Wednesday, March 21, 2012

വണ്ണാത്തിക്കിളി





മനായെ തപണഗാ ശ്രീ രീ.....ഹാ !!!

എന്താണിതെന്ന് വല്ല പിടിയും ഉണ്ടോ? എന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിന്നും ഇന്നലെ പെട്ടന്നാണ് ഇത് പൊട്ടിവിരിഞ്ഞു മുന്നില്‍ വീണത്‌. .. തിരക്കില്‍ നിന്നും തിരക്കിലേക്ക് ഓടുമ്പോഴും ഭൂതകാലം എന്നെ പലപ്പോഴും പിന്നില്‍ നിന്നും പിടിച്ചു വലിച്ചു, എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിക്കാറുണ്ട്. ഇന്ന് മനസ്സില്‍ ഉടക്കിയത് ഇതാണ്.

എന്റെ വീട് നില്‍ക്കുന്ന പറമ്പ് മുഴുവനും വൃക്ഷങ്ങളാണ്. ഗ്രാമങ്ങളില്‍ ഇന്നും അങ്ങനെ തന്നെ ആയതുകൊണ്ട് അതൊരു അല്ഭുതമാവില്ല. എങ്കിലും, പ്രകൃതി മരിക്കുന്നു എന്നൊരു നിരാശ പിടി കൂടാത്തത് എനിക്ക് എന്റെ പറമ്പ് കാണുമ്പോള്‍ ആണ്. അച്ഛന് കൃഷി ഉണ്ടെങ്കിലും കഴിയുന്നതും മരങ്ങള്‍ ഒന്നും മുറിക്കാതെ, അവയെ ശല്യപ്പെടുത്താതെയാണ് പരിപാടികളെല്ലാം. മരങ്ങളിലെല്ലാം കിളികളാണ്. നാട്ടില്‍ അധികം കാണാത്ത പല കിളികളെയും എന്റെ പറമ്പില്‍ കാണാം. തെങ്ങിന്റെ പൊത്തില്‍ മൈനകള്‍ ഉണ്ട്. മാവില്‍ മറഞ്ഞിരുന്നു കൂവുന്ന കുയിലുകള്‍ ഉണ്ട്. പറങ്കിമാവിന്റെ ചില്ലകള്‍ക്കിടയില്‍ തത്തിക്കളിക്കുന്ന മഞ്ഞക്കിളി ഉണ്ട്. മറ്റെവിടെയും അധികം ഞാന്‍ കാണാത്ത തവിട്ടു നിരക്കാരന്‍ ഓലഞ്ഞാലി ഉണ്ട്. പടിഞ്ഞാറേ വശത്തെ ശീമാക്കൊന്നയിലാണ് കാക്കത്തമ്പുരാട്ടി ധ്യാനിച്ചിരിക്കുക. ധ്യാനത്തില്‍ നിന്നുണര്‍ന്നു പെട്ടന്നൊരു കൊതുകിനെയോ മറ്റോ പിടിച്ചു ഊളിയിട്ടപോലെ പറന്നങ്ങു പോകും കാക്കത്തമ്പുരാട്ടി. അങ്ങനെ ധാരാളം കിളികള്‍. . രാത്രി പുള്ളുകള്‍ കരയുന്നതും മൂങ്ങ മൂളുന്നതും കേള്‍ക്കാം. പിന്നെ പേരറിയാത്ത ഒത്തിരി കിളികളുടെ സംഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം. നാട്ടിലെ കുട്ടികള്‍ കിളി മുട്ട തിരഞ്ഞു വന്നു കയറാത്തത് നമ്മുടെ പറമ്പില്‍ മാത്രമാണ്. അച്ഛന്‍ ഓടിക്കും. (കുറച്ചു നാള്‍ മുന്‍പ് വരെ കുട്ടികള്‍ കിളി മുട്ട തിരഞ്ഞു മരത്തിലെല്ലാം പൊത്തിപ്പിടിച്ചു കയറുമായിരുന്നു. ഇന്നത്തെ കുട്ടികള്‍ അത് ചെയ്യുമോ, അതിനെങ്കിലും നേരം അവര്‍ക്കുണ്ടോ എന്നൊന്നും അറിയില്ല. )

ഇവരിലെല്ലാം മിടുക്കനും വീട്ടിലെ കൂട്ടുകാരനുമാണ് നമ്മുടെ വണ്ണാത്തിക്കിളി. ശെരിക്കും വായാടി തന്നെ. നിര്‍ത്താത്ത പാട്ടും സംസാരവുമാണ്. മറ്റുള്ളവരൊന്നും പറമ്പ് വിട്ടു വീട്ടിലേക്കു അതിക്രമിച്ചു കടക്കാറില്ല. എന്നാല്‍ നമ്മുടെ വണ്ണാത്തിയ്ക്ക് ഒരു പേടിയുമില്ല. ജനാല വഴി അകത്തേക്കിങ്ങു കടക്കും. നല്ല കറുപ്പും വെള്ളയും കുപ്പായം. മിനുമിനാന്നിരിക്കും. പണ്ട് തുണി അലക്കിത്തന്നിരുന്ന വണ്ണാത്തികളോടുള്ള ആദരവായിരിക്കണം ഈ കറുപ്പ് വെള്ള കുപ്പായക്കാരന് ഈ പേര് നല്‍കാന്‍ കാരണം. കൂര്‍ത്ത ചുണ്ടുകള്‍ . കൊടിമരം പോലെ നെടിയ വാല്‍ . സര്‍ക്കാസ്സിലെ പോയ്ക്കാല്‍ പോലെ തോന്നും നീളമുള്ള കാലുകള്‍ . നീളമുള്ള എന്ന് ഉദ്ദേശിച്ചത് വണ്ണാത്തിയുടെ ശരീരം അനുസരിച്ചുള്ള നീളമാണ് കേട്ടോ. അടിവച്ച് അടിവച്ച് കക്ഷി നടക്കുന്നത് കാണാന്‍ എന്ത് രസമാണ്! ഊണ് മേശയാണ് ലക്‌ഷ്യം. അമ്മ മേശയുടെ ഒരു മൂലയ്ക്ക് ചോറ് വിതറി ഇട്ടെക്കും. അത് കൊത്തിപ്പെറുക്കി തിന്നും. പേടിയൊന്നുമില്ല. ഇനി അഥവാ അമ്മ ചോറ് ഇടാന്‍ മറന്നു പോയാല്‍ മേശപ്പുറത്തു ഒരു നിരീക്ഷണം നടത്തിയിട്ട് നേരെ അടുക്കളയിലെക്കൊരു പറക്കലാണ്. ചോറ് കാലം ആണ് നോട്ടം. അതിന്റെ അടപ്പ് പതുക്കെ കൊത്തി വലിക്കും. അപ്പൊ അമ്മ ഇപ്പൊ തരാം ബഹളം വേണ്ട എന്ന് പറഞ്ഞു ചോറ് എടുത്തു കൊടുക്കും. അമ്മ ചോറ് എടുക്കുമ്പോള്‍ അക്ഷമനായി ഒരു നോട്ടം കാണേണ്ടത് തന്നെയാണ്. അതിഥികള്‍ ഉള്ള ദിവസം അമ്മ മനപൂര്‍വം ചോറ് മേശപ്പുറത്തു ഇടുകില്ല. കാരണം വരുന്നവര്‍ക്ക് വണ്ണാത്തിയെ കാണിച്ചു കൊടുക്കല്‍ അമ്മയ്കൊരു സന്തോഷമാണ്. അമ്മ ആള്‍ക്കാരോട് മിണ്ടാതെ നോക്കിയിരുന്നുകൊള്ളാന്‍ പറയും. വണ്ണാത്തി ജാനാല വഴി ശരം പോലെ മേശപ്പുറത്തു വന്നു ചാടും. വീക്ഷിക്കും. ചോറില്ല. വാല്‍ കുത്തനെ ഉയരും. കൂര്‍ത്ത നോട്ടം പുതിയ ആള്‍ക്കാരെ നോക്കും. പേടിയൊന്നുമില്ല. ഇവനാരെടാ എന്നാ മട്ടു മാത്രം. എന്നിട്ട് ഒറ്റ വിടല്‍ അടുക്കളയിലേക്കു. അതിഥികള്‍ പതുങ്ങി പിന്നാലെ ചെന്ന് ഒളിഞ്ഞു നോക്കും. അമ്മ ചോറെടുത്ത് കൊടുക്കും. ചിലപ്പോള്‍ അടുക്കളയില്‍ വച്ചിരിക്കുന്ന ഒരു കിണ്ണത്തില്‍ ആവും വിളമ്പല്‍ . ചോറെല്ലാം കൊത്തിപ്പെറുക്കി തിന്ന ശേഷം ശരം പോലെ തന്നെ പുറത്തേക്ക്‌ . പിന്‍ വശത്ത് പേര മരം ഉണ്ട്. അതിന്റെ കൊമ്പില്‍ വിശ്രമം. സെപ്ടിക് ടാങ്കിന്റെ കുഴല്‍ അതിനടുത്താണ്. അതില്‍ നിന്നും പറന്നു വരുന്ന കൊതുകുകളെ എല്ലാം സാപ്പിടും.

പിന്നെയാണ് സംഗീത സാഗരം. കാത്തു തുളഞ്ഞു കയറുന്ന സംഗീതം. ഇപ്പോഴത്തെ റിയാലിറ്റി ഷോ സ്റ്റൈലില്‍ പറഞ്ഞാല്‍ ഷാര്‍പ്പായി. ഉച്ചസ്ഥായി സംഗീതക്കാരനാണ് വണ്ണാത്തി. വണ്ണാത്തിയുടെ സംഗീതം പകല്‍ മുഴുവനും കേള്‍ക്കാം. പാട്ടുകാരന്‍ വണ്ണാത്തി പാടുന്ന ഈണം അക്ഷരങ്ങള്‍ ചേര്‍ത്താല്‍ എങ്ങനെയിരിക്കും എന്ന് അമ്മൂമ്മ പറഞ്ഞു തന്നതാണ് ഈ എഴുത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഹരി ശ്രീ ഗണപതയേ നമ എന്നത് തിരിച്ചിട്ട് ഈണത്തില്‍ മനായെ തപണഗാ ശ്രീ രീ..... ഹാ.... എന്ന് പാടി നോക്കൂ. അത് നമ്മുടെ വണ്ണാത്തിയുടെ പാട്ടിന്റെ ഈണവുമായി ചേര്‍ന്ന് നില്‍ക്കും. അമ്മൂമ്മ ഇത് പറഞ്ഞു തരുമ്പോള്‍ എനിക്ക് പ്രായം നാലോ അഞ്ചോ വയസ്സേ ഉള്ളു. അന്ന് മുതല്‍ അത് പാടി പധിച്ചു പടിഞ്ഞാറ് വശത്തെ പേരമരത്തിലെ കറുപ്പ് വെള്ള ചട്ടൈക്കാരനെ അനുകരിക്കാന്‍ നോക്കും. എന്റെ ശബ്ദം എവിടെ നമ്മുടെ കഥാ നായകന്‍റെ ശാരീരം എവിടെ? നല്ല ഒന്നാംതരം സാധകം ചെയ്തു മൂര്‍ച്ച വരുത്തിയ ശബ്ദം അല്ലെ? ഇപ്പോഴും കുട്ടിത്തം വിടാതെ എന്റെ മനസ്സിന്റെ കൌതുകങ്ങളില്‍ ഈ വണ്ണാത്തിയും അമ്മോമ്മയുടെ വരികളും നിറഞ്ഞു നില്‍ക്കുന്നു. എവിടെ വണ്ണാത്തിയുടെ ശബ്ദം കേട്ടാലും ഞാന്‍ മനസ്സില്‍ അറിയാതെ മനായെ തപ ണ ഗാ ശ്രീ രീ ഹാ എന്ന് ആവര്‍ത്തിക്കും.
അമ്മൂമ്മയ്ക്ക് ഇത് ആര് പറഞ്ഞു കൊടുത്തതാവും? അമ്മൂമ്മയുടെ അമ്മൂമ്മ ആവും. അല്ലെ? ഓര്‍ക്കാന്‍ എന്തൊരു രസം! പ്രകൃതിയുടെ ഈണങ്ങള്‍ക്ക് മനുഷ്യന്‍ വരികള്‍ ചേര്‍ക്കുക! ഇതുപോലെയല്ലേ നമ്മള്‍ ചക്കയ്ക്കുപ്പുണ്ടോ എന്നും ചോദിച്ചു ശീലിച്ചത്? അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് എന്ന് പാടി ശീലിച്ചത്? യഥാര്‍ഥത്തില്‍ കിളികള്‍ക്ക് മനുഷ്യന്റെ ഭാഷ അറിയുമോ? മനുഷ്യന് കിളികളുടെ ഭാഷ അറിയുമോ? തത്തകളെ കൊണ്ടും മൈനകളെ കൊണ്ടും നമ്മള്‍ സംസാരിപ്പിക്കുന്നു. അവയ്ക്കറിയുമോ നാം എന്താണ് ഉദ്ദേശിക്കുന്നതെന്ന്? ചിലപ്പോള്‍ നിരന്തരമായ ഇണക്കം കൊണ്ട് അറിയുമായിരിക്കും അല്ലെ? കള്ളന്‍ വന്നാല്‍ വിളിച്ചു പറയുന്ന മൈനകളെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതായാലും വണ്ണാത്തിയുടെ പാട്ടിന്റെ വരികളില്‍ പിടിച്ചു പോയാല്‍ അനന്തമായി ഇത് നീണ്ടു പോകും. അതുകൊണ്ട് അധികം ദീര്‍ഘിപ്പിക്കുന്നില്ല.

അമ്മയുടെ വണ്ണാത്തി ജനാലപ്പടിയില്‍ സ്ഥാനം പിടിച്ചു കാണും. പോയി നോക്കട്ടെ.

5 comments:

  1. enturesam vayikkan ..keep going devi .

    ReplyDelete
  2. pazhayakalathe ormakaliloode njanum sancharichu vayichukondirikumpol...

    ReplyDelete
  3. നല്ല നിരീക്ഷണം!!
    വണ്ണാത്തി യുടെ ചടുലത..ഏതു അലസ നിമിഷങ്ങളെയും ജീവസ്സുറ്റതാക്കും!

    ഇന്നാണിത് കണ്ടത്...ഇനി ബാക്കിയുള്ളവ നോക്കട്ടെ!!!

    ReplyDelete