Tuesday, January 31, 2012

കുത്തിയോട്ടം




മകരം കുംഭമാസം, ഓണാട്ടുകരയില്‍ കുത്തിയോട്ടക്കുമ്മികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങുന്ന കാലം. ചെട്ടികുളങ്ങരെ മാതേവിയമ്മേടെ എട്ടുവയസ്സിലെ കുത്തിയോട്ടം എന്ന് ഓര്‍മ്മവച്ച കാലത്ത് ചിറ്റപ്പന്മാര്‍ പാടിക്കേട്ട വരികള്‍ മുതല്‍ ഇങ്ങോട്ട് എല്ലാക്കൊല്ലവും നാട്ടിലങ്ങോളമിങ്ങോളമുള്ള ഭഗവതി ക്ഷേത്രങ്ങളില്‍ കുത്തിയോട്ടത്തിന്റെ വകഭേദങ്ങള്‍ കാണാം. കുംഭമാസത്തിലെ രേവതിനാളില്‍ പുതുക്കുളങ്ങരയമ്മയ്ക്ക് കുത്തിയോട്ടം. അശ്വതിയ്ക്ക് വലിയകുളങ്ങര അശ്വതി വിളക്ക്, കെട്ടുകാഴ്ചകളും വിളക്കും. ഭരണിനാള്‍ ചെട്ടികുളങ്ങരയമ്മയ്ക്ക് വിശ്വവിഖ്യാതമായ കുംഭഭരണി. കാര്‍ത്തികനാള്‍ അക്കരെ കന്യാട്ടുകുളങ്ങരയമ്മയ്ക്ക് കാര്‍ത്തിക ഉത്സവം. കുത്തിയോട്ടവും കെട്ടുകാഴ്ചയും. അങ്ങനെ മകരം പിറക്കുന്നതുമുതല്‍ കുംഭത്തിലെ ഉത്സവങ്ങള്‍ക്കുള്ള പുറപ്പാടാണ്. സന്ധ്യ മയങ്ങുമ്പോഴേക്കും കുത്തിയോട്ട വഴിപാട് നേര്‍ന്നിരിക്കുന്ന വീട്ടില്‍ നാട്ടുകാരെല്ലാം ഒത്തുകൂടും. മുറ്റത്ത് പന്തലിട്ട് കുത്തിയോട്ട പരിശീലനമാണ്. കുത്തിയോട്ട ആശാന്മാര്‍ ഒന്നു മുറുക്കിത്തുപ്പി, ചുക്കുകാപ്പിയും കുടിച്ച് കുട്ടികളെ പരിശീലിപ്പിക്കുവാന്‍ നേരത്തെതന്നെ തയ്യാറായിരിക്കും.

എന്താണ് കുത്തിയോട്ടം? ദേവീക്ഷേത്രങ്ങളിലെ ഒരു പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഭദ്രകാളീക്ഷേത്രങ്ങളില്‍ പണ്ട് നരബലി നല്‍കിയിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ആചാരമാണിത്. നാട്ടുകാരായ രണ്ട് ബാലന്മാരെയാണ് ഇതിന് തിരഞ്ഞെടുക്കുക. എട്ടിനും പതിനാലിനും ഇടയിലായിരിക്കും പ്രായം. അവര്‍ക്ക് ഉത്സവത്തിന് കുറച്ചു ദിവസം മുന്‍പ് നൊയമ്പാണ്. വൈകുന്നേരം കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടില്‍ വച്ച് ഇവരെ ചുവടുകള്‍ പരിശീലിപ്പിക്കും. ഉത്സവത്തിന്റെയന്ന് രാവിലെ ഇവരെ അണിയിച്ചൊരുക്കി താളമേളങ്ങളോടെ ചുവടുവച്ച് അമ്പലത്തിലേക്ക് ആനയിക്കും. പട്ടുടുപ്പിച്ച് അതിനു പുറമേ വാഴയില വാട്ടിയത് ഉടുപ്പിക്കും. കണ്ണെഴുതി മുഖത്തെല്ലാം ചുട്ടികുത്തും. മുത്തുക്കുടകളും, താലപ്പൊലിയേന്തിയ കുമാരിമാരും, അലങ്കരിച്ച ഗജവീരന്മാരും അകമ്പടി കാണും. രണ്ടുപേരുടേയും തലയില്‍ തൊപ്പി വച്ച് ഒരു പേനാക്കത്തിയില്‍ കുത്തി നിറുത്തിയ അടയ്ക്ക അതിനുമേലെ രണ്ടുകൈകൊണ്ടും പിടിക്കും. കുത്തിയോട്ടത്തിന്റെ പ്രധാന ചടങ്ങ് ‘ചൂരല്‍ മുറിയല്‍ ‘ ആണ്. വളരെ നേര്‍ത്ത വെള്ളിക്കമ്പി ഈ ബാലന്മാരുടെ ഇടുപ്പിലെ തൊലിയിലൂടെ കുത്തിയിറക്കുന്നതാണ് ചൂരല്‍ മുറിയല്‍ ചടങ്ങ്. ഇടുപ്പിലെ തൊലി നേരത്തെ തന്നെ ആശാന്മാര്‍ കൈവിരലുകള്‍ കൊണ്ട് നേര്‍പ്പിച്ചെടുക്കും. ചൂരല്‍ മുറിഞ്ഞു കഴിഞ്ഞാല്‍ അവിടെ എള്ളിലത്താളികൊണ്ട് ധാരകോരിക്കൊണ്ടെയിരിക്കും. വേദനിക്കാതിരിക്കാനും അണുബാധ ഉണ്ടാവാതിരിക്കാനുമാണിത്. ആ എള്ളിലത്താളി വീണ് ഉടുത്ത പട്ട് നനയാതിരിക്കാനാണ് വാഴയില കൊണ്ട് ഉടുപ്പിക്കുന്നത്.

ഘോഷയാത്ര പാട്ടും മേളവും ചുവടുമായി അമ്പലത്തിലെത്തിക്കഴിഞ്ഞാല്‍ ശ്രീകോവിലിനു നേരെ നിന്ന് ചൂരല്‍ എടുത്തുമാറ്റും. ആ സമയത്ത് ഒന്നു രണ്ടുതുള്ളി ചോര ശ്രീകോവിലിന്റെ മുന്‍പില്‍ വീഴും. ഈ ചോരവീഴ്ത്തലാണ് നരബലിക്കു പകരമായി കരുതുന്നത്. ഇതുകഴിഞ്ഞാല്‍ പിന്നെ ഈ കുട്ടികളെ ഒരുപാട് സമ്മാനങ്ങളൊക്കെ കൊടുത്ത് പറഞ്ഞയയ്ക്കും. പണ്ടൊക്കെ ആചാരങ്ങള്‍ വളരെ കര്‍ശനമായിരുന്ന കാലത്ത് ഈ കുട്ടികളെ കണികാണാനും, ഒന്നാം തീയതി കയറാനും ഒന്നും കൊള്ളില്ല എന്നു പറയുമായിരുന്നു. ( ഒന്നാം തീയതി കേറല്‍ - എല്ലാ മലയാള മാസവും ഒന്നാം തീയതി ആരു വീട്ടില്‍ ആദ്യം കയറുന്നോ അതിലാണ് ആ മാസത്തെ ഭാഗ്യനിര്‍ഭാഗ്യുങ്ങള്‍ എന്ന് പണ്ടുള്ളവര്‍ കരുതിയിരുന്നു. അമ്മൂമ്മയുള്ള കാലത്ത് പാലു മേടിക്കാന്‍ വരുന്നവര്‍ കടേക്കല്‍ നിന്ന് ‘കേറിക്കോട്ടെ?’ എന്ന് വിളിച്ചു ചോദിക്കുന്നത് പതിവായിരുന്നു. ചിലര്‍ അറിയാതെ കയറിപ്പോയാല്‍ അമ്മൂമ്മ ഓടിച്ചു വിടുന്നതും കണ്ടിട്ടുണ്ട്. അതൊക്കെ അന്തക്കാലം.)
കുത്തിയോട്ടപ്പാട്ടുകളെ കുത്തിയോട്ടക്കുമ്മികള്‍ എന്നാണ് പറയുക. തന്നന്നാ താനന്ന തന്നാനാ തനെ താനന്നെ താനന്നെ തന്നാനാ, തന്നെനാനെ താനെനാനെ തന്നന്നാനാ....... എന്നിങ്ങനെ വായ്ത്താരികളോടൊപ്പം ദേവി മാഹാത്മ്യ കഥകളാണ് പ്രധാനമായും പാടുക. കൊടുങ്ങലൂരമ്മ ചെട്ടികുളങ്ങരെയില്‍ വന്ന കഥയാണ് ഏറ്റവും ജനപ്രിയം. ഇപ്പോള്‍ പുതുതായി ഒരുപാട് വായ്ത്താരികളും മറ്റു ദേവീദേവന്മാരുടെയും, ദേശക്കാരുടെയും കഥകളും പ്രചാരത്തിലുണ്ട്. കുത്തിയോട്ടക്കാസറ്റുകള്‍ക്കും സിഡികള്‍ക്കും ഇപ്പോല്‍ വന്‍ ഡിമാന്റാണ്. അതുകൊണ്ടുതന്നെ പഴമയും, പഴങ്കഥകളും വിട്ട്, പുതുമയുള്ള പാട്ടുകളിലേക്കുള്ള ഒരു വലിയ മാറ്റം കാണാം.

ആദിദ്രാവിഡ രീതിയിലുള്ള ചുവടുകളാണ് കുത്തിയോട്ടങ്ങള്‍ക്കുള്ളത്. നിഷ്ഠയോടെ, തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ് കുത്തിയോട്ട ചുവടുകള്‍ ഇന്നും പരിശീലിക്കപ്പെടുന്നത്. ഓണാട്ടുകരയില്‍ പലയിടങ്ങളിലും ഇപ്പോള്‍ കുത്തിയോട്ട സമിതികള്‍ ഉണ്ട്. അവര്‍ നാട്ടിലെ ചെറുപ്പക്കാരെ കുത്തിയോട്ട ചുവടുകള്‍ പരിശീലിപ്പിക്കുന്നു. ഇത് വഴിപാടിനു വേണ്ടി അല്ല. കുത്തിയോട്ടം എന്ന ആദിമകലാരൂപം അന്യം നിന്നു പോകാതിരിക്കാനുള്ള കഠിന ശ്രമമാണ് ഈ സമിതികള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് വളരെ ശ്ലാഖനീയവുമാണ്.
കരയുള്ള തോര്‍ത്തും കയ്യില്ലാത്ത ബനിയനുമാണ് കുത്തിയോട്ടക്കാരുടെ വേഷം. വളരെ പതുക്കെ ആരംഭിക്കുന്ന ചുവടുകള്‍ പാട്ടിനൊപ്പം ദ്രുതഗതിയിലാകുന്നു. അതിവേഗത്തിലാവുന്ന പാട്ടുകളും ചുവടുകളും പെട്ടന്ന് ഒരു നിമിഷം അവസാനിക്കുന്നു. ഇതാണ് കുത്തിയോട്ടത്തിന്റെ രീതി.

2 comments:

  1. appol ingineyum oru blog undalle...adyamayittanu ivite ethipetunnath.KUTHIYOTTAM njangal thrissurkkarkk pettenn manassilakatha oru kalarupamanu.Bahrain Keraleeya Samajathil vechu ithinte oru model (chuvatukalumokkeyayi) kandittundu..it was interesting...Visadiikaranangalkku romba thanks.ARA VATTAYALUM MUZHU VATTAYALUM Njangaleppoleulla thulya manasthithikkarkku venti iniyum ithu polullava poratte...poratte...ENTHAYALUM EE BLOGIL ITAYKKITAYKKU ATHIKRAMICHU KATAKKUNNATHANU..JAGRATHAI...gopan.

    ReplyDelete
    Replies
    1. thank you gopetta. ini adutha vattu post cheyyumpol ariyikkunnathaanu. :) devi

      Delete