Thursday, April 5, 2012

അംബ അംബിക അംബാലിക

Originally posted on 28th Sept 2010



സംഭാഷണബഹുലമായ ഒരു പുരാണനാടകം കണ്ട പ്രതീതിയാണ് അംബ അംബിക അംബാലിക കണ്ടശേഷമുണ്ടായത്. വര്‍ണാഭമായ വേഷവിധാനങ്ങളോടെ വലിച്ചുകെട്ടിയ ബാലെ കര്‍ട്ടനുകള്‍ക്കു മുന്നില്‍ നിന്ന് നടീനടന്മാരുടെ സംഭാഷണമുരുവിടലാണ് ആകെ മൊത്തം ഈ സിനിമ. മഹാഭാരതത്തിലെ ഒരേടടര്‍ത്തിയെടുത്ത് മലയാളസിനിമയോട് ചേര്‍ത്തുവയ്ക്കാനുള്ള ശ്രമം എന്ന നിലയില്‍ ഈ ചിത്രം പരിഗണിക്കപ്പെടാവുന്നതാണ്.

ശന്തനു മഹാരാജാവിന് സത്യവതി എന്ന മത്സ്യകന്യകയില്‍ അഭിലാഷം ജനിക്കുന്നതും, അവളെ രാജാവിന് കൊടുക്കുന്നതിന് മുന്‍പ്, അവളുടെ സൂത്രശാലിയായ അച്ഛന്‍ , രാജകുമാരനായ ദേവവ്രതനില്‍ നിന്നും താന്‍ എന്നും നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കുമെന്നും, സത്യവതിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കുമാത്രമായിരിക്കും രാജ്യാവകാശമെന്നും സത്യം മേടിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്. ആ ഭീഷ്മ പ്രതിജ്ഞയോടെ ദേവവ്രതന്‍ ഭീഷ്മര്‍ എന്നറിയപ്പെട്ടു.

സത്യവതിയില്‍ ജനിച്ച അര്‍ഥസഹോദരനായ വിചിത്രവീര്യനുവേണ്ടി ഭീഷ്മര്‍ കാശിരാജപുത്രിമാരായ അംബ അംബിക അംബാലിക എന്നിവരെ അവരുടെ സ്വയംവരപ്പന്തലില്‍ ചെന്നു ബലമായി പിടിച്ചുകൊണ്ടുവരുന്നു. വിചിത്രവീര്യന്റെ ഭാര്യയാകാന്‍ കഴിയില്ലെന്നും സാല്വരാജാവുമായി താന്‍ പ്രണയത്തിലാണെന്നും അദ്ദേഹത്തെയല്ലാതെ മറ്റാരെയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയില്ലെന്നും അംബ ഭീഷ്മരോട് പറയുന്നു. ഭീഷ്മര്‍ അംബയെ സാല്വന്റെ അടുത്തേക്ക് തിരിച്ചയക്കുന്നുവെങ്കിലും സാല്വന്‍ അംബയെ തിരസ്കരിക്കുന്നു. നിരാശയായ അവള്‍ അച്ഛനമ്മമാരുടെയടുത്തേക്ക് ചെല്ലുന്നുവെങ്കിലും അവരും അവളെ സ്വീകരിക്കുന്നില്ല. അംബ തിരിച്ച് ഭീഷ്മരുടെ അടുത്തെത്തി തന്നെ ഭാര്യയാക്കുവാനും, നിരാലംബയായ ഒരു സ്ത്രീയ്ക്ക് ജീവിതം കൊടുക്കുവാനായി തന്റെ പ്രതിജ്ഞയില്‍ നിന്നും വ്യതിചലിക്കുവാനും അപേക്ഷിക്കുന്നു. എന്നാല്‍ ഭീഷ്മന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ അംബ ഇനിയൊരു ജന്മമുണ്ടായാല്‍പ്പോലും ഭീഷ്മനെ പരാജയപ്പെടുത്തുമെന്നും മരണകാരണമാകുമെന്നും പ്രതിജ്ഞയെടുത്ത ശേഷം അഗ്നിയില്‍ ആത്മാഹുതി ചെയ്യുന്നു. അംബയുടെ പുനര്‍ജന്മമാണ് മഹാഭാരതയുദ്ധത്തില്‍ ഭീഷ്മന്റെ പരാജയകാരണമാകുന്ന നപുംസകമായ ശിഖണ്ഡി. സ്ത്രീകളോടും നപുംസകങ്ങാളോടും യുദ്ധം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയുള്ള ഭീഷ്മനെ അങ്ങനെ അര്‍ജ്ജുനന്‍ ശരശയ്യ തീര്‍ത്ത് അതിലാക്കുന്നു.
ഇത്രയുമാണ് സിനിമയ്ക്കുവേണ്ടി പുരാണത്തില്‍ നിന്നും എടുത്തിരിക്കുന്ന കഥാഭാഗം.

അംബ അംബിക അംബാലിക എന്നാണ് സിനിമയ്ക്ക് പേരെങ്കിലും ഇത് യഥാര്‍ഥത്തില്‍ അംബയുടെ മാത്രം കഥയാണ്. അംബികയും അംബാലികയും കഥയുടെ ഒരുഭാഗത്ത് മാത്രമാണ് തങ്ങളുടെ വേഷവുമായെത്തുന്നത്. അംബയായി ശ്രീവിദ്യ സിനിമയിലുടനീളം ജ്വലിക്കുന്ന സൌന്ദര്യവുമായി തിളങ്ങുന്നു. കാലം അകാലത്തില്‍ തല്ലിക്കെടുത്തിയ ആ നിലവിളക്കിന്റെ നിഷ്കളങ്കസൌന്ദര്യമാണ് ഈ സിനിമയ്ക്ക് അല്പമെങ്കിലും ആശ്വാസം. എങ്കിലും സന്യാസിനിയായി വേഷംകെട്ടിച്ച് റോസ് പൌഡറും കനത്തില്‍ പൂശിച്ചു നിര്‍ത്തിയിരിക്കുന്ന ശ്രീവിദ്യയേയും മറ്റു നടീനടന്മാരെയും കാണുമ്പോള്‍ കരയണോ ചിരിക്കണോ എന്നൊരു സംശയം. അംബയും സാല്വനും തമ്മിലുള്ള വികാരനിര്‍ഭരമായ ഒരു രംഗമാണ് ഈ സിനിമയില്‍ ‘അഭിനയം’ എന്ന ഒരു ‘ഓപ്ഷന്‍’ കൂടി ഉണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സാല്വനായി രാഘവന്റെ അഭിനയത്തിന്റെ ഒരു പ്രത്യേക മുഖം നമുക്കു കാണാം.

അംബികയായി അകാലത്തില്‍ വിട്ടുപിരിഞ്ഞ മറ്റൊരു താരമാണ് രംഗത്ത്. (രംഗത്ത് എന്നു പറയുന്നത് മനഃപൂര്‍വം തന്നെ. കാരണം ആദ്യം പറഞ്ഞല്ലോ. ഒരു പുണ്യപുരാണ നൃത്ത സംഗീതനാടകമായി മാത്രമാണ് ഈ സിനിമ അനുഭവപ്പെടുക). ഈ സിനിമ റിലീസ് ആയ വര്‍ഷം തന്നെ അവരെ നമുക്കു നഷ്ടപ്പെട്ടു എന്നത് തികച്ചും യാദൃച്ഛികം തന്നെയാവണം. മിസ് കേരളയായും, സ്വപ്നാടനത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും വാങ്ങിയ പ്രസിദ്ധനര്‍ത്തകി കൂടിയായിരുന്ന റാണിചന്ദ്രയാണവര്‍. കഥാഗതിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത അംബികയായി വേഷപ്പകിട്ടോടെ ചിലരംഗങ്ങളിലഭിനയിച്ച് അവര്‍ അരങ്ങൊഴിയുന്നു.

അംബാലികയായി എത്തുന്നത് ഉണ്ണിമേരിയാണ്. ഉണ്ണിമേരി എന്ന ‘നടി‘യുടെ ജനനവും ജീവിതവും വിടപറയലും മലയാളസിനിമയ്ക്ക് എന്താണ് നല്‍കിയത്? അതോ എന്തെങ്കിലും നല്‍കിയോ? കരിയിലക്കാറ്റുപോലെ എന്നൊരൊറ്റ ചിത്രമല്ലാതെ ഒരു നടിയെന്ന നിലയില്‍ ഒരളവുവരെയെങ്കിലും അവര്‍ കയ്യൊപ്പു പതിപ്പിച്ച ഏതെങ്കിലും ചിത്രമുണ്ടോ? മാദകവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട്, മധുരോദാരമായ സ്വപ്നരംഗങ്ങളിലൂടെ പ്രേക്ഷകനെ ഭ്രമിപ്പിച്ച് അവര്‍ കടന്നു പോയി. കഥാഗതിയില്‍ പ്രാമുഖ്യമുള്ള ഒരൊറ്റ കഥാപാത്രമെങ്കിലും കരിയിലക്കാറ്റുപോലെ എന്നചിത്രത്തിലൊഴികെ അവര്‍ അവര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവശേഷിപ്പിച്ചിട്ടുണ്ടോ?

ദേവവ്രതനായി ആദ്യ ഭാഗത്ത് ഹരിയും പിന്നീട് ഭീഷ്മരായി ജോസ് പ്രകാശുമാണ് വേഷമിടുന്നത്. സംഭാഷണമുരുവിടലല്ലാതെ ജോസ് പ്രകാശിന്റെ ഭീഷ്മര്‍ക്ക് കാര്യങ്ങളൊന്നുമില്ല. നെടുങ്കന്‍ ഡയലോഗുകളിലൂടെ കയറിയിറങ്ങിപ്പോകുന്ന ഭീഷ്മര്‍ പ്രത്യേകിച്ച് ഒരു വികാരവും പകരുന്നുമില്ല, പങ്കുവയ്ക്കുന്നുമില്ല.

ശങ്കരാടി, ഉഷാകുമാരി, പങ്കജവല്ലി എന്നിവര്‍ ആദ്യഭാഗത്തും, കവിയൂര്‍ പൊന്നമ്മ,സുധീര്‍, പപ്പു, പറവൂര്‍ ഭരതന്‍ തുടങ്ങി നിരവധി നടീ നടന്മാര്‍ രണ്ടാം ഭാഗത്തും പ്രത്യക്ഷപ്പെടുന്നു.

റേഡിയോ നാടകങ്ങള്‍ എഴുതി കൃതഹസ്തനായ നാഗവള്ളി ആര്‍ എസ് കുറുപ്പാണ് ഇതിന് സംഭാഷണങ്ങളും, തിരക്കഥയുമെഴുതിയിരിക്കുന്നത്. സിനിമയുടെ കാഴ്ചപ്പാടുകള്‍ റേഡിയോയുടെ കേള്‍വിക്കപ്പുറവുമുണ്ട് എന്ന കാര്യം ഇവിടെ നാഗവള്ളി മറന്നതുപോലെയുണ്ട്. അതോ ഒരു പുരാണകഥയില്‍ കൈവയ്ക്കുമ്പോളുള്ള പരിധികളാണോ അദ്ദേഹത്തിന്റെ തൂലികയ്ക്ക് ഭാവനയുടെ ചിറകുകള്‍ അല്‍പ്പം പോലും നല്‍കാഞ്ഞത്? റേഡിയോവില്‍ ശബ്ദരേഖ കേള്‍ക്കാന്‍ പറ്റിയ ഒരു തിരക്കഥാ സംഭാഷണ രീതിയാണ് അദ്ദേഹം പിന്‍ തുടര്‍ന്നിരിക്കുന്നത്.

തിരക്കഥ അതുപോലെ കാമറയില്‍ പകര്‍ത്തുകയാണ് നിര്‍മ്മാതാവുകൂടിയായ സംവിധായകന്‍ സുബ്രഹ്മണ്യം. നീലായുടെ അനേകം പുണ്യ പുരാണ സിനിമകളുടെ ശ്രേണിയില്‍ ഒന്നുകൂടി എന്നതില്‍ക്കവിഞ്ഞ് മറ്റൊരു തലക്കെട്ടും നല്‍കേണ്ടാത്ത ഒരു സിനിമയാണ് അംബ അംബിക അംബാലിക.

ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ പതിവും ലക്ഷ്യം കണ്ടിട്ടില്ല. ചന്ദ്രകിരണതരംഗിണിയൊഴുകി എന്ന ഗാനം ഇടയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരി എന്ന പ്രണയ യുഗ്മഗാനം പതിവുപോലെ ശുദ്ധധന്യാസിയില്‍ ചിട്ടപ്പെടുത്തി പ്രണയവികാരങ്ങളുടെ തരംഗിണിയൊഴുക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ശ്രമിച്ചിരിക്കുന്നെങ്കിലും, മാധുരിയുടെ ശ്രുതിരഹിതമായ ആലാപനം യേശുദാസിന്റെ കാമുക ശബ്ദത്തെയും ഈ ഗാനത്തെയും കാറ്റില്‍ പറത്തുന്നു. മറ്റു ഗാനങ്ങള്‍ക്കൊന്നും സിനിമയിലെ ഇടമല്ലാതെ ആസ്വാദനത്തിലൊരിടത്തും ഇടം നല്‍കാന്‍ സാദ്ധ്യമല്ല എന്നതും സങ്കടകരമായ വസ്തുത തന്നെ.

ഉത്സവപ്പറമ്പിലെ സ്റ്റേജുകളിലെ വലിച്ചു കെട്ടിയ തിരശ്ശീലകള്‍ മറവിയിലാണ്ട ഒരു ഭൂതകാലസംസ്കാരത്തിന്റെ ചിഹ്നങ്ങളായിരുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഉള്ളില്‍ കുറച്ചു ഗൃഹാതുരത്വമുള്ളവര്‍ക്ക് തീര്‍ച്ചയായും അംബ അംബിക അംബാലിക കാണാം. സിനിമയോ കഥയോ കാണാനല്ല. വെറുതെ ചില ഭൂതകാലസ്മൃതികളുടെ ചിഹ്നങ്ങളെ പൊടിതുടച്ചെടുക്കാന്‍. ഇനി വരാതെ നമുക്കിടയില്‍ നിന്നും പിരിഞ്ഞുപോയ ചില മുഖങ്ങളെ ഒരുവട്ടം കൂടി കാണാനും.

No comments:

Post a Comment