Friday, November 11, 2011

അറിയാത്തവര്‍ക്ക് അറിയാം.......... മറന്നവര്‍ക്ക് ഓര്‍മ്മിക്കാം........

എന്തു വായിച്ചാലും പാട്ടുകളുമായി ബന്ധപ്പെടുത്തിയ ഓര്‍മ്മകള്‍ ഓടിക്കേറി വരും. അതുടനെ എല്ലാരുമായും പങ്കുവയ്ക്കാനും തോന്നും. ഇപ്പോള്‍ കുമാരസംഭവം തര്‍ജ്ജമ വായിക്കാനൊരു ശ്രമം നടത്തുകയാണ്. പണ്ട് സംസ്കൃതം ഐച്ഛികമായി എടുത്തകാലത്ത് പഠിച്ചതാണ്. യാതൊരു പ്രയോജനവുമില്ലാതായിപ്പോയി. ഉത്തര്‍ഖണ്ഡിലൂടെ എന്ന പുസ്തകവായനക്കു ശേഷം കാളിദാസവര്‍ണ്ണനകള്‍ ഒന്നുകൂടി മനസ്സിലാക്കാനൊരു മോഹം കലശലായിരുന്നു. ഇപ്പോളാണ് തരപ്പെട്ടതും കുമാരസംഭവം കയ്യിലെടുത്തതും. അപ്പോഴാണ് വൈഡൂര്യവും ചാമരവും കണ്ണില്‍പ്പെട്ടത്. എന്നാല്‍ ഇങ്ങോട്ടെത്തിച്ചേക്കാമെന്നു വച്ചു.


ഹിമാലയത്തിലെ ‘വിദൂര’ പര്‍വ്വതത്തില്‍ ഇടിവെട്ടേല്‍ക്കുമ്പോഴാണത്രെ ‘വൈദൂ(ഡൂ)ര്യ രത്നങ്ങള്‍ ഉണ്ടാകുന്നത്. വിദൂരം എന്ന പദത്തില്‍ നിന്നാണ് വൈദൂ(ഡൂ)ര്യം എന്ന വാക്കുണ്ടായത്. അവ അവിടെനിന്നും നദികളിലൂടെ ഒഴുകി താഴ്വരകളിലെത്തിച്ചേരുമ്പോഴാണ് മനുഷ്യന് ഖനനം ചെയ്തെടുക്കാന്‍ പാകത്തില്‍ നദീതടങ്ങളില്‍ കാണുന്നത്.

എം എസ് ഐയില്‍ വൈഡൂര്യങ്ങള്‍ക്ക് പഞ്ഞമില്ല.
  • വൈഡൂര്യ രത്നമാല ചാര്‍ത്തിയ വാസന്ത ദേവത ‘പുള്ളിമാനി‘ലുണ്ട്
  • വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവില്‍ നെയ്യും പൂങ്കോടിപ്പാവുടുക്കണ പൊന്മാന്‍ ‘ഈ പുഴയും കടന്ന്’' ല്‍ ഉണ്ട്.
അതുപോലെ ചാമരം. എന്താണ് ചാമരം?

സ്വര്‍ണ്ണചാമരം വീശിയെത്തുന്ന സ്വപ്നങ്ങളും, ചാഞ്ചാടിനടക്കുന്ന ചാമരമേഘങ്ങളും, ചക്രവാളം ചാമരം വീശുന്ന ചക്രവര്‍ത്തിനി രാത്രിയുമൊക്കെ നമ്മുടെ കൂടെയുണ്ടല്ലൊ.
കാണുന്ന നേരത്ത് ചാമരം വീശി മിണ്ടാന്‍ മറന്ന മോഹങ്ങളുമായി സറീനയേയും ഓര്‍ക്കാം.

ഹിമാലയപര്‍വ്വതത്തില്‍ കാണുന്ന് ചമരിമാനുകളുടെ വാലിലെ വെളുത്തുമിനുങ്ങുന്ന നീണ്ട രോമങ്ങളാലാണത്രെ പ്രണയ വിരഹത്താലും മറ്റും ഉഷ്ണിച്ചുവശാകുന്ന ഗന്ധര്‍വ കിന്നരകന്യകള്‍ക്ക് വീശിത്തണുപ്പിക്കാനുള്ള ചാമരവിശറികള്‍ ഉണ്ടാക്കിയിരുന്നത്! അവ പിന്നീട് നമ്മുടെ കവികള്‍ എടുത്തു മിനുക്കി സ്വര്‍ണ്ണചാമരവും മറ്റും ആക്കിയെടുത്തതാണ്.

വീണ്ടും തിരിച്ചെത്താം.

(ഇതിനെക്കാളൊക്കെ വിശദീകരണങ്ങളും അര്‍ത്ഥതലങ്ങളും ഒരുപാടുണ്ടാവാം. പാട്ടുകളുമായി ബന്ധപ്പെടുത്തി പെട്ടന്നു മനസ്സിലാക്കാനും ഓര്‍ത്തിരിക്കാനും പറ്റുന്ന ചിലകാര്യങ്ങള്‍ പറയാനുള്ള ഒരു ശ്രമം മാത്രമാണിവിടെ)

No comments:

Post a Comment