ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.
ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാരങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.
ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിയ
ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.
പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.
വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.
ദേവരാജസംഗീതത്തില്‍ ഈ ഗാനം പി സുശീല പാടുകയാണ്. ‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!
No comments:
Post a Comment