്‍പ്പാട് പതിപ്പിച്ചു പോകുന്നത് ആരുടെയാണ്? സിഡി കവറില്‍ ആ പേരില്ല. അതുകൊണ്ടുതന്നെ പഴയ നോട്ടീസുകളിലോ മറ്റോ ഉണ്ടൊ എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാണികളും മലയാള സിനിമതന്നെയും മറന്ന ഒരനുഗ്രഹീത നടനായിരുന്ന നെല്ലിക്കോട് ഭാസ്കരനാണത്. മരം നെല്ലിക്കോട് ഭാസ്കരന്റെ സിനിമയാണ്. പേരുകൊണ്ട് പ്രേം നസീറും ഉമ്മറും മുന്‍ നിരക്കാരാണെങ്കിലും മരം എന്ന സിനിമയില്‍ നെല്ലിക്കോട് ഭാസ്കരന്റെ നിഴലായിപ്പോലും ഇവരില്ല. ഉമ്മറിന്റെ ഖാദറും ,നസീറിന്റെ ഇബ്രായീനും നെല്ലിക്കോടിന്റെ ആമുട്ടിയുടെ മുന്നില്‍ വിളറിവെളുത്ത് വ്യര്‍ഥരായി നില്‍ക്കുന്നു. നെല്ലിക്കോട് അവതരിപ്പിക്കുന്ന മുഴുനീളകഥാപാത്രമാണ് ആമുട്ടി. നായകന്‍(?) നസീറിന് പതിനാലാം രാവുദിച്ചത് പാടാനുള്ള സമയമേ ഇതില്‍ ഉള്ളു. മൊഞ്ചത്തിപ്പെണ്ണേ പാടി ഉമ്മറും നേരം കളയുന്നു.

സംഭാഷണ മികവിലാണ് നെല്ലിക്കോടിന്റെ കഥാപാത്രം അവിസ്മരണീയമാകുന്നത്. ‘നീയെന്റെ ശരീരത്തില്‍ കനിഞ്ഞര്‍പ്പിച്ച പ്രാണന്‍, നീതന്നെ തിരിച്ചെടുത്തുകൊള്ളുന്നതിനു മുന്‍പെ ജീവിതത്തിന്റെ മഹത്വംഎന്തെന്നാസ്വദിക്കുവാന്‍ എനിക്കൊരവസരം നല്‍കിയപ്രപഞ്ചപരിപാലകാ, നിനക്കു സ്തോത്രം‘ എന്ന പറഞ്ഞുനിര്‍ത്തി ഈ ലോകം വിട്ടുപോകുന്ന ആമുട്ടിയെ വിട്ട് നിറകണ്ണുകളോടെ ആയിരുന്നിരിക്കണം പ്രേക്ഷകന്‍ സിനിമാക്കൊട്ടക വിട്ടിറങ്ങിയിരുന്നത്. ചായം തേച്ച് വെളുത്തുചുവന്നു തുടുത്ത നായകന്മാര്‍ വിസ്മൃതിയിലാഴുന്ന സമയമാണത്.

ആമിനയെന്ന മുസ്ലീം പെണ്‍കുട്ടിയായി വരുന്ന ജയഭാരതിക്ക് കുറച്ച് കണ്ണുനീര്‍ കളയലല്ലാതെ മറ്റൊന്നും കാര്യമായി ചെയ്യാനില്ല. ‘ജാനൂ ഏതാണെന്റെ വലതുകാല്?’ എന്നു ചോദിക്കുന്ന രംഗം മനസ്സില്‍ തട്ടും. ‘ഞാനൊരു പെണ്ണാണ് മരമല്ല’ എന്നു ഖാദറിനോട് പ്രഖ്യാപിക്കാനും അവള്‍ക്കുകഴിയുന്നുണ്ട്.

നായകന്മാരെ നിഷ്പ്രഭരാക്കിയ നെല്ലിക്കോടിനെപ്പോലെ, നായികയേയും കടത്തിവെട്ടി മുന്നില്‍ തെളിഞ്ഞുകത്തുന്നത് ജാനുവിനെ അവതരിപ്പിക്കുന്ന കെ പി എ സി ലളിതയാണ്. ആമുട്ടിയെ നിശബ്ദമായി സ്നേഹിക്കുന്ന കരുവാത്തിപ്പെണ്‍കുട്ടി ജാനു. ‘ഇനി എനിക്കൊമൊരു പെണ്ണുകെട്ടണം’ എന്നു പറയുന്ന ആമുട്ടിയോട് ‘ആരെയെങ്കിലും കണ്ടിരിക്കണാ?’ എന്നവള്‍ മനസ്സില്‍ നിറഞ്ഞു കവിയുന്ന ആശയോടെ ചോദിക്കുന്നു. ‘പെണ്ണുങ്ങളുടെ മുഖം മാത്രേ ആണുങ്ങള് കാണുന്നുള്ളു, മനസ്സുകാണുന്നില്ല’ എന്ന് പരിഭവം പറയുന്നു. ജാനുവിനെതോല്‍പ്പിച്ച് ജീവിതപരീക്ഷയില്‍ ജയിച്ച ആമുട്ടി കടന്നു പോകുമ്പോള്‍ ഒരു നിശബ്ദപ്രണയത്തിന്റെ മഹത് സാക്ഷാത്കാരം കൂടിയാണ് അനുഭവേദ്യമാകുന്നത്.

ഫിലോമിനയുടെ ആയിശുമ്മ, അടൂര്‍ഭാസിയുടെ കരുവാന്‍, ബഹദൂറിന്റെ മുസലിയാര്‍ എന്നിവരും കഥാഗതിക്കനുയോജ്യമായ നിലയില്‍ വന്നു മറയുന്നു.

പാത്രസൃഷ്ടിയിലുള്ള മിതത്വം ഈ സിനിമയുടെ ഒരു മികച്ച ഘടകമാണ്. മിതമായ സംഭാഷണങ്ങളും. പാട്ടെഴുത്തിലെ പോലെത്തന്നെ കയ്യടക്കം സംവിധായകന്‍ ഇക്കാര്യങ്ങളില്‍ കാണിച്ചിരിക്കുന്നു. തമാശക്കു വേണ്ടി തമാശകാണിക്കുന്ന സിനിമകളുടെ കാലത്തെ ഈ സിനിമ ആക്കാര്യത്തിലും വേറിട്ടു നില്‍ക്കുന്നു. ബഹദൂറിന്റെ മുസലിയാര്‍ എന്ന കഥാപാത്രമാണ് തികഞ്ഞ വൈകാരിക വിക്ഷോഭങ്ങളുടെ ഇടയില്‍ കോമിക് റിലീഫിനായി ‘മസാല’ കള്‍ കൊണ്ടു വരുന്നത്.
യൂസഫലി ദേവരാജന്‍ ടീമിന്റെ ഗാനങ്ങളെല്ലാം ഹിറ്റുകളായതാണല്ലോ. അതു കൂടാതെ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ കെസ്സുപാട്ടുകള്‍ ഇടക്കിടക്കു സുറുമക്കണ്ണിളക്കിക്കാട്ടി കടന്നു പോകുന്നുണ്ട് ഇതില്‍. മാധുരിയമ്മയെക്കൊണ്ട് കെസ്സുപാട്ട് പാടിച്ചതിന്റെ സാംഗത്യം എന്തുതന്നെയായാലും വ്യക്തിപരമായി അതുള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ് ഇതെഴുതുന്നയാള്‍ക്കുള്ളത്. കെസ്സുപാട്ടിന്റെ മൊഞ്ച് അതുള്‍ക്കൊണ്ട് പാടാന്‍ കഴിയുന്നവരാരെങ്കിലുമായിരുന്നെങ്കില്‍........

കല്ലായിപ്പുഴ ഈ കഥയ്ക്ക് നി:ശ്ശബ്ദസാക്ഷിയായി നില്‍ക്കുന്നു. മനുഷ്യന്റെ മനസ്സിലെ തീരാദു:ഖങ്ങള്‍ പോലെ അവളുടെ മാറില്‍ തെരപ്പങ്ങളുണ്ട്. കിലുകിലെച്ചിരിക്കുന്ന പെണ്ണാണ് എന്ന് വര്‍ണ്ണിക്കുന്ന പുഴ ഇവിടെ മൂകയാണ്. ആമുട്ടിയുടെ ആത്മാര്‍പ്പണവും, ജാനുവിന്റെ തേങ്ങലും ഏറ്റുവാങ്ങി അവള്‍ പടിഞ്ഞാറേക്കൊഴുകുന്നു. കടലിന്റെ മാറില്‍ തലവെച്ച് അവള്‍ ചിലപ്പോള്‍ പൊട്ടിക്കരയുന്നുണ്ടാകും.

നെല്ലിക്കോട് ഭാസ്കരന്‍ എന്ന അതുല്യ നടന് ഒരു തുള്ളി ബാഷ്പോദകത്തോടുകൂടി...................

No comments:

Post a Comment