Originally posted on Tuesday, September 07, 2010
പൊന്നിയം പടനിലത്തുനടക്കുന്ന മലനാട്ടുമേളയിലേക്ക് അമ്പുവും സഹായികളും വേഷപ്രച്ഛന്നരായി എത്തുകയാണ്. പടനിലത്തെ മേടയില്‍ സുന്ദരിയായ കന്നിയുണ്ട് (ഉണ്ണിമേരി). ഒതേനന്റെയും നാടുവാഴിയുടെ പെങ്ങള്‍ കുഞ്ഞിത്തേയിയുടെയും (കെ ആര്‍ വിജയ ) മകളാണവള്‍ . അവളും മേളകാണാന്‍ എത്തിയതാണ്. ഇട്ടിരി ഇളയപണിക്കരുടെ പടത്തലവനായി സ്ഥാനമേല്‍ക്കുന്ന പരുന്തുങ്കല്‍ കുട്ടിയെക്കണ്ട് മായിന്‍കുട്ടി അമ്പരക്കുന്നു. പണ്ട് നഷ്ടപ്പെട്ട മകന്‍ ബാപ്പുവിന്റെ തത്സ്വരൂപം. പുതുപ്പണം നാട്ടില്‍ നിന്ന് മേളനയിക്കാന്‍ ആരുമില്ലേ എന്ന വെല്ലുവിളി കേട്ട് അമ്പുവിന്‍ പ്രച്ഛന്നവേഷം ഉപേക്ഷിച്ച് തന്റെ സ്വത്വം വെളിപ്പെടുത്തേണ്ടി വരുന്നു. കോട്ടയ്ക്കുള്ളില്‍ കടക്കുന്ന അമ്പുവിനെ അമ്മായിയും മുറപ്പെണ്ണും സ്വീകരിയ്ക്കുന്നു.
ഒതേനന്റെ രക്ഷാകവചമായിരുന്ന ഉറുക്കും നൂലും ചതിയിലൂടെ തന്റെ ആങ്ങള നഷ്ടപ്പെടുത്തിയ കഥ അമ്മായി അമ്പുവിനെ വിവരിച്ചു കേള്‍പ്പിക്കുന്നു. അമ്പുവും കന്നിയും അനുരാഗബദ്ധരാവുന്നു. കന്നിയെ മോഹിക്കുന്ന ഇട്ടിരി ഇളയപണിക്കര്‍ കുപിതനാവുന്നു. ഒരുപാടൊരുപാട് പയറ്റുകള്‍ക്കൊടുവില്‍ ഇട്ടിരിയെക്കൊന്ന് അമ്പു കന്നിയെ നേടുന്നു. തച്ചോളിത്തറവാട്ടിലേക്ക് ചേരണ്ട ഉറുക്കും നൂലും അമ്പുവിന് ലഭിക്കുകയും ചെയ്യുന്നു. പരുന്തിങ്കല്‍ കുട്ടി താന്‍ മായിന്‍കുട്ടിയുടെ ചെറുമകനാണെന്ന് തിരിച്ചറിയുകയും അമ്പുവിന് ഉറുക്കും നൂലും നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയും ചെയ്യുന്നു. ഒതേനനെ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ചതിച്ചു കൊന്ന് ആ കുറ്റം തന്റെ മകന്‍ ബാപ്പുവിന്റെ തലയില്‍ കെട്ടിവെച്ച നാടുവാഴിയെ മായിന്‍കുട്ടിയും കൊല്ലുന്നു.
മലയാളത്തിന്റെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു സമര്‍പ്പിച്ചിരിക്കുന്നത് മലയാളസിനിമാ കുലപതിയായ കുഞ്ചാക്കോയ്ക്കാണ്. നവോദയാ അപ്പച്ചന്‍ സംവിധാനം ചെയ്ത ഈ ചിത്രം അന്നത്തെ സിനിമാപ്രേക്ഷകര്‍ക്ക് ഒരു അനുഭവം തന്നെയായിരുന്നു. ബൃഹത്തായ സെറ്റും എണ്ണമറ്റ നടീനടന്മാരും, എക്സ്ട്രാകളും,ആനകളും കുതിരകളും എന്നുവേണ്ട കണ്ണിനും മനസ്സിനും ആകെ പുതിയ കാഴ്ചകളുടെയും അനുഭൂതികളുടെയും കേളിതന്നെ.
തച്ചോളി അമ്പുവായി അഭിനയിക്കുന്ന പ്രേംനസീറിന് ഇതില്‍ ‘അഭിനയം’ എന്ന നിലയില്‍ വലുതായൊന്നും ചെയ്യാനില്ല. ടൈറ്റില്‍ റോളുകള്‍ എന്നും തേടിച്ചെന്നിരുന്നു എന്ന ഭാഗ്യം ഇതിലും നസീറിനു ലഭിച്ചു എന്നേ കരുതേണ്ടതുള്ളു. ക്ലോസ് അപ് ഷോട്ടുകളില്‍ പയറ്റു മുറകളും അടവുമുറകളും കാണിക്കുവാന്‍ കൈനീട്ടലും, കണ്ണുരുട്ടലും, ആയം കാണിക്കലും ഒക്കെ ചെയ്ത് അമ്പുവായ നസീര്‍ തന്റെ വേഷം കൈകാര്യം ചെയ്തു മാറുമ്പോള്‍ ലോങ് ഷോട്ടുകളില്‍ ഡ്യൂപ്പുകള്‍ അമ്പുവിനുവേണ്ടി തീയ്ക്കു മുകളില്‍ പടവെട്ടുകയും, ബഹുനിലക്കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് കരണം മറിഞ്ഞ് കയറുകയും, പറന്നിറങ്ങുകയുമൊക്കെ ചെയ്യുന്നു. ‘കാവിലമ്മയാണെ,പരദേവതയാണെ ഞാനിതിന് പകരം ചോദിക്കും’ എന്ന പ്രശസ്തമായ നസീര്‍ ഡയലോഗിന്റെ അനുകരണങ്ങള്‍ ഇതിലും കാണാം. അമ്പുവിന് നേടാനുള്ളതെല്ലാം പാവം സഹനടീനടന്മാരാണ് നേടിക്കൊടുക്കുന്നതെന്ന് നാം ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ കാണാവുന്നതാണ്. അല്ലെങ്കിലും പ്രശസ്തരുടെ സാഹസങ്ങള്‍ക്ക് പിന്നില്‍ നിന്ന് ജീവന്‍ ബലിയര്‍പ്പിക്കുന്നവരെ അധികമാരും ഓര്‍ക്കാറുമില്ലല്ലൊ.
തച്ചോളി അമ്പുവിലെ മറക്കാത്ത രണ്ടു കഥാപാത്രങ്ങള്‍ ബാലന്‍ കെ നായര്‍ അവതരിപ്പിച്ച മായിന്‍കുട്ടിയും, ജയന്‍ അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളുമാണ്. പ്രത്യേകിച്ച് പരുന്തിങ്കല്‍ കുട്ടി എന്ന രണ്ടാമത്തെ കഥാപാത്രം. ബാലന്‍ കെ നായര്‍ എന്ന പ്രതിഭ അവശേഷിപ്പിച്ചു പോയ ഇരിപ്പിടം മലയാളസിനിമയില്‍ ഒഴിഞ്ഞുതന്നെ കിടക്കുന്നു എന്ന് കാല്‍ നൂറ്റാണ്ടു ശേഷം തച്ചോളി അമ്പു വീണ്ടും കാണുമ്പോള്‍ നാം ഓര്‍മ്മിക്കും. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പും പിന്‍പുമുള്ള മായിന്‍കുട്ടിയെ അവതരിപ്പിക്കുന്ന ബാലന്‍ കെ നായര്‍ ചിത്രത്തിലുടനീളം തന്റെ സഹനടീനടന്മാരെ നിഷ്പ്രഭരാക്കുന്നു. ജയന്‍ അവതരിപ്പിക്കുന്ന അച്ഛനും മകനുമായ ഇരട്ട കഥാപാത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒരു തലമുറയെയാകെ കോരിത്തരിപ്പിച്ച ആ പുരുഷ സൌന്ദര്യത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി പൂക്കളര്‍പ്പിക്കാന്‍ വീണ്ടും കൈകള്‍ നീളുന്നു.
തച്ചോളി ഒതേനനായി തമിഴ് സിനിമാ ഇതിഹാസം ശിവാജി ഗണേശന്‍ തന്റെ വേഷം ഭംഗിയാക്കുന്നു. ഇട്ടിരി ഇളയപണിക്കരായി എം എന്‍ നമ്പ്യാരും. ഉണ്ണിമേരിയുടെ കന്നിപ്പെണ്ണിന് വേഷംകെട്ടി നില്‍ക്കലല്ലാതെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. കെ ആര്‍ വിജയ, രവികുമാര്‍, ഉഷാകുമാരി, ഗോവിന്ദന്‍ കുട്ടി എന്നിവരിലൂടെയൊക്കെ കഥ ഒഴുകിയൊഴുകിപ്പോകുന്നു.
തച്ചോളി അമ്പുവിലെ ഗാനങ്ങളില്‍ ഏറ്റവും ജനപ്രിയത നേടിയത് നാദാപുരം പള്ളിയിലെ എന്ന ഗാനം തന്നെ. വാണിജയറാം പാടിയ ഈ ഗാനം ഇന്നും പുതുമ മങ്ങാതെ നിലനില്‍ക്കുന്നു. അനുരാഗക്കളരിയില്‍ എന്ന മറ്റൊരു ഗാനവും പ്രശസ്തമാണ്. കൂടാതെ വടക്കന്‍ പാട്ടുകഥകളുടെ അവിഭാജ്യഘടകങ്ങളായ സംഘനൃത്തഗാനങ്ങളും യൂസഫലി- രാഘവന്‍ കൂട്ടുകെട്ട് ഒരുക്കിയിരിക്കുന്നു.
ഒരു കെട്ടുറപ്പുള്ള സിനിമയാണ് ഇന്നു നോക്കുമ്പോള്‍ തച്ചോളി അമ്പു. ഗോവിന്ദന്‍ കുട്ടിയുടെ കഥ പഴുതുകളില്ലാത്തതാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു തീര്‍ച്ചയായും ഒരു വടക്കന്‍പാട്ടു പോരാളിയുടെ തലയെടുപ്പും, മെയ്‌വഴക്കവും പ്രദര്‍ശിപ്പിക്കുന്നു. അതിവിശിഷ്ടമെന്നല്ല ഇതിനര്‍ഥം. അന്നത്തെ സാങ്കേതികതയില്‍ മലയാളത്തിന് ലഭിച്ച തികഞ്ഞ ഒരു ചിത്രം എന്ന നിലയിലാണ് തച്ചോളി അമ്പുവിനെ നോക്കിക്കാണേണ്ടത്.
No comments:
Post a Comment