Saturday, March 17, 2012

മഴ വിശേഷങ്ങള്‍

WEDNESDAY, MAY 27, 2009

മഴ വിശേഷങ്ങള്‍

മഴ വിശേഷങ്ങള്‍ തന്നെ ആദ്യം പറയാം. രാത്രി കനത്ത മഴയാണ്. പണ്ട് കുട്ടിക്കാലത്താണെന്നു തോന്നുന്നു ഇതുപോലെ ‘നിന്നുപെയ്യുന്ന’ മഴ കണ്ടത്. ഉറങ്ങാനേ തോന്നുന്നില്ല. മഴ അത്രക്കും ലഹരി പിടിപ്പിക്കുന്നു.
ഇക്കണക്കിനാണെങ്കില്‍ ഒരു രാത്രി ഞാന്‍ ഇറങ്ങി മഴ നനയും. തീര്‍ച്ച. ഞങ്ങളുടെ നാട്ടിനെക്കുറിച്ചു ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ? എന്റെ വീട് പണ്ട് പാടങ്ങളുടെ നടുക്കായിരുന്നു. തെക്കുകിഴക്കു മാത്രം രണ്ടു പുരയിടങ്ങള്‍ ഒഴിച്ചാല്‍ വടക്ക് പുഴ എത്തുന്ന വരേയും മറ്റെല്ലാ വശങ്ങളിലും പാടങ്ങള്‍ തന്നെ. മൂന്നുകിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ നിന്നും പുഴക്കര വരെ പോകുന്ന റോഡ്, കടവിനു കുറച്ചു മുന്‍പായി വലത്തേക്ക് തിരിയും.വലത്തേക്കു തിരിയുന്നത് ഒരുനാട്ടുവഴിയായിരുന്നു, ഇന്ന് ഉയര്‍ന്നുവീതികൂടിയ പഞ്ചായത്ത് റോഡ്. നാട്ടുവഴി തുടങ്ങുന്നത് ഉമ്മാമാര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ആകെ രണ്ട് മുസ്ലീം കുടുംബങ്ങളില്‍ ഒരു വീടിന്റെ വശത്തുകൂടിയാണ്. ഇരുവശത്തും ഉയര്‍ന്ന
പുരയിടവും വഴി താഴ്ച്ചയിലുമായിരുന്നു. സ്വാഭാവികമായും മഴയത്ത് അത് വെള്ളം കുത്തിയൊലിക്കുന്ന ഒരു തോടാകും. റോഡില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് കിഴക്കോട്ടൊഴുകി ഞങ്ങളുടെ പാടത്താണ് ചെന്നു ചേരുക. നാട്ടുവഴി പിന്നെ
പാടവരമ്പത്തു കൂടി കിഴക്കോട്ട് ചെന്ന് തെക്കോട്ട് തിരിയുമ്പോള്‍ എന്റെ വീടായി. ചെറിയ വരമ്പായിരുന്നു പണ്ട്. ഒരു മഴ എവിടെയെങ്കിലും പെയ്താല്‍ വെള്ളം കേറുന്ന നാട്. നാട്ടിലുള്ള വെള്ളമെല്ലാം പുഴയില്‍ച്ചെന്നു വീഴുന്നതിനു മുന്നേ കടന്നു പോകുന്നത് നമ്മുടെ കണ്ടം വഴിയാണ്. ചീരക്കണ്ടം എന്നായിരുന്നു അതിനു പേര്. കുപ്പച്ചീര എന്നു പറയുന്ന ചെടി ധാരാളം അതില്‍ വളരുമായിരുന്നു. അതാണ് ചീരക്കണ്ടം എന്നു പേര്‍ വന്നത്. ചീരക്കണ്ടത്തില്‍ നിന്നാണ് ആറ്റിലേക്കുള്ള തോടിന്റെ ചെറിയ കൈവഴി
തുടങ്ങുന്നത്. ഞങ്ങളുടെ ഒരുപാട് കൃഷി നശിച്ചതും ഈ ഒരു കാര്യം മൂലമായിരുന്നു. ആള്‍ക്കാര്‍ വെള്ളം മൊത്തം വാച്ചാല്‍ വഴി നമ്മുടെ കണ്ടത്തിലേക്ക് ചക്രം വെച്ച് ചവിട്ടി വിടും. ആറ്റില്‍ വെള്ളം കൂടുതലാണെങ്കില്‍ വെള്ളം തിരിച്ചു കേറും. അങ്ങനെ രണ്ടു വകയിലും ചീരക്കണ്ടത്തിന് സമാധാനമില്ല.

മഴ കൊണ്ടുവരുന്ന വിശേഷത്തിന് കണക്കില്ല. അപ്പൂപ്പന്‍ ഉള്ളപ്പോള്‍ സഹായിയായ കുട്ടിപ്പുലയനാണ് മഴ പ്രവചിക്കുക. ‘എന്താ കുട്ടിപ്പെലേനെ മഴ പെയ്യുമോ ന്ന് അപ്പൂപ്പന്‍ ചോദിക്കും. (കുട്ടിപ്പുലയന് ആകെ മൊത്തം മൂന്നരയടിപ്പൊക്കം. ഉടുത്തിരിക്കുന്ന തോര്‍ത്തുമുണ്ടിലാണോ കണ്ടത്തിലാണൊ കൂടുതല്‍ ചെളി എന്നു ഒരു ഭ്രമം കാണുന്നവര്‍ക്ക് തോന്നും. ചുരുളന്‍ മുടി, ഉച്ചിക്കു പിന്നില്‍ ഒരു ചിന്ന കുടുമ , കാതില്‍ ചുവന്ന കല്ലുവെച്ച കടുക്കന്‍, ഒരു മുട്ടന്‍ വടി ഉണ്ടാകും കൂട്ടിന്, കുത്തിനടക്കാനല്ല, പട്ടിയെ ഓടിക്കാനും, നെല്ലിനു വന്നിരിക്കുന്ന കാക്കക്ക് വീശാനും, അങ്ങനെ ഒരു മള്‍ട്ടിപര്‍പസ് വടി. അതാണ് കുട്ടിപ്പുലയന്‍) കുട്ടി കണ്ണിനു മേലെ കൈവെച്ച് ഒരു ആകാശനിരീക്ഷണം നടത്തും. ഏതു ദിക്കില്‍ കോളു കൊണ്ടാല്‍ എങ്ങനെത്തെ മഴ പെയ്യും എന്നറിയാവുന്ന കുട്ടിപ്പുലയനെ ഞാനൊരു മാന്ത്രികനെപ്പൊലെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ‘തെക്കുകോളുകൊണ്ടാല്‍ പെയ്യില്ല ‘ എന്നൊരു മന്ത്രം ഞാന്‍ അടിച്ചെടുത്തിട്ടും ഉണ്ട്. ചിലപ്പോള്‍ വിവരസാങ്കേതികവിദ്യാ പ്രകടനങ്ങളില്‍ എടുത്തു വീശിയിട്ടും ഉണ്ട്. അങ്ങനെ മാന്ത്രികപ്രവചനത്താല്‍ പെയ്യുന്ന മഴ കാണാനിരിപ്പാണ് പിന്നെ.

അടുക്കളയുടെ വടക്കുവശത്തെ അരത്തിണ്ണയില്‍ കാത്തിരിക്കും ഞാന്‍. വിളിപ്പാടകലെ പുഴ മഴയില്‍ കുളിക്കാന്‍ കാത്ത് കിടക്കും. മഴ ആറ്റിനക്കരെ കണ്ണന്‍കുളങ്ങരെ അമ്പലത്തിന്റെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന യക്ഷിപ്പനകള്‍ക്കിടയിലൂടെ എന്നെ ഒളിഞ്ഞു നോക്കുന്നത് എനിക്കു കാണാം. പനയോലകള്‍ക്കിടയില്‍ അവള്‍ക്ക് എത്ര മറഞ്ഞുനില്‍ക്കാനാകും! അവളുടെ യൌവ്വനം അതിനെയെല്ലാം പിന്നിലാക്കി പൊട്ടിത്തെറിച്ച് ഇങ്ങ് വരിയകയല്ലേ! ആദ്യമവള്‍ ആറ്റിന്റെ വടക്കേക്കരയിലെ നെയ്പുല്ലുകളിലേക്കു
പടര്‍ന്നിറങ്ങുന്നു, പിന്നെയവള്‍ ആറ്റിലേക്കും പെയ്തിറങ്ങുന്നു. ആറുകടന്ന് അരളാക്കണ്ടം കടന്ന് കാത്തിരിക്കുന്ന എന്റെ മുഖത്തേക്കൊരു ചാറ്റലും വീശിയടിച്ച് ആ സ്തൈലുകാരി ഒരൊറ്റപോക്കാണ്. തെക്ക് കണ്ണങ്കര പാടത്തിനു നടുക്ക് തപസ്സിരിക്കുന്ന ഇലഞ്ഞിമരത്തിന്റെ ഇലച്ചിലുകള്‍ മറപിടിച്ച് അവള്‍ കടന്നുകളയും.

വെള്ളപ്പൊക്കവും മഴയും ജീവിതഗതിതന്നെ മറ്റിക്കളഞ്ഞിരുന്ന ഒരു നാടായിരുന്നു ഞങ്ങളുടേത്. തോട്ടപ്പള്ളി അഴിമുഖത്തോട് വളരെ അടുത്ത്. അതുകൊണ്ടുതന്നെ നാട്ടില്‍ മഴപെയ്താലും കിഴക്കന്‍ വെള്ളം വന്നാലും ബുദ്ധിമുട്ടായിരുന്നു. കാരണം കിഴക്കുനിന്ന് അലച്ചൊഴുകിയെത്തുന്ന വെള്ളം അഴിമുഖത്ത് ചെന്ന് കടലില്‍ ചേരുന്നതിനു മുന്‍പേ ഞങ്ങളുടെ നാടുമൊത്തമൊന്നു സന്ദര്‍ശിച്ചിട്ടേ പോകൂ. കൃഷിനാശം പ്രധാനമായും സംഭവിക്കുന്നത് ഈ കിഴക്കന്‍ വെള്ളത്തിന്റെ സന്ദര്‍ശനവേളയിലാണ്. വെള്ളം ഏറ്റമാണോ ഇറക്കമാണോ എന്നറിയാന്‍ അപ്പൂപ്പന്‍ കടേക്കല്‍ ഒരു കോലു കുത്തും. അതില്‍ തെര്‍മോമീറ്ററിലെ വരകള്‍ പോലെ കുമ്മായം കൊണ്ടു വരകള്‍ ഇട്ടിട്ടുണ്ടാകും. കുട്ടിക്കാലത്തെ കൌതുകങ്ങളിലൊന്നാണ് ഈ അളവുകോല്‍. വെള്ളം ഓരോ ദിവസവും
രാവിലെയും വൈകിട്ടും ആ കോലിലെ ഏതു വരയിലാണ് തൊട്ടു നില്‍ക്കുന്നതെന്ന് നോക്കും. വെള്ളം താഴോട്ടാണെങ്കില്‍ അപ്പൂപ്പന്റെ മുഖം തെളിയും. കൃഷി രക്ഷപെടുമല്ലോ. എന്റെയും അനിയത്തിമാരുടെയും മുഖം വാടും. പൂട്ടിയിട്ട സ്കൂള്‍ തുറക്കുമല്ലോ.

സ്കൂള്‍ തുറന്നാല്‍ പിന്നെ ചിറയുടെ അരികിലെ പുല്‍പ്പടര്‍പ്പുകളില്‍ വിരുന്നു വരുന്ന വരാലിനേയും കുടുംബത്തേയും എങ്ങനെ കാണും? കറുകറുത്തു മുറ്റിയ തള്ളവരാലും തീക്കട്ടനിറമുള്ള ഒരുപറ്റം കുഞ്ഞുങ്ങളും. വരാലും പാര്‍പ്പും എന്നാണ് വരാല്‍ക്കുടുംബത്തെ വിളിക്കുക. വരാല്‍ക്കുഞ്ഞുങ്ങള്‍ വലുതായാല്‍ ആ തീക്കട്ടനിറം എവിടെപ്പോകുന്നോ എന്തോ! പിന്നെ
വാഴപ്പിണ്ടികെട്ടിനീന്തലും ചൂണ്ടലിട്ടു മീന്‍പിടിക്കലും ഒക്കെ ഗോപിയാകും. വെള്ളമിറങ്ങല്ലേ സ്കൂള്‍ തുറക്കല്ലേ ന്നു പ്രാര്‍ത്ഥിച്ച് നടക്കും.

മഴകാണല്‍ പോലെ ഹരമായിരുന്നു മഴ കേള്‍ക്കല്‍. ഒരുപാടു പഴയ വീടായതുകൊണ്ട് പഴയമട്ടിലെ തടിയഴികളുള്ള ഒത്തിരി ജാനലകള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ജനാല മഴയിലേക്ക് തുറന്നിട്ട് ഒരുകസേരവലിച്ചിട്ട്, ഒരു ബാലരമയും കയ്യിലെടുത്ത് വായിക്കുന്ന മട്ടില്‍ ഞാന്‍ മഴയെ കേള്‍ക്കും. അവള്‍ ഇതുവരെക്കേള്‍ക്കാത്ത രാഗങ്ങള്‍ പാടും. ചെവിയില്‍ ചൂണ്ടൂവിരലിട്ടും
എടൂത്തും ഞാന്‍ മഴകൊണ്ട് എന്റെ ഗീതങ്ങളും രചിക്കുമായിരുന്നു. എനിക്ക് മാത്രം കേള്‍ക്കാന്‍. മഴ ഓടിന്റെ ഒടിവുകളിലൂടെ യൂണിഫോമിട്ട സ്കൂള്‍ക്കുട്ടികള്‍ പിറുപിറുക്കുന്ന പോലെ ഒരേ രൂപത്തില്‍, താളത്തില്‍, ഭാവത്തില്‍പെയ്തിറങ്ങും. പിന്നെ മുറ്റത്ത് സ്വന്തം ശവക്കുഴികള്‍ പോലെ ചെറുകുഴികള്‍ തീര്‍ത്ത് മണ്മറഞ്ഞു പോകും മഴ. അക്കരെ അമ്പലത്തിലെ യക്ഷിപ്പനകള്‍ക്കപ്പുറത്ത് പുനര്‍ജ്ജനിക്കാമെന്ന വാക്കില്‍.

എന്റെ മഴ പുരാണം അവസാനിക്കുന്നില്ല. തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇനിയും ഒരുപാടു മുഹൂര്‍ത്തങ്ങളില്‍ മഴ പുനര്‍ജ്ജനിക്കും. ജനിയുടെ ആഹ്ലാദം നല്‍കുന്നമഴ. മരണത്തിന്റെ വേര്‍പിരിയലിന്റെ കണ്ണീരുപ്പുള്ള മഴ. എന്റെ
കണ്ണില്‍ കിനിയാത്ത കണ്ണുനീരാണോ ഞാന്‍ പുറത്തുകാണുന്ന മഴ?

1 comment:

  1. ... മഴ ഓടിന്റെ ഒടിവുകളിലൂടെ യൂണിഫോമിട്ട സ്കൂള്‍ക്കുട്ടികള്‍ പിറുപിറുക്കുന്ന പോലെ ഒരേ രൂപത്തില്‍, താളത്തില്‍, ഭാവത്തില്‍പെയ്തിറങ്ങും. പിന്നെ മുറ്റത്ത് സ്വന്തം ശവക്കുഴികള്‍ പോലെ ചെറുകുഴികള്‍ തീര്‍ത്ത് മണ്മറഞ്ഞു പോകും മഴ. അക്കരെ അമ്പലത്തിലെ യക്ഷിപ്പനകള്‍ക്കപ്പുറത്ത് പുനര്‍ജ്ജനിക്കാമെന്ന വാക്കില്‍....

    മനോഹരം!!

    ReplyDelete