A Thousand Splendid Suns - ഒരായിരം ഉജ്വലസൂര്യന്മാര്‍ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിരിക്കുന്നു. The Kite Runner എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ ഖാലിദ് ഹുസ്സൈനി യുടെ രണ്ടാമത്തെ നോവലാണിത്. മനസ്സിന്റെ വിങ്ങല്‍ നില്‍ക്കുന്നില്ല. ഒരായിരം ഉജ്വല സൂര്യന്മാരുദിച്ചിരുന്ന സൂഫി കവികളും എണ്ണമറ്റ ഗായകരും പാടിപ്പുകഴ്ത്തിയിരുന്ന കാബൂള്‍ നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. സോവിയറ്റ് അധിനിവേശ പൂര്‍വ്വകാലം മുതല്‍ താലിബാനും അല്‍ ഖ്വൈദയും അടക്കിഭരിക്കുന്ന വര്‍ത്തമാനകാലം വരെ യുള്ള മൂന്നു പതിറ്റാണ്ട് നീളുന്ന ചരിത്ര പഥത്തിലൂടെ ഈ നോവല്‍ നടക്കുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും , കാബൂളിന്റെ സാംസ്കാരികപൈതൃകങ്ങളായ ഗ്രന്ഥശാലകളും ചിത്രശാലകളും കത്തിയെരിക്കപ്പെടുന്നതും, നമുക്കിതില്‍ കാണാം. ഒന്നിനു പിറകേ ഒന്നായിവന്ന ഭരണാധികാരികളെല്ലാം ഓരോ പ്രതികാരത്തിനിരയായി വധിക്കപ്പെടുന്നതും പഴയപത്രത്താളുകളില്‍ നിന്നിറങ്ങി വന്നപോലെ, ഒരു പഴയ വീഡിയോ ഫിലിം വീണ്ടും കാണുന്നതു പോലെ കണ്മുന്നിലൂടെ വീണ്ടും കടന്നു പോകുന്നു.
ചരിത്രത്തിന്റെ ഈ രാജവീഥികളുടെ ഓരത്തെ സാധാരണ അഫ്ഗാന്‍ ജീവിതചിത്രമാണ് ഈ നോവലിന്റെ വികാരപരത. മറിയം, ലൈല എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയിലൂടെ ഒരു മനുഷ്യജീവനുള്ള വിലയും വിലകേടും, ഗതികേടും വായനക്കാരന്‍ നെഞ്ചിലൊരു ഭാരവും തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗദവുമായി മാത്രമേ വായിക്കുകയുള്ളു. ഒരിക്കലും കൂട്ടിമുട്ടേണ്ടതായിരുന്നില്ല മറിയത്തിന്റെയും ലൈലയുടേയും ജീവിതങ്ങള്‍. വിധിവിഹിതം ബ്രഹ്മനും തടുക്കൊലാ എന്ന വാക്യം അന്വര്‍ഥമാക്കപ്പെടുന്നതു പോലെ ഒരേകൂരയ്ക്കു കീഴില്‍, ഒരേ പുരുഷന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ഇരുവരും എത്തിപ്പെടുന്നു. പുറത്ത് ബോംബുകളും മോര്‍ട്ടാറുകളും രാജ്യത്തെ ചിതറിക്കുമ്പോള്‍ ,രക്തം ചിന്തുമ്പോള്‍ ,അകത്ത് മറിയവും ലൈലയും അനുഭവിക്കുന്നതും മറ്റൊന്നല്ല. ഇത്രയും ക്രൂരത അനുഭവിക്കാന്‍ മാത്രം ശക്തി ഒരു സ്ത്രീ ശരീരത്തിനുണ്ടോ എന്നു ലൈലയെപ്പോലെ വായനക്കാരനും ചിന്തിക്കുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങള്‍ അവരെ എത്തിക്കുന്നത് കൊടിയപീഢനങ്ങളുടെ കൊടുമുടികളിലാണ്.
അവസാനം ഒരു നിയോഗം പോലെ മറിയം തന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയുമായ തീരുമാനത്തില്‍ സ്വയം ബലികൊടുത്ത് ലൈലയെ രക്ഷപ്പെടുത്തുന്നു. മറിയം റഷീദിനെ കൊലപ്പെടുത്തുന്ന രംഗം കണ്മുന്നില്‍ നിന്നും മറയാന്‍ ഇനിയും ദിവസങ്ങളെടുക്കും.
ലൈലയും താരിഖും വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേരുമ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണ രേഖകള്‍ ചക്രവാളത്തില്‍ കാണുമ്പോഴും മറിയം എന്ന അഫ്ഗാന്‍ സ്ത്രീ തീരാവേദനയായി മനസ്സില്‍ അവശേഷിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സാമൂഹ്യജീവിതത്തിന്റെ ഒരു ബഹുവര്‍ണ്ണ ചിത്രം ഈ നോവലില്‍ നിന്നും നമുക്കു ലഭിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ ജന്മസ്ഥലം എന്നു മാത്രം കരുതിപ്പോരുന്ന, ഒരു കാലത്ത് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടിരുന്ന ചരിത്രമുള്ള ഈ രാജ്യത്തിന്റെ ഇന്നത്തെ ദയനീയക്കാഴ്ചകളിലേക്ക് ഗ്രന്ഥകാരന്‍ നമ്മെ നടത്തിക്കുന്നത് നൂറുശതമാനം ആത്മാര്‍ഥതയോടെയാണ്. ഇതാണെന്റെ രാജ്യം, പുറത്തറിയുന്ന കലഷ്നിക്കോവുകള്‍ ഏന്തിയ താലിബാനുകളെ മാത്രമേ സാമാന്യ ജനത്തിന് കാണാണാകുന്നുള്ളു, അകത്തെരിയുന്ന കനലുകളും, ഉരുകുന്ന മനസ്സുകളും, പൊഴിയുന്ന പല്ലുകളും, വിശക്കുന്ന വയറുകളും കാണാന്‍ എന്റെ കൂടെ വരൂ എന്നു തന്നെയാണ് രചയിതാവ് വായനക്കാരനോടാവശ്യപ്പെടുന്നത്. കൊടിയ ഭീകരതയുടെയും രക്തച്ചൊരിച്ചിലിന്റെയും നടുവിലും സാമാന്യ ജീവിതം നയിക്കാന്‍ കൊതിക്കുന്ന, ശ്രമിക്കുന്ന അഫ്ഗാനികളുടെ ചിത്രം അതിജീവനത്തിന്റെയും കൂടി ചിത്രമാണ്. അകലങ്ങളില്‍ വെടിയൊച്ചകേള്‍ക്കുമ്പോഴും, ബോംബ് പൊട്ടുമ്പോഴും അവര്‍ തങ്ങളുടെ ജീവിതത്തിലെ ചെറുസന്തോഷങ്ങളില്‍ മനസ്സു പൂഴ്ത്തി താല്‍ക്കാലിക രക്ഷ നേടുന്നു. വൈകുന്നേരങ്ങളില്‍ മറിയവും ലൈലയും പുറത്തിരുന്നു ചായ കുടിക്കുന്ന രംഗം ഇതിലൊന്നാണ്. പുറത്തെ ബോംബുകളാണോ അകത്തെ കൊടിയ മര്‍ദ്ദനവും ഭര്‍സനവുമാണോ ഏതാണ് അവരെ ഏറെ ഭയപ്പെടുത്തുന്നത് എന്ന് ഒരു നിമിഷം ആലോചിച്ച് പോകും.
വായന മറന്നവര്‍ക്ക് ഒരു പുതിയ തുടക്കത്തിന് ഈ നോവല്‍ തികച്ചും അനുയോജ്യമാണ്. ഭാഷയുടെ ഉപയോഗം അതിമനോഹരമാണ്. ഓരോ സംഭവവും അതിസൂക്ഷമതയോടെ, വിവിധവര്‍ണ്ണങ്ങളുള്ള പരവതാനി നെയ്യുന്ന പ്രാഗല്‍ഭ്യത്തോടെ, വാക്കുകളുടെ കൃത്യതയോടെ ഗ്രന്ഥകാരന്‍ നെയ്തെടുത്തിരിക്കുന്നു. അലങ്കാര(adjectives)ങ്ങളുടെ ഉപയോഗം അതിന്റെ വൈവിധ്യം എന്നിവ അല്‍ഭുതപ്പെടുത്തും. വായനയുടെ വേഗതയില്‍ അവിടവിടെ സംഭവിക്കുന്ന വേഗവ്യതിയാനങ്ങള്‍ ഓരോ വായനക്കാരന്റെയും ആസ്വാദനനിലവാരം അനുസരിച്ചിരിക്കും എന്നതിനാല്‍ ഒരു കാടടച്ചുള്ള വിമര്‍ശനത്തിന് മുതിരുന്നില്ല.
ഇത് ഒരായിരം ഉജ്വലസൂര്യന്മാര്‍ (A thousand Splendid Suns)എന്ന നോവല്‍ വായിക്കാത്തവര്‍ക്കുവേണ്ടി. വിവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് തന്നെ വായിക്കാന്‍ ശ്രമിക്കുക.
നല്ല വായന.. ഈ പോസ്റ്റ് പുസ്തകവിചാരം ഗ്രുപ്പ് ബ്ലോഗില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിരോധമുണ്ടോ? ഒരു മെയിലിലൂടെ മറുപടി നല്‍കാമോ?
ReplyDelete