Saturday, March 17, 2012

easeful death

Easeful death, is but a mirage

It blesses only some, kisses on their forehead

Rubs their eyes to a soft closure

Pulls up the white robe to nestle them

In eternal coziness

Saturday, March 3, 2012

viraamam

അര്‍ത്ഥമില്ലാത്ത ഒരു ദിനത്തിലേക്ക് ഉണര്‍ന്ന്‍
അനര്‍ത്ഥങ്ങള്‍ക്കിടയില്‍ നട്ടം തിരിഞ്ഞ്
ഒരു അര്‍ദ്ധവിരാമത്തിലെക്കൊതുങ്ങുന്നു
പൂര്‍ണ്ണ വിരാമത്തിലെക്ക് ഇനിയെത്ര ദൂരം ബാക്കി?

Friday, March 2, 2012

Tuesday, January 31, 2012

കുത്തിയോട്ടം

മകരം കുംഭമാസം, ഓണാട്ടുകരയില്‍ കുത്തിയോട്ടക്കുമ്മികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങുന്ന കാലം. ചെട്ടികുളങ്ങരെ മാതേവിയമ്മേടെ എട്ടുവയസ്സിലെ കുത്തിയോട്ടം എന്ന് ഓര്‍മ്മവച്ച കാലത്ത് ചിറ്റപ്പന്മാര്‍ പാടിക്കേട്ട വരികള്‍ മുതല്‍ ഇങ്ങോട്ട് എല്ലാക്കൊല്ലവും നാട്ടിലങ്ങോളമിങ്ങോളമുള്ള ഭഗവതി ക്ഷേത്രങ്ങളില്‍ കുത്തിയോട്ടത്തിന്റെ വകഭേദങ്ങള്‍ കാണാം. കുംഭമാസത്തിലെ രേവതിനാളില്‍ പുതുക്കുളങ്ങരയമ്മയ്ക്ക് കുത്തിയോട്ടം. അശ്വതിയ്ക്ക് വലിയകുളങ്ങര അശ്വതി വിളക്ക്, കെട്ടുകാഴ്ചകളും വിളക്കും. ഭരണിനാള്‍ ചെട്ടികുളങ്ങരയമ്മയ്ക്ക് വിശ്വവിഖ്യാതമായ കുംഭഭരണി. കാര്‍ത്തികനാള്‍ അക്കരെ കന്യാട്ടുകുളങ്ങരയമ്മയ്ക്ക് കാര്‍ത്തിക ഉത്സവം. കുത്തിയോട്ടവും കെട്ടുകാഴ്ചയും. അങ്ങനെ മകരം പിറക്കുന്നതുമുതല്‍ കുംഭത്തിലെ ഉത്സവങ്ങള്‍ക്കുള്ള പുറപ്പാടാണ്. സന്ധ്യ മയങ്ങുമ്പോഴേക്കും കുത്തിയോട്ട വഴിപാട് നേര്‍ന്നിരിക്കുന്ന വീട്ടില്‍ നാട്ടുകാരെല്ലാം ഒത്തുകൂടും. മുറ്റത്ത് പന്തലിട്ട് കുത്തിയോട്ട പരിശീലനമാണ്. കുത്തിയോട്ട ആശാന്മാര്‍ ഒന്നു മുറുക്കിത്തുപ്പി, ചുക്കുകാപ്പിയും കുടിച്ച് കുട്ടികളെ പരിശീലിപ്പിക്കുവാന്‍ നേരത്തെതന്നെ തയ്യാറായിരിക്കും.

എന്താണ് കുത്തിയോട്ടം? ദേവീക്ഷേത്രങ്ങളിലെ ഒരു പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഭദ്രകാളീക്ഷേത്രങ്ങളില്‍ പണ്ട് നരബലി നല്‍കിയിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ആചാരമാണിത്. നാട്ടുകാരായ രണ്ട് ബാലന്മാരെയാണ് ഇതിന് തിരഞ്ഞെടുക്കുക. എട്ടിനും പതിനാലിനും ഇടയിലായിരിക്കും പ്രായം. അവര്‍ക്ക് ഉത്സവത്തിന് കുറച്ചു ദിവസം മുന്‍പ് നൊയമ്പാണ്. വൈകുന്നേരം കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടില്‍ വച്ച് ഇവരെ ചുവടുകള്‍ പരിശീലിപ്പിക്കും. ഉത്സവത്തിന്റെയന്ന് രാവിലെ ഇവരെ അണിയിച്ചൊരുക്കി താളമേളങ്ങളോടെ ചുവടുവച്ച് അമ്പലത്തിലേക്ക് ആനയിക്കും. പട്ടുടുപ്പിച്ച് അതിനു പുറമേ വാഴയില വാട്ടിയത് ഉടുപ്പിക്കും. കണ്ണെഴുതി മുഖത്തെല്ലാം ചുട്ടികുത്തും. മുത്തുക്കുടകളും, താലപ്പൊലിയേന്തിയ കുമാരിമാരും, അലങ്കരിച്ച ഗജവീരന്മാരും അകമ്പടി കാണും. രണ്ടുപേരുടേയും തലയില്‍ തൊപ്പി വച്ച് ഒരു പേനാക്കത്തിയില്‍ കുത്തി നിറുത്തിയ അടയ്ക്ക അതിനുമേലെ രണ്ടുകൈകൊണ്ടും പിടിക്കും. കുത്തിയോട്ടത്തിന്റെ പ്രധാന ചടങ്ങ് ‘ചൂരല്‍ മുറിയല്‍ ‘ ആണ്. വളരെ നേര്‍ത്ത വെള്ളിക്കമ്പി ഈ ബാലന്മാരുടെ ഇടുപ്പിലെ തൊലിയിലൂടെ കുത്തിയിറക്കുന്നതാണ് ചൂരല്‍ മുറിയല്‍ ചടങ്ങ്. ഇടുപ്പിലെ തൊലി നേരത്തെ തന്നെ ആശാന്മാര്‍ കൈവിരലുകള്‍ കൊണ്ട് നേര്‍പ്പിച്ചെടുക്കും. ചൂരല്‍ മുറിഞ്ഞു കഴിഞ്ഞാല്‍ അവിടെ എള്ളിലത്താളികൊണ്ട് ധാരകോരിക്കൊണ്ടെയിരിക്കും. വേദനിക്കാതിരിക്കാനും അണുബാധ ഉണ്ടാവാതിരിക്കാനുമാണിത്. ആ എള്ളിലത്താളി വീണ് ഉടുത്ത പട്ട് നനയാതിരിക്കാനാണ് വാഴയില കൊണ്ട് ഉടുപ്പിക്കുന്നത്.

ഘോഷയാത്ര പാട്ടും മേളവും ചുവടുമായി അമ്പലത്തിലെത്തിക്കഴിഞ്ഞാല്‍ ശ്രീകോവിലിനു നേരെ നിന്ന് ചൂരല്‍ എടുത്തുമാറ്റും. ആ സമയത്ത് ഒന്നു രണ്ടുതുള്ളി ചോര ശ്രീകോവിലിന്റെ മുന്‍പില്‍ വീഴും. ഈ ചോരവീഴ്ത്തലാണ് നരബലിക്കു പകരമായി കരുതുന്നത്. ഇതുകഴിഞ്ഞാല്‍ പിന്നെ ഈ കുട്ടികളെ ഒരുപാട് സമ്മാനങ്ങളൊക്കെ കൊടുത്ത് പറഞ്ഞയയ്ക്കും. പണ്ടൊക്കെ ആചാരങ്ങള്‍ വളരെ കര്‍ശനമായിരുന്ന കാലത്ത് ഈ കുട്ടികളെ കണികാണാനും, ഒന്നാം തീയതി കയറാനും ഒന്നും കൊള്ളില്ല എന്നു പറയുമായിരുന്നു. ( ഒന്നാം തീയതി കേറല്‍ - എല്ലാ മലയാള മാസവും ഒന്നാം തീയതി ആരു വീട്ടില്‍ ആദ്യം കയറുന്നോ അതിലാണ് ആ മാസത്തെ ഭാഗ്യനിര്‍ഭാഗ്യുങ്ങള്‍ എന്ന് പണ്ടുള്ളവര്‍ കരുതിയിരുന്നു. അമ്മൂമ്മയുള്ള കാലത്ത് പാലു മേടിക്കാന്‍ വരുന്നവര്‍ കടേക്കല്‍ നിന്ന് ‘കേറിക്കോട്ടെ?’ എന്ന് വിളിച്ചു ചോദിക്കുന്നത് പതിവായിരുന്നു. ചിലര്‍ അറിയാതെ കയറിപ്പോയാല്‍ അമ്മൂമ്മ ഓടിച്ചു വിടുന്നതും കണ്ടിട്ടുണ്ട്. അതൊക്കെ അന്തക്കാലം.)
കുത്തിയോട്ടപ്പാട്ടുകളെ കുത്തിയോട്ടക്കുമ്മികള്‍ എന്നാണ് പറയുക. തന്നന്നാ താനന്ന തന്നാനാ തനെ താനന്നെ താനന്നെ തന്നാനാ, തന്നെനാനെ താനെനാനെ തന്നന്നാനാ....... എന്നിങ്ങനെ വായ്ത്താരികളോടൊപ്പം ദേവി മാഹാത്മ്യ കഥകളാണ് പ്രധാനമായും പാടുക. കൊടുങ്ങലൂരമ്മ ചെട്ടികുളങ്ങരെയില്‍ വന്ന കഥയാണ് ഏറ്റവും ജനപ്രിയം. ഇപ്പോള്‍ പുതുതായി ഒരുപാട് വായ്ത്താരികളും മറ്റു ദേവീദേവന്മാരുടെയും, ദേശക്കാരുടെയും കഥകളും പ്രചാരത്തിലുണ്ട്. കുത്തിയോട്ടക്കാസറ്റുകള്‍ക്കും സിഡികള്‍ക്കും ഇപ്പോല്‍ വന്‍ ഡിമാന്റാണ്. അതുകൊണ്ടുതന്നെ പഴമയും, പഴങ്കഥകളും വിട്ട്, പുതുമയുള്ള പാട്ടുകളിലേക്കുള്ള ഒരു വലിയ മാറ്റം കാണാം.

ആദിദ്രാവിഡ രീതിയിലുള്ള ചുവടുകളാണ് കുത്തിയോട്ടങ്ങള്‍ക്കുള്ളത്. നിഷ്ഠയോടെ, തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ് കുത്തിയോട്ട ചുവടുകള്‍ ഇന്നും പരിശീലിക്കപ്പെടുന്നത്. ഓണാട്ടുകരയില്‍ പലയിടങ്ങളിലും ഇപ്പോള്‍ കുത്തിയോട്ട സമിതികള്‍ ഉണ്ട്. അവര്‍ നാട്ടിലെ ചെറുപ്പക്കാരെ കുത്തിയോട്ട ചുവടുകള്‍ പരിശീലിപ്പിക്കുന്നു. ഇത് വഴിപാടിനു വേണ്ടി അല്ല. കുത്തിയോട്ടം എന്ന ആദിമകലാരൂപം അന്യം നിന്നു പോകാതിരിക്കാനുള്ള കഠിന ശ്രമമാണ് ഈ സമിതികള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് വളരെ ശ്ലാഖനീയവുമാണ്.
കരയുള്ള തോര്‍ത്തും കയ്യില്ലാത്ത ബനിയനുമാണ് കുത്തിയോട്ടക്കാരുടെ വേഷം. വളരെ പതുക്കെ ആരംഭിക്കുന്ന ചുവടുകള്‍ പാട്ടിനൊപ്പം ദ്രുതഗതിയിലാകുന്നു. അതിവേഗത്തിലാവുന്ന പാട്ടുകളും ചുവടുകളും പെട്ടന്ന് ഒരു നിമിഷം അവസാനിക്കുന്നു. ഇതാണ് കുത്തിയോട്ടത്തിന്റെ രീതി.

Friday, November 11, 2011

ഭാവയാമി രഘുരാമം

ഭാവയാമിരഘുരാമം എന്ന ഗാനത്തിന് (ചിത്രം:രംഗം) പരമ്പരാഗതം എന്നു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ഈ കുറിപ്പിന്ന് ആധാരം.

ഭാവയാമി രഘുരാമം വെറും ഒരുപരമ്പരാഗത കൃതി അല്ല. മറിച്ച് മഹാരാജാ സ്വാതിതിരുനാള്‍ രചിച്ച അതിവിശിഷ്ടമായ ഒരു കീര്‍ത്തനമാണ്. രാമന്റെ ബാല്യകാലം മുതല്‍ വനവാസവും രാവണവധവും തിരിച്ച് അയോദ്ധ്യയിലെത്തി പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ് ഇതിലുള്ളത്. ഇന്ന് ഏഴുരാഗങ്ങളും അവയുടെ ചിട്ടസ്വരങ്ങളും ഉള്‍പ്പടെ ഒരു ബൃഹത്തായ ഒരു കൃതിയാണ് ഭാവയാമി. ഇതിന്റെ മൂലകൃതി സ്വാതിതിരുനാള്‍ രചിച്ചത് സാവേരി രാഗത്തില്‍ രൂപകതാളത്തിലാണ്. ഇന്നത്തെ രൂപത്തിലെ രാഗമാലികയായി അതു മാറ്റിയെടുത്തത് സംഗീതകുലപതി ശ്രീ ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ ആണ്. സാവേരി രാഗത്തിലെ പല്ലവിയും അനുപല്ലവിയും കൂടാതെ നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി,പൂര്‍വികല്യാണി, അവസാനം മംഗളമായി മധ്യമാവതിയിലുമായി ആറ് ചരണങ്ങളും ഭാവയാമിക്കുണ്ട്. ഈ ആറു രാഗങ്ങളും വാല്‍മീകിരാമായണത്തിലെ ആറ് കാണ്ഡങ്ങള്‍ക്ക് പകരം നിന്ന് കഥപറഞ്ഞുപോകുന്ന മട്ടിലാണ് ഇതിന്റെ രചന. മുന്‍പേ പറഞ്ഞ ആറ് ചരണങ്ങള്‍ ക്രമത്തില്‍ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയെ പ്രതിനിധീകരിക്കുന്നു. 24000 ശ്ലോകങ്ങളുള്ള വാല്‍മീകിരാമായണമാണ് കാച്ചിക്കുറുക്കി ഏഴുരാഗങ്ങളില്‍ ഒതുക്കിയിരിക്കുന്നത്. സംസ്കൃതത്തില്‍ ജ്ഞാനം ഇല്ലെങ്കിലും പരിചിതമായ വാക്കുകളില്‍ നിന്നും ഒരു സാധാരണക്കാരന് തീര്‍ച്ചയായും ഇപ്പോള്‍ താന്‍ കേള്‍ക്കുന്നത് കഥയുടെ ഏതു ഭാഗമാണെന്ന് മനസ്സിലാകും.

ഇന്നത്തെ രാഗമാലികാ രൂപത്തിലുള്ള ഭാവയാമി ഏറെ പ്രശസ്തവും ജനപ്രിയവും ആക്കിത്തീര്‍ത്തത് മഹാ സംഗീതജ്ഞയായ ശ്രീമതി എം എസ് സുബ്ബലക്ഷ്മി ആണ്. ലോകോത്തരമായ വെങ്കടേശ്വരസുപ്രഭാതത്തിന്റെ റെക്കോഡോടൊപ്പം ഭാവയാമി നമുക്കു കേള്‍ക്കാം.

രംഗം എന്ന സിനിമയില്‍ സിനിമയ്ക്കുവേണ്ടി മുറിച്ചെടുത്ത് മസാല ചേര്‍ത്ത ഭാവയാമി ആണ് കേള്‍ക്കുന്നത്. സാവേരിയും, നാട്ടക്കുറിഞ്ഞിയും കഴിഞ്ഞ് നേരെ മധ്യമാവതിയിലേക്കു ചാടി പാടിത്തീര്‍ത്തിരിക്കുന്നു.

(ഭാവയാമി രഘുരാമം കൂടാതെ യോജയ പദനളിനേന എന്ന കല്യാണിരാഗത്തില്‍ മിശ്രചാപ് താളത്തിലുള്ള കൃതിയിലൂടെയും സ്വാതിതിരുനാള്‍ മഹാരാജാവ് രാമായണകഥ രചിച്ചിട്ടുണ്ട്)

എന്റെ പിസി എന്നോടു പിണങ്ങിയിരിക്കുന്നകൊണ്ട് എനിക്ക് ഭാവയാമി ഫയത്സ് എടുത്തു തരുവാന്‍ നിര്‍വാഹമില്ല. തല്‍ക്കാലം ഒരു ഓണ്‍ലൈന്‍ ലിങ്ക് കണ്ടുപിടിച്ചത് തരുന്നു. ആലാപനം ഏം എല്‍ വസന്തകുമാരി.

http://www.esnips.com/doc/649b1d4a-16d8-4894-8889-ccdbc6caa9c5/Bhavayami-Raghuramam,Ragamalika,Adi,-Swathy-Tirunal-Maharaja,M.L.Vasanthakumari

പൂനിലാവലക്കിയ പുടവ

സിനിമാപ്പാട്ടുകളുടെ വരികള്‍ക്കിടയിലെ സ്വപ്നസഞ്ചാരം കവിഭാവനയുടെ ലോകത്തെ വര്‍ണ്ണപുഷ്പങ്ങളും, സ്വപ്നവാനിലെ വാര്‍മഴവില്ലുകളും കണ്ടെത്തിത്തരുന്നു.ഒറ്റനോട്ടത്തില്‍ നിറമില്ലായ്മയുടെ ഊഷരത അനുഭവപ്പെട്ടേക്കാം. കറുത്ത അക്ഷരങ്ങള്‍ മിഴിച്ചു നോക്കുന്ന വെളുത്ത കടലാസുകള്‍! ഒരുവായനയില്‍ പലപ്പോഴും വാക്കുകളുടെ ആത്മാവിലേക്കു കടന്നു ചെല്ലാന്‍ കഴിഞ്ഞേക്കില്ല. വീണ്ടും വീണ്ടുമുള്ള വായനയും കേഴ്വിയും അക്ഷരങ്ങള്‍ക്ക് ഭാവവും നിറവും പകരുകയാണ്. വരണ്ടഭൂമിയിലേക്ക് ഊറിയിറങ്ങി വരുന്ന തണുത്ത നീരുറവപോലെ!
ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.

ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാ‍രങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.

ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിിലൂടെ ഒരു കൊച്ചു കൊതുമ്പുവള്ളം തുഴഞ്ഞ് പോയി നോക്കാം.

ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.

പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.

നിഗൂഢതകളുടെ ഗാനമെന്ന് ഈ ഗാനത്തെ വിളിക്കാമെന്ന് തോന്നുന്നു. ഒരു ഹമ്മിങില്‍ തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിനേക്കാള്‍ ജനമനസ്സിലുള്ളത് ബി ജി എം ഇല്‍ തുടങ്ങുന്ന റെക്കോര്‍ഡുകളിലെ പൂന്തേനരുവിയാണ്. തുടക്കം മുതല്‍ വരികളിലും ഈണത്തിലും ആലാപനത്തിലും ഒരു നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്നു. വരികളിലെ പ്രത്യക്ഷാര്‍ഥമല്ല ശ്രോതാവിനു ലഭിക്കുന്നത്. സംഗീതവും അതുപോലെതന്നെ. പറയാത്തതു പറഞ്ഞും കേള്‍ക്കാത്തത് കേള്‍പ്പിച്ചുമാണ് പൂന്തേനരുവി ആദ്യ മാത്രമുതല്‍ ഒഴുകുന്നത്. വയലാറിലെ രചയിതാവും ദേവരാജനിലെ സംഗീതകാരനും മത്സരിച്ച് ആരാണ് കേമന്‍ എന്നമട്ടിലാണ് ഗാനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവരുടെ ആത്മാവുകളുമായി ജന്മാന്തരപരിചയമുള്ളപോലെ സുശീലാമ്മ പാടി അനശ്വരവുമാക്കിയിരിക്കുന്നു.

വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള ‍അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.

‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!
അവള്‍ ഒഴുകട്ടെ മലയാളവും മലയാളിയുമുള്ളിടത്തോ

പൂനിലാവലക്കിയ പുടവ

സിനിമാപ്പാട്ടുകളുടെ വരികള്‍ക്കിടയിലെ സ്വപ്നസഞ്ചാരം കവിഭാവനയുടെ ലോകത്തെ വര്‍ണ്ണപുഷ്പങ്ങളും, സ്വപ്നവാനിലെ വാര്‍മഴവില്ലുകളും കണ്ടെത്തിത്തരുന്നു.ഒറ്റനോട്ടത്തില്‍ നിറമില്ലായ്മയുടെ ഊഷരത അനുഭവപ്പെട്ടേക്കാം. കറുത്ത അക്ഷരങ്ങള്‍ മിഴിച്ചു നോക്കുന്ന വെളുത്ത കടലാസുകള്‍! ഒരുവായനയില്‍ പലപ്പോഴും വാക്കുകളുടെ ആത്മാവിലേക്കു കടന്നു ചെല്ലാന്‍ കഴിഞ്ഞേക്കില്ല. വീണ്ടും വീണ്ടുമുള്ള വായനയും കേഴ്വിയും അക്ഷരങ്ങള്‍ക്ക് ഭാവവും നിറവും പകരുകയാണ്. വരണ്ടഭൂമിയിലേക്ക് ഊറിയിറങ്ങി വരുന്ന തണുത്ത നീരുറവപോലെ!
ഒറ്റവായനയില്‍ മഴവില്ല്ലു വിരിയിക്കുന്ന ഗാനങ്ങളും തീര്‍ച്ചയായും ഉണ്ട്. ഒരുഗാനം ഒരിക്കല്‍ കേള്‍ക്കുമ്പോഴാണൊ പലപ്പോള്‍ കേള്‍ക്കുമ്പോള്‍ ആണോ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത് എന്നത് തീര്‍ച്ചയായും ശ്രോതാവിന്റെ മാനസികനില ആശ്രയിച്ചിരിക്കുന്നു.

ഒരു ഗാനം ഹൃദയത്തില്‍ ചേക്കേറുന്നത് എപ്പോഴാണ്? അതിലെ വരികള്‍ , ഭാവം, ആ ഗാന രംഗം, അല്ലെങ്കില്‍ അതിന്റെ സന്ദര്‍ഭം എന്നിവ ശ്രോതാവിന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുമ്പോളാകണം. തീവ്രദുഖം അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു ശോകഗാനം തന്റെ ഹൃദയവേദനയുടെ പ്രതിഫലനമായിത്തോന്നാം. തനിക്കു പറയാനോ പ്രകടിപ്പിക്കാനോ സാധ്യമാകാത്ത ഭാവങ്ങള്‍ മറ്റൊരാളിന്റെ തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍ അതിനെ വാരിപ്പുണര്‍ന്ന് ഹൃദയത്തിലടക്കിയൊതുക്കിയ വികാരവിചാരങ്ങളാല്‍ അതിനെ അണിയിച്ചൊരുക്കി തന്റേതാക്കിമാറ്റുകയാണ് ശ്രോതാവ്. പ്രണയിനിയോടോ പ്രണയിയോടോ ഇതുവരെപ്പറയാത്ത സ്നേഹം ആ വരികള്‍ ഏറ്റുപാടുന്നു, ഏതോ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ ഓര്‍ത്ത് ഹൃദയമുരുകുന്നത് ആ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്നു. അങ്ങനെ മനുഷ്യമനസ്സിലെ ഓരോ വികാരവിചാ‍രങ്ങള്‍ക്കും കൂട്ടായി ഓരോ ഗാനവും ഓരോ വ്യക്തിക്കും പ്രിയംകരമാകുന്നു.

ഉള്ളില്‍ കടുത്ത നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവച്ച ഒരു പ്രിയ ഗാനമാണ് ഇന്ന് മനസ്സിലെത്തുന്നത്. മലയാള ഗാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യത്തെ പത്തില്‍ ഈ ഗാനം തീര്‍ച്ചയായും കാണുമെന്നാണ് എന്റെ പക്ഷം. ഒരു പെണ്ണിന്റെ കഥയിലെ പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെയാണ് ഈ ഗാനം ശ്രോതാവിനെ സ്വാധീനിക്കുന്നത്? എന്താണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആസ്വാദകമനസ്സും ഗാനമേള വേദികളും വിടാതെ നില്ക്കാന്‍ ഈ ഗാനത്തിലുള്ളത്? വയലാറിന്റെ മാന്ത്രികത്തൂലികയാണോ, ദേവരാജന്റെ സ്വര്‍ഗ്ഗസംഗീതമാണോ, സുശീലയുടെ ദേവതാസ്വരമാണോ എന്താണീ ഗാനത്തിനെ ഇന്നും വെണ്‍മ്മേഘപാളികളില്‍ വിഹരിക്കാന്‍ വിട്ടിരിക്കുന്നത്?പൂന്തേനരുവിിലൂടെ ഒരു കൊച്ചു കൊതുമ്പുവള്ളം തുഴഞ്ഞ് പോയി നോക്കാം.

ജീവിതത്തെ പ്രതീക്ഷയോടു കൂടി നോക്കിക്കാണുന്ന ഒരു യുവതിയുടെ ഹൃദയമാണ് ഈ ഗാനം. മനസ്സില്‍ നിറഞ്ഞുകവിയുന്ന യുവത്വത്തിന്റെ വര്‍ണ്ണത്തുടിപ്പുകള്‍ . സ്വപ്നവാനില്‍ തെളിഞ്ഞുവിരിയുന്ന ആയിരമായിരം മഴവില്ലുകള്‍ . കറുത്ത മേഘങ്ങളൊന്നും ഒരു കോണിലും നിന്ന് ഒളിഞ്ഞു നോക്കുന്നില്ല. മഴപെയ്ത് അവളുടെ സ്വപ്നങ്ങള്‍ നിറം കെട്ടു പോകുന്നുമില്ല.

പ്രകൃതി അവള്‍ക്കു സ്വന്തം മനസ്സുതന്നെയാണ്. അതില്‍ ഉണര്‍ന്നു വിരിയുന്നതെല്ലാം ആ മനസ്സിന്റെ അനുരണനങ്ങളാണ്. അതാണ് പൂന്തേനരുവിയോട് നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം എന്നും പറയാനവളെ പ്രേരിപ്പിക്കുന്നത്. നമുക്കൊരേ പ്രായം എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത്. അവരിരുവരും ഒരു താഴ്വരയില്‍ ജനിച്ചവര്‍ , ഒരു പൂന്തണലില്‍ വളര്‍ന്നവര്‍ . കാറ്റും പൂക്കളുമെല്ലാം നല്‍കുന്ന ലഹരി അവര്‍ക്കൊന്നുതന്നെ. ഒതുക്കാനാവാത്ത വികാരപ്രപഞ്ചമാണ് പെണ്ണിന്റെ മനസ്സെന്ന് ഈ ഗാനം നമുക്കു പറഞ്ഞുതരുന്നു. ഒതുക്കാനാവാത്ത വികാരങ്ങള്‍ തന്നെയല്ലേ ധരയുടെ ഉള്ളില്‍നിന്നു പുറത്തെക്കൊഴുകി നദിയായി എണ്ണിയാലൊടുങ്ങാത്ത സ്വപ്നത്താഴ്വരകള്‍ കടന്ന് സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നത്? ഏതെല്ലാം നിഗൂഢ വനാന്തരങ്ങളിലൂടെയാണ് നദി ഒഴുകിയിറങ്ങുന്നത്! ആരുണ്ടവളെ അടുത്തറിഞ്ഞവര്‍? പെണ്മനസ്സും അതുപോലെത്തന്നെയല്ലെ? അവളൊഴുകുന്ന ഗൂഢവനാന്തരങ്ങള്‍ അപ്രാപ്യങ്ങളാണ്. അവളുടെ മടിയിലെ കിലുങ്ങുന്ന പളുങ്കുകള്‍ അഗോചരങ്ങളാണ്. ആ കിലുക്കത്തിന്റെ ചില അനുരണനങ്ങള്‍ കേട്ടേക്കാം, മിഴികളിലെ തിളക്കം ഒരുനോക്കു കണ്ടേക്കാം. പൂനിലാവലക്കിയ പുടവയണിഞ്ഞ് പുളകത്തിന്‍ കഥകള്‍ പറയുന്ന അവളെ അന്വേഷിച്ചെത്തുമ്പോഴേക്കും അവള്‍ കടന്നുകളയുകയാണ്. സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ ഒരു ജീവിതകാലം മുഴുവന്‍ ബദ്ധപ്പെടുത്തിക്കൊണ്ട് ആ കാമിനീമണി അപ്രത്യക്ഷയാകും. അന്വേഷികളുടെ ഒരു തലമുറയെത്തന്നെ അവള്‍ സൃഷ്ടിച്ചുകൊണ്ട്, നിഗൂഢതകളിലേക്ക് വീണ്ടും ഒഴുകിയിറങ്ങി അവള്‍ ചിരിയുടെ ചിലമ്പൊലിയൊച്ചമാത്രം ബാക്കിവയ്ക്കുന്നു.

വയലാര്‍ രചനയിലെ ഏറ്റവും ചേതോഹരമായ ശൈലിയിലൊന്നാണ് ഈ ഗാനത്തിലെ ‘പൂനിലാവലക്കിയ പുടവ’. എന്തു മനോഹാരിതയാണതിന്! ഗന്ധര്‍വ്വലോകത്തു വിഹരിക്കുന്ന കവിയാണ് മലയാളിക്ക് വയലാര്‍ രാമവര്‍മ്മ. പുഷ്പംമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായെത്തുന്നതും വെളുത്തവാവിനെപ്പറ്റിയും അദ്ദേഹം മലയാളിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഭൂമിയിലെ സ്വപ്നങ്ങളെ വര്‍ണ്ണാഭമാക്കുവാന്‍ പൂനിലാവുതന്നെ പുടവതരണം. കരള്‍കവിഞ്ഞൊഴുകുന്ന പ്രണയത്തിനും മനംനിറഞ്ഞൊഴുകുന്ന സ്വപ്നങ്ങള്‍ക്കും പ്രിയതോഴിയാണ് എന്നും പൂനിലാവ്. അവള്‍ നല്‍കിയ പുളിയിലക്കരയുടുത്താല്‍ പ്രണയത്തിനും സ്വപ്നങ്ങള്‍ക്കും ഇരട്ടിമധുരമാണ്. ഈ ഗാനത്തെ ആസ്വാദകലോകത്തെ മായാത്ത പൂന്തിങ്കളായി നിര്‍ത്തുന്നതിലും വയലാറിന്റെ സുവര്‍ണ്ണതൂലിക മുഖ്യപങ്കുവഹിക്കുന്നു.
കവിതയിലെ ഗാനവും ഗാനത്തിലെ കവിതയും പാലില്‍ മറഞ്ഞുകിടക്കുന്ന വെണ്ണപോലെ. ‘കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്‍ അഴകറിയൂ‘ എന്നു പാടിയ വയലാറിന് കവിതയും സിനിമാഗാനവും തമ്മിലുള്ള ‍അന്തരത്തെക്കുറിച്ചുള്ള അറിവും ഈ ഗാനം കാട്ടിത്തരുന്നു.
ദേവരാജസംഗീതത്തില്‍ ഈ ഗാനം പി സുശീല പാടുകയാണ്. ‘ഏതു നാദം കാതില്‍ കേള്‍ക്കുന്നമാത്രയില്‍ത്തന്നെ മധുരമാകുന്നുവോ ആ നാദമാണ് സംഗീതം. സംഗീതം മധുരമായിരിക്കണം. അതുതന്നെയാണ് എന്റെയും ദര്‍ശനം’ തന്റെ സംഗീത സമീപനത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകളാണ്. സംഗീതത്തിലും ആലാപനത്തിലും ഈ വാക്കുകള്‍ അക്ഷരം പ്രതി പ്രതിഫലിക്കുന്ന പൂന്തേനരുവിയെക്കുറിച്ച് ഇനിയെന്തുപറയാനാണ്!