Thursday, May 17, 2012

പുത്തേഴത്ത്‌ രാമന്‍ മേനോന്‍



മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകള്‍ പരതുക കുറച്ചു നാളായിട്ടുള്ള പതിവാണ്. നിര്‍മല എന്ന ചിത്രത്തില്‍ ചെന്ന് നിന്നപ്പോള്‍ അതാ തിരക്കഥാകൃത്ത് ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ വിവരങ്ങള്‍ ഒന്ന് നെറ്റില്‍ തപ്പാം എന്ന് നോക്കുമ്പോള്‍ യാതൊരു വിവരവും ലഭ്യമല്ല. സഞ്ജയന്‍ പുത്തെഴനെക്കുറിച്ച് എഴുതിയ   ലേഖനം ഓര്‍മ്മവന്നു. അച്ഛന്‍ സുഖമില്ലാതിരുന്നിട്ടും 'പാല്‍പ്പായസത്തില്‍ പഞ്ചസാര പോലെ ചേര്‍ന്ന് കിടക്കുന്ന' പുത്തേഴത്തിലെ എഴിനെക്കുറിച്ചു വാചാലനായി. എങ്കിലും അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിന്റെ ഒരു രേഖപോലും ഇല്ലാത്തത് വിഷമമായി. എന്താ ചെയ്ക എന്ന് ആലോചിച്ചപ്പോള്‍ ആണ് അച്ഛന്‍ സുഹൃത്തായ രാമചന്ദ്രന്‍ മാഷിനെ അടുത്തു ഒരു വിവാഹത്തില്‍ പങ്കെടുക്കവേ കണ്ട കാര്യം ഓര്‍മ്മിച്ചത്. ശെടാ പിന്നെന്താണ് പ്രയാസം? ഖേദം എന്തിനു നമുക്കഹോ! . പുത്തേഴത്ത്‌ രാമന്‍ മേനോന്റെ അനന്തിരവന്‍ ആണ് രാമചന്ദ്രന്‍ മാഷ്‌ എന്ന് ആദരപൂര്‍വ്വം വിളിക്കുന്ന പുത്തേഴത്ത്‌ രാമചന്ദ്രന്‍. പെട്ടന്ന് അദ്ദേഹത്തിനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. ഇത്രയും മഹാനായ എഴുത്തുകാരന്റെ ഒരു ജീവരേഖ പോലും ഇന്റര്‍നെറ്റില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. വിവരങ്ങള്‍ കഴിയുന്നതും വേഗം എത്തിച്ചു തരാം എന്ന് സമ്മതിച്ചു. അതിന്‍ പ്രകാരം ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും മിനിഞ്ഞാന്ന് തപാലില്‍ എത്തി, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തുന്നതായിരിക്കും.
തല്‍കാലം ലഭ്യമായത് ചേര്‍ക്കുന്നു..............രാമചന്ദ്രന്‍ മാഷിനു നന്ദിയോടെ...............

കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു  അമ്മയുടെയും  സീമന്ത പുത്രനായി  തൃശൂര്‍ ജില്ലയിലെ മണലൂരില്‍  1891  ഒക്ടോബര്‍  19  നു ഭരണി നക്ഷത്രത്തില്‍  രാമന്‍ മേനോന്‍ ജനിച്ചു.


അച്ഛന്‍ തീരെ ചെറുപ്പത്തിലെ മരിച്ചുപോയത് കൊണ്ട് പിന്നീട് വളര്‍ത്തിയത് അമ്മാവനായ പുത്തേഴത്ത്‌ കുഞ്ഞുണ്ണി മേനോന്‍ ആണ്.
മൂന്നു അനിയന്മാരും ഒരു അനിയത്തിയും അദ്ദേഹത്തിനു ഉണ്ട്. 
തൃശൂരില്‍ സ്കൂള്‍ പഠനം, എറണാകുളം മഹാരാജാസ് കലാലയത്തില്‍ നിന്നും ഇന്ടര്മീടിയട്ടും, ബി എ ഡിഗ്രിയും. മദിരാശി സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും ആണ് അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം 

മികച്ച ഒരു വക്കീലും കൊച്ചി മഹാരാജാവിന്റെ സര്‍വാധികാര്യക്കാരും ആയിരുന്നു ശ്രീ രാമന്‍ മേനോന്‍. ഹൈക്കോടതി ജഡ്ജി ആയിട്ടാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. 

മൂത്തേടത്ത് ജാനകിയമ്മയാണ്‌ ശ്രീ രാമന്‍ മേനോന്റെ ഭാര്യ. അഞ്ചു ആണ്മക്കളും അഞ്ചു പെണ്മക്കളും ആയി പത്തു മക്കള്‍ അവര്‍ക്കുണ്ട്. 


മലയാള സാഹിത്യ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് പുത്തേഴത്ത്‌ രാമന്‍ മേനോന്‍. വൈവിധ്യമാര്‍ന്ന നൂറോളം കൃതികളിലൂടെ അദ്ദേഹം തന്റെ പ്രതിഭ കൈരളിക്കു നിവേദ്യമായി അര്‍പ്പിച്ചു. ഉപന്യാസകാരന്‍, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരന്‍, ഹാസ സാഹിത്യ കാരന്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥത്തിലൂടെ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ അനിഷേധ്യനായ ഒരു ചരിത്രകാരനായി. ഹിന്ദുമതവും സംസ്കാരവും, സഹസ്രകിരണനായ ടാഗോര്‍ എന്നീ പഠന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ ഗവേഷണബുദ്ധിയുടെ  പ്രത്യക്ഷോദാഹരണങ്ങള്‍ ആണ്. ചതുരാധ്യായി എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്.  കേരളത്തെ അറിയുക, തൃശ്ശൂര്‍ - ട്രിച്ചൂര്‍  എന്നീ ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര രചനാ രംഗത്തെ മറ്റു നാഴികക്കല്ലുകലാണ്. ബാലസാഹിത്യത്തില്‍ അദ്ദേഹത്തിന്‍റെ രചന 'കുട്ടികളെ നിങ്ങള്‍ ഈ ആളെ അറിയുമോ ?' എന്ന കൃതിയാണ്.

മലയാള സിനിമാ രംഗത്ത് ശ്രീ രാമമേനോന്റെ സ്ഥാനം അദ്വിതീയമാണ്. 1948 ല ഇറങ്ങിയ നിര്‍മല എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമാണ്. നിര്‍മല മലയാളത്തില്‍ ആദ്യമായി പിന്നണി ഗാനങ്ങള്‍ പാടിയ ചിത്രവും, ആദ്യമായി ഒരു മലയാളി നിര്‍മ്മിച്ച ചിത്രവുമായിരുന്നു. മലയാളത്തിലെ നാലാമത്തെ ചിത്രമാണ് നിര്‍മല. ആ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉള്ള സ്ഥാനം ഊഹിക്കാവുന്നതേ ഉള്ളു.
നീണ്ടകാലത്തെ സാഹിത്യ സപര്യയ്ക്കു ശേഷം ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോന്‍ 1973  സെപ്തംബര്‍ 22  നു നിര്യാതനായി.

കുറിപ്പ്:
ശ്രീ പുത്തേഴത്ത്‌ രാമന്‍ മേനോനെക്കുറിച്ച് ഇന്റര്‍ നെറ്റില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ ആണിത്. ഇത്രയും വിലപ്പെട്ട വിവരങ്ങളും ശ്രീ രാമന്‍ മേനോന്റെ ചിത്രവും എനിക്ക് നല്‍കിയത് ശ്രീ പുത്തേഴത്ത്‌ രാമചന്ദ്രന്‍ മാഷ്‌ ആണ്. ബഹുമാന്യനായ രാമചന്ദ്രന്‍ മാഷിനോടുള്ള ആദരവും കൃതജ്ഞതയും ഈ അവസരത്തില്‍ പ്രകാശിപ്പിച്ചുകൊള്ളുന്നു. രാമചന്ദ്രന്‍ മാഷിനെ കൂടാതെ ശ്രീ രാമന്‍ മേനോന്റെ മരുമകളായ സുധാ മേനോന്‍ ആണ് കുടുംബ വിവരങ്ങള്‍ നല്‍കിയത്. സുധ ചേച്ചിയോടും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. 

4 comments:

  1. ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാണ്. ശക്തൻ തമ്പുരാൻ മറിച്ചുനോക്കിയിട്ടുണ്ട്.തിരക്കഥ എഴുതിയ കാര്യം അറിഞ്ഞിരുന്നില്ല. രാമൻ മേനോൻ ജഡ്ജി ആയിരുന്നില്ലേ? അദ്ദേഹം സാഹിത്യ അക്കാദമി അധ്യക്ഷൻ ആയിരുന്നപ്പോൾ ആണെന്നു തോന്നുന്നു ജ്ഞാനപീഠം പുരസ്കാരം നിലവിൽ വന്നത്. ആദ്യത്തെ പുരസ്കാരത്തിന് പുസ്തകങ്ങൾ ശുപാർശ ചെയ്യാൻ പറഞ്ഞപ്പോൾ, മലയാളത്തിൽ അതിനു കൊള്ളാവുന്ന ഒന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വൈലോപ്പിള്ളി പോലും പരിഗണിക്കപ്പെട്ടില്ല. ജിക്ക് പുരസ്ക്കാരം കിട്ടുകയും ചെയ്തു.

    ReplyDelete
  2. ഈ വിവരങ്ങള്‍ക്ക് വളരെ സന്തോഷം ശ്രീ ഗോവിന്ദന്‍ കുട്ടി.

    ReplyDelete
  3. Thank you for this article! A song from the Movie "NIRMALA - 1948" is attached!

    http://www.youtube.com/watch?v=4JKFnKUEneo

    JD Menon
    Grandson
    Malaysia

    ReplyDelete
  4. ഹ! ഞാൻ പുത്തേഴത്തു രാമമേനോനെ ക്കുറിച്ച് ഒരു ബൃഹത്തായ ലേഖനം വിക്കിപീഡിയയിൽ എഴുതാനുള്ള തയ്യാറെടുപ്പിലാണു്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ തപ്പിക്കൊണ്ടിരിക്കയാണു്. കൂട്ടത്തിൽ കൊച്ചി രാജഭരണത്തിന്റെ ഏടുകളും.

    ReplyDelete