Thursday, April 5, 2012

സിന്ദൂരച്ചെപ്പ്

Originally posted on 28th Sept 2010


സിന്ദൂരച്ചെപ്പ്

അഞ്ജന ഫിലിംസിന്റെ സിന്ദൂരച്ചെപ്പ്. റിലീസ് തീയതിമുതല്‍ മലയാളി നെഞ്ചിലേറ്റി ഓമനിക്കുന്ന മധുരഗാനങ്ങളാണ് സിന്ദൂരച്ചെപ്പ് എന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലോടിയെത്തുക. ഓമലാളെക്കണ്ടുഞാന്‍ പൂങ്കിനാവില്‍ , പൊന്നില്‍ക്കുളിച്ച രാത്രി എന്നീ അനശ്വര ഗാനങ്ങള്‍ മലയാളത്തിനു തന്നത് സിന്ദൂരച്ചെപ്പാണ്. ഗാനങ്ങളുടെ എണ്ണം അതില്‍ തീരുന്നില്ല മാധുരിയുടെ എക്കാലത്തെയും ജനപ്രീതിനേടിയ ഗാനങ്ങളിലൊന്നായ തമ്പ്രാന്‍ തൊടുത്തത് മലരമ്പ് സിന്ദൂരച്ചെപ്പിലാണ്. മണ്ടച്ചാരെ മൊട്ടത്തലയാ എന്ന കുട്ടികള്‍ക്കിടയില്‍ പ്രസിദ്ധമായ ഗാനവും ഇതില്‍ത്തന്നെ. കണ്ണീരില്‍ വിരിയും താമരപ്പൂ എന്ന യേശുദാസ് പാടിയ ദുഃഖഗാനമാണ് സിന്ദൂരച്ചെപ്പിലെ ഗാനങ്ങളുടെ ലിസ്റ്റില്‍ ഓര്‍ത്തിരിക്കാന്‍ കുറച്ചെങ്കിലും പ്രയാസമായത്. യൂസഫലി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഈ മധുരഗാനനിര്‍ഝരികള്‍ കേട്ടുമയങ്ങാത്ത മലയാളിയില്ല. ദേവരാജന്റെ സഹായിയായി പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായി നമുക്ക് ഒട്ടനേകം ഹിറ്റുകള്‍ നല്‍കിയ ആര്‍ കെ ശേഖര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

കറുപ്പിനഴക്... വെളുപ്പിനഴക് എന്ന് പുതുതലമുറപാടാന്‍ തുടങ്ങിയിരിക്കുന്നത് സിന്ദൂരച്ചെപ്പ് പോലുള്ള ചിത്രങ്ങളുടെ ചിത്രീകരണപാടവം കണ്ടിട്ടാണോ എന്ന് സംശയിക്കാം. സിനിമാറ്റോഗ്രഫി എന്ന കല അതിന്റെ എല്ലാമനോഹാരിതയോടും കൂടി സിന്ദൂരച്ചെപ്പില്‍ കാണാം. ലോങ് ഷോട്ട് ദൃശ്യങ്ങള്‍ എത്ര മനോഹരമായി കറുപ്പിലും വെളുപ്പിലും അനുഭവേദ്യമാകുന്നു! ഛായാഗ്രഹണസംവിധാനം യു രാജഗോപാലിനാണ്. ഓരോ ഫ്രേമും അളവെടുത്ത് ചെയ്തപോലെ സുന്ദരം. ബഞ്ചമിന്‍, മാര്‍ട്ടിന്‍ അലോഷ്യസ്, വസന്ത് ബി എന്‍ എന്നിവരാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. പഴയ പാലക്കാടന്‍ ഗ്രാമഭംഗിയും, ഗ്രാമീണജീവിതവും, ഭാരതപ്പുഴയുടെ സൌന്ദര്യവുമെല്ലാം ഇവരുടെ കാമറക്കണ്ണിലൂടെ നാല്‍പ്പതുവര്‍ഷം പിന്നിലേക്ക് നടത്തിക്കാണിക്കുന്നു. നിഴലും വെളിച്ചവും കൈപ്പിടിയിലൊതുക്കി കാഴ്ചയുടെ പുതിയ അനുഭവം നല്‍കുന്ന സിന്ദൂരച്ചെപ്പ് ഛായാഗ്രഹണ വിദ്യാര്‍ഥികള്‍ക്കും, കുതുകികള്‍ക്കും തീര്‍ച്ചയായും ഒരു പാഠം തന്നെയാണ്. സിനിമയുടെ ആദ്യഭാഗത്തില്‍ ആനക്കാരന്റെ വീട്ടിലെ ഒരു രാത്രി രംഗം ചിത്രീകരിച്ചിരിക്കുന്ന ഒരൊറ്റ സീന്‍ മാത്രം മതി ഇതിലെ ഛായാഗ്രഹണപാടവത്തിന് തെളിവ് നല്‍കാന്‍. വെളിച്ചത്തിന്റെ അപൂര്‍വസുന്ദരമായ പ്രയോഗക്കാഴ്ച ഈ രംഗം നമുക്കു സമ്മാനിക്കുന്നു.ചിത്രസംയോജകന്‍ ജി വെങ്കിട്ടരാമന്റെ കത്രിക ചലിക്കുന്നത് കിറുകൃത്യമായാണ്. സിനിമയുടെ സാങ്കേതിക മികവിന് ചിത്രസംയോജകന്റെ സംഭാവന എത്രയേറെയാണെന്ന് സിന്ദൂരച്ചെപ്പ് കാട്ടിത്തരുന്നു. പബ്ലിസിറ്റി ടൈറ്റിലില്‍ ക്രെഡിറ്റ് നല്‍കിയിരിക്കുന്ന ഭരതന്‍ എങ്കക്കാട് എന്ന പേരും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ നോവുനല്‍കുന്നു. സിനിമ സംവിധായകന്റെ കലയാണെന്ന് നിസ്സംശയം നമുക്കു കാട്ടിത്തന്ന സംവിധായകന്‍ ഭരതനാണ് ഭരതന്‍ എങ്കക്കാടെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

എന്താണ് സിന്ദൂരച്ചെപ്പ്? സിനിമ തുടങ്ങി ഏറെക്കഴിഞ്ഞ് നാമൊരു സിന്ദൂരച്ചെപ്പ് കാണുമെങ്കിലും, അവസാനമാണ് സിന്ദൂരച്ചെപ്പ് എന്ന തലക്കെട്ട് കഥാകാരന്‍ എന്തിനാണ് നല്‍കിയതെന്ന് നാം മനസ്സിലാക്കുന്നത്. കഥ യൂസഫലിയുടേതാണ്. അതിമാനുഷരുടെയും, അമാനുഷിക ശക്തികളുടേയും കഥകള്‍ കാണുന്ന പുതുതലമുറയ്ക്ക് ഈ കഥ അത്ര രസിച്ചേക്കില്ല. ഗ്രാമത്തിലെ ഇല്ലത്ത് എത്തിച്ചേരുന്ന ഒരാനക്കുട്ടി, അത് പിന്നീട് ഗോപി എന്ന കൊമ്പനാനയായിത്തീരുന്നതും അവനെച്ചുറ്റിപ്പറ്റി ഗ്രാമവും ഗ്രാമത്തിലെ ആളുകളും നേരിടുന്ന നിരവധി അനുഭവമുഹൂര്‍ത്തങ്ങളുമാണ് സിന്ദൂരച്ചെപ്പില്‍ നാം കാണുന്നത്. ഗോപി എന്ന ആന മൂന്നുപേരെക്കൊല്ലും എന്ന പ്രവചനമാണ് നായിക അമ്മാളുവിനെക്കൊണ്ട് അവനെ കൊല്ലാന്‍ രണ്ടുതവണ സിന്ദൂരച്ചെപ്പിലിട്ട കട്ടുറുമ്പുകളെ എടുപ്പിക്കുന്നത്. രണ്ടാം തവണ അറം പറ്റിയപോലെ ആനയുടെ കാലടികളില്‍പ്പെട്ട് അമ്മാളുതന്നെ ജീവിതത്തോട് തോല്‍ക്കുകയാണ്. പൊട്ടിത്തകര്‍ന്ന സിന്ദൂരച്ചെപ്പും അവളുടെയടുത്തുതന്നെയുണ്ട്. അമ്മാളുവിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പില്‍ക്കാലത്ത് ഉര്‍വശിപ്പട്ടം നേടി പ്രേക്ഷകമനസ്സു കീഴടക്കിയ ശോഭയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്ത് ശോഭ നടത്തുന്ന അഭിനയപ്രകടനം തികച്ചും അല്‍ഭുതാവഹമാണ്. ഭാവിയിലെ ഉര്‍വശിപ്പട്ടം തനിക്ക് തികച്ചും അര്‍ഹമാണെന്നുതന്നെ ശോഭ ഇതിലൂടെ സംശയലേശമെന്യേ വ്യക്തമാക്കുന്നു. യുവതിയായ അമ്മാളുവായി ജയഭാരതിയുടെ മികച്ച പ്രകടനവും ഇതില്‍ കാണാവുന്നതാണ്. അമ്മാളുവിന്റെ കൂട്ടുകാരി നീലിയെ രാധാമണി അനശ്വരയാക്കുന്നു. തമ്പ്രാന്‍ തൊടുത്തത് മലരമ്പ് എന്ന ഒരൊറ്റഗാനത്തിലൂടെ തന്റെ ആദ്യചിത്രത്തിലെ അഭിനയം എന്നെന്നും ഓര്‍മ്മിക്കത്തക്കതാക്കി രാധാമണി.

ഒരു നായികയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു നായകനും അവര്‍ക്കൊരു പ്രണയവും സിനിമയുടെ അവിഭാജ്യ ഘടകമാണല്ലോ. ആ ചേരുവ പൂര്‍ത്തീകരിക്കുവാനാണ് അമ്മാളുവിന്റെയും നീലിയുടേയും ഗോപിയുടേയും ഗ്രാമത്തിലേക്കും ജീവിതത്തിലേക്കും കേശവന്‍ എന്ന പാപ്പാനായും, സിനിമയിലെ നായകനായും, സിനിമയുടെ സംവിധായകനായും മധു എത്തുന്നത്. മധു എന്ന നടന്റെ കഴിവുകള്‍ അതിശയോക്തിയും, അരോചകത്വവും കലര്‍ത്തി എത്ര ക്രൂരമായാണ് മിമിക്രിക്കാര്‍ ഇന്നത്തെ തലമുറയ്ക്ക് എത്തിച്ചിരിക്കുന്നതെന്ന് ഒട്ടൊരു ദുഃഖത്തോടെമാത്രമേ ഈ ചിത്രമൊക്കെ കണ്ടുകഴിഞ്ഞാല്‍ ഓര്‍ത്തുപോവുകയുള്ളു. സംവിധായകന്‍ എന്ന നിലയിലും ഒട്ടും മടുപ്പില്ലാതെ കാണുവാനൊരു സിനിമയാണ് മധു യൂസഫലിയുടെ കഥയിലൂടെ നമുക്ക് നല്‍കുന്നത്. പ്രണയം ദുരന്തത്തില്‍ കലാശിക്കുന്നത് ഒരുകാലത്തെ സിനിമകളുടെ മട്ടുതന്നെയായിരുന്നു. സിന്ദൂരച്ചെപ്പിലും കാണുന്നത് മറിച്ചല്ല. നിറമുള്ള സ്വപ്നങ്ങള്‍ കാണുന്ന കമിതാക്കളെ അനിവാര്യമായ വിധി വേര്‍പിരിക്കുകയാണ്.

ആദ്യകാല സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് രാത്രി ഉറങ്ങാതിരുന്നു പാടുന്ന ഗായകനും, സ്വപ്നാടകയായി ആ പാട്ടുകേട്ട് ഇറങ്ങി നടന്നു ചെല്ലുന്ന നായികയും. പൊന്നില്‍ക്കുളിച്ച രാത്രി എന്ന ഗാനം ഈ പ്രത്യേകതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമായി എടുത്തുകാട്ടാവുന്നതാണ്. ചെമ്മീനിലെ മാനസമൈനയും, ഒരു പെണ്ണിന്റെ കഥയിലെ അരയിലൊറ്റമുണ്ടുടുത്തപെണ്ണും ഒക്കെ ഈ ഗണത്തില്‍ പെടുത്താവുന്ന ഗാനങ്ങളാണ്.

ഫ്ലാറ്റുകളിലും, ആഡംബരക്കാറുകളിലും, ആധുനിക വസ്ത്രധാരണരീതികളിലും ഭ്രമമുള്ള പുതുമടിശ്ശീലക്കാരന്‍ മലയാളിക്ക് ഈ സിനിമ കാണുന്നത് തെല്ലു കുറച്ചിലായിരിക്കും. കാരണം ഈ സിനിമയില്‍ അവന്റെ അത്ര പൊങ്ങച്ചം കാണിക്കാന്‍ പറ്റാത്ത ഒരു ഭൂതകാലത്തിന്റെ നേര്‍ച്ചിത്രമുണ്ട്. ഓലമേഞ്ഞ്, കുനിഞ്ഞുമാത്രം അകത്തുകടക്കാന്‍ പറ്റുന്ന വീടുകള്‍, വശത്തേക്ക് മുടി ചരിച്ചുകെട്ടി കുടുമവെച്ച ഗൃഹനാഥന്മാര്‍ , കൊച്ചുമുണ്ടുടുത്തു നടക്കുന്ന നാടന്‍ പെണ്‍കിടാങ്ങള്‍,. അങ്ങനെ ഇക്കാലത്ത് അതിവിചിത്രമെന്നുമാത്രം ആലോച്ചിക്കാന്‍ പറ്റുന്ന ഒരു ജീവിതരീതിയാണ് മലയാളിക്കുണ്ടായിരുന്നതെന്ന് സിന്ദൂരച്ചെപ്പ് നമുക്ക് കാട്ടിത്തരുന്നു.

ആനക്കാരനായി ശങ്കരാടിയും അയാളുടെ ഭാര്യയായി പ്രേമയും ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. മുഹമ്മദായി ബഹദൂറും, നമ്പൂരിയായി പ്രേംജിയും, കൈമളായി മുത്തയ്യയും കഥയുടെ കൂടെത്തന്നെയുണ്ട്. ബഹദൂറിന്റെ ഉമ്മയായി അനുഗ്രഹീതനടി ഫിലോമിന അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമാനമായി ഒരു കഥാപാത്രം (കഥാഗതിയില്‍ ഒരു പ്രാമുഖ്യവും ഈ കഥാപാത്രത്തിനില്ല) മലയാളസിനിമയില്‍ പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ആന ഒരു അഭിനേതാവാകുന്നതും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നതും സിന്ദൂരച്ചെപ്പിനെ വ്യത്യസ്തമാക്കുന്നു.

ഇതിഹാസ് ഫിലിംസ് വിതരണം ചെയ്ത സിന്ദൂരച്ചെപ്പ് 1971 ലാണ് മലയാളസിനിമയിലെത്തിയത്.

No comments:

Post a Comment